Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുട്ടികളെ സ്‌കൂൾ ബസ് കയറ്റിവിട്ട ശേഷം മടങ്ങിയെത്തിയപ്പോൾ അലമാര തുറന്നുകിടക്കുന്നു; വിശ്വസിപ്പിച്ച് ഏൽപിച്ച ആളെ കാണാതെ വന്ന് വിളിച്ചപ്പോൾ മൊബൈലും സ്വച്ച് ഓഫ്; കടന്നുകളഞ്ഞത് ഒന്നരലക്ഷം രൂപയും മൂന്നുപവൻ സ്വർണാഭരണങ്ങളുമായി; തൃശൂർ സ്വദേശിയുടെ വീട്ടിലെ കവർച്ചാ വാർത്ത വന്നതോടെ എറണാകുളം നോർത്തിലെ ലോഡ്ജുകാർക്ക് സംശയം; യുവതിയെ പൊലീസ് പിടികൂടിയപ്പോഴും ട്വിസ്റ്റ്

കുട്ടികളെ സ്‌കൂൾ ബസ് കയറ്റിവിട്ട ശേഷം മടങ്ങിയെത്തിയപ്പോൾ അലമാര തുറന്നുകിടക്കുന്നു; വിശ്വസിപ്പിച്ച് ഏൽപിച്ച ആളെ കാണാതെ വന്ന് വിളിച്ചപ്പോൾ മൊബൈലും സ്വച്ച് ഓഫ്; കടന്നുകളഞ്ഞത് ഒന്നരലക്ഷം രൂപയും മൂന്നുപവൻ സ്വർണാഭരണങ്ങളുമായി; തൃശൂർ സ്വദേശിയുടെ വീട്ടിലെ കവർച്ചാ വാർത്ത വന്നതോടെ എറണാകുളം നോർത്തിലെ ലോഡ്ജുകാർക്ക് സംശയം; യുവതിയെ പൊലീസ് പിടികൂടിയപ്പോഴും ട്വിസ്റ്റ്

ആർ പീയൂഷ്

 കൊച്ചി: വീട്ടുവേലയ്ക്ക് നിന്ന ഫ്ളാറ്റിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന് കടന്നു കളഞ്ഞ കായംകുളം സ്വദേശിനി എറണാകുളത്ത് പിടിയിലായി. കായംകുളം, കരിയിലക്കുളങ്ങര, പത്തിയൂർ പടിഞ്ഞാറ്, പനക്കൽ പുത്തൻ വീട്ടിൽ, ബേബിയുടെ മകൾ ബിജിയാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്നും വിയ്യൂർ പൊലീസിന്റെ പിടിയിലായത്. ബിജിയുടെ ചിത്രങ്ങളടക്കം തട്ടിപ്പ് വാർത്ത മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ട ലോഡ്ജ് നടത്തിപ്പുകാർ വിയ്യൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പുലർച്ചെ ലോഡ്ജിലെത്തി ബിജിയെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മുറിയിൽ പരിശോധന നടത്തിയെങ്കിലും മോഷണമുതൽ കണ്ടുകിട്ടിയില്ല. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയിട്ടില്ല എന്നാണ് ബിജി പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ 24 നാണ് സംഭവം നടന്നത്. തൃശൂർ സ്വദേശി അനീഷ് മുരളിയുടെ ഫ്‌ളാറ്റിൽ നിന്നാണ് മോഷണം നടത്തി ബിജി കടന്ന് കളഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപയും മൂന്ന് പവനടുത്തുള്ള സ്വർണ്ണാഭരണങ്ങളുമാണ് മോഷണം പോയത്. രാവിലെ അനീഷിന്റെ ഭാര്യ കുട്ടികളെ സ്‌ക്കൂളിലാക്കാൻ പോയ സമയത്താണ് ബിജി മോഷണം നടത്തിയത്. കുട്ടികളെ സ്‌ക്കൂളിൽ ബസിൽ കുട്ടികളെ കയറ്റിയ ശേഷം തിരികെ ഫ്‌ളാറ്റിലെത്തിയപ്പോൾ ബിജി കാണാതായി. ഏറെ നേരം ബിജിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ നമ്പർ സ്വിച്ച് ഓഫുമായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അനീഷ് വേഗം ഫ്‌ളാറ്റിലെത്തുകയും സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് വിയ്യൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഫെബ്രുവരി 5 നാണ് ബിജി ജോലിക്കായി എത്തിയത്. വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയത് കണ്ടെത്തിയതായിരുന്നു ബിജി. ആധാറും സർട്ടിഫിക്കറ്റുകളുമെല്ലാം പരിശോധിച്ചതിന് ശേഷമാണ് ഇവരെ ജോലിക്ക് പ്രവേശിപ്പിച്ചത്. ജനറൽ നഴ്‌സായിരുന്ന ബിജി താൻ വലിയ സാമ്പത്തികമുള്ള വീട്ടിലെ അംഗമാണെന്നും തൃശൂർ കേരള വർമ്മ കോളേജിൽ എൽ.എൽ.ബി കോഴ്‌സ് ചെയ്യാനായിട്ടാണ് ഇങ്ങനെയൊരു ജോലിക്ക് വന്നതെന്നും പറഞ്ഞിരുന്നു. പതിനായിരം രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. യൂറോപ്യൻ രാജ്യത്തേക്ക് പോകാനുള്ള ഐ.ഇ.എൽ.ടി.എസ് പാസായതായും ബിജിയുടെ ബയോ ഡേറ്റയിൽ കണ്ടിരുന്നു. അതിനാൽ കുട്ടികളെ പഠിപ്പിക്കാനും മറ്റും വലിയ സഹായമാകും എന്ന് കരുതിയാണ് ജോലിക്ക് പ്രവേശിപ്പിച്ചത്. ജോലിക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് മാതാപിതാക്കളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ബിജി സഹോദരനെയും മാതാവിനെയും ഫോണിൽ വിളിച്ചു സംസാരിപ്പിക്കുകയും ചെയ്തു.

മോഷണം നടന്ന ശേഷം അനീഷ് കായംകുളത്ത് നടത്തിയ അന്വേഷണത്തിൽ ബിജിയെപറ്റി ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ബിജി കായംകുളം എബനേസർ ആശുപത്രിയിൽ നിൽക്കുമ്പോൾ മോഷണം നടത്തിയതിനെ തുടർന്ന് മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. പിന്നീട് ഏറെ നാളായി നാട്ടിൽ നിന്നും മാറി നിൽപ്പായിരുന്നു. ഇതിനിടയിൽ ചില തട്ടിപ്പ് കഥകളൊക്കെ നാട്ടിൽ അറിഞ്ഞു. ഇതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവിന്റെ മരണ ശേഷം ഒരു യുവാവിനൊപ്പം കുറച്ചു നാൾ കായംകുളത്തെ വീട്ടിൽ താമസിച്ചിരുന്നു. പിന്നീട് യുവാവുമായി വലിയ പ്രശ്‌നങ്ങൾ ഉണ്ടാകുകയും നാട്ടുകാർ ഇടപെട്ട് യുവാവിനെ പറഞ്ഞു വിടുകയും ചെയ്തു. പിന്നീട് എന്താണ് ബിജി ചെയ്തിരുന്നതെന്ന് നാട്ടുകാർക്കറിയില്ലായിരുന്നു. എന്നാൽ ബിജിയെ തിരക്കി നിരവധിപേർ പത്തിയൂർ എത്തുന്നുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

ബിജി നൽകിയിരുന്ന മാതാവിന്റെയും സഹോദരന്റെയും നമ്പരുകൾ രണ്ടും സ്വിച്ച് ഓഫാണ്. നാട്ടിൽ അന്വേഷിച്ചപ്പോൾ ഏറെ നാളായി മാതാവിനെ സഹോദരൻ ഡൽഹിയിലേക്ക് കൊണ്ടു പോയെന്നും അവർക്ക് ബിജിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അറിഞ്ഞത്. ജോലിക്ക് പ്രവേശിക്കുന്നതിന് മുൻപ് സംസാരിച്ചത് മറ്റാരോ ആയിരിക്കാം എന്നാണ് അനീഷിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങളിൽ ബിജി തന്റെ പേരിൽ യൂണിയൻ ബാങ്ക് കൊട്ടാരക്കര ബ്രാഞ്ചിലുണ്ടായിരുന്ന അക്കൗണ്ട് തൃശൂരിലേക്ക് മാറ്റിയതായി കണ്ടെത്തി. ഈ അക്കൗണ്ടിൽ 26 ലക്ഷം രൂപയും 75 പവൻ സ്വർണ്ണനാണയങ്ങളും ഉള്ളതായി വിവരം ലഭിച്ചു. കായംകുളത്ത് നടത്തിയ അന്വേഷണത്തിൽ ബിജിക്ക് ഇത്രും പണം ഉണ്ടാക്കാനുള്ള യാതൊരു മാർഗ്ഗവുമില്ലെന്നാണ് അറിഞ്ഞത്. അതിനാൽ ഇത് തട്ടിപ്പ് നടത്തി നേടിയെടുത്തതാവാമെന്നാണ് കരുതുന്നത്.

കസ്റ്റഡിയിലെടുത്ത ബിജിയെ വിശദമായി ചോദ്യം ചെയ്ത് വിട്ടയച്ചു. ഇവരുടെ പക്കൾ നിന്നും മോഷണ മുതൽ കണ്ടു കിട്ടാത്തതിനാലാണ് വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് ഒരു ഇന്റർവ്യൂവിന് വേണ്ടിയാണ് അനീഷിന്റെ ഫ്ളാറ്റിൽ നിന്നും പോരുന്നത് എന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP