Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രപ്രധാനം ഈ കരാറെന്ന് ട്രംപും യുഎസ് ഭരണകൂടവും അഭിമാനം കൊള്ളുമ്പോഴും കാബുളിലേക്കുള്ള താലിബാന്റെ ദൂരം കുറയ്ക്കുമോ എന്ന ആശങ്കയും; 18 വർഷത്തെ യുദ്ധത്തിന് വിരാമമിട്ട് യുഎസ്-താലിബാൻ കരാർ ദോഹയിൽ ഒപ്പുവച്ചപ്പോൾ കൈയടികൾക്കപ്പുറം ഉയരുന്നത് ചോദ്യങ്ങൾ; അടുത്ത 14 മാസത്തിനകം സകല വിദേശ സൈനികരും അഫ്ഗാനിസ്ഥാനോട് വിട പറയും; യുഎസ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ ഗ്രാഫ് ഉയരുമെങ്കിലും ഇതൊരു രാഷ്ട്രീയ ചൂതാട്ടമോ? തീരുമാനം തുണയ്ക്കുന്നത് ആഗോള മയക്കുമരുന്ന് മാഫിയയെയോ?

ചരിത്രപ്രധാനം ഈ കരാറെന്ന് ട്രംപും യുഎസ് ഭരണകൂടവും അഭിമാനം കൊള്ളുമ്പോഴും കാബുളിലേക്കുള്ള താലിബാന്റെ ദൂരം കുറയ്ക്കുമോ എന്ന ആശങ്കയും; 18 വർഷത്തെ യുദ്ധത്തിന് വിരാമമിട്ട് യുഎസ്-താലിബാൻ കരാർ ദോഹയിൽ ഒപ്പുവച്ചപ്പോൾ കൈയടികൾക്കപ്പുറം ഉയരുന്നത് ചോദ്യങ്ങൾ; അടുത്ത 14 മാസത്തിനകം സകല വിദേശ സൈനികരും അഫ്ഗാനിസ്ഥാനോട് വിട പറയും; യുഎസ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ ഗ്രാഫ് ഉയരുമെങ്കിലും ഇതൊരു രാഷ്ട്രീയ ചൂതാട്ടമോ? തീരുമാനം തുണയ്ക്കുന്നത് ആഗോള മയക്കുമരുന്ന് മാഫിയയെയോ?

മറുനാടൻ ഡെസ്‌ക്‌

കാബുൾ/ ദോഹ: 18 വർഷത്തെ യുദ്ധത്തിന് അവസാനം കുറിക്കുമെന്ന പ്രതീക്ഷയോടെ താലിബാനുമായി അമേരിക്ക ചരിത്രപ്രധാനമായ കരാർ ഒപ്പുവച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് അടുത്ത 14 മാസത്തിനിടെ മുഴുവൻ വിദേശ സൈനികരെയും പിൻവലിക്കുന്നതിന് വഴിയൊരുക്കുന്നതാണ് കരാർ. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിനാണ് കാരറോടെ വിരാമമാകുന്നത്. അതേസമയം, അഫ്ഗാനിലെ വിവിധ വിഭാഗക്കാരുമായുള്ള താലിബാന്റെ ചർച്ചകൾ കൂടുതൽ സങ്കീർണമാണ് താനും.

ഖത്തർ തലസ്ഥാനമായ ദോഹയിൽ യുഎസ് പ്രത്യേക പ്രതിനിധി സൽമെയ് ഖലീൽസാദും താലിബാൻ രാഷ്ട്രീയമേധാവി മുല്ല അബ്ദുൾ ഗനി ബരദറുമാണ് കരാറിൽ ഒപ്പിട്ടത്. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്കോ പോംപെയോ ചടങ്ങിൽ സാക്ഷിയായി. അതിനിടെ, യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ കാബൂളിലെത്തി അഫ്ഗാൻ സർക്കാരിനെ അമേരിക്കയുടെ പ്രതിജ്ഞാബദ്ധത അറിയിച്ചു.

അമേരിക്കൻ സൈനികരെ മടക്കിക്കൊണ്ടുവരുമെന്ന പ്രസിഡന്റ് ട്രംപിന്റെ വാഗ്ദാനമാണ് ഇതോടെ സഫലമാകുന്നത്. എന്നാൽ, ഇതൊരു രാഷ്ട്രീയ നയ ചൂതാട്ടം ആണെന്ന വിമർശനവും ചില സുരക്ഷാ വിദഗ്ദ്ധർ ഉയർത്തുന്നുണ്ട്. കാരണം ഈ കരാർ താലിബാനെ പോലൊരു ഭീകരസംഘടനയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നൽകുക കൂടിയാണ്.

'ഇന്ന് അഫ്ഗാനിസ്ഥാന് നിർണായകമായ ദിവസമാണ്, കാബൂളിലെ യുഎസ് ഏംബസി ട്വിറ്ററിൽ പറഞ്ഞു. സമാധാനം കൊണ്ടുവരുന്നതിനും, ശുഭകരമായ ഭാവിക്കും ഈ കരാർ സഹായിക്കും. നമ്മൾ അഫ്ഗാനിസ്ഥാനൊപ്പം നിൽക്കുന്നു'. കരാറിന് മണിക്കൂറുകൾക്ക് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കാൻ താലിബാൻ തങ്ങളുടെ പോരാളികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് രാജ്യത്തിന്റെ സന്തോഷത്തിന് വേണ്ടിയെന്നും താലിബാൻ അറിയിച്ചു.

കരാറിലെ വാഗ്ദാനങ്ങളിൽ യുഎസ് ഉറച്ചുനിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് താലിബാന്റെ വക്താവ് സബിബുള്ള മുജാഹിദ് പ്രതികരിച്ചു. വിദേശ സൈനിക വിമാനങ്ങൾ ഇപ്പോഴും താലിബാൻ മേഖലയിൽ വട്ടമിട്ട് പറക്കുന്നത് പ്രകോപനപരനമാണെങ്കിലും, പ്രത്യാക്രമണം അരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ലക്ഷക്കണക്കിന് പൗരന്മാർക്ക് ഈ കരാർ ഒരുപ്രതീക്ഷയാണ്. വർഷങ്ങളായുള്ള കൂട്ടക്കുരുതിക്കും രക്തച്ചൊരിച്ചിലിനും ഒരുഅറുതി വരുമെന്ന പ്രതീക്ഷ. ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സഖ്യസേന 14 മാസത്തിനകം പിന്മാറും. കരാർ വ്യവസ്ഥകൾ താലിബാൻ പൂർണമായും പാലിച്ചാൽ മാത്രമായിരിക്കും പിന്മാറ്റം.

18 വർഷത്തെ യുദ്ധത്തിനുശേഷം യുഎസ് മടങ്ങുമ്പോൾ

2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു (9/11) പിന്നാലെ ഒക്ടോബർ 7നാണ് അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക നടപടി ആരംഭിക്കുന്നത്. മൂന്നു മാസത്തിനകം താലിബാൻ ഭരണകൂടം നിലംപതിച്ചു. മൂന്നുനാലു വർഷം ദുർബലമായിക്കിടന്ന താലിബാൻ 2006 മുതൽ ശക്തമായ ആക്രമണങ്ങളുമായി ഭീഷണി ഉയർത്തി.

അഫ്ഗാനിസ്ഥാനിൽനിന്നു സോവിയറ്റ് സൈന്യത്തിലെ അവസാനത്തെ ഭടന്മാർ തിരിച്ചുപോയതു 31 വർഷംമുമ്പാണ്. ഇപ്പോൾ അവിടെനിന്നു അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിനും വഴിയൊരുങ്ങുകയാണ്. സോവിയറ്റ് സൈന്യത്തിന്റെ അഫ്ഗാൻ അധിനിവേശം പത്തുവർഷ മാണ് നീണ്ടുനിന്നത്. യുഎസ് സൈന്യം മടങ്ങാൻ കാത്തിരിക്കുന്നത് അവിടത്തെ താലിബാൻ സൈനികരുമായുള്ള 18 വർഷത്തെ യുദ്ധത്തിനുശേഷമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്ക യുദ്ധം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും നീണ്ടയുദ്ധം മുൻപൊരിക്കലും ഉണ്ടായിട്ടില്ല.

ഇതിന്റെ അവസാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ആഹ്ലാദിക്കാനും ആഘോഷിക്കാനുമുള്ള അവസരമാകുന്നു. ഇംപീച്ചമെന്റ് വിചാരണയെ അദ്ദേഹം അതീജീവിച്ചതിന്റെ തൊട്ടുപിന്നാലെയാണിത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കുമ്പോൾ ഇതെല്ലാം തനിക്കു വോട്ടുകൾ നേടിത്തരുമെന്നു ട്രംപ് പ്രതീക്ഷിക്കുന്നതും സ്വാഭാവികം. 2016 നവംബറിൽ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അദ്ദേഹം ജനങ്ങൾക്കു നൽകിയ വാഗ്ദാനമായിരുന്നു അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് പട്ടാളക്കാരെ തിരിച്ചുകൊണ്ടുവരുമെന്നത്.

ഗൾഫ് രാജ്യമായ ഖത്തറിലെ ദോഹയിൽ അതിനുവേണ്ടി അമേരിക്കയുടെയും താലിബാന്റെയും പ്രതിനിധികൾ തമ്മിൽ ഒന്നര വർഷമായി ചർച്ച നടന്നുവരികയായിരുന്നു. സുപ്രധാനമായ കാര്യങ്ങളിൽ യോജിപ്പിലെത്തിയതായി അറിയിപ്പുണ്ടായത് (ഫെബ്രുവരി 14). മാർച്ച് പത്തുമുതൽ താലിബാനും അഫ്ഗാൻ ഗവൺമെന്റും തമ്മിൽ സമാധാന ചർച്ചതുടങ്ങും.തുടർന്നു യുഎസ് സൈനിക പിന്മാറ്റത്തിന്റെ ആരംഭം.

യുദ്ധത്തിന്റെ പാരമ്യത്തിൽ ഒരു ലക്ഷത്തിൽപ്പരം യുഎസ്-നാറ്റോ ഭടന്മാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് ഏതാണ്ടു 13,000 പേരാണ്. നേരിട്ടു പോരാടാതെ, അഫ്ഗാൻ സൈന്യത്തിനു പരിശീലനവും ഉപദേശവും നൽകുകയാണ് അവരുടെ ജോലി. അവരെ മുഴുവൻ പിൻവലിക്കുമോ, അതല്ല കുറേപ്പേ രെയെങ്കിലും നിലനിർത്തുമോ എന്നീ കാര്യങ്ങളിലും വ്യക്തമായ വിവരങ്ങൾ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. രാജ്യത്തിനു പുറത്തുനിന്നുള്ള തീവ്രവാദികളെയും ഭീകര സംഘടകനകളെയും അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു താലിബാൻ അമേരിക്കയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ടത്രേ. അവർ തമ്മിലുള്ള ഒത്തുതീർപ്പിലെ ഒരു സുപ്രധാന വ്യവസ്ഥയായി ഇത് എണ്ണപ്പെടുന്നു. കാരണം, ഈ പ്രശ്‌നമായിരുന്നു 2001ൽ അമേരിക്കയും താലിബാനും തമ്മിൽ ഏറ്റുമുട്ടാൻ ഇടയാക്കിയതുതന്നെ.

ആ വർഷം സെപ്റ്റംബറിൽ അൽഖായിദ ഭീകരർ അമേരിക്ക യിൽ നടത്തിയ ഭീകരാക്രമണമായിരുന്നു അതിന്റെ പശ്ചാത്തലം. 1996 മുതൽ താലിബാന്റെ ഭരണത്തിലായിരുന്ന അഫ്ഗാനിസ്ഥാൻ കേന്ദ്രമാക്കി യാണ് അൽഖായിദയും അതിന്റെ തലവൻ ഉസാമ ബിൻ ലാദനും പ്രവർത്തിച്ചിരുന്നത്.അവരെ വിട്ടുകിട്ടണമെന്ന അമേരിക്കയുടെ ആവശ്യം താലിബാൻ തിരസ്‌ക്കരിച്ചു. ഒക്ടോബറിൽ അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും രണ്ടു മാസത്തിനകം കാബൂളിലെ അധികാരത്തിൽനിന്നു താലിബാനെ പുറത്താക്കുകയും ചെയ്തു. അന്നു മുതൽക്കേ ഭരണത്തിൽ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ് താലിബാൻ. അതിനുവേണ്ടി അഫ്ഗാൻ ഗവൺമെന്റ് സേനയുമായും അവരെ സഹായിക്കുന്ന യുഎസ്-നാറ്റോ സൈന്യവുമായും നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു.

രണ്ടായിരത്തിനാനൂറോളം അമേരിക്കൻ ഭടന്മാരും അര ലക്ഷത്തിലേറെ അഫ്ഗാൻ പട്ടാളക്കാരും പൊലീസു കാരും കൊല്ലപ്പെട്ടു. താലിബാന്റെയും മറ്റും ഭാഗത്തുണ്ടായ ആൾനാശം ഏതാണ്ട് 42,000. അത്രതന്നെ സാധാരണക്കാരും മൃതിയടഞ്ഞു. യുദ്ധത്തിനുവേണ്ടി അമേരിക്കയ്ക്ക് രണ്ടു ലക്ഷം കോടി ഡോളർ ചെലവായതായും കണക്കാക്കപ്പെടുന്നു. എന്നിട്ടും രാജ്യത്തിന്റെ പകുതിയോളം ഭാഗം വീണ്ടും താലിബാന്റെ അധീനത്തിലായി. യുഎസ് സൈന്യത്തെ പിൻവലിക്കാനാവണമെങ്കിൽ അവരുമായി ഒത്തുതീർപ്പുണ്ടാക്കണമെന്നത് അമേരിക്കയുടെ ആവശ്യമായി ത്തീർന്നു. രണ്ടാം തവണയും പ്രസിഡന്റാകാൻ മൽസരിക്കുന്നതിനുമുൻപ്തന്നെ അതു നടന്നുകാണാൻ ട്രംപിനു ധൃതിയാവുകയും ചെയ്തു.

താലിബാൻ തിരിച്ചുവരുമോ?

ഒന്നര വർഷംമുൻപ് അങ്ങനെ തുടങ്ങിയതാണ് താലിബാനുമായുള്ള യുഎസ് ചർച്ച. അഫ്ഗാൻ വംശജനായ മുതിർന്ന യുഎസ് നയതന്ത്രജ്ഞൻ സൽമായ് ഖലീൽസാദിനെയാണ് അതിനുവേണ്ടി ട്രംപ് നിയോഗിച്ചത്. 68 വർഷംമുൻപ് അഫ്ഗാനിസ്ഥാനിലെ മസാറെ ഷരീഫിൽ ജനിച്ച ഇദ്ദേഹം കാബൂളിലും ബഗ്ദാദിലും (ഇറാഖ്) യുഎസ് അമ്പാസ്സഡറായിരുന്നു. അഫ്ഗാൻ ഭാഷകളായ പഷ്‌തോ, ദാരി എന്നിവയ്ക്കു പുറമെ അറബിക്കും ഉർദുവും നന്നായി അറിയാം. ദോഹയിൽ ഖലീൽസാദിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘവും താലിബാൻ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച ഒത്തുതീർപ്പിന്റെ വക്കോളമെത്തിയതായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽതന്നെ സൂചനകളു ണ്ടായിരുന്നു. പക്ഷേ, അതിനിടയിൽ കാബൂളിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു.പ്രസിഡന്റ് ട്രംപ് ക്ഷുഭിതനാവുകയും ചർച്ച നിർത്താൻ ഉത്തരവിടുകയും ചെയ്തു. അതു പുനരാരംഭിച്ചത് ഡിസംബ റിലാണ്. നേരത്തെ ഇരുകൂട്ടരും തമ്മിൽ പല കാര്യങ്ങളിലും ഉണ്ടായ യോജിപ്പിന്റെ അടിസ്ഥാ നത്തിലുള്ളതാണത്രേ പുതിയ ഒത്തുതീർപ്പിലെയും വ്യവസഥകൾ.

ഈ ഒത്തുതീർപ്പ് അമേരിക്കയും താലിബാനും മാത്രം തമ്മിലുള്ളതാണെന്നത് അതിന്റെ ഏറ്റവും വലിയ ന്യൂനതയായി അവശേഷിക്കുന്നു. പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ അഫ്ഗാൻ ഗവൺമെന്റിന് അതിൽ ഒരു പങ്കുമില്ല. അമേരിക്കയുടെ പാവയെന്നു പറഞ്ഞു ഈ ഗവൺമെന്റിനെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന താലിബാൻ അതിന്റെ പ്രതിനിധികളുമായി സംസാരിക്കാനും വിസമ്മതിച്ചു. അമേരിക്കയുടെ മുൻനിലപാടുകൾക്കു വിരുദ്ധമായി ഖലീൽസാദ് അതിനു വഴങ്ങുകയും ചെയ്തു. എങ്കിലും, ഇപ്പോഴുണ്ടായ ഒത്തുതീർപ്പനുസരിച്ച് ഗവൺമെന്റു മായും ചർച്ചനടത്താൻ താലിബാൻ സമ്മതിച്ചിരി ക്കുകയാണ്. ചർച്ചയ്ക്കു വേദിയാകാൻ ജർമനിയും നോർവെയും പോലുള്ള യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. നാലു പതിറ്റാണ്ടുകളായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ യുദ്ധം നടനമാടുകയാണ് അഫ്ഗാനിസ്ഥാനിൽ. അതവസാനിപ്പിക്കാനുള്ള സുപ്രധാന കാൽവയ്‌പെന്ന നിലയിലാണ് അഫ്ഗാൻ ഗവൺമെന്റും താലിബാനും തമ്മിലുള്ള ചർച്ചയെ പലരും ഉറ്റുനോക്കുന്നത്. അതേസമയം, ഈ ചർച്ചഫലപ്രദമാകുമോ എന്നു സംശയിക്കുന്നവരും ധാരാളമുണ്ട്.

യുഎസ് സൈനിക പിന്മാറ്റത്തിനുശേഷം എന്തു സംഭവിക്കുമെന്നതും അഫ്ഗാനിസ്ഥാനിലെ ജനങ്ങളിൽ വലിയൊരു വിഭാഗത്തെ അലട്ടുന്നുണ്ടത്രേ. ഇപ്പോൾതന്നെ അഫ്ഗാനിസ്ഥാന്റെ പകുതിയിലേറെ തിരിച്ചുപിടിച്ചു കഴിഞ്ഞിട്ടുള്ള താലിബാൻ കാബൂളിൽ വീണ്ടും അധികാര ത്തിലെത്തുമോയെന്ന ഭയം അവരെ നടുക്കുന്നു. 1996 മുതൽക്കുള്ള അഞ്ചു വർഷത്തെ അവരുടെ ഭരണം ആ വിധത്തിലുള്ളതായിരുന്നു. കാബൂളിലെ നിലവിലുള്ള ഭരണകൂടത്തിലെ ഭിന്നതയും ചേരിതിരിവുമാണ് ദൗർഭാഗ്യകരമായ മറ്റൊരു വസ്തുത. പ്രസിഡന്റ് ഗനിയും പ്രധാനമന്ത്രിക്കു തുല്യമായ പദവി വഹിക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഡോ. അബ്ദുല്ല അബ്ദുല്ലയും തമ്മിൽ യോജിപ്പില്ല. പരസ്പരം അവിശ്വസിക്കുന്ന രണ്ടു വ്യത്യസ്ത ജനവിഭാഗത്തിൽ പ്പെട്ടവരാണ് ഇവരെന്നത് ഇവർ തമ്മിലുള്ള അനൈക്യത്തിനു തീവ്രതകൂട്ടുന്നു.

ഗനി 2014ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എതിർ സ്ഥാനാർത്ഥിയായിരുന്ന അബ്ദുല്ല അംഗീകരി ച്ചിരുന്നില്ല. അമേരിക്ക ഇടപെടേണ്ടിവന്നു. അങ്ങനെ അബ്ദുല്ലയ്ക്കുവേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് പദവി പ്രത്യേകമായി ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പും അവസാനിച്ചതു തർക്കത്തിലാണ്. ഗനി ജയിച്ചതായി ഫലപ്രഖ്യാപനമുണ്ടായത് അഞ്ചു മാസത്തിനുശേഷം ഇക്കഴിഞ്ഞ (ഫെബ്രുവരി 18). ഇതും അംഗീകരിക്കാൻ അബ്ദുല്ല വിസമ്മതിക്കുന്നു. ഈ സാഹചര്യത്തിലുമാണ് താലിബാനുമായുള്ള നിർണായക ചർച്ചയക്ക് ഗനിയുടെ ഗവൺമെന്റും അഫ്ഗാനിസ്ഥാനിൽനിന്നുള്ള സൈനിക പിന്മാറ്റത്തിന് അമേരിക്കയും ഒരുങ്ങുന്നത്.

യുഎസ്സിന്റെ ചർച്ചകളിൽ നിന്നുള്ള പിന്മാറ്റം മേഖലയിൽ അസ്ഥിരത വർധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പാശ്ചാത്യരാജ്യങ്ങൾക്കു നേരെ ഇസ്ലാമിക് തീവ്രവാദ സംഘങ്ങളുടെ ആക്രമണം വർധിപ്പിക്കുമെന്ന ഭീതിയും നിലവിലുണ്ട്. 2001ൽ യുഎസ് കടന്നു ചെല്ലുമ്പോൾ താലിബാന്റെ കൈവശമുണ്ടായിരുന്നതിനെക്കാൾ പ്രദേശം ഇപ്പോൾ അവരുടെ കീഴിലുണ്ട്.സൈന്യത്തിന്റെ പിന്മാറ്റം താലിബാന്റെ ശക്തമായ തിരിച്ചുവരവിനും മനുഷ്യാവകാശ ലംഘനങ്ങൾ കൂടുതൽ ശക്തമാകുന്നതിനും കാരണമാകുമെന്ന് ചിലർ ഭയപ്പെടുന്നു. 1996നും 2001നും ഇടയിൽ താലിബാൻ ഭരണകാലത്ത് സ്ത്രീകൾക്കെതിരെ നടന്ന ആക്രമണങ്ങളെ ഭീതിയോടെയാണ് ജനം ഓർക്കുന്നത്.

താലിബാൻ തിരിച്ചുവരുന്നത് രണ്ടു രീതിയിലാണ് ലോകത്തിന് ഭീഷണിയാവുന്നത്. ഒന്ന് അത് ആഗോള ഭീകരവാദത്തിന് വളം വെക്കും. രണ്ട അത് ആഗോള മയക്കുമരുന്ന് മാഫിയയെ ശക്തിപ്പെടുത്തും. ഇതിൽ ഏതാണ് ഏറ്റവും തീവ്രമാകുക എന്ന തർക്കം മാത്രമേയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP