Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ എത്തേണ്ട കുഞ്ചാക്കോ ബോബൻ അവധി അപേക്ഷ നൽകാതെ മുങ്ങി; നടനെ അറസ്റ്റ് ചെയത് ഹാജരാക്കാൻ വാണ്ട് പുറപ്പെടുവിച്ച് കോടതി; കുഞ്ചാക്കൊയ്‌ക്കൊപ്പം റിമി ടോമിയേയും നാലിന് വിസ്തരിക്കും; സംയുക്തയേയും ശ്രീകുമാർ മേനോനേയും ഒഴിവാക്കി പ്രോസിക്യൂഷൻ; കൃത്യമായി ഉത്തരങ്ങൾ പറഞ്ഞ് ഗീതു മോഹൻദാസ്; ദിലീപിന് ജയിൽ വാസം ഒരുക്കാൻ കരുതലോടെ പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ എത്തേണ്ട കുഞ്ചാക്കോ ബോബൻ അവധി അപേക്ഷ നൽകാതെ മുങ്ങി; നടനെ അറസ്റ്റ് ചെയത് ഹാജരാക്കാൻ വാണ്ട് പുറപ്പെടുവിച്ച് കോടതി; കുഞ്ചാക്കൊയ്‌ക്കൊപ്പം റിമി ടോമിയേയും നാലിന് വിസ്തരിക്കും; സംയുക്തയേയും ശ്രീകുമാർ മേനോനേയും ഒഴിവാക്കി പ്രോസിക്യൂഷൻ; കൃത്യമായി ഉത്തരങ്ങൾ പറഞ്ഞ് ഗീതു മോഹൻദാസ്; ദിലീപിന് ജയിൽ വാസം ഒരുക്കാൻ കരുതലോടെ പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കരുതലോടെയാണ് പ്രോസിക്യൂഷന്റെ നീക്കങ്ങൾ. മഞ്ജു വാര്യർക്ക് പിന്നാലെ പ്രോസിക്യൂഷൻ സാക്ഷിയായ നടി ഗീതു മോഹൻദാസിനെ വിചാരണക്കോടതി വിസ്തരിച്ചു. മൊഴി മാറ്റി പറയാത്ത ഗീതു മോഹൻദാസും മഞ്ജുവിനെ പോലെ ഇരയ്‌ക്കൊപ്പം നിലയുറപ്പിച്ചു. വെള്ളിയാഴ്ച വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന നടി സംയുക്താ വർമയെയും ശനിയാഴ്ച വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന സംവിധായകൻ ശ്രീകുമാർ മേനോനെയും പ്രോസിക്യൂഷൻ ഒഴിവാക്കി. സംയുക്ത മഞ്ജുവിന്റെ അടുത്ത സുഹൃത്താണ്. ശ്രീകുമാർ മേനോൻ ഇപ്പോൾ ശത്രുപക്ഷത്തും. മഞ്ജുവും ഗീതുവും മൊഴി നൽകിയതോടെ ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്.

ശ്രീകുമാർ മേനോനും മഞ്ജുവും കടുത്ത ശത്രുക്കളാണ്. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന് അനുകൂലമായി പറയാതെ മഞ്ജുവിനെതിരെ ശ്രീകുമാർ മൊഴി നൽകുമോ എന്ന ആശങ്ക പ്രോസിക്യൂഷനുണ്ട്. അതുകൊണ്ടാണ് ശ്രീകുമാർ മേനോനെ പ്രോസിക്യൂഷൻ ഒഴിവാക്കുന്നത്. ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ശ്രീകുമാർ പറയുന്ന ഉത്തരങ്ങൾ എന്താകുമെന്ന് പ്രോസിക്യൂഷന് ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് തന്ത്രപരമായി ശ്രീകുമാർ മേനോൻ മാറുന്നത്. അതിനിടെ നടൻ കുഞ്ചാക്കോ ബോബൻ വെള്ളിയാഴ്ച അവധി അപേക്ഷ നൽകാതിരുന്നതിനാൽ കോടതി ജാമ്യത്തോടുകൂടിയ വാറന്റ് പുറപ്പെടുവിച്ചു. വിസ്താരം തുടരുന്ന മാർച്ച് നാലിന് അദ്ദേഹം ഹാജരാകണം.

നടിയും ഗായികയുമായ റിമി ടോമി, നടൻ മുകേഷ്, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെയും അന്ന് വിസ്തരിക്കും. നേരത്തേ വിസ്തരിക്കാൻ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി.ടി. തോമസ് എംഎ‍ൽഎ., നിർമ്മാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാൻ കഴിയാതെ വന്ന നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടു നടക്കും. ഗീതു മോഹൻദാസിന്റെ മൊഴിയും കേസിൽ നിർണ്ണായകമാണ്. നടിയും സംവിധായികയുമായ ഗീതു കുറ്റകൃത്യത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്താണ്. ഇനി 4നു വിസ്താരം തുടരും. റിമി ടോമി, മുകേഷ് എംഎൽഎ, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെ അന്നു വിസ്തരിക്കും. കുഞ്ചാക്കോ ബോബന് ഇനി മൊഴി നൽകാൻ എത്തിയേ മതിയാകൂ. അല്ലെങ്കിൽ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങും.

സാക്ഷി വിസ്താരം തുടങ്ങും മുമ്പ് ദിലീപും കുഞ്ചാക്കോ ബോബനും എല്ലാം ചേർന്ന് പാർട്ടി നടത്തിയിരുന്നു. മോഹൻലാലും മമ്മൂട്ടിയും സിദ്ദിഖും ഈ പാർട്ടിയുടെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ കുഞ്ചാക്കോ മൊഴി മാറ്റുമെന്ന ആശങ്ക ശക്തമായിരുന്നു. ഇത്തരത്തിലെ അഭ്യൂഹങ്ങൾക്കിടെയാണ് കുഞ്ചാക്കോ സാക്ഷി വിസ്താരത്തിൽ നിന്ന് വിട്ടു നിന്നത്. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ മഞ്ജുവിന്റെ നായകനായിരുന്നു കുഞ്ചാക്കോ. ഇതുമായി ബന്ധപ്പെട്ട് ചില ഭീഷണികൾ ദിലീപിൽ നിന്നുണ്ടായി എന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഇത് തെളിയിക്കാനാണ് കുഞ്ചാക്കോയെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയത്.

നടിയെ അക്രമിച്ച കേസിലെ 11 ാം സാക്ഷിയായ മഞ്ജു വാര്യരെ പ്രത്യേക വിചാരണ കോടതിയിൽ വിസ്തരിച്ചിരുന്നു. കേസിലെ നിർണായക സാക്ഷിയായ മഞ്ജു, ജഡ്ജ് ഹണി എം വർഗീസിന് മുൻപാകെയാണ് മൊഴി നൽകിയത്. വ്യാഴാഴ്ച വിസ്താരം ആറുമണിക്കൂറോളം നീണ്ടു. നേരത്തേ പൊലീസിനും മജിസ്ട്രേട്ടിനും നൽകിയ മൊഴി മഞ്ജു കോടതിയിലും ആവർത്തിച്ചു. ദിലീപിനെതിരെ അന്വേഷണഘട്ടത്തിൽ നൽകിയ മൊഴിയാണ് മഞ്ജു വിചാരണയിലും ആവർത്തിച്ചത്. ദിലീപിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ പ്രസ്തുത നടി മഞ്ജുവിനെ അറിയിച്ചതിനാൽ നടൻ ആക്രമണം ആസൂത്രണം ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. ആക്രമണത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് സിനിമാരംഗത്തുനിന്ന് ആദ്യമായി പറഞ്ഞത് മഞ്ജുവാര്യരായിരുന്നു. ചലച്ചിത്ര പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയിലായിരുന്നു നടി തുറന്നടിച്ചത്. ഇതേ തുടർന്നാണ് പൊലീസ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്.

തുടർന്ന് മജിസ്ട്രേട്ടിന് മുന്നിൽ സിആർപിസി 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിൻ പ്രകാരം പ്രധാന സാക്ഷിയായി ഉൾപ്പെടുത്തി. ഇക്കാരണങ്ങളാൽ കേസിൽ അതീവ നിർണായകമാണ് മഞ്ജുവിന്റെ മൊഴി. നിർണായക സാക്ഷികളുടെ വിസ്താരമാണ് വിചാരണ കോടതിയിൽ ഇപ്പോൾ നടക്കുന്നത്. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കൾ എന്ന നിലയിൽ ഇരയാക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ ഇവർക്കറിയാമെന്നതിനാലാണ് പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയത്. പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരാകുന്നുണ്ട്. നടൻ ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്.

കേസിൽ, സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു. കേസിൽ ദിലീപ് പ്രതിചേർക്കപ്പെടുന്നതിന് മുമ്പ് തന്നെ ഗൂഡലോചന നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയ വ്യക്തിയാണ് മഞ്ജു. കേസിൽ വഴിത്തിരിവായതും ഈ പ്രസ്താവന തന്നെയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രൊസിക്യുഷൻ മഞ്ജുവിനെ പ്രധാന സാക്ഷിയാകുകയും ചെയ്തു. ഇക്കാരണങ്ങളാലാണ് മഞ്ജുവിന്റെ മൊഴി നിർണായകമാകുന്നത്. നേരത്തേ കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ വിടുതൽ ഹർജി പ്രത്യേക കോടതി തള്ളിയിരുന്നു.

ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് ദിലീപ് കോടതിയെ സമീപിച്ചത്. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 18-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP