Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റോഹിങ്ക്യൻ കുട്ടികൾക്കൊപ്പം ഒരു മലയാളിക്കുട്ടി

റോഹിങ്ക്യൻ കുട്ടികൾക്കൊപ്പം ഒരു മലയാളിക്കുട്ടി

കോരസൺ വർഗീസ്

തിരുവനന്തുപുരത്തുനിന്നും ഡൽഹിക്കുള്ള ഫ്‌ളൈറ്റിൽ കയറാൻ തുടങ്ങിയപ്പോഴാണ് ഷാജിഅച്ചനെ കണ്ടത്. മലങ്കര ഓർത്തഡോക്ൾസ് സഭയുടെ ഡൽഹി ഭദ്രാസനത്തിൽ, ഗസ്സിയാബാദ് പള്ളി വികാരിയാണ് അദ്ദേഹം. അച്ചനോടൊപ്പം ഒരു കമ്മറ്റിയിൽ കുറെ വർഷങ്ങൾ സേവനം ചെയ്തിരുന്ന പരിചയമാണ്.

ഡൽഹിയിലെ പ്രവർത്തനങ്ങളും പൗരത്വബില്ലും അങ്ങനെ വിവിധ വിഷയങ്ങൾ കുറെനേരം പങ്കുവച്ചു. കുട്ടികളെക്കുറിച്ചുള്ള അന്വേഷണം പരസ്പരം കൈമാറുമ്പോൾ, തന്റെ മകൻ ഒരാൾ സെമിനാരിയിൽ ചേർന്നു, മറ്റൊരു മകൻ ഡൽഹിയിൽ തന്നെ അഡ്വക്കേറ്റായി, പിന്നെ ഒരു നിശ്ശബ്ദത ..ഇളയ മകൾ ആനിമോൾ..ഇത്രയും പറഞ്ഞിട്ട് അച്ചൻ വിദൂരതയിലേക്ക് നോക്കി അൽപ്പസമയം നിശ്ശബ്ദനായി.

ആനിമോൾ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഗ്രാഡുവേറ്റ് സ്റ്റുഡന്റ് ആണ്, ഇപ്പോൾ അവൾ റോഹിൻഗ്യൻ അഭയാർത്ഥികളുടെ കുട്ടികളെ സംരക്ഷിക്കാൻ കോളേജിൽ നിന്നും പഠനം നിർത്തി അവരോടൊപ്പം പ്രവർത്തിക്കുകയാണ്. ഒട്ടും സുരക്ഷിതമല്ലാത്ത ഒരിടത്താണ് അവൾ ഓരോ ദിവസവും പോകുന്നത്. മിഴികളിൽ നിറഞ്ഞുനിന്ന പിതാവിന്റെ മകളോടുള്ള ഉത്ക്കണ്ഠ പ്രകടമായിരുന്നു.

തേടിയവള്ളി കാലിൽചുറ്റി എന്നു പറഞ്ഞതുപോലെ; 'അച്ചൻ, ആനിയെ ഒന്ന് പരിചയപ്പെടുത്താമോ? എനിക്ക് റോഹിൻഗ്യകളുടെ കഥ ഒന്ന് നേരിൽ കേട്ടാൽ കൊള്ളാമെന്നുണ്ട്. ഏറെക്കാലമായി, ആർക്കും വേണ്ടാതെ രാജ്യമില്ലാതെ കടലിൽ അലയുന്ന ' റോഹിങ്ക്യൻ ബോട്ട് പീപ്പിൾസ്' മനസ്സിൽ ഒരു നൊമ്പരമായി കൂടിയിട്ട്. കുറെയൊക്കെ വായിച്ചു കേട്ടിട്ടുള്ള അറിവ് മാത്രമേയുള്ളൂ. എയർപോർട്ട് ഹോട്ടലിൽ കൊണ്ടുവിട്ടിട്ടു പോകുമ്പോൾ, ആനിമോളോട് പറയാം എന്ന് അച്ചൻ സമ്മതിച്ചു.

എന്റെ ഒപ്പം ജോലിചെയ്യുന്ന മ്യാന്മാർ സ്വദേശി ലാറിയുമായി റോഹിങ്ക വിഷയങ്ങൾ ചർച്ചചെയ്യുമായിരുന്നു. റോഹിങ്കകളെപ്പറ്റി വളരെ മോശമായ അഭിപ്രായമാണ് ലാറിക്ക് ഉള്ളത്. 'ഞങ്ങൾ ബുദ്ധമതക്കാരുടെ രാജ്യത്ത് ബ്രിട്ടീഷുകാർ കൊണ്ട് വച്ച വല്ലാത്ത ഒരു പണിയാണ് റോഹിൻഗികൾ. അവർ ബംഗ്ലാദേശുകാരാണ്, അവർക്കു അവരുടെ ദേശത്തേക്കു പൊയ്ക്കൂടേ? ന്യൂയോർക്ക് ടൈംസിൽ റോഹിൻഗ്യൻസിനെ പറ്റി വരുന്ന വാർത്തകൾ വെറുതേ തെറ്റിദ്ധരിപ്പിക്കുന്നതനുവേണ്ടിയാണ്. ചൈനയെ കുറച്ചുകാട്ടേണ്ടപ്പോൾ പതിവായി പുറത്തെടുക്കുന്ന വാർത്തയാണ് മ്യാന്മറിലെ റോഹിൻഗ്യ പ്രശ്‌നങ്ങൾ. ഞങ്ങൾ ഒരിക്കലും ഇന്ത്യക്കാരുമായല്ല ഒന്നിച്ചു നിൽക്കുന്നത്, ഞങ്ങൾ ചൈനക്കാരുടെ വംശപാരമ്പര്യത്തിൽ ഉള്ളവരാണ്', ഇതൊക്കെയാണ് ലാറിയുടെ അഭിപ്രായം.

' റോഹിങ്ക്യൻ ബോട്ട് പീപ്പിൾസ്', ജനിച്ച നാടായ ബുദ്ധിസ്റ്റുകളുടെ മ്യാന്മറിൽ നിന്നും ക്രൂരമായ രീതിയിൽ ആട്ടിപ്പുറത്താക്കപ്പെടുന്ന ആയിരക്കണക്കിനു ബംഗാളി മുസ്ലിങ്ങൾ. ഒരു രാജ്യവും അവരെ സ്വീകരിക്കാൻ തയ്യാറാകാതെ, പിശാചിനും കടലിനും ഇടയിൽപ്പെട്ടപോലെ പലപ്പോഴും ബോട്ടുകളിൽ ഒടുങ്ങുന്ന ജീവിതങ്ങൾ. തരം തിരിച്ചുള്ള വിവേചനം, ഉന്നംവച്ചുള്ള ആക്രമണം, വംശഹത്യ ഒക്കെയായി നിർബന്ധപൂർവം പലായനം ചെയ്യേണ്ടിവന്ന കുട്ടികളടങ്ങിയ ഒരു വലിയകൂട്ടം നേരിടേണ്ടി വരുന്ന കദന കഥയാണ് റോഹിങ്കകളുടേത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായാണ് തൊഴിൽതേടി ഈ ബംഗാളികൾ മ്യാന്മറിൽ എത്തിച്ചേരുന്നത്. പഴയ ബർമ്മക്ക് 1948 -ൽ സ്വാതന്ത്ര്യം ലഭിച്ചു. 1982 ലെ മ്യാന്മാർ പൗരത്വനിയമം മൂലം അവിടെ ജനിച്ചു വീണ ബംഗാൾ വംശജർക്ക് പൗരത്വം നഷ്ട്ടപ്പെട്ടു. യാതൊരു വിധ ആനുകൂല്യങ്ങളും മനുഷ്യത്വപരമായ പരിഗണനകളും ലഭിക്കാതെ, തൊഴിൽ തേടാനോ, വിദ്യാഭ്യാസത്തിനോ, സഞ്ചാരത്തിനോ സ്വാതന്ത്ര്യമില്ലാതെ വല്ലാതെ ആട്ടിപ്പായിക്കപ്പെട്ട നിരാലംബരായ ഒരു ജനക്കൂട്ടം.

തായ്ലാൻഡ്, ഇന്തോനേഷ്യ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ ബോട്ടിൽ കയറിവരുന്ന റോഹിൻഗ്യ അഭയാർത്ഥികൾക്ക് താൽക്കാലിക ക്യാമ്പുകൾ തുറന്നു. ആയിരക്കണക്കിനു അഭയാർത്ഥികൾ ബംഗ്ലാദേശിലേക്ക് പോയി. കുറെയേറെ രാജ്യങ്ങൾ അവരെ നിയന്ത്രിതമായി ഉൾക്കൊണ്ടു, എങ്കിലും ഇവരുടെ ജീവൻ പണയം വച്ചുള്ളവരവ് കുറഞ്ഞിട്ടില്ല. അന്തർദേശീയ സംഘടനകൾ ഒരുക്കുന്ന സഹായങ്ങൾക്കും അപ്പുറത്താണ് ഇവരുടെ ജീവൻ നിലനിർത്താനുള്ള ആവശ്യങ്ങൾ. ഇന്ത്യയിലും ഏതാണ്ട് 40,000 റോഹിങ്കൻ അഭയാർഥികൾ ഉണ്ട് എന്നാണ് കണക്ക്. എന്നാൽ കണക്കില്ലാതെ എത്തുന്ന എത്രയോ അധികം റോഹിങ്കൻ അഭയാർഥികൾ ഇന്ത്യയിലെ നിഴലുകളിൽ നീങ്ങുന്നു എന്ന് അറിയില്ല. ദേശസുരക്ഷയുടെ ആശങ്കയിൽ ഇന്ത്യ ഇവരെ സ്വീകരിക്കില്ല എന്ന നിലപാടിലാണ്. എങ്ങോട്ടു തിരിച്ചയക്കുമെന്നു വ്യക്തത ഇല്ലെങ്കിലും, പിടിക്കപ്പെട്ടാൽ തടങ്കൽ ക്യാമ്പുകളിൽ കൊണ്ടുപോകും എന്ന് തന്നെയാണ് നയം.അതിർത്തി പ്രദേശങ്ങളിലെ ചിതലുകളായിട്ടാണ് ഇവരെ പലരും കണക്കാക്കുന്നത്.

റോഹിൻഗ്യ എഡ്യൂക്കേഷൻ സെന്ററിൽ നിന്നും ആനി വിളിച്ചു, അവരുടെ സുരക്ഷയെ കരുതി അനുവാദം വാങ്ങിയിട്ടാണ് സന്ദർശനം തരപ്പെടുത്തിയത്. വടക്കേ ഡൽഹിയിലുള്ള ഖാഞ്ചുറി ഖാസിലുള്ള കോളനിയിലേക്കാണ് ചെല്ലേണ്ടത് എന്ന് പറഞ്ഞപ്പോൾ ഡ്രൈവർ പെരുമാൾ സ്വാമിക്കു ഒരു വിശ്വാസക്കുറവ്. അങ്ങോട്ട് തന്നെയാണോ സാറെ ഒന്ന് കൂടി ചോദിക്കൂ, അവിടെ അത്ര സേഫ് അല്ല യാത്ര. ഒന്നുകൂടി ഉറപ്പു വരുത്തി, യമുനാ നദിക്കു അപ്പുറത്തേക്ക് തന്നെ!

പൗരത്വ സമരത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഷഹീൻബാഗും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയും അധികം ദൂരെയല്ലാതെയുണ്ട്. 2018 -ൽ തുറന്ന യമുനാനദിയുടെ മുകളിലൂടെയുള്ള സിഗ്‌നേച്ചർ ബ്രിഡ്ജ് മനോഹരമാണ്. ഇതിന്റെ ഗോപുരമാണ് ഡൽഹിയുടെ ഏറ്റവും ഉയരംകൂടിയ സ്ട്രക്ച്ചർ. സുന്ദരമായ ഉയരങ്ങളും വൃത്തിഹീനമായ ചേരികളും ഇടതൂർന്നു കിടക്കുന്ന നാഗരികതയാണ് ഡൽഹിയുടെ പശ്ചാത്തലം. പ്രധാനപ്പെട്ട നഗരങ്ങളിൽ ഒക്കെ ഇതാണ് സ്ഥിതി. അമേരിക്കയിലും കാനഡയിലും ഇതിലും പരിതാപകരമായ അവസ്ഥ കാണാൻ കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യത്തെ മറയ്ക്കാനുള്ള മതിലുകളല്ല; പങ്കിടാനുള്ള മനസ്സും, അംഗീകരിക്കാനുള്ള ഒരുക്കവുമാണ് സമൂഹത്തിനു ഉണ്ടാകേണ്ടത്. ഭൂമി ഉണ്ടായകാലം മുതൽ അത് അവസാനിക്കുന്നതുവരെ അസമത്വവും ഇല്ലായ്മയും കാണുമായിരിക്കും, അതിനെ കീഴടക്കാനുള്ള ത്വരയാണ് മനുഷ്യ ചരിത്രമാകേണ്ടത്.

ഭയം തോന്നിതുടങ്ങിയിരുന്നു ശ്രീറാം കോളനിയുടെ ഇടുങ്ങിയ പാതകളിൽ കയറിയപ്പോൾ. ഇരു വശങ്ങളിലും അടുക്കിവച്ചതുപോലെയുള്ള കടകൾ, ആളുകൾ തിങ്ങി നിറഞ്ഞു സഞ്ചരിക്കുന്നു , കഷ്ട്ടിച്ചു ഒരു ഉന്തുവണ്ടി കടക്കാനുള്ള പാതയേ ഉള്ളൂ എങ്കിലും അതിലൂടെ നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും വാനുകളും ഒക്കെ നീങ്ങുന്നത് അത്ഭുതം ജനിപ്പിക്കും. വേഷത്തിൽ ആളുകൾ കൂടുതലും മുസ്ലിമുകളാണെന്നു തിരിച്ചറിയാം. വണ്ടിയുടെ ഗ്ലാസ് കയറ്റിയിട്ടു വളരെ സൂക്ഷിച്ചാണ് ഞങ്ങൾ നിരത്തിലൂടെ സാഹസികമായ യാത്ര നടത്തിയത്.

'എത്ര കുട്ടികൾ ഉണ്ട് അവിടെ? അവർക്കെന്താണ് കൊണ്ടുവരേണ്ടത്?' ആനിയോടു ചോദിച്ചു. 'കുട്ടികൾക്കുള്ള ചോക്ലേറ്റുകൾ മതി അങ്കിൾ. മറ്റൊക്കെ ഇവിടെ സന്നദ്ധ സംഘടനകൾ കൊണ്ടുവരുന്നുണ്ട്'. അങ്ങനെ സംസാരിച്ചു കൊണ്ട് അവരുടെ താവളത്തിൽ എത്തി. 'ഉണ്ണികളേ ഒരു കഥപറയാം' എന്ന ചിത്രത്തിൽ മോഹൻലാൽ എടുത്ത വേഷമാണെന്നു തോന്നിപ്പോയി, ഒരു ചെറുറോഹിൻഗ്യ കുട്ടിയെ ചേർത്തുപിടിച്ചു ആനി പ്രത്യക്ഷപ്പെട്ടു. ആ നാൽക്കവലയിൽ എല്ലാവരും ആനിയുടെ വാക്കുകൾ വിലമതിക്കുന്നു എന്ന് മനസ്സിലായി.

ഇരുമ്പു പടികൾ കയറി ഒന്നാം നിലയിലുള്ള അവരുടെ സെന്ററിൽ എത്തി. ചെറിയ മുറിയിൽ തിക്കിത്തിരക്കി മുപ്പതിലേറെ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന വിവിധ പ്രായത്തിലുള്ള കുട്ടികൾ. കുട്ടികൾ നല്ലരീതിയിൽ ഞങ്ങളെ അഭിവാദനം ചെയ്തു. ഞങ്ങൾ വിദേശത്തുള്ള മാധ്യമ പ്രവർത്തകരാണെന്നും അവരുടെ ജീവിത കഥകൾ നേരിട്ട് കേൾക്കാൻ എത്തിയവരാണെന്നും ആനി അവരോടു പറഞ്ഞു. ക്യാമറ കണ്ടപ്പോൾ അതിൽ മുതിർന്ന പെൺകുട്ടികൾ ഒരു നിമിഷം നില്ക്കു എന്ന് പറഞ്ഞിട്ടു അവരുടെ തലയും മുഖവും മറച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി. ചുരുങ്ങിയ വാക്കുകളിൽ അവരുടെ കദനകഥകൾ അവർ വിവരിച്ചുകൊണ്ടിരുന്നു. ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി. അവരിൽ പലരുടെയും മാതാപിതാക്കൾ ചെറിയ ജോലി ഒക്കെ ചെയ്യുന്നു.

1951 ലെ റെഫ്യൂജി സ്റ്റാറ്റസ് കൺവെൻഷൻ ഒപ്പിടാത്ത രാജ്യങ്ങളിൽ ഒന്നാണെങ്കിലും, 1981 മുതൽ ഐക്യരാഷ്ര സഭയുടെ റെഫ്യൂജീസ് ഹൈ കമ്മീഷൻ ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. അതിന്റെ ഭാഗമായാണ് റോഹിൻഗ്യ ഹ്യൂമൻ റൈറ്‌സ് ഇനിഷ്യറ്റീവ് പ്രവർത്തങ്ങൾ നടത്തുന്നത്. അഭയാർഥികളുടെ കുട്ടികൾക്കുള്ള പഠന സൗകര്യങ്ങൾ, അത്യാവശ്യ കാര്യങ്ങൾ ഒക്കെ അങ്ങനെ നടക്കുന്നു. ഡൽഹിയിലുള്ള കുട്ടികൾക്ക് സൗജന്യ പഠനം, അത്യാവശ്യത്തിനുള്ള ഇന്റർനെറ്റ് ഒക്കെ ലഭിക്കും. മ്യാന്മറിൽ നിന്നും അനുഭവിക്കേണ്ടിവന്ന ക്രൂരമായ വേട്ടയാടിലിന്റെ കഥകളാണ് കുട്ടികൾ ഓർമ്മിച്ചെടുക്കുന്നത്. മുള്ളും മണൽക്കൂട്ടങ്ങളും സമുദ്രവും താണ്ടി, ജീവനും കൊണ്ട് പലായനം ചെയ്യേണ്ടിവന്ന കുരുന്നുകൾ. അവരുടെ കണ്ണിലെ നിശ്ചയ ദാർഢ്യവും, അവരെ ചേർത്തു നിറുത്തുന്ന വിശ്വാസത്തിന്റെ തീഷ്ണതയും, ഭാവിയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകളും അവരുടെ വാക്കുകളിലും മുഖങ്ങളിലും നിറഞ്ഞു നിന്നു.

വിദ്യാഭ്യാസം അവർക്കു ആഡംബരം മാത്രം ആയിരുന്നു. ഡൽഹിയിലെ അതി ശൈത്യകാലത്തു സോക്‌സ് ധരിക്കാനാവാത്ത കുട്ടികൾ. ആനിയുടെ കൂട്ടുകാരുടെ സഹായത്തിൽ കുറെ സൗകര്യങ്ങൾ ഒക്കെ അവർക്കു സംഘടിപ്പിച്ചു കൊടുക്കുന്നു. അവർ നിറഞ്ഞ സ്‌നേഹമുള്ളവരാണെങ്കിലും, അപരിഷ്‌കൃതമായ ഒരു ഇന്നലെയിൽ നിന്നും അവർ തികച്ചും മോചിതരായിട്ടില്ല. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചു വേണം അവരോടു ഇടപെടുവാൻ. തങ്ങളുടെ കുട്ടികളെ കരുതുന്നതിനു സമ്മാനമായി ഒരു കുട്ടിയുടെ കയ്യിൽ ഒരു പിതാവ് ജീവനുള്ള ഒരു കോഴിയെ കൊടുത്തുവിട്ടു എന്നുപറഞ്ഞു; ആനി ചിരിച്ചു. നന്ദി കാട്ടാൻ അവരുടെ കയ്യിൽ മറ്റൊന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ ആനിയുടെ കണ്ണിൽ പൊടിച്ചുവന്ന കണ്ണീർ കണങ്ങൾ ശ്രദ്ധിച്ചു. 'പലപ്പോഴും എന്നെ അവരുടെ അവസ്ഥയിൽ സങ്കല്പിക്കാറുണ്ട്, എന്തൊരു ഗതികെട്ട ജീവിതത്തിലേക്കാണ് അവർ അറിയാതെ പിറന്നു വീണത്'.

ആദ്യം മടിച്ചായിരുന്നെങ്കിലും ജെന്നത്ത് ഇഗ്ലീഷിൽ ഉറക്കെ സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ ഇന്ത്യക്കാരുടെ പിൻ തലമുറക്കാരാണ്, ബംഗ്ലാദേശിലും കടുത്ത യാതനകളാണ് സഹിക്കേണ്ടി വന്നത്. അവിടെ പഠിക്കാനുള്ള ഒരു സൗകര്യവും കിട്ടിയില്ല. കുട്ടികളെ പെട്ടന്ന് വിവാഹം കഴിച്ചു കൊടുക്കുകയാണ് പതിവ്. അവളുടെ സ്വരത്തിൽ ഒരു ജനതയുടെ ആത്മാവിന്റെ രോദനം പ്രകടമായിരുന്നു. നൂർ സാലിമയും ഷൗക്കത്ത് ആരയും, റാബിയയും ഒക്കെ അവർ നേരിട്ട ക്രൂരമായ തിരസ്‌കരണങ്ങളും വിവരിച്ചു. അവരുടെ മുന്നിൽ തീരം കാണാത്ത ആഴിയുടെ നിസ്സംഗതയും ശൂന്യതയും പടർന്നു കയറി. കുട്ടികളുടെ ഇടയിലെ ചിത്രകാരൻ ഹക്ക്ർക്‌നുവിന് ഒരു ദേശീയ മത്സരത്തിൽ സമ്മാനം കിട്ടിയിരുന്നു. ഒരു വലിയ പാറ ചുമന്നു പോകുന്ന കെല്ലിച്ച മനുഷ്യൻ. അന്ധകാരത്തിൽ ഒരു വലിയഭാരവും പേറി എങ്ങോട്ടോ അലയുന്ന ഒരു റോഹിഗ്യയെ ആണ് അവൻ ചിത്രീകരിച്ചത്. പഠിച്ചു ഡോക്ടറും വല്യ ആളുകളും ഒക്കെ ആകണമെന്നാണ് അവരുടെ ആഗ്രഹം. ആനി ഭംഗിയായി കാര്യങ്ങൾ പറഞ്ഞുതന്നുകൊണ്ടിരുന്നു.

കോളനിയിൽ ഇവർ താൽക്കാലികമായി സുരക്ഷിതരാണെങ്കിലും എപ്പോഴും കടന്നുവരാവുന്ന കലാപത്തിന്റെ ഇരകൾ കൂടിയാണ് ഇവർ. സമീപത്തു എന്ത് പ്രശനങ്ങൾ ഉണ്ടായാലും ആദ്യം പൊലീസ് അന്വേഷണം ഉണ്ടാവുന്നതും ചോദ്യം ചെയ്യപ്പെടുന്നതും ഇവിടെയാണ്. എന്നാൽ എത്ര അക്രമങ്ങൾ ഇവിടെ സംഭവിച്ചാലും ആരും അങ്ങോട്ട് തിരിഞ്ഞു നോക്കുക കൂടിയില്ലത്രേ. ഒരു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിട്ടു കൊന്നു അവളുടെ ദേഹം മുഴുവൻ അതി ക്രൂരമായി കുത്തി മുറിച്ചു നഗ്‌നയാക്കി വീടിന്റെ മുന്നിൽ കൊണ്ടു തട്ടിയിട്ട കഥയും അവിടെനിന്നു കേട്ടു. ആരും അന്വേഷിക്കാനോ തിരക്കാനോ എത്തുകയില്ല. അത്രയ്ക്ക് നിസ്സഹായതയിലാണ് അവർ.

ഒരു കൂട്ടം ആളുകൾ അവർ ജനിച്ചുവീണ വിശ്വാസത്തിന്റെ പേരിലാണ് ആട്ടിപ്പുറത്താക്കപ്പെടുന്നത്. ആ വിശ്വാസം അവർ കൈവിടാതെ അതിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുന്നത് അവിശ്വസനീയമായ കാഴ്ചയാണ്. മതവിശ്വാസങ്ങൾ മനുഷ്യനെ ഇത്രയധികം സ്വാധീനിക്കുന്നതുകൊണ്ടാണല്ലോ സംസ്‌കാരങ്ങൾ മണ്ണടിഞ്ഞു പോകുന്നത് എന്ന് തോന്നിപോയി. സംസ്‌കാരത്തിന്റെ തായ്വേരിലാണ് മതവിഷം പടർന്നു കയറിയിരിക്കുന്നത്. സ്‌നേഹത്തിന്റെമതം ഏതൊക്കെയോ കൊട്ടാരത്തൂണുകളിൽ തളച്ചിട്ടു, വെറുപ്പിന്റെ രീതിശാസ്ത്രത്തെ മനുഷ്യൻ ആചാരമാക്കിമാറ്റി.

വിദ്യാഭ്യാസം നൽകുക, സംസ്‌കാരത്തിന്റെ ആദ്യപാഠങ്ങൾ നൽകി റോഹിൻഗ്യ കുട്ടികളെ ലോകത്തിന്റെ ഓരത്തിലേക്കു ഭയം കൂടാതെ കൈപിടിച്ച് കൊണ്ടുപോകുക എന്നതാണ് ആൻ റേച്ചൽ ജോൺ എന്ന ആനിയുടെയും സുഹൃത്തുക്കളുടെയും ലക്ഷ്യം.പൊളിറ്റിക്കൽ സയൻസ് എന്ന വിഷയം കേവലം പുസ്തകത്തിലൂടെ മാത്രമല്ല അനുഭവത്തിലൂടെ നേടണം എന്ന വ്യക്തമായ തിരിച്ചറിവുള്ള കുട്ടി.മാസ്റ്റേഴ്സ് എടുക്കാൻ യൂറോപ്പിൽ പോകാനാണ് പ്ലാൻ. അതിനുശേഷം ജൈവവളങ്ങൾ ഉപയോഗപ്പെടുത്തി ഒരു കൃഷിയിടം എന്ന ഒരു വലിയസ്വപ്നം ആനിക്കുണ്ട്. തൊഴിലാളി ഗവേഷകൻ കൂടെയാകുന്ന ഒരു പുതിയ പര്യവേക്ഷണം ആണ് മനസ്സിൽ രൂപപ്പെടുന്നത്. ഈ കൊച്ചു പ്രായത്തിൽ എവിടുന്നു കിട്ടി മലയാളികുട്ടിക്കു ഈ തിരിച്ചറിവും ധൈര്യവും എന്ന് അത്ഭുതപെടാതിരുന്നില്ല. ലോകം മുഴുവൻ സുഖം പകരാനായി ഒരു സ്‌നേഹദീപമായി മാറുകയാണ് ആൻ റേച്ചൽ ജോൺ എന്ന ആനി. ഏതോ നക്ഷത്രങ്ങളുടെ ലോകത്തുനിന്നും, കിഴവള്ളൂർ വലിയപറമ്പിൽ വി.ജെ. മാത്യൂസ് അച്ചൻ, തന്റെ പേരക്കുട്ടിയെ ഓർത്തു അഭിമാനിക്കുന്നുണ്ടാവണം, തീർച്ച.

ഇത് എഴുമ്പോൾ ഡൽഹി ഒരു കലാപഭൂമിയായി കത്തുകയാണ്. ആനി സുരക്ഷിതയാണോ എന്നറിയാൻ ടെക്സ്റ്റ് ചെയ്തു നോക്കി. 'വർഗ്ഗീയ ലഹള പൊട്ടിപുറപ്പെടുമ്പോൾ ഞാൻ ഖജൂരിയിൽ അകപ്പെട്ടു, ഒരുവിധം രക്ഷപെട്ടു വീട്ടിൽ എത്തി. കുട്ടികൾ വളരെ ഭയന്നാണ് ഇരിക്കുന്നത്, അവരെ തല്ക്കാലം ചില വീടുകളിൽ സംരക്ഷിച്ചിരിക്കുന്നു. അവരുടെ കുടുംബം ഒറ്റപ്പെട്ട ഇടങ്ങളിൽ സുരക്ഷിതരല്ല. എപ്പോൾ വേണമെങ്കിലും അക്രമിക്കപ്പെടാവുന്ന ചുറ്റുപാടാണ് ഉള്ളത്. ദൈവങ്ങളുടെ പേരു വിളിച്ചു കൊണ്ട് വണ്ടികൾ തല്ലി തകർക്കുന്ന, വീടുകളെയും ആളുകളെയും ആക്രമിക്കുന്ന ക്രൂരമായ കാഴ്ചകൾ ഞാൻ കണ്ടു. വളരെ ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് ഇവിടെ' ആനി ടെക്സ്റ്റ് ചെയ്തു. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുകൊണ്ടു കണ്ണുകൾ അടച്ചു. ഏതു ദൈവമാണ് ഇത് പൊറുക്കുന്നത് എന്നറിയില്ല. ചിരിച്ചുകൊണ്ട് ഞങ്ങളെ യാത്രഅയച്ച റോഹിൻഗ്യ കുട്ടികൾ ഏതോ വീട്ടിൽ, ജീവനെ ഭയന്നു ഇരുട്ടിൽ നിൽക്കുന്ന ഓർമ്മയിൽ ഞാൻ പകച്ചുപോയി. ആനിയെ എങ്ങനെയാണു സമാധാനിപ്പിക്കുക?.

'വിശുദ്ധ കൊലപാതകങ്ങളിൽ' അഭിരമിക്കുന്ന ഏതു ദൈവ സങ്കല്പമാണ് ന്യായീകരിക്കപ്പെടാനാവുന്നത് ?പുതിയ കാലം ഉന്നയിക്കുന്ന വിചിത്രമായ സാമൂഹ്യ സമസ്യകളുടെ ആഴങ്ങളിലേക്കു ഇറങ്ങിച്ചെല്ലാനും വിശ്വാസങ്ങൾ പുനർനിർവ്വചിക്കപ്പെടാനും സ്വതന്ത്രമായി ചിന്തിക്കാനുള്ള ഇച്ഛാശക്തി ചെറിയ തുരുത്തുകളിൽ തുടിച്ചുവരും. അത് അനിവാര്യമായ സത്യമാണ്. ചെറിയ മനുഷ്യരുടെ വലിയ നന്മകളിലൂടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP