Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരായുധനായ പൊലീസ് ഓഫീസറോട് തോക്ക് ചൂണ്ടി മാറിനിൽക്കാൻ ആവശ്യപ്പെട്ട ശേഷം വെടിയുതിർത്തത് മറവശത്തുള്ളവർക്ക് നേരെയും; ഷാരുഖ് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതിയെ പിടികൂടിയെന്ന് പറഞ്ഞ അതേപൊലീസ് ഇപ്പോൾ പറയുന്നത് യുവാവ് കുടുംബ സമേതം ഒളിവിലെന്നും; ഡൽഹി കലാപത്തിൽ പൊലീസിന്റെ നിലപാടുകളും സംശയത്തിന്റെ നിഴലിൽ

നിരായുധനായ പൊലീസ് ഓഫീസറോട് തോക്ക് ചൂണ്ടി മാറിനിൽക്കാൻ ആവശ്യപ്പെട്ട ശേഷം വെടിയുതിർത്തത് മറവശത്തുള്ളവർക്ക് നേരെയും; ഷാരുഖ് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതിയെ പിടികൂടിയെന്ന് പറഞ്ഞ അതേപൊലീസ് ഇപ്പോൾ പറയുന്നത് യുവാവ് കുടുംബ സമേതം ഒളിവിലെന്നും; ഡൽഹി കലാപത്തിൽ പൊലീസിന്റെ നിലപാടുകളും സംശയത്തിന്റെ നിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കലാപത്തിനിടെ പൊലീസിന് നേരെ വെടിയുതിർത്തയാളെ അറസ്റ്റ് ചെയ്‌തെന്ന വാദത്തിൽ നിന്നും മലക്കംമറിഞ്ഞ് പൊലീസ്. ഷഹദാരാ സ്വദേശിയായ ഷാരൂഖ് എന്ന 33കാരൻ ഒളിവിൽ പോയിരിക്കുകയാണ് എന്നാണ് ഇപ്പോൾ പൊലീസിന്റെ ഭാഷ്യം. അറസ്റ്റിലായി എന്ന് പൊലീസ് തന്നെ പറഞ്ഞയാൾ കുടുംബത്തിനൊപ്പം ഒളിവിൽ പോയിരിക്കുകയാണ് എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. അതിനിടെ, കലാപം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയ സ്‌പെഷ്യൽ കമ്മീഷണർ എസ്.എൻ ശ്രീവാസ്തവയെ ഡൽഹി പൊലീസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണർ അമൂല്യ പട്‌നായികിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമനം

വടക്ക് കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഷാരൂഖ് പൊലീസിന് നേരെ വെടിയുതിർത്തത്. ഷാരൂഖ് അറസ്റ്റിലായെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ഒളിവിൽ പോയെന്ന റിപ്പോർട്ടുകൾ പൊലീസ് പുറത്തുവിട്ടത്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും തെരച്ചിൽ നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ജാഫാറാബാദിൽ നടന്ന സംഘർഷത്തിനിടെയാണ് ഷാരൂഖ് പൊലീസിന് നേർക്ക് വെടിയുതിർത്തത്. നിരായുധനായ ഒരു പൊലീസ് ഓഫീസറോട് തോക്ക് ചൂണ്ടി പിന്മാറാൻ ആവശ്യപ്പെടുകയും റോഡിന് മറുവശത്തുള്ളവർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഷാരൂഖ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രാദേശിക മയക്കുമരുന്ന് സംഘങ്ങളുമായി യുവാവിന്റെ പിതാവിന് ബന്ധം ഉണ്ടായിരുന്നുവെന്നും മയക്കുമരുന്ന് ഇടപാടിൽ നിരവധി കേസുകൾ ഇവരുടെ പേരിൽ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

പൊലീസിന് നേർക്ക് ഷാരൂഖ് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതിയെ പിടികൂടിയെന്നും നടപടികൾ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിനൊപ്പം പ്രതി രക്ഷപ്പെട്ടുവെന്ന റിപ്പോർട്ട് പൊലീസ് പുറത്ത് വിട്ടത്. ഞായറാഴ്ച ആരംഭിച്ച സംഘർഷത്തിന് മുന്നോടിയായി ഇന്റലിജൻസും സ്‌പെഷ്യൽ ബ്രാഞ്ചും സംഘർഷ സാധ്യത സംബന്ധിച്ച് ആറ് ഇന്റലിജൻസ് റിപ്പോർട്ടാണ് ഡൽഹി പൊലീസിന് നൽകിയത്. എന്നാൽ ഇതിൽ കാര്യമായ നടപടികൾ ഒന്നും എടുത്തില്ലെന്നാണ് റിപ്പോർട്ട്. വടക്ക് കിഴക്കൻ ഡൽഹിയിലെ മൗജപൂരിൽ ജനങ്ങളോട് സംഘടിക്കാൻ ആവശ്യപ്പെട്ട ബിജെപി നേതാവ് കപിൽ മിശ്രയുടെ ആഹ്വാനം വലിയ സംഘർഷത്തിലേക്ക് നീങ്ങുമെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.

സംഘർഷം രൂക്ഷമായ ഡൽഹിയിൽ മരണസംഖ്യ 42 ആയി. പരിക്കേറ്റ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ട്. സ്ഥിതിഗതികൾ ശാന്തമായതോടെ വീടുകൾ ഉപേക്ഷിച്ച് പോയവർ മടങ്ങിയെത്തി തുടങ്ങി. കലാപം വലിയനാശനഷ്ടമുണ്ടാക്കിയ ഇടങ്ങളിൽ ജന ജീവിതം സാധാരണനിലയിലേക്കെത്തുകയാണ്. കടകൾ തുറന്നു. കലാപ മേഖലയിൽ പത്തുമണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞയ്ക്ക് ഇളവ് നൽകി. 82 പേർക്ക് വെടിയേറ്റിട്ടുണ്ടെന്നും ഹെഡ്‌കോൺസ്റ്റബിൾ രത്തൽ ലാൽ ഉൾപ്പെടെ 21 പേർ വെടിയേറ്റാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് നടത്തിയ വ്യാപക പരിശോധനയിൽ നാടൻ തോക്കുകളും മാരകായുധങ്ങളും വൻതോതിൽ പിടിച്ചെടുത്തു. മരിച്ച പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. കാണാതായവരും നിരവധിയാണ്.

രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുകയാണ്.ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട സംഭവത്തിൽ ആംആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. താഹിറിന് ഇരട്ടി ശിക്ഷ നൽകണമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP