Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം

കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം

ആർ പീയൂഷ്

കൊച്ചി: ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ അധ്വാനം വെറുതെയാകില്ല. കല്ലൂരിലെ സിബിഐ കോടതി മുറിയിൽ മഞ്ജു വാര്യർ അതി ശക്തമായ നിലപാട്. തന്റെ സുഹൃത്തായ പീഡിപ്പിക്കപ്പെട്ട നടിയ്‌ക്കൊപ്പം അടിയുറച്ച് നിന്ന മഞ്ജു വാര്യരുടെ നിലപാട് കുടുക്കുന്നത് മുൻ ഭർത്താവായ ദിലീപിനെയാണ്. ആക്രമിക്കപ്പെട്ട നടിയോട്‌ ദിലീപിന്‌
 കടുത്ത വ്യക്തി വൈരാഗ്യം ഉണ്ടെന്ന മൊഴി തന്നെയാണ് വിചാരണയിലും മഞ്ജു വാര്യർ നൽകിയത്.  ഇതോടെ പീഡനക്കേസിനൊപ്പം പ്രോസിക്യൂഷന്റെ ഗൂഢാലോചന തിയറിക്കും വിചാരണയിൽ കരുത്ത് കിട്ടും. മഞ്ജു വാര്യർ കൂറു മാറുമെന്ന ആശങ്ക പ്രോസിക്യൂഷനുണ്ടായിരുന്നു. ഇതെല്ലാം വെറും അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് മഞ്ജു നൽകിയത്. പ്രോസിക്യൂഷന്റെ മൊഴി എടുക്കലിൽ അതിശക്തമായ മനസ്സോടെയാണ് മഞ്ജു കാര്യങ്ങൾ എണ്ണി പറഞ്ഞതെന്നാണ് സൂചന. ഇതോടെ ദിലപീനെതിരായ കുരുക്ക് മുറുകുകയാണെന്ന് സിനിമാ ലോകവും തിരിച്ചറിയുകയാണ്.

പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം എന്തായാലും പ്രോസിക്യൂഷന് ചേർന്ന് നിന്നുള്ള മഞ്ജു വിന്റെ വാദങ്ങൾ കേസിന് ബലമേകും. മഞ്ജുവിനെ പ്രോസിക്യൂഷനിൽ നിന്ന് അകറ്റാൻ ശ്രമമുണ്ടെന്ന് ചില കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോട് മഞ്ജു പ്രതികരിച്ചുമില്ല. മൊഴി നൽകാൻ ഇന്നെത്തില്ലെന്നും പ്രചരണമുണ്ടായി. ഏവരേയും അത്ഭുതപ്പെടുത്തി വളരെ നേരത്തെ കോടതിയിൽ എത്തിയ മഞ്ജു മാധ്യമങ്ങളെ പോലും ഞെട്ടിച്ചു. പ്രോസിക്യൂട്ടറുടെ മുറിയിൽ എത്തി വിശദമായ ചർച്ച നടത്തി. അതിന് ശേഷമായിരുന്നു കോടതി മുറിയിലെത്തിയത്. ജഡ്ജി ഹണി വർഗ്ഗീസിന് മുമ്പിൽ അക്രമത്തിന് ഇരയായ പെൺകുട്ടിയോട് ദിലീപിന് വൈരാഗ്യം ഉണ്ടാകാനിടയാക്കിയ കാര്യകാരണങ്ങൾ അക്കമിട്ട് നിരത്തി. ക്രിമിനൽ ഗൂഢാലോചനയെന്ന തന്റെ പഴയ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നതിന്റെ സൂചനകളാണ് ആ മൊഴിയിൽ നിറഞ്ഞതെന്നാണ് സൂചന. രഹസ്യ വിചാരണയാണ് നടക്കുന്നത്. ഇരയുടെ താൽപ്പര്യം കണക്കിലെടുത്താണ് ഇത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഈ മൊഴിയും തൽകാലം രഹസ്യമായി തുടരും.

രാവിലെ ഒൻപതരയോടെയാണ് മഞ്ജു കോടതിയിൽ എത്തിയത്. സാക്ഷി മൊഴി രേഖപ്പെടുത്തൽ ഒരു മണി വരെ നീണ്ടു. അതിന് ശേഷം ഇടവേള. ഈ സമയം ദിലീപ് കോടതിക്ക് പുറത്തു പോയി. എന്നാൽ മഞ്ജു കോടതി പരിസരം വിട്ട് പുറത്ത് പോയില്ല. ആഹാരം പോലും കോടതിക്കുള്ളിലാക്കി. പ്രതിഭാഗത്തിന്റെ സാക്ഷി വിസ്താരം ഉള്ളതു കൊണ്ടായിരുന്നു ഇത്. സിദ്ദിഖും ബിന്ദു പണിക്കരും ഇന്ന് സാക്ഷി മൊഴി നൽകേണ്ടതുണ്ട്. ഇവരുടെ പൊലീസിനോട് പറഞ്ഞത് ആവർത്തിച്ചാൽ സിനിമാ ലോകത്തിന്റെ മനസ്സ് ആർക്കൊപ്പമാണെന്ന് വ്യക്തമാകും. മഞ്ജുവിന്റെ മൊഴി ഇരയുടെ അഭിമാനം സംരക്ഷിക്കുന്നതായതോടെ സംയുക്താ വർമ്മയും കുഞ്ചാക്കോ ബോബനുമെല്ലാം പ്രോസിക്യൂഷനോട് ചേർന്ന് നിൽക്കുമെന്ന സൂചനയാണ് കിട്ടുന്നത്. ഇതും ദിലീപിന് കടുത്ത തിരിച്ചടിയാണ്. പൾസർ സുനിയെ കേസിൽ കുടുക്കാനുള്ള തെളിവെല്ലാം വിചാരണയിൽ പൊലീസ് അവതരിപ്പിച്ചു കഴിഞ്ഞു. എന്നാൽ ഗൂഢാലോചന വാദത്തിൽ ദിലീപിനെ തളയ്ക്കാൻ സിനിമാക്കാരുടെ മൊഴി അനിവാര്യതയാണ്.

നേരത്തെ മഞ്ജു അടക്കമുള്ളവരുടെ മൊഴി മജിസ്‌ട്രേട്ടിന് മുമ്പിലും പൊലീസ് രേഖപ്പെടുത്തിയിരുന്നതായാണ് സൂചനകൾ. അന്ന് മഞ്ജു നൽകിയ അതേ കാര്യങ്ങൾ അക്കമിട്ട് വീണ്ടും നിരത്തുകയാണ് ഇന്നുണ്ടായത്. പ്രതിക്കൂട്ടിൽ പൾസർ സുനിക്കൊപ്പം ദിലീപുമുണ്ടായിരുന്നു. ആദ്യ ഭാര്യയുടെ മൊഴി തനിക്കെതിരാകുമെന്ന് മനസ്സിലാക്കി തന്നെയാണ് ദിലീപ് ഇന്ന് കോടതിയിൽ എത്തിയത്. ഏതായാലും ആരുടേയും സ്വാധീനങ്ങൾക്ക് താൻ വഴങ്ങിയില്ലെന്ന് തെളിയിക്കുകയാണ് മഞ്ജു. പെരുമ്പാവൂർ സിഐ ആയിരിക്കെ ബൈജു പൗലോസാണ് ദിലീപിനെ അറസ്റ്റ് ചെയ്തതും മറ്റ് തെളിവുകൾ കണ്ടെത്തിയതും. പല സമ്മർദ്ദങ്ങളുണ്ടായിട്ടും എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു. ഇതാണ് ദിലീപിനെ 84 ദിവസം അഴിക്കുള്ളിലാക്കിയത്. അഡ്വക്കേറ്റ് രാമൻപിള്ളയാണ് ദിലീപിന് ജാമ്യം എടുത്ത് നൽകിയത്. രാമൻപിള്ളയുടെ വാദങ്ങൾ തനിക്ക് മോചനമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ് ഇപ്പോഴും.

ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തുന്നത് 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിലായിരുന്നു.. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോൾ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി. അതുകൊണ്ട് തന്നെ ഈ കോടതി മുറി ദിലീപിനും മഞ്ജുവിനും എന്നും ജീവിതത്തിൽ നിർണ്ണായകമാണ്. 2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂർത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവർത്തിച്ച മുറി എറണാകുളം പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷൻസ് കോടതിയിലാണ് നടേക്കണ്ടിയിരുന്നത്. എന്നാൽ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. ഇതോടെ കേസ് ജഡ്ജി ഹണി വർഗ്ഗീസിന് മുമ്പിലെത്തി. അങ്ങനെ ദിലീപും മഞ്ജുവും വീണ്ടും ഈ കോടതി മുറിയിൽ എത്തി.

രാവിലെ ഒൻപതരയോടെ തന്നെ മഞ്ജു കോടതിയിലെത്തി. കറുത്ത ചുരിദാറിൽ ചിരിച്ച മുഖം. പത്രക്കാരെല്ലാം വരുന്നതിന് മുമ്പ് തന്നെ എത്തിയത് തിരക്കും മറ്റും ഒഴിവാക്കാനാണ്. പിന്നീട് സിദ്ദിഖും ബിന്ദു പണിക്കരും എത്തി. ഖദർ മുണ്ടും ഷർട്ടുമായിരുന്നു സിദ്ദിഖിന്റെ വേഷം. സായി കുമാറിനൊപ്പമാണ് ബിന്ദു പണിക്കർ കോടതിയിൽ എത്തിയത്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലെ ലുക്കിലാണ് ദിലീപ് കോടതിയിൽ എത്തിയത്. മഞ്ജു വാര്യർ വരുന്നതിനാൽ ദിലീപ് അവധി അപേക്ഷ നൽകുമോ എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ കോടതിയിലെ പ്രതിക്കൂട്ടിൽ നിൽക്കാനായിരുന്നു ദിലീപിന്റെ തീരുമാനം. ഇതോടെ വിവാഹ മോചനം നേടിയെടുത്ത ആ മുറിയിൽ നടനും നടിയും വീണ്ടും ഒരുമിച്ചെത്തി. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. താര സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യർ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു.

നാളെ ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവരും മറ്റന്നാൾ സംവിധായകൻ ശ്രീകുമാർ മേനോനും മാർച്ച് നാലിനു റിമി ടോമയും മൊഴി നൽകാനെത്തും. കുഞ്ചാക്കോ ബോബനും നാളെ എത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. സിനിമാക്കാർ കേസിൽ കൂറുമാറുന്നുണ്ടോ എന്ന് ഇന്ന് മുതൽ വ്യക്തമായി തുടങ്ങും. അതുകൊണ്ടായാൽ കേസിൽ ദിലീപിന് അനുകൂലമായി വിധിയുണ്ടാകാനാണ് സാധ്യത. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാൻ സിനിമാക്കാരുടെ മൊഴി നിർണ്ണായകമാണ്. ആക്രമിക്കപ്പെട്ട നടിയുമായും പ്രതി ദിലീപുമായും ഒരേപോലെ ബന്ധവും പരിചയവും ഉള്ളവരാണു മൊഴി കൊടുക്കാനെത്തുന്ന താരങ്ങൾ. ആദ്യം പൾസർ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ടുപോയത്. പിന്നീട് ദിലീപും കേസിൽ പ്രതിയായി. ഈ സാഹചര്യത്തിൽ സിനിമാക്കാരുടെ മൊഴി നിർണായകമാണ്. പൾസർ സുനിക്കെതിരായ കുറ്റം തെളിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ. ദൃശ്യങ്ങൾ തെളിവായുള്ളതാണ് ഇതിന് കാരണം. ഇന്നലെ 13 പേരുടെ വിസ്താരമാണു നടന്നത്. നടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വണ്ടിയുടെ ഉടമ, വാടകയ്ക്കു വണ്ടിയെടുത്തയാൾ, ഫോൺ വാങ്ങിക്കൊടുത്തയാൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

താരങ്ങളിൽ പലരും നേരത്തെ മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. വിസ്താര സമയത്ത് ഇവർ ഇതേ മൊഴി ആവർത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികൾ കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം ആക്രമണത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. പിന്നീട് മാസങ്ങൾക്ക് ശേഷം പൾസർ സുനിയും ദിലീപിനെ കേസിലേക്ക് കൊണ്ടു വരുന്ന മൊഴി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP