Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതൊരു പ്രൈസ് ക്യാച്ച്! പുൽവാമ ഭീകരാക്രമണത്തിലെ നിർണായക കണ്ണിയായ ജയ്‌ഷെ മുഹമ്മദ് ഭീകരൻ എൻഐഎയുടെ വലയിൽ; ചാവേർ ആദിൽ അഹമ്മദ് ധറിന് താമസ സൗകര്യം ഒരുക്കിയതും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചതും ഈ 22 കാരൻ; 2018 മുതൽ ധറിനെ ഇയാൾ താമസിപ്പിച്ചിരുന്നത് സ്വന്തം വീട്ടിൽ; മാരുതി ഈകോ കാറിൽ ബോംബ് സെറ്റ് ചെയ്യാനും സഹായം; ജമ്മു-ശ്രീനഗർ ഹൈവേയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന്റെ നീക്കം നിരീക്ഷിച്ച് ചോർത്തിക്കൊടുത്തതും പുൽവാമ സ്വദേശി ഷാക്കിർ ബഷീർ മാഗ്രെ

ഇതൊരു പ്രൈസ് ക്യാച്ച്! പുൽവാമ ഭീകരാക്രമണത്തിലെ നിർണായക കണ്ണിയായ ജയ്‌ഷെ മുഹമ്മദ് ഭീകരൻ എൻഐഎയുടെ വലയിൽ; ചാവേർ ആദിൽ അഹമ്മദ് ധറിന് താമസ സൗകര്യം ഒരുക്കിയതും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചതും ഈ 22 കാരൻ; 2018 മുതൽ ധറിനെ ഇയാൾ താമസിപ്പിച്ചിരുന്നത് സ്വന്തം വീട്ടിൽ; മാരുതി ഈകോ കാറിൽ ബോംബ് സെറ്റ് ചെയ്യാനും സഹായം; ജമ്മു-ശ്രീനഗർ ഹൈവേയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന്റെ നീക്കം നിരീക്ഷിച്ച് ചോർത്തിക്കൊടുത്തതും പുൽവാമ സ്വദേശി ഷാക്കിർ ബഷീർ മാഗ്രെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ പുൽവാമ ചാവേർ ഭീകരാക്രമണത്തിൽ മുഖ്യപങ്കു വഹിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരൻ എൻഐഎയുടെ പിടിയിൽ. കേസ് അന്വഷണത്തിൽ സുപ്രധാന വഴിത്തിരിവ് കൂടിയാണിത്. 22 കാരനായ ഷാക്കിർ ബഷീർ മാഗ്രെ ആണ് എൻഐഎയുടെ വലയിലായത്. ഇയാൾ പുൽവാമയിലെ കാക്കപോറ ഹാജിബൽ സ്വദേശിയാണ്. ഫർണിച്ചർ കട ഉടമ കൂടിയാണ് ഷാക്കിർ. ചാവേർ ബോംബ് സ്‌ഫോടനം നടത്തിയ ആദിൽ അഹമ്മദ് ധറിന് താമസ സൗകര്യം ഒരുക്കിയത് ഷാക്കിറാണ്. ഇതിനൊപ്പം ആക്രമണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തു.

2018 മധ്യത്തിലാണ് ഷാക്കിർ മാഗ്രെ, ആദിൽ അഹമ്മദ് ധറിനെ പരിചയപ്പെടുന്നത്. പാക്കിസ്ഥാനി തീവ്രവാദിയായ മുഹമ്മദ് ഉമർ ഫറൂഖാണ് ഇരുവരെയും പരിചയപ്പടുത്തിയത്. ഇതോടെ ജയ്ഷിന്റെ ഭീകരപ്രവർത്തനങ്ങളുടെ മുഖ്യപിണിയാളായി ഷാക്കിർ മാറുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആയുധങ്ങൾ, വെടിക്കോപ്പുകൾ, പണം, സ്‌ഫോടക വസ്തുക്കൾ എന്നിവ ഭീകരർക്ക് താൻ പലവട്ടം എത്തിച്ചുകൊടുത്തതായി പ്രാഥമിക ചോദ്യം ചെയ്യലിൽ ഷാക്കിർ സമ്മതിച്ചു. പുൽവാമ ഭീകരാക്രമണത്തിനുള്ള സഹായവും ഇതിൽ പെടുന്നു. 2018 മുതൽ തന്റെ വീട്ടിലാണ് ഇയാൾ ആദിൽ അഹമ്മദ് ധറിനെ പാർപ്പിച്ചിരുന്നത്. 2019 ഫെബ്രുവരിയിൽ ചാവേറാക്രമണം നടക്കുന്നത് വരെ ഇത് തുടർന്നു. പോരാത്തതിന് ഐഇഡി( ചാവേറാക്രമണത്തിനുള്ള സ്‌ഫോടക വസ്തു) തയ്യാറാക്കുന്നതിന് സഹായിക്കുകയും ചെയ്തു.

ലെത്‌പോറ പാലത്തിന് സമീപമാണ് ഇയാളുടെ ഫർണിച്ചർ കട. മുഹമ്മദ് ഉമർ ഫറൂഖിന്റെ നിർദ്ദേശപ്രകാരം ഇയാൾ ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെയുള്ള സിആർപിഎഫ് വ്യൂഹത്തിന്റെ നീക്കം മുഴുവൻ നിരീ്ക്ഷിച്ചുകൊണ്ടിരുന്നു. മുഹമ്മദ് ധറിന് കൃത്യമായ വിവരങ്ങൾ എത്തിച്ചുകൊടുത്തതും ഇയാളാണെന്ന് പറയേണ്ടതില്ല.

മാരുതി ഈകോ കാർ ചാവേറാക്രമണത്തിന് യോജിച്ച രീതിയിൽ പരിഷ്‌കരിക്കാനും ബോംബ് സ്ഥാപിക്കാനും ഷാക്കിർ ബഷീർ മാഗ്രെ കൂടിയിരുന്നു. എൻഐഎയുടെ അന്വേഷണത്തിനിടെ, ആക്രമണത്തിന് ഉപയോഗിച്ച കാറിന്റെ മോഡലും നമ്പറും പരിശോധിച്ച് മാരുതി ഈകോ ആണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. സൂക്ഷ്മമായ പരിശോധനയിൽ കണ്ടെടുത്തതാണ് കാറിന്റെ നമ്പറും മോഡലും മറ്റും. ഷാക്കിർ മാഗ്രെയും ചോദ്യം ചെയ്യലിൽ ഇത് ശരിവച്ചു.

അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിൻ, ആർഡിഎക്‌സ് എന്നിവയാണ് ആക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കൾ. ആദിൽ മുഹമ്മദ് ധറാണ് ചാവേറെന്ന് നിർണയിച്ചത് അയാളുടെ പിതാവിന്റെ ഡിഎൻഎ താരതമ്യ പരിശോധനയിലൂടെയാണ്.

ജയ്ഷിന്റെ ദക്ഷിണ കശ്മീരിലെ ഡിവിഷണൽ കമാൻഡർ മുദാസിർ അഹമ്മദ് ഖാൻ പുൽവാമ ആക്രമണത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇയാൾ കഴിഞ്ഞ വർഷം മാർച്ച് 11 ന് ഉണ്ടായ ഒരു സുരക്ഷാ സൈനികരുടെ ഓപ്പറേഷനിടെ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട പാക് ഭീകരവാദികളായ മുഹമ്മദ് ഉമർ ഫറൂഖ്, ഐഇഡി വിദഗ്ധൻ കമ്രാൻ എന്നിവർ കഴിഞ്ഞ വർഷം മാർച്ച് 29 ന് കൊല്ലപ്പെട്ടു. അനന്ത് നാദ് സ്വദേശിയായ കാറിന്റെ ഉടമ സജ്ജദ് അഹമ്മദ് ഭട്ട് കഴിഞ്ഞ വർഷം ജൂൺ 16 നും ജെയ്ഷ് കമാൻഡർ ഖ്വാരി യാസിർ ജനുവരി 25 നും കൊല്ലപ്പെട്ടു. ഷാക്കിർ ബഷീർ മാഗ്രെയെ ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണം തുടരുകയാണ്.

പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 44 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. അവന്തിപ്പോറയിൽ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. കുഴിബോംബ് സ്‌ഫോടനത്തിനുശേഷം ഭീകരർ വെടിവയ്‌പ്പുനടത്തി. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണം നടത്തിയത്. 78 വാഹനങ്ങളിലുണ്ടായിരുന്നത് 2547 ജവാന്മാരായിരുന്നു. പുൽവാമ സ്വദേശി ആദിൽ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത് . സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുനിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP