Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുപ്രീംകോടതിയുടെ അന്തിമ തീർപ്പ് വന്നതിനാൽ ഓരോ പള്ളികൾക്ക് വേണ്ടിയും സമർപ്പിക്കപ്പെടുന്ന ഹർജികളെല്ലാം ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി തീർപ്പാക്കുന്നു; കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് പള്ളിയും ഓർത്തഡോക്‌സിനെന്ന് കോടതി; കോതമംഗലത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കില്ല; യാക്കോബായക്കാർക്ക് സ്വന്തം ആരാധാനലായങ്ങൾ ഒരോന്നായി നഷ്ടമാകുന്നത് ഇങ്ങനെ

സുപ്രീംകോടതിയുടെ അന്തിമ തീർപ്പ് വന്നതിനാൽ ഓരോ പള്ളികൾക്ക് വേണ്ടിയും സമർപ്പിക്കപ്പെടുന്ന ഹർജികളെല്ലാം ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി തീർപ്പാക്കുന്നു; കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് പള്ളിയും ഓർത്തഡോക്‌സിനെന്ന് കോടതി; കോതമംഗലത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കില്ല; യാക്കോബായക്കാർക്ക് സ്വന്തം ആരാധാനലായങ്ങൾ ഒരോന്നായി നഷ്ടമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിലെ കർമാനുഷ്ഠാനങ്ങളും വസ്തുവകകളും മലങ്കരസഭയുടെ 1934ലെ ഭരണഘടനയനുസരിച്ചു ഭരിക്കപ്പെടേണ്ടതാണെന്നു ഹൈക്കോടതി വ്യക്തമാക്കുമ്പോൾ നിരാശരാകുന്നത് യാക്കോബായക്കാർ. പി.എം.എ. മെത്രാപ്പൊലീത്തൻ കേസിലും കെ.എസ്.വർഗീസ് കേസിലും മലങ്കരസഭയിലെ പള്ളികളുടെ കാര്യത്തിൽ സുപ്രീംകോടതി അന്തിമ തീർപ്പുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി നടപടി. ഇതോടെ യാക്കോബായക്കാർക്ക് സ്വന്തമായ പള്ളികളെല്ലാം ഓർത്തഡോക്‌സ് സഭയ്ക്ക് കിട്ടുമെന്നാണ് വ്യക്തമാകുന്നത്. ഇതോടെ പ്രതിസന്ധിയിലാകുന്നത് യാക്കോബായക്കാരാണ്. എന്തു വന്നാലും കോതമംഗലം പള്ളി പ്രശ്‌നത്തിൽ ഉറച്ച നിലപാട് എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് പള്ളിയുമായി ബന്ധപ്പെട്ട 2003 ഒക്ടോബർ 13ലെ എറണാകുളം അഡീഷനൽ ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഓർത്തഡോക്‌സ് സഭാംഗങ്ങളായ കാഞ്ഞിരമറ്റം സ്വദേശി പാവു, സഖറിയാസ് മാർ അന്തോണിയോസ് എന്നിവർ സമർപ്പിച്ച അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കോതമംഗലം മാർ തോമ ചെറിയപള്ളി ഏറ്റെടുത്തു കൈമാറണമെന്ന മുൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. മുൻ ഉത്തരവു നടപ്പാക്കാതെ തരമില്ലെന്നു കോടതി വാദത്തിനിടെ പരാമർശിച്ചു. പള്ളിയും വസ്തുവകകളും ഏറ്റെടുത്തു കൈമാറാൻ സുപ്രീംകോടതി വിധിയിൽ വിഭാവനം ചെയ്യുന്നില്ലെന്നു കാണിച്ചുള്ള അപ്പീൽ ജസ്റ്റിസ് എ.എം.ഷഫീഖ്, ജസ്റ്റിസ് മേരി ജോസഫ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു പരിഗണിക്കുന്നത്.

പള്ളിയും സെമിത്തേരിയും ഇടവകക്കാരുടെ അചാരപരമായ അവകാശങ്ങൾക്കു വേണ്ടി നിലനിർത്തണമെന്ന 'കെ.എസ്.വർഗീസ് കേസ്' വിധിക്കു വിരുദ്ധമാണു 2019 ഡിസംബർ 3ലെ ഉത്തരവെന്നാണു സർക്കാരിന്റെ വാദം. എന്നാൽ, സർക്കാർ പക്ഷപാതപരമായി പെരുമാറുകയാണെന്നും ഒരു കൂട്ടരെ അനുകൂലിക്കുകയാണെന്നും ഓർത്തഡോക്‌സ് സഭയുടെ അഭിഭാഷകൻ വാദിച്ചു. ഉത്തരവു നടപ്പാക്കാൻ സർക്കാർ പറയുന്ന സ്‌കീം എന്താണെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. അതിനിടെ യാക്കോബായ സഭയ്ക്കു നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചു നാളെ രാവിലെ 10ന് ആലുവ എസ്‌പി ഓഫിസിലേക്കു മാർച്ച് നടത്തും. ടൗൺ ഹാളിനു മുൻപിൽ നിന്നു മാർച്ച് ആരംഭിക്കും. ഇതിനു മുന്നോടിയായി രാവിലെ 9നു മാസ് ഹാളിൽ മെത്രാപ്പൊലീത്തമാർ, വർക്കിങ് കമ്മിറ്റിമാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനകളുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം ചേരും. കോതമംഗലം പള്ളി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇഥ്.

2 മുതൽ 6 വരെ ഹൈക്കോടതിക്കു സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിൽ പ്രാർത്ഥനാ സത്യഗ്രഹ സമരം സംഘടിപ്പിക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു സമരം. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, മറ്റു മെത്രാപ്പൊലീത്തമാർ, സഭാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും. കീഴ്‌കോടതികളിൽ നിലനിൽക്കുന്ന കേസുകൾ 2017ലെ വിധിയുടെ പരിധിയിൽ വരുന്നതാണോ എന്നു പരിശോധിച്ചു 3 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ഉത്തരവു നൽകിയിരിക്കെ പൊലീസും റവന്യൂ അധികൃതരും യാക്കോബായ സഭയുടെ പള്ളികൾ പിടിച്ചെടുത്ത് ഓർത്തഡോക്സ് സഭയ്ക്കു കൈമാറുകയാണെന്നു സഭാ നേതൃത്വം കുറ്റപ്പെടുത്തി.

യാക്കോബായ സഭാ വിശ്വാസികളെ പള്ളികളിൽ നിന്നു ബലപ്രയോഗത്തിലൂടെ പുറത്താക്കി അനാവശ്യ വകുപ്പുകൾ ചുമത്തി ജയിലിൽ അടയ്ക്കാനുള്ള ശ്രമമാണു നടക്കുന്നത്. ദേവാലയങ്ങൾ പൊലീസ് നശിപ്പിക്കുകയും വിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നീതി നിഷേധത്തിലും മനുഷ്യത്വരഹിതമായ പ്രവൃത്തികളിലും പ്രതിഷേധിച്ചാണു യാക്കോബായ സഭ പ്രത്യക്ഷ സമരം ആരംഭിക്കുന്നത്. കോതമംഗലം ചെറിയ പള്ളി കലക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതിയിലെ 2 ഡിവിഷൻ ബെഞ്ചുകൾ ഒഴിവായി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ബെഞ്ചും ജസ്റ്റിസ് സി. കെ. അബ്ദുൽ റഹിം, ജസ്റ്റിസ് ടി. വി. അനിൽകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചുമാണു കേസ് കേൾക്കുന്നത് ഒഴിവാക്കിയത്.

പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ലെന്നും ഇടവകക്കാരുടെ ആചാരപരമായ അവകാശങ്ങൾക്കു വേണ്ടി നിലനിർത്തണമെന്നുമുള്ള സുപ്രീംകോടതിയുടെ 'കെ. എസ്. വർഗീസ് കേസ്' വിധിക്കു വിരുദ്ധമാണു 2019 ഡിസംബർ 3ലെ ഉത്തരവെന്ന് ആരോപിച്ചാണു കലക്ടർ, ആർഡിഒ, ഡിവൈഎസ്‌പി, സിഐ എന്നിവരുടെ അപ്പീൽ. അതേസമയം, മുൻഉത്തരവു നടപ്പായില്ലെന്ന് ആരോപിച്ച് ഓർത്തഡോക്‌സ് സഭാ വികാരി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ കലക്ടർ ഹാജരാകണമെന്നു സിംഗിൾ ജഡ്ജി നിർദ്ദേശിച്ചിരുന്നു. അതിനിടെ മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപെട്ട വടകര സെന്റ് ജോൺസ് പള്ളി ആക്രമിച്ചതിൽ പ്രതിഷേധം അറിയിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്. പള്ളിയുടെ വാതിലുകൾ ഉൾപ്പെടെ എടുത്തുകൊണ്ടു പോകുകയും വിശുദ്ധരുടെ ചിത്രങ്ങൾ, ഏവൻഗേലിയോൻ മേശ എന്നിവ തകർക്കുകയും ചെയ്തതായി അദ്ദേഹം കുറ്റപ്പെടുത്തി.

യാക്കോബായ സഭാ വൈദികനെ അനുകൂലിക്കുന്നവർ നിരന്തരം സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടത്തുന്നു. കഴിഞ്ഞ ദിവസം ആരാധനയ്ക്ക് എത്തിയ നിയമാനുസൃത വൈദികൻ പള്ളിയിൽ പ്രവേശിക്കാതിരിക്കാൻ ഗേറ്റ് വെൽഡ് ചെയ്യുകയും, വാതിലിനു കേടുപാടു വരുത്തുകയും ചെയ്തു. ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് പൊലീസ് സംരക്ഷണയിൽ അദ്ദേഹത്തിനു പള്ളിയിൽ പ്രവേശിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സംരക്ഷണം ഉള്ള ദേവാലയത്തിൽ ഇത്തരത്തിൽ അതിക്രമം നടന്നതായി പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വികാരി ഫാ. ജോയി കടുകുംമാക്കിൽ, ഫാ. ജോൺ.വി. ജോൺ എന്നിവർ പറഞ്ഞു.

കേസുണ്ടായിരുന്ന 1064 പള്ളികളുടെ അവകാശം ഓർത്തഡോക്സ് സഭയ്ക്ക് നൽകുന്നതായിരുന്നു 2017ലെ സുപ്രീം കോടതി വിധി. ഓർത്തഡോക്സ് സഭയുടെ 1934ലെ ഭരണ ഘടന അംഗീകരിക്കുകയും ഭൗതിക സ്വത്തവകാശം ഓർത്തഡോക്സ് സഭയ്ക്കാണെന്നുമായിരുന്നു സുപ്രീം കോടതി വിധി. ഇതോടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറിൽ തർക്കം നിലനിന്നിരുന്ന 1064 പള്ളികളുടെ ഉടമസ്ഥത ഓർത്തഡോക്സ് വിഭാഗത്തിനായി. വിധി വന്നതിന് ശേഷവും തർക്കം പരിഹരിക്കപ്പെട്ടില്ല. ഇപ്പോഴും വിവിധ പള്ളികളിൽ തർക്കവും സംഘർഷവും തുടരുകയാണ്. അതിനിടയിലാണ് ഓർത്തഡോക്സ് വിഭാഗം കൂടുതൽ പള്ളികൾ തങ്ങളുടേതാണെന്ന അവകാശ വാദം ഉന്നയിച്ച് എത്തുന്നത്. ഇതെല്ലാം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തീർപ്പാക്കപ്പെടുകയും ചെയ്യുന്നു. ഇതോടെ വർഷങ്ങളായി യാക്കോബായക്കാർ പ്രാർത്ഥന നടത്തുന്ന പള്ളികൾ അർക്ക് നഷ്ടമാകും.

നൂറ്റാണ്ടുകളായി തുടരുന്ന സഭാ തർക്കം പരിഹരിക്കാനും പള്ളികളിൽ തിരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ 2002ൽ ജസ്റ്റിസ് മലിമണ്ഡ് അധ്യക്ഷനായ കമ്മീഷനെ നിയമിച്ചിരുന്നു. ഇതിനായി ഓർത്തഡോക്സ് വിഭാഗവും യാക്കോബായ സഭയും പള്ളികളുടെ ലിസ്റ്റ് മലിമണ്ഡിന് സമർപ്പിക്കുകയും മലിമണ്ഡിന്റെ നേതൃത്വത്തിൽ യോഗം ചേരാനും തീരുമാനിച്ചു. എന്നാൽ യോഗത്തിൽ യാക്കോബായ സഭാ വിശ്വാസികളോ അധ്യക്ഷന്മാരോ പങ്കെടുത്തില്ല. അവർ പുത്തന് കുരിശിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വിളിച്ച് ചേർത്ത് യാക്കോബായ സഭ രജിസ്റ്റർ ചെയ്തു. 1972 മുതൽ മെത്രാൻ കക്ഷികളെന്നും ബാവാ കക്ഷികളെന്നും വിഭജിച്ച് നിന്നവർ രണ്ട് സഭകളായി പിരിയുന്നത് അതിന് ശേഷമാണ്. ബാവാ കക്ഷികൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയായും മെത്രാൻ കക്ഷികൾ ഓർത്തഡോക്സ് സുറിയാനി സഭയായും വഴി പിരിഞ്ഞു. യാക്കോബായ വിശ്വാസികൾ യോഗത്തിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ ഇരു വിഭാഗങ്ങളും സമർപ്പിച്ച പള്ളികളും ചേർത്തുള്ള ഒരു ലിസ്റ്റ് ആണ് മലിമണ്ഡ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. 1064 പള്ളികളാണ് അതിൽ ഉൾപ്പെട്ടത്.

1972ൽ തർക്കം തുടങ്ങിയ അന്ന് മുതൽ ബാവ കക്ഷികളോ യാക്കോബായ സഭയോ നിർമ്മിച്ച പള്ളികളെല്ലാം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ഓർത്തഡോക്സ് സഭാ അധികൃതർ പറയുന്നത്. എന്നാൽ ഈ പള്ളികൾ കൂടാതെ യാക്കോബായ സഭയുടെ കൈവശമുള്ള മറ്റ് 357 പള്ളികൾ വിട്ട് കിട്ടണമെന്നാണ് ഓർത്തഡോക്സ് സഭയുടെ ആവശ്യം. ഓർത്തഡോക്സ് സഭയുടെ 1934ലെ ഭരണ ഘടന അംഗീകരിച്ചതോടെ എല്ലാ പള്ളികളുടേയും അവകാശികൾ തങ്ങളാണെന്നാണ് സഭാ അധ്യക്ഷന്മാരുടെ വാദം. 1972ന് ശേഷം യാക്കോബായ വിശ്വാസികൾക്ക് മാത്രമായി സ്ഥാപിച്ച പള്ളികളിൽ ഓർത്തഡോക്സ് സഭയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ലെന്നാണ് യാക്കോബായ സഭാ അധ്യക്ഷന്മാരുടെ മറു വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP