Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടക്കാൻ പോകുന്നത് മൂന്നാമത്തെ കല്യാണം; വിവാഹ ജീവിതത്തിനിടെ പരസ്യമായത് മൂന്ന് വിവാഹേതര ബന്ധങ്ങൾ; ലണ്ടന്മേയർ ആയിരുന്നപ്പോൾ ഒളിച്ച് നടത്തിയ ബന്ധവും ചർച്ചകളിൽ; എത്ര മക്കൾ ഉണ്ടായിട്ടുണ്ടെന്ന് ബോറിസിന് തന്നെ നിശ്ചയമില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലീലാവിലാസങ്ങൾ ചർച്ചയാകുമ്പോൾ

നടക്കാൻ പോകുന്നത് മൂന്നാമത്തെ കല്യാണം; വിവാഹ ജീവിതത്തിനിടെ പരസ്യമായത് മൂന്ന് വിവാഹേതര ബന്ധങ്ങൾ; ലണ്ടന്മേയർ ആയിരുന്നപ്പോൾ ഒളിച്ച് നടത്തിയ ബന്ധവും ചർച്ചകളിൽ; എത്ര മക്കൾ ഉണ്ടായിട്ടുണ്ടെന്ന് ബോറിസിന് തന്നെ നിശ്ചയമില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലീലാവിലാസങ്ങൾ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഗേൾഫ്രണ്ട് കാരി സൈമണ്ട്സുമായുള്ള വിവാഹം ഉടൻ നടക്കുമെന്നും കാരി ഗർഭിണിയാണന്നുമുള്ള ചൂടൻ വാർത്ത ഇപ്പോൾ മാധ്യമങ്ങളിൽ നിറയുകയാണല്ലോ. ഇപ്പോൾ നടക്കാനിരിക്കുന്നത് ബോറിസിന്റെ ഔദ്യോഗിമായ മൂന്നാമത്തെ വിവാഹമാണ്.

ഓക്‌സ്‌ഫോർഡിൽ ഏറെക്കാലം തന്റെ കാമുകിയായിരുന്ന അലെഗ്ര മോസ്റ്റിൻ ഓവെനായിരുന്നു ബോറിസിന്റെ ആദ്യ ഭാര്യ. 1987ൽ വിവാഹം ചെയ്ത ഇവർ 1993ൽ വേർപിരിയുകയായിരുന്നു. മരിന വീലർ എന്ന സ്ത്രീയുമായി ബോറിസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു അലെഗ്ര ബോറിസിനോട് ഗുഡ് ബൈ പറഞ്ഞത്.

തുടർന്ന് മരിനയെ വിവാഹം കഴിക്കുകയായിരുന്നു ബോറിസ്. എന്നാൽ കാരി സൈമണ്ട്സ് എന്ന 31 കാരിയുമായി 55 കാരനായ ബോറിസിന് ബന്ധമുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് മരിനയുമായുള്ള ബോറിസിന്റെ വിവാഹ ബന്ധം താറുമാറാവുകയായിരുന്നു. ബോറിസ് മൂന്നാമത് വിവാഹം കഴിക്കാനൊരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ വഴിവിട്ട സ്ത്രീബന്ധങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. അതായത് അവിഹിത ബന്ധങ്ങളുടെ ആശാനാണ് ബോറിസ് എന്നാണ് മാധ്യമങ്ങൾ ഇപ്പോൾ എടുത്ത് കാട്ടി വീണ്ടും ആഘോഷിക്കാൻ തുടങ്ങിയിരിക്കുന്നത്.

മരിനയുമായുള്ള 25 വർഷത്തെ വിവാഹജീവിതത്തിനിടയിൽ ബോറിസിന്റെ പരസ്യമായ വിവാഹേതര ബന്ധങ്ങൾ മൂന്നെണ്ണമായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത അവിഹിത ബന്ധങ്ങൾ ഒട്ടേറെയുണ്ടെന്നും ഒരിക്കൽ കൂടി എടുത്ത് കാട്ടപ്പെടുകയാണിപ്പോൾ. ലണ്ടൻ മേയറുടെ കസേരയിൽ ഇരുന്നപ്പോൾ ബോറിസ് നടത്തിയ ഒളിബന്ധവും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ഇവയിൽ എല്ലാം കൂടി തനിക്ക് എത്ര മക്കൾ ഉണ്ടായിട്ടുണ്ടെന്ന് ബോറിസിന് പോലും നിശ്ചയമില്ലെന്നും റിപ്പോർട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മൂന്നാം വിവാഹം പടിവാതിൽക്കലെത്തിയപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലീലാവിലാസങ്ങൾ ഒരിക്കൽ കൂടി ചർച്ചയാവുകയാണ്.

ആദ്യ ഭാര്യ അലെഗ്രയുമായുള്ള വിവാഹം ബന്ധം വേർപെട്ട് 12 ദിവസങ്ങൾക്കുള്ളിലായിരുന്നു 1993ൽ ബോറിസ് മരിനയെ വിവാഹം ചെയ്തത്. മരിനയുമായുള്ള തന്റെ 25 വർഷത്തെ ദാമ്പത്യബന്ധത്തിനിടെ ബോറിസിന് പെട്രോനെല്ല വ്യാട്ട് എന്ന സ്ത്രീയുമായി ബന്ധമുണ്ടെന്ന് 2004ൽ വെളിപ്പെട്ടിരുന്നു. ബോറിസിൽ നിന്നും ഗർഭം ധരിച്ചതിനെ തുടർന്ന് താൻ അബോർഷന് വിധേയയാകേണ്ടി വന്നിരുന്നുവെന്ന് പെട്രൊനെല്ല പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധത്തെക്കുറിച്ച് മറച്ച് വച്ചതിന്റെ പേരിൽ ഷാഡോ ആർട്ട്‌സ് മിനിസ്റ്റർ സ്ഥാനത്ത് നിന്നും ബോറിസിനെ നീക്കിയിരുന്നു.

കൂടാതെ അന്ന ഫാസകെർലെ എന്ന യുവതിയുമായി ബോറിസിന് ബന്ധമുണ്ടെന്ന് 2006ലും ഹെലെൻ മാസിൻടൈറെയുമായി ബന്ധമുണ്ടെന്ന് 2009ലും വെളിപ്പെട്ടിരുന്നു. ഇതിൽ ഹെലെലനിൽ അദ്ദേഹത്തിന് ഒരു കുഞ്ഞും പിറന്നിരുന്നു. ഔദ്യോഗിമായി വിവാഹം ചെയ്ത മരിനയിൽ ബോറിസിന് നാല് മക്കളാണുള്ളത്. ഹെലെനിൽ പിറന്ന കുട്ടിയെ കൂടി കണക്കിലെടുക്കുമ്പോൾ ബോറിസിന് അഞ്ച് മക്കളാണുള്ളതെന്നാണ് മിക്ക റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. എന്നാൽ ബോറിസിന്റെ വെളിപ്പെട്ടതും വെളിപ്പെടാത്തതുമായ അനേകം അവിഹിത ബന്ധങ്ങൾ കണക്കാക്കുമ്പോൾ മക്കളുടെ എണ്ണം ഇതിലും കൂടാൻ സാധ്യതയേറെയാണെന്ന് വാദിക്കുന്നവരുമേറെയുണ്ട്.

ബോറിസിന് ചുരുങ്ങിയത് അഞ്ച് വിവാഹേതര ബന്ധങ്ങളെങ്കിലുമുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ട് കഴിഞ്ഞ വർഷം ജൂണിൽ പുറത്ത് വന്നിരുന്നു. ഇവരിൽ രണ്ട് പേർക്ക് അദ്ദേഹത്തിൽ നിന്നും അവിഹിത ഗർഭമുണ്ടാവുകയും ചെയ്തുവെന്നും ആരോപിക്കപ്പെട്ടിരുന്നു. ബോറിസിന് കാരി സൈമണ്ട്‌സുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ വെളിപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ മരിന വീലർ ഡിവോഴ്‌സ് ഫയൽ ചെയ്തപ്പോൾ തന്റെ പിതാവ് സ്വാർത്ഥനാണെന്ന് ആരോപിച്ച് മരിയയിൽ ബോറിസിന് ജനിച്ച 26 കാരിയായ മകൾ ലാറ ജോൺസൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ബോറിസിന്റെ മൂന്നാം ഭാര്യയാകാൻ പോകുന്ന കാരിയേക്കാൾ വെറും അഞ്ച് വയസ് മാത്രമാണ് ലാറക്ക് കുറവുള്ളത്.

ലണ്ടൻ മേയറായിരുന്ന കാലത്ത് ബോറിസിന് യുഎസ് പോൾ ഡാൻസിങ് ടെക് ഗുരുവായ ജെന്നിഫർ അകുറിയുമായു അവിഹിത ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന കാര്യവും ഇപ്പോൾ എടുത്ത് കാണിക്കപ്പെടുന്നുണ്ട്.ഈ ബന്ധത്തെക്കുറിച്ച് ബോറിസ് രണ്ട് അന്വേഷണങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നുമുണ്ട്. ലണ്ടൻ മേയറായിരുന്നപ്പോൾ ജെന്നിഫറുമായി ബോറിസിന് ബന്ധമുണ്ടായിരുന്നുവോ എന്ന കാര്യത്തിൽ ഒരു അന്വേഷണം നടക്കുന്നത് ദി ഇന്റിപെന്റന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ടിന്റേതാണ്.

ഇക്കാര്യം വെളിച്ചത്തുകൊണ്ടു വരുന്നതിനായി ലോകമെമ്പാടുമുള്ള സാക്ഷികളെ തേടുകയാണ് ഐഒപിസി. ഇത് സംബന്ധിച്ച ആരോപണത്തിന് എട്ട് വർഷംപഴക്കമുണ്ടെന്നും ഈ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട നിരവധി സാക്ഷികളുമായി തങ്ങൾ സംസാരിച്ചുവെന്നും ഒപിഒസി പറയുന്നു. എന്നാൽ തനിക്ക് ജെന്നിഫറുമായി വഴിവിട്ട ബന്ധങ്ങളൊന്നുമില്ലെന്നാണ് ബോറിസ് തറപ്പിച്ച് പറയുന്നത്.തനിക്ക് ബോറിസുമായി വ്യാപാര സംബന്ധമായ ബന്ധം മാത്രമേയുള്ളുവെന്നാണ് ജെന്നിഫറും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP