Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറ്റപത്രത്തിൽ വെള്ളം ചേർത്ത് പ്രതിക്ക് വലിയതുറ പൊലീസിന്റെ സഹായം; പാസ്‌പോർട്ട് തിരുത്തിയ കേസിൽ ജയിൽ ശിക്ഷ ഒഴിവായി; പ്രതിക്ക് കോടതി പിരിയും വരെ തടവും പിഴയും മാത്രം

കുറ്റപത്രത്തിൽ വെള്ളം ചേർത്ത് പ്രതിക്ക് വലിയതുറ പൊലീസിന്റെ സഹായം; പാസ്‌പോർട്ട് തിരുത്തിയ കേസിൽ ജയിൽ ശിക്ഷ ഒഴിവായി; പ്രതിക്ക് കോടതി പിരിയും വരെ തടവും പിഴയും മാത്രം

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: എഫ്‌ഐആറിന് കടകവിരുദ്ധമായി അന്വേഷണം അട്ടിമറിച്ച് കുറ്റപത്രത്തിൽ വെള്ളം ചേർത്ത പാസ്‌പോർട്ട് തിരുത്തൽ കേസിൽ പ്രതി ജയിൽ ശിക്ഷയിൽ നിന്നൊഴിവായി. പാസ്‌പോർട്ടിൽ ജനന തീയതിയും പിതാവിന്റെ പേരും തിരുത്തി അനവധി വിദേശയാത്ര നടത്തിയ കേസിലെ പ്രതിക്ക് കോടതി പിരിയും വരെ തടവും ആറായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് വലിയതുറ പൊലീസിന്റെ കേസന്വേഷണത്തിലെ വീഴ്ച കാരണം ഗൗരവമേറിയ കുറ്റം ചെയ്ത പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകിയത്.

തിരുവനന്തപുരം ജില്ലയിൽ കാഞ്ഞിരംകുളം കഴുവൂർ ശ്രീകൃഷ്ണ നിലയം വീട്ടിൽ സുകുമാരൻ മകൻ ജയചന്ദ്രൻ (52) ആണ് കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള തടവിനും ആറായിരം രൂപ പിഴക്കും വിധേയനായത്. ഉച്ചഭക്ഷണം പ്രതിക്കൂട്ടിലിരുന്ന് ഭക്ഷിച്ച് വൈകിട്ട് അഞ്ചു മണി വരെ പ്രതിക്കൂട്ടിൽ കസേരയിലിരുന്ന് പ്രതിക്കൂട്ടിലെ അഴിയെണ്ണി ശിക്ഷ അനുഭവിച്ചത്. 1967 ലെ പാസ്‌പോർട്ട് നിയമത്തിലെ 12 (1) (ബി) വകുപ്പ് പ്രകാരമാണ് പ്രതിക്ക് കോടതി ലഘു ശിക്ഷ നൽകിയത്.

2015 മാർച്ച് 4 ന് രാവിലെ 9.30ന് ജയച്ചന്ദ്രൻ തന്റെ പേരിലുള്ള കെ - 9610094 നമ്പർ പാസ്‌പോർട്ടുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റിപ്പാർച്ചർ ഇമിഗ്രേഷൻ കൗണ്ടറിലെത്തി ഖത്തറിലേക്ക് പോകാനായി ക്ലിയറൻസ് തേടിയതോടെയാണ് പാസ്‌പോർട്ട് തിരുത്തൽ പൊലീസ് കേസായത്. ഇമിഗ്രേഷൻ ഓഫീസറുടെ പാസ്‌പോർട്ട് പരിശോധനയിൽ തങ്കപ്പൻ മകൻ മോഹനചന്ദ്രൻ എന്ന പേരിൽ ജയചന്ദ്രൻ മുമ്പ് യാത്ര ചെയ്തതായ സ്‌പെഷ്യൽ എൻഡോഴ്‌സ്‌മെന്റ് പാസ്‌പോർട്ടിൽ കാണപ്പെട്ടത് ശ്രദ്ധയിൽ പെട്ടു. ദോഹ എംബസിയുടെ അറ്റാച്ചെ സീൽ പതിച്ചിരുന്നെങ്കിലും അധികൃതരുടെ ഒപ്പില്ലായിരുന്നു.

ചോദ്യം ചെയ്യലിൽ ജയചന്ദ്രൻ 1983ൽ മറ്റൊരു പേരിലും ജനനതീയതിയിലും പാസ്‌പോർട്ട് എടുത്തതായി വെളിപ്പെട്ടു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ പരാതിയിൽ വലിയതുറ പൊലീസ് ജയചന്ദ്രനെ ഒന്നാം പ്രതിയാക്കിയും പാസ് പോർട്ട് തിരുത്തി നൽകിയ ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തിയെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. ജനന തീയതിയും പിതാവിന്റെ പേരും പാസ്‌പോർട്ടിൽ തിരുത്തി ഖത്തറിൽ പോകാനായി പാസ്‌പോർട്ട് കൗണ്ടറിൽ ഹാജരാക്കിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

എന്നാൽ അന്വേഷണത്തിനൊടുവിൽ എഫ്‌ഐആറിന് കടകവിരുദ്ധമായി കുറ്റപത്രത്തിൽ വെള്ളം ചേർക്കുകയായിരുന്നു. വ്യാജ ഐഡന്റിറ്റി നൽകി തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടാം പ്രതിയുടെ സേവനം ഉപയോഗിച്ച് എറണാകുളം പാസ്‌പോർട്ട് ഓഫീസിൽ നിന്ന് പാസ്‌പോർട്ട് കരസ്ഥമാക്കി സ്ഥിരമായി വിദേശയാത്ര നടത്തിയതായാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 22 -7-2000 ലും 17 - 5 -- 2012 ലും ദോഹയിൽ പാസ്പോർട്ട് പുതുക്കിയതായും 22 - 1 - 2013 ൽ പാസ്‌പോർട്ടിലെ തെറ്റായ രേഖപ്പെടുത്തലുകൾ ദോഹഎംബസി അധികൃതർ മുഖേന തിരുത്തി നിയമപ്രാബല്യം വരുത്തിയതായും തഴുകൽ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. പ്രതിയെ കേസിൽ നിന്നും രക്ഷിച്ചെടുക്കാനായാണ് വലിയതുറ പൊലീസ് പൊലീസ് ബുദ്ധി പ്രയോഗിച്ചത്.

ഈ തഴുകൽ കുറ്റപത്രത്തിന്റെ ചുവടുപിടിച്ച് താൻ യാതൊരു വ്യാജരേഖയും ചമച്ചിട്ടില്ലെന്നും തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ദോഹയിലെ എംബസിയാണ് പാസ്‌പോർട്ടിലെ തിരുത്തൽ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കണ്ടെത്തിയ സാഹചര്യത്തിൽ തനിക്കെതിരെ ചുമത്തിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465 ( വ്യാജ നിർമ്മാണം) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിതരേഖ അസ്സൽ പോലെ ഉപയോഗിക്കൽ) എന്നി കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദിച്ചു. കുറ്റപത്രത്തിലെ തുടർ നടപടികൾ റദ്ദാക്കണമെന്നും അപേക്ഷിച്ചു. എല്ലാ കൃത്യങ്ങളും തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടാം പ്രതിയാണ് ചെയ്തതെന്ന് കുറ്റപത്രത്തിൽ പൊലീസ് തന്നെ പറയുന്ന സാഹചര്യത്തിലും ജയചന്ദ്രനാണ് കൃത്യം ചെയ്തതെന്ന് പ്രോസിക്യൂഷന് കേസില്ലാത്തതിനാലും വ്യാജ നിർമ്മാണത്തിന് ജയചന്ദ്രനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്നു വകുപ്പുകളും ഹൈക്കോടതി ജസ്റ്റിസ് രാജാവിജയരാഘവൻ റദ്ദാക്കി. അതേ സമയം 1967 ലെ പാസ്‌പോർട്ട് നിയമത്തിലെ വകുപ്പ് 12 (1) (ബി) പ്രകാരം മാത്രം പ്രതിക്കെതിരെ നടപടി തുടരാം എന്നും വ്യക്തമാക്കി പ്രതി സമർപ്പിച്ച ക്രിമിനൽ മിസലേനിയസ് കേസ് തീർപ്പാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP