Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യദ്രോഹ കേസിൽ കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കെജ്രിവാൾ; സിപിഐ യുവനേതാവിനെ വിചാരണ ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകിയത് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്ന കേസിൽ; കെജ്രിവാളിന്റെ നടപടി സർക്കാർ അനുമതി നൽകാത്തതിനാൽ വിചാരണ ആരംഭിക്കാനാകില്ലെന്ന പൊലീസിന്റെ പരാതിയെ തുടർന്ന്; ഒഴിവാക്കിയത് നിയമത്തെ ആം ആദ്മി സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന ബിജെപിയുടെ ആരോപണത്തെയും

രാജ്യദ്രോഹ കേസിൽ കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കെജ്രിവാൾ; സിപിഐ യുവനേതാവിനെ വിചാരണ ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകിയത് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്ന കേസിൽ; കെജ്രിവാളിന്റെ നടപടി സർക്കാർ അനുമതി നൽകാത്തതിനാൽ വിചാരണ ആരംഭിക്കാനാകില്ലെന്ന പൊലീസിന്റെ പരാതിയെ തുടർന്ന്; ഒഴിവാക്കിയത് നിയമത്തെ ആം ആദ്മി സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന ബിജെപിയുടെ ആരോപണത്തെയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിപിഐ യുവനേതാവ് കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജെഎൻയു സമരത്തിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസിലാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകിയത്. കേസിൽ എല്ലാ വിഷയങ്ങളും പരിഗണിച്ച ശേഷം ആഭ്യന്തര വകുപ്പ് യുക്തമായ തീരുമാനമെടുക്കുമെന്നാണ് ഡൽഹി സർക്കാർ നേരത്തെ അറിയിച്ചിരുന്നത്.

ജെഎൻയുവിൽ അഫ്സൽ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്‌സൽ ഗുരു.

വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകൾ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎൻയുവിലെ എബിവിപി പ്രവർത്തകരാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടർന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകൾ വിദ്യാർത്ഥികൾക്കെതിരെ റിപ്പോർട്ട് നൽകുകയായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാർത്ഥികളും രംഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമാണെന്ന് ഡൽഹി സർക്കാർ കണ്ടെത്തുകയും ചാനലുകൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

2017 മാർച്ചിൽ രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്ത് ഡൽഹി പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കിയിരുന്നു. കുറ്റപത്രത്തിൽ കനയ്യ കുമാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പറയുന്നില്ല. എന്നാൽ അന്ന് നടന്ന സംഭവങ്ങളെ തടുക്കാൻ കനയ്യ കുമാർ ഇടപെട്ടില്ലെന്നും, കനയ്യ കുമാറിനെതിരെ ഏത് വകുപ്പാണ് ചാർത്തേണ്ടതെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

കനയ്യ കുമാർ പ്രതിയായ രാജ്യദ്രോഹ കേസിൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ കെജ്രിവാൾ സർക്കാർ തടസ്സം നിൽക്കുന്നതായി ഡൽഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട് സർക്കാർ യാതൊരു പ്രതികരണവും നൽകുന്നില്ലെന്നും പാട്യാല ഹൗസ് കോടതിയിൽ ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. സർക്കാർ വ്യക്തത വരുത്തിയാലേ പ്രോസിക്യൂട്ട് ചെയ്യാവൂ എന്ന സാങ്കേതിക തടസ്സത്തിന്റെ ആനുകൂല്യം കെജ്രിവാൾ ദുരുപയോഗം ചെയ്യുന്നതായി ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

കനയ്യ കുമാറിന് പുറമെ സർവ്വകലാശാലാ വിദ്യാർത്ഥികളായ മറ്റ് ഒൻപത് പേർക്കെതിരെയും കേസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കനയ്യ കുമാർ അടക്കമുള്ള നേതാക്കൾക്കെതിരെ സർവ്വകലാശാല നടപടി സ്വീകരിച്ചിരുന്നു. കനയ്യ കുമാർ ഉൾപ്പെടെ 21 വിദ്യാർത്ഥികളെ സർവ്വകലാശാല ഒരു സെമസ്റ്ററിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കനയ്യകുമാറിന് 10,000 രൂപ പിഴയും സർവ്വകലാശാല വിധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP