Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുവായൂർ പത്മനാഭന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞു നടൻ ശങ്കറിന്റെ ഭാര്യ; ആനപ്രേമികളുടെ ആവേശമായ കാരണവർ വിട വാങ്ങിയപ്പോൾ വീട്ടുകാരിൽ ഒരാളെ നഷ്ടമായ സങ്കടത്തിൽ ചിത്രാലക്ഷ്മിയും; പത്മനാഭൻ അവശനായപ്പോൾ കുറുംതോട്ടി എത്തിയത് തുലാഭാരം നടത്താൻ വന്ന ഭക്തനിലൂടെ

കെ ആർ ഷൈജുമോൻ, ലണ്ടൻ

വൻട്രി: ഒറ്റപ്പാലം എരണത്തു പുത്തൻവീട് തറവാട്ടിലെ പടികടന്നാണ് പത്മനാഭൻ ഗുരുവായൂരിൽ എത്തുന്നത്. അതോടെ തലയെടുപ്പിലേക്ക് ഒക്കെ വളരെ സാവധാനം നടന്നു തുടങ്ങിയിരുന്ന 14 വയസുകാരൻ ഗുരുവായൂർ പത്മനാഭനായി. പിന്നീട് അറുപതു വർഷത്തിലേറെ ഗുരുവായൂരപ്പന്റെ പ്രിയ സേവകനായി മാറിയപ്പോഴേക്കും ഗജരത്നം പദവിയുമായി. പത്മനാഭൻ ഏറ്റവും അധികം ഏക്കം വാങ്ങുന്ന ആനകളിൽ ഒരാളായി മാറുമ്പോഴും ഒറ്റപ്പാലം എരണത്തു വീട്ടിലെ അംഗങ്ങൾക്കെല്ലാം അവൻ പഴയ കുട്ടിക്കുറുമ്പൻ തന്നെ ആയിരുന്നു.

ആറു വർഷം മുൻപ് ഗുരുവായൂർ പൗരാവലി പത്മനാഭനെ ആറു പതിറ്റാണ്ട് ഗുരുവായൂരപ്പനെ സേവ ചെയ്തതിന് ആദരവ് ഒരുക്കിയപ്പോഴും എരണത്തു വീട്ടിലെ അംഗങ്ങളും ഒത്തുകൂടിയിരുന്നു. അന്ന് ആ വിശേഷങ്ങൾ സന്തോഷത്തോടെ ബ്രിട്ടീഷ് മലയാളി വായനക്കാരുമായി പങ്കുവച്ച യുകെ മലയാളികളുടെ പ്രിയപ്പെട്ട നർത്തകി ചിത്രാലക്ഷ്മി ഇന്നലെ വാർത്ത നൽകാൻ വിളിച്ചത് പത്മനാഭന്റെ വിയോഗ നഷ്ടം പങ്കിടാൻ വേണ്ടിയാണ്.

''എന്റെ അച്ഛനും വലിയച്ഛനും കൂടിയാണ് പത്മനാഭനെ ഗുരുവായൂരിൽ എത്തിക്കുന്നത്. ദേവസ്വം രേഖകളിൽ പറയുന്നത് 1954 എന്നാണ്. എനിക്കൊക്കെ പറഞ്ഞു കേട്ട അറിവുകളെ ഉള്ളൂ. എന്നാൽ അക്കാലത്തൊക്കെ ആനകൾ കുറവായതിനാലും വരുമാനത്തിനായും ഞങ്ങളുടെ നാടായ ഒറ്റപ്പാലത്തും മറ്റും പത്മനാഭൻ ഉത്സവങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കുമായി എത്തുമായിരുന്നു. എപ്പോൾ അതുവഴി പോയാലും വീട്ടിൽ വന്നു ഒരു ദിവസം അന്തിയുറങ്ങാതെ ആനയും ആനക്കാരും മടങ്ങാറില്ല. ഒരിക്കൽ പുതിയ പാപ്പാനുമായാണ് ആന ഒറ്റപ്പാലത്തു വന്നത്. മടങ്ങാൻ നേരം ആന പാപ്പാൻ പറഞ്ഞ വഴിയേ മടങ്ങാതെ നേരെ വീട്ടിലേക്ക് എത്തുക ആയിരുന്നു. അപ്പോഴാണ് പാപ്പാനും കാര്യം പിടികിട്ടിയത്. ഏറെ വിസ്മയത്തോടെയേ പദമനാഭന്റെ കാര്യങ്ങൾ കേട്ടിരിക്കാൻ പോലും കഴിയൂ. എപ്പോൾ നാട്ടിൽ പോയാലും പത്മനാഭനെ കാണാതെ മടക്കമില്ല. അവസാനം കണ്ടതും കഴിഞ്ഞ വർഷം നാട്ടിൽ എത്തിയപ്പോൾ'', ഒറ്റ ശ്വാസത്തിൽ തങ്ങളുടെ വീട്ടിലെ അംഗം ആയിരുന്ന പത്മനാഭനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ചിത്രാലക്ഷ്മി. പത്മനാഭന്റെ അറുപതാം വാർഷിക ദിവസം ആറു വർഷം മുൻപ് ആഘോഷിച്ചപ്പോൾ എരണത്തു വീട്ടിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ പോയത് തനിക്കു മാത്രം ആണെന്ന് ചിത്ര ടീച്ചർ വേദനയോടെ പങ്കിടുന്നു. ദേവസ്വം ക്ഷണം ലഭിച്ചു അമേരിക്ക, ആഫ്രിക്ക, ദുബൈ എന്നിവിടങ്ങളിൽ ഉള്ള സഹോദരങ്ങൾ എല്ലാം പത്മനാഭനെ ആദരിക്കാൻ ഗുരുവായൂരിൽ എത്തിയപ്പോൾ ചിത്രാ ലക്ഷ്മിക്ക് നഷ്ടമായത് ജീവിതത്തിലെ ഒരപൂർവ നിമിഷം തന്നെയാണ്. അമ്മ പത്മാവതി തറവാട്ട് പ്രതിനിധി ആയി ചടങ്ങുകളിൽ മുഖ്യ സ്ഥാനം അലങ്കരിച്ചത് ഏറെ സന്തോഷം പകരുന്നു എന്നും ടീച്ചർ കൂട്ടിച്ചേർക്കുന്നു. തനിക്കു പങ്കെടുക്കാൻ ആയില്ലെങ്കിലും ഭർത്താവ് ശങ്കർ, അദേഹത്തിന്റെ അമ്മ എന്നിവരൊക്കെ ചടങ്ങിൽ പങ്കാളികൾ ആയതും ഓർമ്മയിലേക്കുള്ള മനോഹര ചിത്രമായി പരിണമിച്ചിരിക്കുന്നു.

ആന വിടപറഞ്ഞ നിമിഷം തന്നെ വിവരമറിഞ്ഞു ഒറ്റപ്പാലത്തു നിന്നും ചിത്രയുടെ സഹോദരൻ ചിത്രേഷ് അടക്കമുള്ള കുടുംബാംഗങ്ങൾ പത്മനാഭന് അശ്രുപൂജ അർപ്പിക്കാൻ ഗുരുവായൂരിലെത്തി. രണ്ടാഴ്ച മുൻപും തന്റെ പിറന്നാൾ ദിനത്തിൽ അമ്പലത്തിൽ എത്തിയപ്പോൾ പത്മനാഭനെ കണ്ട കാര്യം ചിത്രേഷും ഓർമ്മിക്കുന്നു. ''കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരുന്ന സമയമത്താണ് ഞാൻ ആനയെ കാണുന്നത്. എന്റെ കയ്യിൽ ഇരുന്ന പഴം അവകാശം പറ്റുന്ന പോലെ ആന വാങ്ങിച്ചെടുക്കുക ആയിരുന്നു, എപ്പോഴും അങ്ങനെയാണ്. പഴം കിട്ടിയാൽ സ്നേഹം കാണിക്കുന്ന ഒരു പ്രത്യേക ശബ്ദമുണ്ട്. അത് ഇത്തവണയും മുടക്കിയില്ല.

പിന്നീടാണ് പ്രായാധിക്യം മൂലമുള്ള അവശത ഉണ്ടാകുന്നത്. കേരളത്തിലെ പ്രമുഖരായ ആന ചികിത്സകരിൽ പലരും പത്മനാഭനെ കണ്ടിരുന്നു. ഒടുവിൽ ആവണപ്പറമ്പ് നമ്പൂതിരി പത്മനാഭന് വാതത്തിന്റെ പ്രയാസങ്ങൾ ഉണ്ടെന്നു കണ്ടു കുറുംതോട്ടി കഷായം നിർദ്ദേശിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് കറുംതോട്ടി കിട്ടാനില്ല എന്നത് പ്രയാസമായി. ഒടുവിൽ ഈശ്വര കടാക്ഷം പോലെ ആരോ ഒരാൾ തുലാഭാരം നടത്താൻ എത്തി. അപൂർവ്വമായി കാണാൻ സാധിക്കുന്ന കുറുംതോട്ടി കൊണ്ടാണ് തുലാഭാരം ചടങ്ങ്. ഈ കുറുംതോട്ടി പിന്നീട് പത്മനാഭനുള്ള കഷായമായി മാറുക ആയിരുന്നു. എന്നാൽ പ്രായാധിക്യം കടുത്തപ്പോൾ മരുന്നിനും വിധിയെ തടുക്കാനായില്ല. പക്ഷെ പത്മനാഭന് കുറുംതോട്ടി ആവശ്യമായി വന്നപ്പോൾ ഭഗവൻ തന്നെ എത്തിച്ചതാണ് എന്ന് വിശ്വസിക്കാൻ തന്നെയാണ് എന്നെ പോലെയുള്ള ആന പ്രേമികൾക്ക് ഇഷ്ടം'', ഇന്നലെ ഗുരുവായൂരിൽ എല്ലാവരും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ചിത്രേഷ് സൂചിപ്പിച്ചു.

കേരളത്തിൽ ചന്തം തികഞ്ഞ ആനകൾ പലതും മറുനാട്ടുകാർ ആണെങ്കിൽ പത്മനാഭൻ തനി മലയാളിയാണ്. ആസാമിയും ബിഹാറിയും ഒക്കെ ആനകൾക്കിടയിൽ തലയെടുപ്പ് കാട്ടുമ്പോൾ നിലമ്പൂർ കാടിന്റെ മകനായാണ് പത്മനാഭൻ ജനിക്കുന്നത്. പിന്നീട് നിലമ്പൂർ കോവിലകത്ത് എത്തി. അവിടെ നിന്നും ആലത്തൂരിലെ സ്വാമി പത്മനാഭനെ വാങ്ങി. തറവാട്ടിലെ വഴിപാട് എന്ന നിലയിൽ ചിത്രാലക്ഷ്മിയുടെ അമ്മൂമ്മ ലക്ഷ്മിയമ്മയാണ് ആനയെ നടക്കിരുത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്.

തുടർന്ന് മക്കളായ ഇ പി മാധവൻ നായരും ഇ പി അച്യുതൻ നായരും കൂടി ആനയെ വാങ്ങി തറവാട്ടിൽ എത്തി. അവിടെ ഒരാഴ്ചയേ നിന്നുള്ളൂ. അക്കാലത്തു പട്ടാമ്പിയിൽ പാലം ഒന്നും വന്നിട്ടില്ല. പല ദിക്കുകൾ താണ്ടി ഒരാഴ്ച നടന്നാണ് ഒറ്റപ്പാലത്തു നിന്നും നടയ്ക്കിരുത്താൻ പത്മനാഭൻ ഗുരുവായൂരിൽ എത്തുന്നത്. സാധാരണ ആനകൾ 65 നും 75 നും വയസു വരെ മാത്രം ജീവിച്ചിരിക്കാൻ സാധ്യത ഉള്ളപ്പോഴാണ് പത്മനാഭൻ 80 പിന്നിട്ടിട്ടും കാര്യമായ അവശതകൾ ഇല്ലാതെ അവസാന നാളുകളും പൂർത്തിയാക്കിയത്. ഗുരുവായൂർ കേശവൻ അറുപതു പിന്നിട്ടപ്പോൾ ചെരിഞ്ഞു എന്നാണ് കേട്ടിട്ടുള്ളതെന്നും ചിത്രേഷ് സൂചിപ്പിച്ചു.

അഴകിന്റെ പൂർണത മുഴുവൻ ഒത്തിണങ്ങിയ പത്മനാഭന് 1962 മുതൽ ഏകാദശിക്കും ആറാട്ട് എഴുന്നള്ളത്തിനും ഭഗവാന്റെ സ്വർണ തിടമ്പ് എഴുന്നെള്ളിക്കാൻ ഉള്ള നിയോഗം ഒരു അവകാശമായി മാറിയിരുന്നു. ക്ഷേത്രത്തിലെ സകല ചടങ്ങുകളും ചിട്ടകളും ഹൃദ്യസ്ഥമാക്കിയ പത്മനാഭനെ ഐരാവതത്തിന്റെ പുനർ ജന്മം ആണെന്ന് വരെ ഭക്തർ വിശേഷിപ്പിക്കുന്നു. അത്രയ്ക്ക് ക്ഷമയും തഴക്കവും ക്ഷേത്ര കാര്യങ്ങളിൽ ഈ കരിവീരൻ സ്വന്തമാക്കിയിരുന്നു. പാപ്പാന്റെ നിർദ്ദേശം പോലും ഇല്ലാതെ ചടങ്ങുകൾ പൂർത്തീകരിക്കുന്ന പത്മനാഭൻ കാണുന്നവരിൽ അത്ഭുതത്തിന്റെ മറുവാക്കായി മാറുകയാണ്. ക്ഷേത്ര ചടങ്ങുകൾക്കിടയിൽ ഒരിക്കൽ പോലും ഭംഗം വരുത്തുന്ന തരത്തിൽ കുറുമ്പ് കാട്ടാൻ പത്മനാഭൻ അവസരം ഒരുക്കിയിട്ടില്ല എന്നതും പ്രത്യേകതയാണ്.

ആന ശാസ്ത്രം വിവരിക്കുന്ന മാതംഗ ലീല വർണിക്കുന്ന സകല ലക്ഷണങ്ങളും ഒത്തിണങ്ങിയ ആനയാണ് പത്മനാഭൻ. 16 വർഷം മുൻപ് കേരളത്തിലെ ഒരാനക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഏക്ക സംഖ്യയായ 2 22 222 രൂപ നെന്മാറ വല്ലങ്ങി വേലയ്ക്കു സ്വന്തമാക്കി ചരിത്രത്തിൽ സ്ഥാനം പിടിക്കാനും ഈ കൊമ്പന് കഴിഞ്ഞു. അക്കാലത്തു വെറും 33 333 രൂപ മാത്രം പത്മനാഭന് ഏക്കം ഉണ്ടായിരുന്നപ്പോളാണ് വാശിക്ക് നടന്ന ലേലം വിളിയിൽ ഏക്ക തുക കുതിച്ചുയർന്നത്.

ആദ്യം ആനയെ ഗുരുവായൂരിൽ തന്നെ ശവദാഹം നടത്താൻ പറ്റുമോ എന്ന് അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഇന്ന് കോടനാട് ആന പരിശീലന കേന്ദ്രത്തിനു സമീപം നടത്താം എന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ലക്ഷണം ഒത്ത ആന എന്നതിലുപരി ഏറ്റവും അനുസരണ ഉള്ള ആനയും കൂടി ആയിരുന്നു പത്മനാഭൻ. ഏറെ പ്രസിദ്ധനായ ഗുരുവായൂർ കേശവനെ പലപ്പോഴും ഓർമ്മിപ്പിക്കുന്നതായിരുന്നു പത്മനാഭന്റെ രീതികളും. ഏറെ ലക്ഷണം തികഞ്ഞ ആനകൾ ഉണ്ടായിട്ടും ഉത്സവത്തിനും ഏകാദശിക്കും ഒക്കെ തിടമ്പേറ്റാൻ പത്മനാഭൻ തന്നെ വേണമായിരുന്നു.

ഇക്കഴിഞ്ഞ ഏകാദശിക്കും പത്മനാഭൻ ഗുരുവായൂരപ്പന്റെ സാരഥി ആയിരുന്നു. ഇന്ന് ഉത്സവവും ആയി ബന്ധപ്പെട്ടു കലശം തുടങ്ങാൻ ഇരിക്കെയാണ് പത്മനാഭന്റെ വിയോഗം. അഞ്ചു നാൾ കഴിഞ്ഞാൽ കോലം വഹിച്ച് ഉത്സവത്തിന് ശീവേലിക്കും ആറാട്ടിനും ഒക്കെ മുന്നിൽ നിൽക്കേണ്ടത് പത്മനാഭൻ ആയിരുന്നു എന്ന് ആനപ്രേമികൾ ഏറെ സങ്കടത്തോടെ ഓർമ്മിക്കുന്നു. പണ്ട് ഗുരുവായൂർ കേശവൻ ചരിഞ്ഞതും ഉത്സവനാളുകളോട് അനുബന്ധിച്ചാണെന്ന് പറയപ്പെടുന്നു. കരഞ്ഞും പരിതപിച്ചും നാരായണ നാമം ചൊല്ലിയും ആയിരങ്ങളാണ് പത്മനാഭന് പ്രണാമം അർപ്പിക്കാൻ ഇന്നലെ ഗുരുവായൂരിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP