Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷം പിറന്ന പൊന്നു; ദേവതയെ പോലെ നോക്കി വളർത്തിയ ദേവനന്ദ; അച്ഛൻ പറയുന്നതെല്ലാം കേൾക്കുന്ന പൊന്നോമന; രണ്ടാമത്തെ കുട്ടി പിറന്നത് ഏഴ് വർഷത്തിന് ശേഷം മൂന്ന് മാസം മുമ്പും; പത്ത് മാസം മുമ്പ് മസ്‌കറ്റിൽ പോയ പ്രദീപ് മകനെ ആദ്യമായി തലോടിയപ്പോൾ വിതുമ്പിയത് മകളുടെ വിയോഗം താങ്ങാനാവാതെ; ഇളവൂരിലെ ഇത്തിക്കരയാറ്റിലെ ആറു വയസ്സുകാരിയുടെ മരണം ഈ അച്ഛന് നൽകുന്നത് തീരാ ദുഃഖം; പ്രദീപിന്റെ വേദനയിൽ കേരളം വിതുമ്പുമ്പോൾ

വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷം പിറന്ന പൊന്നു; ദേവതയെ പോലെ നോക്കി വളർത്തിയ ദേവനന്ദ; അച്ഛൻ പറയുന്നതെല്ലാം കേൾക്കുന്ന പൊന്നോമന; രണ്ടാമത്തെ കുട്ടി പിറന്നത് ഏഴ് വർഷത്തിന് ശേഷം മൂന്ന് മാസം മുമ്പും; പത്ത് മാസം മുമ്പ് മസ്‌കറ്റിൽ പോയ പ്രദീപ് മകനെ ആദ്യമായി തലോടിയപ്പോൾ വിതുമ്പിയത് മകളുടെ വിയോഗം താങ്ങാനാവാതെ; ഇളവൂരിലെ ഇത്തിക്കരയാറ്റിലെ ആറു വയസ്സുകാരിയുടെ മരണം ഈ അച്ഛന് നൽകുന്നത് തീരാ ദുഃഖം; പ്രദീപിന്റെ വേദനയിൽ കേരളം വിതുമ്പുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇളവൂരിൽ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണം അച്ഛൻ പ്രദീപിനൊരുക്കിയത് സമാനതകളില്ലാത്ത വേദന. ഒമാനിൽ നിന്ന് പ്രദീപ് പറന്നെത്തിയത് സങ്കട കടലിലേക്കായിരുന്നു. വിവാഹം കഴിഞ്ഞ് 5 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് -ധന്യ ദമ്പതികൾക്കു ദേവനന്ദ പിറന്നത്. പ്രാർത്ഥനകളുടെ ഫലമായിരുന്നു അത്. അതുകൊണ്ട് തന്നെ കുട്ടിക്ക് അവർ ദേവനന്ദ എന്നു പേരുമിട്ടു. ആ വീട്ടിലെ ദേവതയായിരുന്നു അവൾ. പിന്നെ 7 വർഷത്തെ കാത്തിരിപ്പിനു ശേഷം 3 മാസം മുൻപു രണ്ടാമത്തെ കുട്ടി പിറന്നു. ഈ കുട്ടിയെ അച്ഛൻ കണ്ടത് ഇന്നലെയായിരുന്നു. അതും മൂത്ത മകളുടെ വിയോഗ ദുഃഖത്തിൽ തളർന്നിരിക്കുമ്പോൾ.

അവധി കഴിഞ്ഞ് 10 മാസം മുൻപ് ഒമാനിലേക്കു പോയ പ്രദീപ് മകനെ കാണാൻ ഉടൻ എത്താനിരുന്നതാണ്. ഇതിനിടെയാണ് മകളെ കാണാതാകുന്നത്. തെരച്ചിലിന് നേതൃത്വം നൽകാൻ ഓടിയെത്തിയ അച്ഛനെ കാത്തിരുന്നത് മകളുടെ ചേതനയറ്റ ശരീരം. ദേവനന്ദയെ കാണാതായെന്ന് അറിഞ്ഞെങ്കിലും വീട്ടിൽ വരുന്നതു വരെ പ്രദീപിനു പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷയാണ് തെറ്റിയത്. മകളെ കാണാതായ വ്യാഴാഴ്ച രാവിലെയും പ്രദീപ് വീട്ടിലേക്ക് വിളിച്ചു. അപ്പോൾ ഉറക്കം എഴുന്നേറ്റിരുന്നില്ല. തലേന്നു സ്‌കൂൾ വാർഷികത്തിന് നൃത്തം ചെയ്തതിന്റെ ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു.

പത്തരയോടെ വീണ്ടും വിളിച്ചപ്പോൾ അവൾ അമ്പലത്തിൽ പോയെന്നാണു പറഞ്ഞത്. ഖത്തറിൽ ജോലി ചെയ്യുന്ന ഭാര്യാസഹോദരനാണു പിന്നീടു വിവരം അറിയിക്കുന്നത്.' പ്രദീപിനെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ്, ദേവനന്ദ അമ്പലത്തിൽ പോയെന്നു പറഞ്ഞതെന്നു ബന്ധുക്കൾ പറയുന്നു. പിന്നെ സോഷ്യൽ മീഡിയയിൽ കാണാതകൽ വൈറലായി. ഇതിനിടെയാണ് ഭാര്യാ സഹോദരൻ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചത്. ഉടൻ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങാൻ ഒരുക്കം തുടങ്ങി. അത് വേദനയിലേക്കുള്ള യാത്രയുമായി. ദിവസവും രാവിലെ 8 മണി കഴിയുമ്പോൾ വീട്ടിലേക്കു വിളിക്കും. മകളുമായി സംസാരിക്കും. ഞാൻ പറയുന്നത് എല്ലാം അവൾ അനുസരിക്കും. കളിക്കാൻപോലും വീട്ടിൽ നിന്നു പുറത്തുപോകാറില്ല. കുട്ടികളെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണു കളിക്കുന്നത്-ഈ അച്ഛന്റെ വാക്കുകളിൽ നിറയുന്നത് ദുഃഖം മാത്രമാണ്.

വ്യാഴാഴ്ച രാവിലെ പത്തോടെ കാണാതായ ദേവനന്ദയെപ്പറ്റിയായിരുന്നു പിന്നീടുള്ള മലയാളികളുടെ ചർച്ച മുഴുവൻ. ആ കുരുന്നിന്റെ ചിത്രം പറന്നു. നാടോടിസംഘങ്ങൾ തട്ടിയെടുത്തതാണെങ്കിൽ അവർ രൂപമാറ്റം വരുത്തിയേക്കാവുന്ന വിധത്തിലുള്ള ചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. കേരളമാകെ പ്രാർത്ഥനയോടെ ശുഭവാർത്തയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. മുഖ്യമന്ത്രിയും ചലച്ചിത്രതാരങ്ങളും മുതൽ സാധാരണക്കാർ വരെ ദേവനന്ദയുടെ വിയോഗത്തിൽ വേദനകൾ പങ്കിട്ടു. ഫേസ്‌ബുക് പോസ്റ്റിലും പിന്നീട് പത്രക്കുറിപ്പിലും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. നന്ദയുടെ ചിത്രം പോസ്റ്റ് ചെയ്ത് മമ്മൂട്ടി ആദരാഞ്ജലി അറിയിച്ചു. കാണാതായപ്പോൾത്തന്നെ ദേവനന്ദയുടെ ചിത്രം മോഹൻലാൽ പങ്കുവച്ചിരുന്നു. മകളെ നഷ്ടമായ വേദന ഇന്നും ഉള്ളിൽ കൊണ്ടുനടക്കുന്ന സുരേഷ് ഗോപിയും ഫേസ്‌ബുക്കിൽ ചിത്രം പങ്കിട്ടു. 'ഒരു നാടു മുഴുവൻ നടത്തിയ തിരച്ചിലും പ്രാർത്ഥനകളും വിഫലമായി... ദേവനന്ദ വിടവാങ്ങി... ആദരാഞ്ജലികൾ' എന്നായിരുന്നു കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിൽ കുറിച്ചത്. അങ്ങനെ ദേവനന്ദയുടെ വേർപാട് കേരളത്തിന്റെ നൊമ്പരമായി മാറി.

കൊല്ലം ഇളവൂരിൽ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏഴുവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിലേക്ക് ജനസാഗരം ഒഴുകിയെത്തി. അച്ഛൻ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദർശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകൾ നടത്തിയത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ദേവനന്ദ. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽനിന്ന് 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറ്റിൽനിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. പൊലീസിലെ മുങ്ങൽവിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽനിന്ന് കുട്ടി ഇവിടേക്ക് എങ്ങനെയെത്തി എന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. തിരുവനന്തപരം മെഡിക്കൽ കോളേജിലാണ് ദേവനന്ദയുടെ പോസ്റ്റ്മോർട്ടം നടന്നത്. മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം. കുട്ടിയുടെ ശ്വാസകോശത്തിൽനിന്നും വയറ്റിൽനിന്നും വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. ധന്യയും ദേവനന്ദയുടെ നാലുമാസം പ്രായമുള്ള അനിയനും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുൻഭാഗത്തുള്ള ഹാളിൽ ഇരിക്കുകയായിരുന്നു. തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന് കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുൻഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

അലമുറയിട്ട് കരഞ്ഞ് ആറിന്റെ ഇരുകരകളിലുമെത്തിയ അമ്മമാർ നാടിന്റെ വേദനയുടെ അടയാളമായി. 21 മണിക്കൂർ മുൻപ് അനിയന്റെ അടുത്തിരിക്കുവെന്ന് പറഞ്ഞ് അകത്തേക്ക് വിട്ട് പൊന്നോമന ജീവനറ്റ് കിടക്കുന്ന കാഴ്ച ധന്യയെ മാത്രമല്ല കണ്ട് നിന്നവരെയും വേദനയിലാഴ്‌ത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അവളുടെ അവസാന വരവിനായുള്ള കാത്തിരിപ്പും വേദനകളുടേതായിരുന്നു. കണ്ണീർ പൂക്കളോടെ അവർ പ്രിയപ്പെട്ട പൊന്നുവിന് വിട നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP