Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശതകോടീശ്വരനായ ബി.ആർ.ഷെട്ടിയുടെ രാജിയിൽ തീരില്ല എൻഎംസി ഹെൽത്തിലെ ശുദ്ധികലശം; സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്ങാടിനെയും പുറത്താക്കി; മഡിവാട്ടേഴ്‌സ് തുറന്നുവിട്ട സാമ്പത്തിക ക്രമക്കേടുകളുടെ മലവെള്ള പാച്ചിലിൽ പാലക്കാട്ടുകാരന്റെ പദവിയും തെറിച്ചതോടെ തെറ്റിയത് അഴിച്ചുപണി മുഖ്യഓഹരിഉടമകളിൽ ഒതുങ്ങുമെന്ന കണക്കുകൂട്ടൽ; സീനിയർ എക്‌സിക്യൂട്ടീവ് ടീമും മാറുമെന്ന ഉറപ്പായതോടെ എൻഎംസിയുടെ പോക്ക് എങ്ങോട്ടെന്ന് അറിയാതെ നിക്ഷേപകരും

ശതകോടീശ്വരനായ ബി.ആർ.ഷെട്ടിയുടെ രാജിയിൽ തീരില്ല എൻഎംസി ഹെൽത്തിലെ ശുദ്ധികലശം; സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്ങാടിനെയും പുറത്താക്കി; മഡിവാട്ടേഴ്‌സ് തുറന്നുവിട്ട സാമ്പത്തിക ക്രമക്കേടുകളുടെ മലവെള്ള പാച്ചിലിൽ പാലക്കാട്ടുകാരന്റെ പദവിയും തെറിച്ചതോടെ തെറ്റിയത് അഴിച്ചുപണി മുഖ്യഓഹരിഉടമകളിൽ ഒതുങ്ങുമെന്ന കണക്കുകൂട്ടൽ; സീനിയർ എക്‌സിക്യൂട്ടീവ് ടീമും മാറുമെന്ന ഉറപ്പായതോടെ എൻഎംസിയുടെ പോക്ക് എങ്ങോട്ടെന്ന് അറിയാതെ നിക്ഷേപകരും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: സാമ്പത്തിക ക്രമക്കേടുകളുടെ ചുഴിയിൽ പെട്ട യുഎഇ( അബുദബി)യിലെ എൻഎംസി ഹെൽത്തിൽ വീണ്ടും ശുദ്ധികലശം. സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്ങാടിനെ പൊടുന്നനെ പുറത്താക്കിയത് വ്യവസായ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മൈക്കിൾ ഡേവിസ് തൽക്കാലം സിഇഒയുടെ ചുമതല വഹിക്കും. എൻഎംസിയുടെ ബാലൻസ്ഷീറ്റ് സുതാര്യമല്ലെന്ന് അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മഡി വാട്ടേഴ്‌സ് മാനേജ്‌മെന്റിന് നേരേ വിരൽ ചൂണ്ടിയതിന് പിന്നാലെ, ശതകോടീശ്വരനായ ബി.ആർ.ഷെട്ടി എൻഎംസി ചെയർമാൻ പദവി ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ശുദ്ധികലശം വീണ്ടും തുടരുകയാണ്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ പ്രശാന്ത് ഷെണോയിയുടെ സിക്ക് ലീവ് നീട്ടുകയും ചെയ്തു.

എൻഎംസിയുടെ പ്രശ്‌നങ്ങൾ മുഖ്യ ഓഹരി ഉടമകളിൽ ഒതുങ്ങുമെന്ന വ്യവസായ നിരീക്ഷകരുടെ കണക്കുകൂട്ടലുകളാണ് ഇതോടെ തെറ്റിയിരിക്കുന്നത്. ബിആർ ഷെട്ടിയും രണ്ടു യുഎഇ പൗരന്മാരുമാണ് മുഖ്യ ഓഹരി ഉടമകൾ. 2018 ൽ മികച്ച സാമ്പത്തിക മുന്നേറ്റം എൻഎംസി കൈവരിച്ചത് പ്രശാന്ത് മങ്ങാട് സിഇഒ ആയിരിക്കെ പെട്ടെന്നുള്ള മാറ്റം പലരെയും അമ്പരപ്പിച്ചു. പ്രശാന്ത് മങ്ങാട് പുറത്തായതോടെ, സീനിയർ എക്‌സിക്യൂട്ടീവ് ടീമിലും അടിമുടി അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പായി. 2019 ലെ എൻഎംസിയുടെ വിപണിയിലെ പ്രകടന റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളു.

പ്രശാന്തിനെ പുറത്താക്കിയതോടെ എൻഎംസിയിൽ എന്താണ് നടക്കുന്നതെന്ന് അഭ്യൂഹങ്ങൾ ഏറി. ഓഹരി നിക്ഷേപകർക്ക് കാര്യങ്ങൾ വിശദീകരിക്കാൻ മാനേജ്‌മെന്റിന് കഴിയുന്നില്ല. ഷെട്ടിയുടെ ഓഹരികൾ അടക്കമുള്ള ആഭ്യന്തര കാര്യങ്ങളെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

ചാർട്ടേഡ് അക്കൗണ്ടന്റായ പ്രശാന്ത് മങ്ങാടിന്റെ എൻഎംസി ഹെൽത്തിലെ കുതിപ്പ് സമാനതകളിലാത്തതായിരുന്നു. കമ്പനിയുടെ ദൈനം ദിന പ്രവർത്തനത്തിന്റെ കടിഞ്ഞാൺ ഡോ.ഷെട്ടിയുടെ കൈയിൽ നിന്ന് കുടുംബത്തിന് പുറത്തുള്ള ഒരാളിലേക്ക് കൈമാറുന്ന ആ പ്രയാസമേറിയ കാലഘട്ടത്തിലാണ് പ്രശാന്ത് സിഇഒ ആയി വരുന്നത്. അഞ്ച് വർഷക്കാലം കൊണ്ട് 2 ബില്യൻ ദിർഹത്തിന് അൽ സഹറ ആശുപത്രി ഏറ്റെടുക്കൽ അടക്കം എൻഎംസിയെ യുഎഇ വിപണിയിൽ കരുത്തുറ്റതാക്കാൻ പ്രശാന്തിന് കഴിഞ്ഞു. 2018 ൽ റവന്യു 2 ബില്യൻ കടക്കുകയും, അറ്റലാഭം 251.9 ദശലക്ഷം കവിയകയും ചെയ്തു. ഇതുരണ്ടും കമ്പനിയുടെ റെക്കോഡ് നേട്ടങ്ങളുമായിരുന്നു. ഇത്രയും നേട്ടങ്ങൾ കൊണ്ടുവന്ന സിഇഒയെ പൊടുന്നനെ മാറ്റിയത് സീനിയർ എക്‌സിക്യൂട്ടീവ് ടീമിനെയും സംശയത്തിന്റെ നിഴലിലാക്കി. ഇത്രയും നാൾ നടന്നതിൽ പലതും സുതാര്യമല്ല എന്ന സംശയം നിക്ഷേപകർക്ക് ഉണ്ടായാൽ കുറ്റം പറയാനുമാവില്ല. ഇതെല്ലാം വിശദീകരിക്കാതെ മാനേജ്‌മെന്റ് മൗനം തുടരുകയുമാണ്.

എൻഎംസിയിൽ ഡപ്യൂട്ടി സിഇഒ, സിഎഫ്ഒ പദവികളും പ്രശാന്ത മങ്ങാട് വഹിച്ചിട്ടുണ്ട്. ഡോ.ഷെട്ടിയുടെ തന്നെ നിയോഫാർമയുടെയും സിഎഫ്ഒ ആയിരുന്നു. തന്റെ സഹോദരൻ പ്രമോദ് മങ്ങാടിനും മറ്റുകുടുംബാംഗങ്ങൾക്കുമൊപ്പം കേരളത്തിൽ നെന്മാറയിൽ പ്രശാന്ത് മങ്ങാട,് അവൈറ്റിസ് എന്ന ആശുപത്രി തുറന്നിട്ടുണ്ട്. ആശുപത്രി ഉദ്ഘാടനത്തിന് ഡോ.ഷെട്ടിയായിരുന്നു പ്രധാന അതിഥി.

ഡോ.ഷെട്ടിയുടെ രാജിയും അന്വേഷണവും

ഡിസംബർ മധ്യത്തിന് ശേഷം ഷെട്ടിയുടെ എൻഎംസി ഹെൽത്തിന്റെ ഓഹരി മൂല്യം 70 ശതമാനത്തിലേറെ ഇടിഞ്ഞിരിക്കുകയാണ്. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മഡി വാട്ടേഴ്സ് ഓഹരി പെരുപ്പിക്കൽ ആരോപണം ഉന്നയിച്ചതോടെയാണ് എൻഎംസിയുടെ ഓഹരി മൂല്യം ഇടിഞ്ഞത്. കമ്പനിയുടെ കോ ചെയർമാൻ പദവിയിൽ നിന്ന് ഫെബ്രുവരി 17 നാണ് ഷെട്ടി രാജി വച്ചത്. എൻഎംസി ബോർഡിന്റെ ആവശ്യപ്രകാരമായിരുന്നു രാജി. വൈസ് ചെയർമാൻ ഖലീഫ ബുട്ടി അടക്കം നാല് ബോർഡ് അംഗങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം എൻഎംസിയിൽ നിന്ന് പുറത്തുപോയത്. കമ്പനിയുടെ ബാലൻസ് ഷീറ്റും ഏറ്റെടുത്ത സ്ഥാപനങ്ങളുടെ മൂല്യവും പെരുപ്പിച്ചു കാട്ടിയെന്ന ആരോപണം എൻഎംസിയിലെ അഴിമതിയുടെ ലക്ഷണമെന്നാണ് മഡി വാട്ടേഴ്സിന്റെ സ്ഥാപകനായ കാൾസൺ ബ്ലോക്ക് പ്രതികരിച്ചത്.

പ്രശാന്ത് മങ്ങാട്

വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ ഷെട്ടി തന്നെ മുൻ എഫ്ബിഐ ഡയറക്ടറെ നിയോഗിച്ചിരുന്നു. എൻഎംസിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങളാണ് അന്വേഷിക്കുക. ടെസ്ല അടക്കം മറ്റുകമ്പനികൾക്കെതിരെയും ഇതുപോലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മഡി വാട്ടേഴ്സ് ഉന്നയിച്ചുവെന്നാണ് ഷെട്ടിയോട് അടുത്ത കേന്ദ്രങ്ങൾ ആരോപിക്കുന്നത്. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാനാണ് ഷെട്ടി ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജി വച്ചതെന്നാണ് ന്യായം. മാനേജ്മെന്റ് തലത്തിൽ കഴിഞ്ഞ നാലുവർഷമായി ഷെട്ടി സജീവമായിരുന്നില്ല. തന്റെ ഇന്ത്യൻ സംരംഭങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നത്. നിലവിലുള്ള സിഇഒ പ്രശാന്ത് മംഗട്ടാണ് കാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രി ശൃംഖല ലാഭത്തിലാണെന്നും ഷെട്ടിയുടെ വിശ്വസ്തർ പറയുന്നു. ആരോപണത്തെ കുറിച്ച് ഷെട്ടി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

എൻഎംസി ഹെൽത്തും, ധനകാര്യസേവന സ്ഥാപനമായ ഫിനബ്ലറും അടക്കമുള്ള കമ്പനികളിലെ ഷെട്ടിയുടെ ഓഹരി ഡിസംബർ 10 ലെ കണക്ക് പ്രകാരം 2.4 ബില്യനാണ്. അതിനിടെയാണ് മഡി വാട്ടേഴ്സിന്റെ ആരോപണം ഇരുട്ടടിയായത്.

യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള ആശുപത്രി ശൃംഖലയാണ് എൻഎംസി. സ്ഥാനത്തിന്റെ ഡയറക്ടർ, ജോയിന്റ് നോൺ എക്‌സിക്യൂട്ടിവ് ചെയർമാൻ സ്ഥാനങ്ങളാണ് ബി ആർ ഷെട്ടി രാജിവെച്ചത്. മഡ്ഡി വാട്ടേഴ്‌സ് ഓഹരി പെരുപ്പിക്കൽ ആരോപണം ഉയർത്തിയതാടെ എൻഎംസിയെ വളർത്തിയ പ്രമുഖ ഇന്ത്യൻ സംരംഭകൻ കടുത്ത സമ്മർദ്ദത്തിലായിരുന്നു.

ഹാനി ബുത്തിക്കി, അബ്ദുറഹ്മാൻ ബസ്സാദിക്ക് എന്നിവരും ഡയറക്ടർ സ്ഥാനമൊഴിഞ്ഞിരുന്നു. വൈസ് ചെയർമാനായ ഖലീഫ അൽ മുഹെയ്‌രി  രാജി വെച്ചിരുന്നു. ഷെട്ടിയെയും മുഹെയ്‌രിയെയും ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവിൽ ബോർഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്ജെ മാർക്ക് ടോംപ്കിൻസ് കമ്പനിയുടെ ഒരേയൊരു നോൺ എക്‌സിക്യൂട്ടിവ് ചെയർമാനായി തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP