Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ അഭിനയിക്കരുത് എന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ എത്തിക്സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് മാറാം; പക്ഷെ ഹൗ ഓൾഡ് ആർ യുവിൽ നിന്ന് മാറണമെന്ന് നിങ്ങൾ ആവശ്യപ്പെടണം; കസിൻസിൽ നിന്നും നടിയെ മാറ്റാൻ ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്: പൊലീസിന് നൽകിയ ഈ മൊഴിയിൽ കുഞ്ചാക്കോ ബോബൻ ഉറച്ചു നിൽകും; അടുത്ത വിസ്താരത്തിന് എത്തുമെന്ന് നടൻ; ദിലീപിന് തിരിച്ചടിയാകാൻ മറ്റൊരു സാക്ഷി കൂടി; കൂറൂമാറാൻ സിനിമാക്കാരെ അനുവദിക്കാത്തത് ഇമേജ് നഷ്ടമാകുമോ എന്ന ഭയം

ഞാൻ അഭിനയിക്കരുത് എന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ എത്തിക്സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് മാറാം; പക്ഷെ ഹൗ ഓൾഡ് ആർ യുവിൽ നിന്ന് മാറണമെന്ന് നിങ്ങൾ ആവശ്യപ്പെടണം; കസിൻസിൽ നിന്നും നടിയെ മാറ്റാൻ ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്: പൊലീസിന് നൽകിയ ഈ മൊഴിയിൽ കുഞ്ചാക്കോ ബോബൻ ഉറച്ചു നിൽകും; അടുത്ത വിസ്താരത്തിന് എത്തുമെന്ന് നടൻ; ദിലീപിന് തിരിച്ചടിയാകാൻ മറ്റൊരു സാക്ഷി കൂടി; കൂറൂമാറാൻ സിനിമാക്കാരെ അനുവദിക്കാത്തത് ഇമേജ് നഷ്ടമാകുമോ എന്ന ഭയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് വീണ്ടും ഹർജി നൽകുന്നത് കുറ്റകൃത്യം തന്നെ നടന്നില്ലെന്ന് വരുത്താൻ. കേസിലെ ഗൂഢാലോചനയിൽ ദിലീപിന് എതിരെ മഞ്ജു വാര്യരും ഗീതു മോഹൻദാസും പരാതി നൽകിയതോടെയാണ് ഇത്. പൊലീസിന് നൽകിയ മൊഴി മാറ്റിപ്പറയാൻ സിനിമാക്കാർ ആരും തയ്യാറാകില്ലെന്നാണ് സൂചന. പൊതു സമൂഹത്തിൽ നിന്ന് ഉയരാൻ ഇടയുള്ള എതിർപ്പ് പരിഗണിച്ചാണ് ഇത്. പൊലീസിന് നൽകിയ മൊഴിയിൽ എല്ലാവരും ഉറച്ചു നിൽക്കും. അതിനിടെ മാർച്ച് നാലിന് കുഞ്ചാക്കോ ബോബൻ സാക്ഷി വസ്താരത്തിന് ഹാജരാകും. ഷൂട്ടിങ് തിരക്കുകളുമായി ബന്ധപ്പെട്ടാണ് എത്താൻ കഴിയാതിരുന്നത് ബന്ധപ്പെട്ടവരെ കുഞ്ചാക്കോ ബോബൻ അറിയിച്ചതായാണു വിവരം.

കേന്ദ്രലാബിൽ ദൃശ്യങ്ങൾ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ട് അപൂർണമെന്നു കാണിച്ചാണ് വീണ്ടും ദിലീപ് ഹർജി നൽകിയത്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. ഫോറൻസിക് റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയമുന്നയിച്ചാണു വീണ്ടും ഹർജി നൽകിയത്. മൂന്നു ചോദ്യങ്ങൾക്കുകൂടി മറുപടി കിട്ടണമെന്ന ഹർജി കോടതി അംഗീകരിച്ചു. ചോദ്യങ്ങൾ സെൻട്രൽ ഫോറൻസിക് ലാബിനു കൈമാറാൻ പ്രത്യേക കോടതി ഉത്തരവിട്ടു. എന്നാൽ ഇക്കാര്യത്തിൽ പ്രോസിക്യൂഷന്റെ വാദം കേൾക്കാതെയാണ് കോടതി ഉത്തരവ് നൽകിയതെന്ന അതൃപ്തി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് നോട്ടീസ് നൽകാതെ വാദം കേട്ട നടപടി കോടതി ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

അനാവശ്യ ഹർജികൾ നൽകി ദിലീപ് വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. മാർച്ച് നാലിന് കേസിൽ വിസ്താരം തുടരും. ഗായിക റിമി ടോമി, നടൻ മുകേഷ്, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെ അന്നു വിസ്തരിക്കും. നേരത്തേ വിസ്തരിക്കാൻ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി.ടി. തോമസ് എംഎ‍ൽഎ., നിർമ്മാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാൻ കഴിയാതെവന്ന നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടുനടക്കും. അവധി അപേക്ഷ നൽകാതെ വിസ്താരത്തിൽ പങ്കെടുക്കാതിരുന്ന നടൻ കുഞ്ചാക്കോ ബോബനോടും നാലിന് ഹാജാരാകാൻ കോടതി നിർദ്ദേശിച്ചു. സാക്ഷി വിസ്താരത്തിനു ഹാജരാകാതിരുന്ന നടൻ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 28ന് വിസ്താരത്തിന് കോടതിയിൽ എത്താതിരുന്നതിനെ തുടർന്നാണു എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വാറന്റ് പുറപ്പെടുവിച്ചത്.

4ന് കോടതിയിൽ ഹാജരാകണമെന്നും സ്റ്റേഷൻ ജാമ്യം അനുവദിക്കാമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ 16ാം സാക്ഷിയാണു കുഞ്ചാക്കോ ബോബൻ. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു കൊടൈക്കനാലിൽ ആയതിനാലാണു നടൻ കോടതിയിൽ എത്താതിരുന്നതെന്നാണു സൂചന. കുഞ്ചാക്കോ ബോബൻ മൊഴി മാറ്റുമെന്ന ആശങ്ക സജീവമാണ് പ്രോസിക്യൂഷൻ. മോഹൻലാലും മമ്മൂട്ടിയും ദിലീപും സിദ്ദിഖും ചേർന്ന് നടത്തിയ പാതിരാ പാർട്ടിയിൽ കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു. കുഞ്ചാക്കോയുടെ മകന്റെ പിറന്നാൽ ആഘോഷത്തിലും മറ്റും ദിലീപും കാവ്യയും പങ്കെടുക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ദിലീപുമായി അടുത്ത ബന്ധമുള്ള കുഞ്ചാക്കോ സാക്ഷി വിസ്താരത്തിന് എത്താത്തത് വലിയ ചർച്ചയായിരുന്നു. എന്നാൽ താൻ പ്രോസിക്യൂഷനൊപ്പം ഉണ്ടാകുമെന്നാണ് കുഞ്ചാക്കോയുടെ നിലപാട്. ഇമേജ് നഷ്ടമാകുമെന്ന ഭയമാണ് സിനിമാക്കാരെ ദിലീപിൽ നിന്ന് അകറ്റുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

പിന്മാറാൻ ദിലീപ് ഇടപെട്ടു: പൊലീസിന് ചാക്കോച്ചൻ നൽകിയ മൊഴി

മഞ്ജുവാര്യരുമൊത്തുള്ള ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ നിന്ന് പിന്മാറണമെന്ന് ദിലീപ് പറയാതെ പറഞ്ഞുവെന്നാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. അമ്മയുടെ ട്രഷറർ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറർ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടൻ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓൾഡ് ആർയു എന്ന സിനിമയിൽ ഞാനായിരുന്നു നായകൻ. മോഹൻലാൽ നായകനായ സിനിമയിലാണ് മഞ്ജു വാര്യർ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്.

അത് എന്തോ കാരണത്താൽ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാൻ അതിൽ അഭിപ്രായം ഒന്നും പറയാറില്ല. ആ സിനിമ ഞാൻ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങൾ ചോദിച്ചിരുന്നു. ആ സിനിമയിൽ ഞാൻ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയിൽ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല.

അതിന് മറുപടിയായി ദിലീപിനോട് ഞാൻ ഡേറ്റ് കൊടുത്തത് റോഷൻ ആൻഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാൽ ഞാൻ അഭിനയിക്കരുത് എന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ എത്തിക്‌സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാൻ മാറാം. പക്ഷെ നിങ്ങൾ ആവശ്യപ്പെടണം എന്ന് ഞാൻ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാൻ തയ്യാറായില്ല. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തിൽ നിന്നും ഞാൻ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീർച്ചയാണ്. കസിൻസ് എന്ന സിനിമയിൽ നിന്നും നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്. - കുഞ്ചാക്കോ ബോബൻ മൊഴിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP