Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊലീസ് വെടിയുണ്ട കാണാതായ സംഭവത്തിൽ അരയും തലയും മുറുക്കി തച്ചങ്കരി; അനേഷണം ഡി.വൈ.എസ്‌പി, സിഐ റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും; തോക്കുകളുടെ കണക്കെടുത്ത മാതൃകയിൽ വെടിയുണ്ടകൾ എണ്ണിത്തിട്ടപ്പെടുത്തി നഷ്ടം നിശ്ചയിക്കാൻ ക്രൈംബ്രാഞ്ച് മുന്നോട്ട്; അന്വേഷണം അറസ്റ്റിലായ എസ്‌ഐയിൽ മാത്രം ഒതുങ്ങില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ; എസ്എപി ക്യാംപിൽ 1996 മുതൽ 2018 ജോലി ചെയ്ത ഉയർന്ന ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യും.

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് വെടിയുണ്ട കാണാതായ സംഭവത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരില്ലേക്കും. സിഐ, ഡി.വൈ.എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞഞ്ച് നീക്കം.ഇവരെ വിശദമായി ചോദ്യം ചെയ്യും. വൈകാതെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണു സൂചന. വെടിയുണ്ടകൾ കാണാതായിട്ടില്ലെന്ന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനു റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണു വ്യാജ വെടിയുണ്ട നിർമ്മിച്ചു വച്ച കേസിൽ എസ്.എ.പിയിലെ മുൻ എസ്‌ഐ റെജി ബാലചന്ദ്രൻ അറസ്റ്റിലായത്. ഇതു സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തോക്കുകളുടെ കണക്കെടുത്ത മാതൃകയിൽ വെടിയുണ്ടകൾ എണ്ണിത്തിട്ടപ്പെടുത്തി നഷ്ടം നിശ്ചയിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ബറ്റാലിയിനുകളിൽ നിന്ന് 12,061 വെടിയുണ്ടകൾ നഷ്ടമായെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു. അത്രയും ഇല്ലെന്നാണു പൊലീസിന്റെ കണക്ക്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ ടച്ചങ്കരിയുടെ ചുമതലയിൽ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘനമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. എസ്.എ.പി ക്യാമ്പിൽ നേരിട്ടെത്തി ക്രൈംബ്രാഞ്ച് ഡയറക്ടർ തച്ചങ്കരി ഉൾപ്പെടുന്ന സംഘം പരിശോധന നടത്തിയിരുന്നു.

പേരൂർക്കട എസ്എപി ക്യാംപിൽ 1996 മുതൽ 2018 വരെ ജോലി നോക്കിയ ആംഡ് പൊലീസ് ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് കമൻഡാന്റുമാർ, ഡപ്യൂട്ടി കമൻഡാന്റുമാർ, എസ്‌പി റാങ്കിലുള്ള കമൻഡാന്റുമാർ എന്നിവരെയെല്ലാം ചോദ്യം ചെയ്യും. വീഴ്ച വരുത്തിയവരെല്ലാം കുടുങ്ങുമെന്നു ക്രൈംബ്രാഞ്ച് ഉന്നതർ അറിയിച്ചു. വെടിയുണ്ടകൾ നഷ്ടമായത് 22 വർഷം കൊണ്ടായതിനാൽ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരിൽ ഒതുങ്ങുന്നതാവില്ല തട്ടിപ്പെന്നാണു ക്രൈംബ്രാഞ്ച് വിലയിരുത്തൽ. വെടിയുണ്ടകൾ നഷ്ടമായ കാര്യം വർഷങ്ങളോളം മറച്ചുവയ്ക്കാൻ ഒരു എസ്‌ഐ മാത്രം വിചാരിച്ചാൽ സാധിക്കില്ല.

വെടിയുണ്ട ഉരുക്കി നിർമ്മിച്ച മുദ്ര ക്യാംപിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ കമൻഡാന്റിന്റെ മുറിയിലെ പോഡിയത്തിലാണു പിടിപ്പിച്ചിരുന്നത്. അതിനാൽ ഉന്നതർക്ക് ഇതിലെല്ലാം അറിവോ പങ്കോ ഉണ്ടെന്നു ക്രൈംബ്രാഞ്ച് കരുതുന്നു. മാത്രമല്ല നിലവിൽ അസിസ്റ്റന്റ് കമൻഡാന്റ് ആയ വി.ഒ.ഷാജിമോൻ ഇൻസ്‌പെക്ടറായിരുന്ന കാലയളവിൽ 3624 വെടിയുണ്ടകൾ നഷ്ടമായെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് എസ്എപി ക്യാംപിലുണ്ടായിരുന്ന 7 ആംഡ് പൊലീസ് ഇൻസ്‌പെക്ടർമാരെയും അതതു കാലത്തെ അസിസ്റ്റന്റ് കമൻഡാന്റുമാരെയും ചോദ്യം ചെയ്യുന്നത്.

കേസിലെ 11 പ്രതികളിൽ ഒരാളായ റെജി ബാലചന്ദ്രനാണ് പിടിയിലായത്. അടൂർ കെഎപി ക്യാമ്പിലെ ട്രെയിനർ എസ്ഐയാണ് റെജി ബാലചന്ദ്രൻ. 2014 കാലയളവിൽ റെജി ബാലചന്ദ്രൻ എസ്എപിയിലെ ക്വാർട്ടർ മാസ്റ്റർ ആയിരുന്നു. 2014 മെയിലാണ് 350 ഡ്രിൽ കാട്രിഡ്ജ് കാണുന്നില്ലെന്ന് റെജി മനസിലാക്കിയത്. രണ്ടുമാസത്തിന് ശേഷം ജൂലൈയിൽ 350 വ്യാജ ഡ്രിൽ കാട്രിഡ്ജ് നിർമ്മിച്ച് ക്വാർട്ടർ ഗാർഡിൽ പകരം വച്ചത്. റെജി ബാലചന്ദ്രന്റെ ഈ കുറ്റത്തിന് കൂട്ടുനിന്നവർക്കും, മറ്റ് വെടിയുണ്ടകളും കാലി കെയ്സുകളും, കാണാതായതിന് കൂട്ടുനിന്നവർക്കും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ഒപ്പം കാണാതായ വെടിയുണ്ടകൾ ഭീകരവാദികൾക്കോ മാവോയിസ്റ്റുകൾക്കോ കിട്ടിയിട്ടുണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ.ജെ.തച്ചങ്കരി അറിയിച്ചു.

സിഎജി റിപ്പോർട്ടിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഈ മാസം എസ്എപിയുടെ സഭാഹാളിൽ വച്ച് സിഎജിയുടെ റിപ്പോർട്ടിൽ നഷ്ടപ്പെട്ടതായി പറയുന്ന 25 റൈഫിളുകൾ അടക്കം, എസ്എപിയുടെ പൊലീസ് ചീഫ് സ്റ്റോറിൽ നിന്നും നൽകിയ 640 ഇൻസാസ് റൈഫിളുകളും ബോഡി നമ്പർ വച്ച് തിട്ടപ്പെടുത്തി. മണിപ്പൂരിലേക്ക് ഐആർ ബറ്റാലിയൻ ട്രെയിനിംഗിനായി കൊണ്ടുപോയ 13 റൈഫിളുകളും വീഡിയോ കോൺഫറൻസിലൂടെ ബോഡി നമ്പർ നോക്കി നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

ഡയറക്ടറും ഐജിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. സിഎജി റിപ്പോർട്ടിൽ ആരോപിക്കുന്ന പോലെ റൈഫിളുകൾ ഒന്നും എസ്എപിയിൽ നിന്ന് നഷ്ടപ്പെട്ടില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഏപ്രിൽ 19 ന് അന്വേഷണ സംഘം എസ്എപിയിൽ നടത്തിയ പരിശോധനയിൽ കാലി കെയ്സുകൾ കൊണ്ടുണ്ടാക്കി എന്ന് സംശയിക്കുന്ന രണ്ടര കിലോ ഭാരമുള്ള എംബ്ലം കസ്റ്റഡിയിലെടുത്തു. അക്കൂട്ടത്തിൽ തന്നെയാണ് സിഎജി റിപ്പോർട്ടിൽ കാണാതായെന്ന് സൂചിപ്പിച്ച 350 ഡമ്മി ഡ്രിൽ കാട്രിഡ്ജുകളും കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി. 22 സാക്ഷികളെ ചോദ്യം ചെയ്യുകയും രജിസ്റ്ററുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റുണ്ടായതെന്നും തച്ചങ്കരി അറിയിച്ചു.

വെടിയുണ്ടകൾ കാണാതായ കേസിൽ രണ്ടുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നതർക്കെതിരെയും അന്വേഷണവും അറസ്റ്റും ഉണ്ടാകും. സത്യസന്ധമായും സുതാര്യമായും അന്വേഷണം പൂർത്തിയാക്കും. ക്രൈംബ്രാഞ്ചിനെ വിശ്വസിക്കണം. പ്രാധാന്യം തെളിവുകൾക്കുമാത്രമെന്നും തച്ചങ്കരി വ്യക്തമാക്കി.സിഎജി റിപ്പോർട്ടിൽ പരാമർശിച്ച ഇൻസാസ് റൈഫിളുകൾ മുഴുവൻ തിരുവനന്തപുരം എസ്എപി ക്യാംപിൽ പ്രദർശിപ്പിച്ചാണ് നേരത്തെ ടാമിൻ തച്ചങ്കരി തോക്കുകൾ നഷ്ടമായില്ലെന്ന് വിശദീകരിച്ചത്. 660 റൈഫിളുകളിൽ 647 എണ്ണമാണ് ക്യാംപിൽ എത്തിച്ചത്. ശേഷിച്ച പതിമൂന്ന് തോക്കുകൾ മണിപ്പൂരിലെ എആർ ബറ്റാലിയനിലുണ്ടെന്ന് എഡിജിപി പറഞ്ഞു. വിഡിയോ കോൾ വഴി ഈ തോക്കുകളുടെ നമ്പറും പരിശോധിച്ച് ഉറപ്പുവരുത്തി.

ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ ഐ.ജി.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തിൽ പതിനഞ്ചോളം പേരെ ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചിരിക്കുന്നത്. 96 മുതൽ 2018 വരെയുള്ള കാലയളവിലാണ് 12,000ത്തോളം വെടിയുണ്ടകൾ കാണാതായത്. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

എന്നാൽ 22 വർഷത്തെ കാലയളവിനുള്ളിൽ സംഭവിച്ച ക്രമക്കേട് പരിശോധിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥർ സംഘത്തിൽ ഇല്ല. അതുകൊണ്ടാണ് കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്തിയത്. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്ന വിധത്തിലാണ് പുതിയ ഉദ്യോഗസ്ഥരെ കൂടി ചേർത്ത് അന്വേഷണ സംഘം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയത്.നേരത്തെ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു. പിന്നീട് സിഎജി റിപ്പോർട്ടിലെ വിവാദങ്ങൾക്ക് പിന്നാലെയാണ് തോക്കുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന കാര്യക്ഷമമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP