Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വസ്തു മക്കൾക്കും കിണർ നാട്ടുകാർക്കും എഴുതിവെച്ച് ഒരു ഈരാറ്റുപേട്ട മാതൃക; മൂന്ന് വീടുകളിലെ കിണർ ദാഹജലമാകുന്നത് ഈരാറ്റുപേട്ടയിലെ നൂറു കണക്കിന് കുടുംബങ്ങൾക്ക്

വസ്തു മക്കൾക്കും കിണർ നാട്ടുകാർക്കും എഴുതിവെച്ച് ഒരു ഈരാറ്റുപേട്ട മാതൃക; മൂന്ന് വീടുകളിലെ കിണർ ദാഹജലമാകുന്നത് ഈരാറ്റുപേട്ടയിലെ നൂറു കണക്കിന് കുടുംബങ്ങൾക്ക്

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധങ്ങളും കരാറുകളും നടക്കുന്നത് വെള്ളത്തിനു വേണ്ടിയാണ്. ദാഹിച്ചു വലയുന്നവന് കുടിക്കാൻ ഒരു ദയയുമില്ലാതെ ശുദ്ധ ജലം പണത്തിന് വിൽക്കുന്ന നമ്മുടെ നാട്ടിൽ സ്വന്തം ഭൂമിയിലെ കിണർ നാട്ടുകാർക്ക് എഴുതി വെച്ചിരിക്കുകയാണ് ജലം പോലെ ശുദ്ധമായ മനസ്സുള്ള മൂന്ന് മുസ്ലിം കുടുംബങ്ങൾ. ഈരാറ്റുപേട്ടയിലാണ് സ്വന്തം ഭൂമിയിലെ കിണർവെള്ളം മറ്റുള്ളവർക്കുവേണ്ടി മാറ്റിവെച്ച മൂന്നു കുടുംബങ്ങൾ ഉള്ളത്.

കിണറ്റിലെ കുടിവെള്ളം പങ്കുവെക്കുന്നതിൽ ആദ്യം മാതൃകയായത് ഈരാറ്റുപേട്ട മാങ്കുഴക്കൽ പരേതനായ അലി സാഹിബ് ആണ്. നാട്ടുകാരായ കണ്ടത്തിൽ കെ.എം. മുഞ്ഞുമുഹമ്മദ് സഹാബും ചെറിയവല്ലം തമ്പി ഹാജിയും ഇന്ന് ഇതേ പാത പിൻതുടർന്ന് തങ്ങളുടെ പറമ്പിലെ കിണർ നാട്ടുകാർക്കായി എഴുതിവെച്ചു. ആർക്ക് വേണമെങ്കിലും ഈ കിണറുകളിൽ നിന്നും ജലം എടുക്കാം. ആരും പരാതിയുമായി വരില്ല. അതിനാൽ തന്നെ ശുദ്ധ ജലം കിട്ടാനില്ലാത്ത ഈ കാലത്ത് നിരവധി പേർക്കാണ് ഈ കിണറുകൾ ദാഹജലം പകരുന്നത്.,

പതിറ്റാണ്ടുകൾക്ക് മുന്പ് മാങ്കുഴക്കൽ വീട്ടിൽ കിണർ കുഴിച്ച നാൾമുതൽ നാട്ടുകാർക്ക് ആ കിണർവെള്ളമായിരുന്നു ആശ്രയം. അതുകൊണ്ട് വർഷങ്ങൾക്ക് മുമ്പ് ഭൂസ്വത്തുക്കൾ മക്കളുടെ പേരിൽ എഴുതിവെക്കുമ്പോഴും കിണർനിന്ന ഭാഗംമാത്രം ആരുടെ പേരിലും അലി സാഹിബ് എഴുതിച്ചേർത്തില്ല. കുട്ടിക്കാലം മുതൽ നാട്ടുകാരുടെ ആശ്രയമായ കിണർ മരണശേഷവും അങ്ങനെത്തന്നെയാവട്ടേയെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനിന്നും മാറ്റമില്ല. എൺപതോളം മോട്ടോറുകളുണ്ട് ഈ കിണറിൽ. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപ്പരം കുടുംബങ്ങളിലേക്കാണ് വെള്ളമെത്തുന്നത്.

മുഞ്ഞുമുഹമ്മദ് സഹാബിന്റെയും തമ്പി ഹാജിയുടെയും കിണറുകളിലെയും കുടിവെള്ളം നാട്ടുകാർക്കുതന്നെ. കണ്ടത്തിൽ കിണറിൽ 20-ഉം ചെറിയവല്ലം കിണറ്റിൽ 25-ഉം മോട്ടോറുകൾ സമീപവാസികളുടേതാണ്. ആർക്കും വെള്ളമെടുക്കാം, കിണർ വൃത്തിയായി സൂക്ഷിക്കണമെന്നുമാത്രം. കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്ന് നാട്ടുകാർ. അരമണിക്കൂർ കാത്തിരുന്നാൽ ഒരുടാങ്കിലേക്കുള്ള വെള്ളം വീണ്ടുംകിണറ്റിലെത്തിയിരിക്കും.

പ്രായാധിക്യത്താൽ വീടുകളിൽ വിശ്രമത്തിലാണ് മുഞ്ഞുമുഹമ്മദ് സഹാബും തമ്പി ഹാജിയും. അപ്പോഴും തങ്ങളുടെ കിണറിൽനിന്ന് വെള്ളം പല വീടുകളിലെത്തി ദാഹമകറ്റുന്നതറിയുമ്പോൾ മനസ്സിൽ ചെറുചിരി വിടരുന്നു. ജലംപോലെ ശുദ്ധമായ സ്‌നേഹത്തിന്റെ ചിരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP