Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേലായുധൻ നായരിൽ നിന്ന് അമ്മ വാങ്ങിയ വസ്തു; വിറ്റ ആളിന്റെ മകന്റെ പേര് ബൈജു എന്ന് മനസ്സിലാക്കി ഗൂഢാലോചന തുടങ്ങി; അച്ചനും തനിക്കും വിളിപ്പേര് ഉണ്ടെന്ന് സർട്ടിഫിക്കറ്റുണ്ടാക്കി അടിച്ചെടുത്തത് പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലുള്ള കോടികൾ വില വരുന്ന കെട്ടിടം; വിദേശത്തുള്ള സഹോദരിയും സഹോദരനും തട്ടിപ്പ് കണ്ടെത്തിയപ്പോൾ വകവരുത്താനും ക്വട്ടേഷൻ; തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരിയുടെ തന്ത്രങ്ങൾ പൊളിച്ച് പൊലീസ്; പൊന്നമ്പലം സ്റ്റീൽസ് ഉടമ ബൈജു വസന്തിനെ അഴിക്കുളിലാക്കി കൂടത്തായി മോഡൽ ഓപ്പറേഷൻ

വേലായുധൻ നായരിൽ നിന്ന് അമ്മ വാങ്ങിയ വസ്തു; വിറ്റ ആളിന്റെ മകന്റെ പേര് ബൈജു എന്ന് മനസ്സിലാക്കി ഗൂഢാലോചന തുടങ്ങി; അച്ചനും തനിക്കും വിളിപ്പേര് ഉണ്ടെന്ന് സർട്ടിഫിക്കറ്റുണ്ടാക്കി അടിച്ചെടുത്തത് പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലുള്ള കോടികൾ വില വരുന്ന കെട്ടിടം; വിദേശത്തുള്ള സഹോദരിയും സഹോദരനും തട്ടിപ്പ് കണ്ടെത്തിയപ്പോൾ വകവരുത്താനും ക്വട്ടേഷൻ; തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരിയുടെ തന്ത്രങ്ങൾ പൊളിച്ച് പൊലീസ്; പൊന്നമ്പലം സ്റ്റീൽസ് ഉടമ ബൈജു വസന്തിനെ അഴിക്കുളിലാക്കി കൂടത്തായി മോഡൽ ഓപ്പറേഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യാജ ആധാരമുണ്ടാക്കി വസ്തു തട്ടിയെടുത്ത കേസിൽ വ്യാപാരിയും രണ്ട് ആധാരം എഴുത്തുകാരും അറസ്റ്റിലാകുമ്പോൾ പൊലീസ് പൊളിച്ചത് കൂടത്തായി മോഡലിലെ കൂട്ട കൊലപാതക ശ്രമം. പ്രമുഖ വ്യാപാരിയും പൊന്നമ്പലം സ്റ്റീൽസ് ഉടമയുമായ വഴുതക്കാട് ആർടെക് മീനാക്ഷി ഫ്‌ളാറ്റിൽ ബൈജു വസന്ത്, വ്യാജ ആധാരം തയ്യാറാക്കിയ ചാല സബ് രജിസ്ട്രാർ ഓഫീസിനടുത്ത് എഴുത്താഫീസ് നടത്തുന്ന ആറ്റുകാൽ പാടശേരി ചന്ദ്രകുമാർ, കോട്ടയ്ക്കകത്ത് എഴുത്താഫീസ് നടത്തുന്ന ആനയറ ശ്രീഹരി വീട്ടിൽ എസ് ശ്രീകുമാർ എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടത്തായിയിൽ ജോളി ജോസഫ് സ്വത്ത് തട്ടിപ്പിന് നടത്തിയ അതേ വഴിയിലൂടെയായിരുന്നു ബൈജു വസന്തിന്റെ യാത്ര. ഇതാണ് പൊലീസ് പൊളിച്ചത്.

ബൈജുവിന്റെ സഹോദരി ബിനുവസന്തിന്റെ പരാതിയിലാണ് അറസ്റ്റ്. ബൈജുവിനും സഹോദരിമാരായ ബിനുവസന്ത്, ബിന്ദുവസന്ത് എന്നിവർക്കുമായി മൂവരുടെയും അമ്മൂമ്മ ധനനിശ്ചയാധാരപ്രകാരം കൂട്ടവകാശത്തിൽ ചാല സബ് രജിസ്ട്രാർ ഓഫീസ് മുഖേന രജിസ്റ്റർ ചെയ്തുനൽകിയ വസ്തുവാണ് തട്ടിയെടുത്തത്. പഴവങ്ങാടി ഗണപതി കോവിലിന് സമീപത്തെ ലക്ഷങ്ങൾ വിലവരുന്ന മൂന്നുനില കെട്ടിടം അടങ്ങുന്ന വസ്തുവാണ് വ്യാജ ധനനിശ്ചയാധാരം ചമച്ച് ബൈജുവിന്റെ മകളുടെ പേരിലേക്ക് മാറ്റിയത്. ബിന്ദുവസന്ത് വർഷങ്ങളായി വിദേശത്തായതിനാൽ അവർ വസ്തുവിന്റെയും കെട്ടിടത്തിന്റെയും കാര്യങ്ങളിൽ ഇടപെടാറില്ലായിരുന്നു.

ബിനു വസന്തിനും സഹോദരങ്ങളായ ബൈജു വസന്തിനും ബിന്ദു വസന്തിനും കൂടി തൈക്കാട് വില്ലേജ് പരിധിയിൽ 1053/1984ാം നമ്പർ ധനനിശ്ചയാധാര പ്രകാരം 1.740 സെന്റ് വസ്തു 1984ൽ മാതാവ് ലീല എഴുതി നൽകിയിരുന്നു. ഈ സമയം മക്കൾ പ്രായപൂർത്തിയാകാത്തതിനാൽ പിതാവ് സേതുനാഥിന്റെ കൈവശമായിരുന്നു വസ്തു. 2014 ജനുവരിയിൽ സേതുനാഥ് മരിച്ചു. ഇതോടെ ബിനു വസന്തും ബൈജു വസന്തും സഹോദരി ബിന്ദു വസന്തും ചേർന്നാണ് ഈ വസ്തുവിലെ കെട്ടിടവാടക വാങ്ങിയിരുന്നത്. 2018ൽ വസ്തു കരമടവ് സംബന്ധിച്ച് ബിനു വസന്തിന് ചില സംശയങ്ങളുണ്ടായി. ഇതാണ് നിർണ്ണായകമായത്.

വസ്തുവിന്റെ രേഖകൾ കാണണമെന്ന് ബിനു സഹോദരൻ ബൈജുവിനോടാവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ല. തുടർന്ന് നടത്തിയ അന്വേഷണമാണ് കള്ളി പുറത്തു കൊണ്ടു വന്നത്. വ്യാജ രേഖകൾ ചമച്ച് ബൈജു വസ്തു തട്ടിയെടുത്ത് മകൾ റിയാസെന്നിന്റെ പേരിലാക്കിയതായി വ്യക്തമായി. തട്ടിപ്പ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ ബൈജു ബിനുവിനെയും മകളെയും അപായപ്പെടുത്താൻ ശ്രമിച്ചതായും ഫോർട്ട് പൊലീസിൽ പരാതിയുണ്ട്. സത്യം മനസ്സിലാക്കിയ എല്ലാവരേയും വകവരുത്താനായിരുന്നു നീക്കം. ഇതിനിടെയാണ് പൊലീസ് ഇടപെടൽ വരുന്നത്.

ബൈജു വസ്തു തട്ടിയെടുത്തത് 2018ലാണ്. മാതാവ് ലീല വേലായുധൻനായർ എന്നയാളിൽ നിന്നായിരുന്നു ഈ വസ്തു വാങ്ങിയത്. വേലായുധൻ നായർക്ക് ബൈജു എന്ന ഒരു മകനുമുണ്ടായിരുന്നു. ഇത് മനസിലാക്കിയ ബൈജു വസന്ത് പിതാവ് സേതുനാഥിന് വേലായുധൻനായർ എന്നും തനിക്ക് ബൈജുവെന്നും വിളിപ്പേരുണ്ടെന്ന് വ്യാജരേഖ ചമച്ചു. ഇപ്രകാരം അമ്മ ലീല ജീവിച്ചിരിക്കെത്തന്നെ പിതാവും മാതാവും മരണപ്പെട്ടെന്നും ബൈജു ഏക മകനും ഏക പിന്തുടർച്ചാവകാശിയുമാണെന്നും രേഖപ്പെടുത്തി. മുന്നാധാരങ്ങൾ കൈമോശം വന്നെന്നും അതുസംബന്ധിച്ച് പത്രപരസ്യം നൽകിയിട്ടുണ്ടെന്നും കാട്ടിയാണ് വ്യാജ ആധാരം ചമച്ചത്.

2014ൽ പിതാവ് മരിച്ചതോടെ മൂത്തമകനെന്നനിലയിൽ രേഖകൾ കൈവശമാക്കിയ ബൈജു സഹോദരങ്ങളറിയാതെ വില്ലേജ്, കോർപറേഷൻ രേഖകളിൽ അവകാശം തന്റേത് മാത്രമാക്കുകയായിരുന്നു. അതിനുശേഷം വസ്തുവിന്റെ യഥാർഥ ആധാരങ്ങൾ ഒളിപ്പിച്ച്ാണ് ആധാരം നഷ്ടപ്പെട്ടതായി പത്രപരസ്യം നൽകിയതെന്നും പൊലീസ് കണ്ടെത്തി. വ്യാജരേഖകളിലൂടെ ആൾമാറാട്ടം നടത്തി ആധാരം തയ്യാറാക്കിച്ച് ചാല സബ് രജിസ്ട്രാർ ഓഫീസ് മുഖേന 2018ൽ രജിസ്റ്റർ ചെയ്ത് വസ്തു മകൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ പ്രതികൾ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.



ഫോർട്ട് പൊലീസ് ഇൻസ്‌പെക്ടർ എ കെ ഷെറി, സബ് ഇൻസ്‌പെക്ടർ എസ് വിമൽ, സബ് ഇൻസ്‌പെക്ടർ സജു എബ്രഹാം, സബ് ഇൻസ്‌പെക്ടർ ജയ ബി, എസ്സിപിഒമാരായ സാബു, ബിനു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരാതികളുടെ അടിസ്ഥാനത്തിൽ വ്യാജധനനിശ്ചയാധാരം കഴിഞ്ഞമാസം 29ന് റദ്ദാക്കി.പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഭാര്യസന്ധ്യ ശങ്കറും മകൾ റിയാസെന്നും ഇംഗ്ലണ്ടിലേക്കു കടക്കാൻ ശ്രമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP