Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഞ്ചു വർഷം മുമ്പ് മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരം വാങ്ങിയതും ചട്ട വിരുദ്ധം! ഋഷിരാജ് സിങ് അടക്കം ഉദ്യോഗസ്ഥരും പിണറായിയും കൈപ്പറ്റിയിട്ടുള്ള അതേ പുരസ്‌കാരം ജേക്കബ് തോമസ് വാങ്ങിയത് നിയമ വിരുദ്ധമെന്ന് പിണറായിക്ക് തോന്നിയത് ഇപ്പോൾ; സംസ്ഥാനത്തെ ഏറ്റവും സീനിയർ പൊലീസ് ഉദ്യോഗസ്ഥനോട് പിണറായിയുടെ വ്യക്തി വിരോധം അതിരു കടക്കുമ്പോൾ; ജേക്കബ് തോമസിനെ ഭരണകൂട ഭീകരത വിടാതെ പിന്തുടരുമ്പോൾ

അഞ്ചു വർഷം മുമ്പ് മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരം വാങ്ങിയതും ചട്ട വിരുദ്ധം! ഋഷിരാജ് സിങ് അടക്കം ഉദ്യോഗസ്ഥരും പിണറായിയും കൈപ്പറ്റിയിട്ടുള്ള അതേ പുരസ്‌കാരം ജേക്കബ് തോമസ് വാങ്ങിയത് നിയമ വിരുദ്ധമെന്ന് പിണറായിക്ക് തോന്നിയത് ഇപ്പോൾ; സംസ്ഥാനത്തെ ഏറ്റവും സീനിയർ പൊലീസ് ഉദ്യോഗസ്ഥനോട് പിണറായിയുടെ വ്യക്തി വിരോധം അതിരു കടക്കുമ്പോൾ; ജേക്കബ് തോമസിനെ ഭരണകൂട ഭീകരത വിടാതെ പിന്തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അഞ്ചു വർഷം മുമ്പ് മനോരമാ ചാനലിന്റെ ന്യൂസ് മേക്കർ പുരസ്‌കാരം സ്വീകരിച്ചതിന് ജേക്കബ് തോമസിന് ഇപ്പോൾ കാരണംകാണിക്കൽ നോട്ടീസ്. സ്വകാര്യചാനലിന്റെ പുരസ്‌കാരം വാങ്ങിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. 15 ദിവസത്തിനകം മറുപടിനൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.2015-ലാണ് ജേക്കബ് തോമസിന് പുരസ്‌കാരംനൽകിയത്. 2017-ൽ ഇതേ ചാനലിന്റെ ഇതേ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ നേടി. ഐപി എസുകാരനായ ഋഷിരാജ് സിംഗിനും കിട്ടിയിട്ടുണ്ട്.

ഡോ. ജേക്കബ് തോമസ് അഖിലേന്ത്യ സർവ്വീസ് റൂൾ ലംഘിച്ച് അവാർഡ് വാങ്ങിയെന്നാണ് ആരോപണം. ഇദ്ദേഹം സർക്കാരിന്റെ അനുമതിയില്ലാതെയാണ് മലയാള മനോരമ ഏർപ്പെടുത്തിയ 2015 ന്യൂസ് മേക്കർ അവാർഡ് വാങ്ങിയതെന്ന് പിണറായി സർക്കാർ ഇപ്പോൾ തിരിച്ചറിയുന്നത്. ജേക്കബ് തോമസ് ഐ.പി.എസ് മലയാള മനോരമ ന്യൂസ് ചാനൽ 2015 ൽ നൽകിയ ന്യൂസ് മേക്കർ ഓഫ് ദി ഇയർ അവാർഡ് കൈപ്പറ്റുന്നതിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയോ സർക്കാർ അനുമതി നൽകിയതായോ കാണുന്നില്ലെന്നതാണ് ഇതിന് കാരണം. 2013 ൽ ഇതേ അവാർഡ് വാങ്ങിയ ഋഷിരാജ് സിങ് സർക്കാരിന്റെ അനുമതി വാങ്ങിയാണ് അവാർഡ് കൈപ്പറ്റിയതെന്നും പറയുന്നു.

1968ലെ അഖിലേന്ത്യ സർവ്വീസ് റൂൾ 11 അനുസരിച്ച് സ്വകാര്യ വ്യക്തികളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ 25,000 രൂപയ്ക്കുമേൽ പാരിതോഷികമോ, സമ്മാനമോ വാങ്ങുന്നതിന് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. ന്യൂസ് മേക്കർ അവാർഡിന് മനോരമ നൽകുന്നത് ഒരു ലക്ഷം രൂപയും ഫലകവും ആണ്. സർക്കാരുമായി നേരിട്ട് ഇടപാടില്ലാത്ത വ്യക്തികളിൽ നിന്ന് ഭക്ഷണംപോലും വാങ്ങിക്കഴിക്കരുതെന്ന് നിയമം അനുശാസിക്കുന്നുണ്ട്. സ്വകാര്യ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പാരിതോഷികം സ്വീകരിക്കുന്നതിന് മുമ്പ് സർക്കാരിനെ അറിയിക്കണമെന്ന നിയമമാണ് ജേക്കബ് തോമസ് ലംഘിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്തെ പുരസ്‌കാര വാങ്ങലിന് ഇപ്പോൾ ജേക്കബ് തോമസിനെതിരെ ഫയൽ തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസിനോടുള്ള പകയാണ് ഇതിന് കാരണമെന്ന് വ്യക്തം.

വിജിലൻസിൽ പ്രവർത്തിക്കുമ്പോഴാണ് മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച അവാർഡ് അദ്ദേഹം സ്വീകരിച്ചത്. പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ആണ് അവാർഡ് നൽകിയത്. സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിൻ കോർപ്പാണ് പ്രൈസ് മണി സ്പോൺസർ ചെയ്തത് ഇതെല്ലാമാണ് സർക്കാർ വിവാദമാക്കാൻ ശ്രമിക്കുന്നത്. സർക്കാരുമായുള്ള ഭിന്നതയെത്തുടർന്ന് രണ്ടുവർഷത്തോളം സസ്‌പെൻഷനിലായിരുന്ന ജേക്കബ് തോമസ് സെപ്റ്റംബറിലാണ് ഷൊർണൂരിൽ മെറ്റൽ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടറായി സർവീസിൽ തിരിച്ചെത്തിയത്. സംസ്ഥാന പൊലീസ് മേധാവി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും അവിടെനിന്ന് ഷൊർണൂർ സിഐ.ക്കും കൈമാറിയാണ് നോട്ടീസ് മെറ്റൽ ഇൻഡസ്ട്രീസിൽ എത്തിയത്.

മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ സാഹിത്യകാരൻ അശോകൻ ചരുവിൽ, അഡ്വ. കെ.രാധിക എന്നിവരുടെ സാന്നിധ്യത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് 2015ൽ ജേക്കബ് തോമസിനെ ന്യൂസ് മേക്കറായി പ്രഖ്യാപിച്ചത്. സത്യത്തിന്റെ കൂടെനിൽക്കുന്ന സന്മനസ്സുള്ള ജനങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്നും താൻ അവരുടെ ഒരു പ്രതിനിധി മാത്രമാണെന്നും ജേക്കബ് തോമസ് പ്രതികരിക്കുകയും ചെയ്തു. അഴിമതിയില്ലാത്തവരുടെ ദൗർഭാഗ്യ ജീവിതമാണ് ജേക്കബ് തോമസ് തുറന്നുകാണിച്ചതെന്ന് അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയനേതൃത്വത്തോട് ഏറ്റുമുട്ടിയ ജേക്കബ് തോമസിന്റെ പേരു തന്നെ ഈ വർഷത്തെ ന്യൂസ് മേക്കർ പട്ടികയെ വ്യത്യസ്തമാക്കിയെന്ന് അഡ്വ. രാധിക പറഞ്ഞു. 2015ൽ വാർത്തകളിൽ നിറഞ്ഞുനിന്ന 10പേരെയാണ് ന്യൂസ്‌മേക്കർ തിരഞ്ഞെടുപ്പിന്റെ പ്രാഥമികഘട്ടത്തിൽ പരിഗണിച്ചത്.

ഇവരിൽ ഏറ്റവുമധികം വോട്ട് നേടിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ നിവിൻ പോളി എന്നിവർ ജേക്കബ് തോമസിനൊപ്പം ഫൈനലിലെത്തി. ഓൺലൈനിലും എസ്എംഎസിലുമായി ഒരുമാസം നീണ്ട വോട്ടെടുപ്പിൽ ആറുലക്ഷത്തിലേറെ പ്രേക്ഷകർ പങ്കെടുത്തു. പിന്നീട് ഇടത് സർക്കാർ അധികാരത്തിലെത്തി. ബാർ കോഴയും മറ്റും ചർച്ചയാക്കിയ ജേക്കബ് തോമസിനെ ചേർത്ത് നിർത്തി പിണറായി ഭരണം കൊണ്ടു പോയി. പതിയെ ജേക്കബ് തോമസിനെ കൈവിടുകയും ചെയ്തു. ഇത് പലതര ചർച്ചകൾക്ക് വഴി വച്ചു. ഏതാണ്ട് രണ്ട് കൊല്ലത്തോളം ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തു പുറത്തിരുത്തി. നിയമ നടപടികളിലൂടെ ജേക്കബ് തോമസ് സർവ്വീസിൽ തിരിച്ചെത്തി. അപ്രധാന തസ്തികയാണ് നൽകിയത്. അതിന് ശേഷവും ഒരോ കേസുകളായി പൊടിതട്ടിയെടുത്തു. പൊലീസ് മേധാവിയായി ജേക്കബ് തോമസ് മാറുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ പിണറായി തന്ത്രങ്ങൾ എല്ലാം.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മാസം മുതൽ സസ്‌പെൻഷനിലായിരുന്നു. പിന്നീട് തിരിച്ചെടുത്തു 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഇനിയും സർവീസ് ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെൻഷൻ. സംസ്ഥാന സർക്കാരിനെ പുസ്തകത്തിലൂടെ വിമർശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്‌പെൻഡ് ചെയ്തു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകൾ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരിൽ മൂന്നാമതും സസ്‌പെൻഷൻ ലഭിച്ചു. ഇതിനെതിരെ അദ്ദേഹം കേന്ദ്രസർക്കാരിനെയും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയും സമീപിക്കുകയായിരുന്നു. തന്റെ സസ്പെൻഷൻ ചട്ടവിരുദ്ധമാണെന്നും ഇക്കാര്യം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വാദം കേട്ട ട്രിബ്യൂണൽ ജേക്കബ് തോമസിനെ അടിയന്തരമായി തിരിച്ചെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് പോലും പ്രിയങ്കരനായ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. നിലപാടുകളിലെ സത്യസന്ധത കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം ഏത് ഉന്നതൻ ആയാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന നിലപാടുകാരനായിരുന്നു. ജേക്കബ് തോമസിന്റെ വിട്ടുവീഴ്‌ച്ച ഇല്ലാത്ത നിലപാടുകൾ കാരണം അഴിമതി ആരോപണം നേരിട്ട ഉദ്യോഗസ്ഥർക്കും ചില മന്ത്രിമാർക്കും പണിയായി. ഇതോടെ ഇക്കൂട്ടർ ആസൂത്രിതമായി കരുക്കങ്ങൾ നീക്കി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും തെറിപ്പിച്ച് മൂലക്കിരുത്തി. ഇതിന് ശേഷം സർക്കാറിന്റെ കണ്ണിലെ കരായതോടെ നിർദ്ദോഷകരായ പ്രസ്താവനയുടെ പേരിൽ പോലും സസ്‌പെന്റ് ചെയ്ത് പ്രതികാര നടപടി കൈക്കൊള്ളുകയായിരുന്നു.

സ്വോഡ് ഓഫ് ഓണർ നേടി ഐപിഎസ് പരിശീലനം പൂർത്തിയാക്കിയ ആളാണ് ജേക്കബ് തോമസ്. യാതൊരു സമ്മർദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തയാൾ. നിലവിൽ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഓഫീസർ; സംസ്ഥാന പൊലീസ് മേധാവി ആകേണ്ടിയിരുന്നയാൾ-ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെതിരെയാണ് പിണറായിയുടെ പ്രതികാരം തീർക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP