Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് കുട്ടി... ഇറങ്ങിവാടാ... ളീ...നിന്റെ തല ഞങ്ങൾ അടിച്ചു പൊട്ടിക്കും! ചോര നീരാക്കി ഗൾഫിൽ സമ്പാദിച്ചതിൽ വാങ്ങിയത് പഴയ ആറു കടമുറികൾ; അതിന് മുകളിൽ വീടു കെട്ടാൻ അനുമതി നൽകിയത് പഞ്ചായത്ത്; പരാതിയുമായി സിപിഐ എത്തിയപ്പോൾ പണി തടയാൻ സെക്രട്ടറി വന്നത് പൊലീസുമായി; ട്രിബ്യൂണലിന്റെ അനുമതി നേടിയപ്പോൾ രാത്രിയിൽ അയച്ചത് വെട്ടുകത്തിയും കമ്പിപ്പാരകളുമായി ഗുണ്ടാസംഘത്തെ; പ്രവാസിയുടെ വീടെന്ന സ്വപ്നം മൈനാഗപ്പള്ളി പഞ്ചായത്ത് ബന്ധനത്തിലാക്കിയ കഥ

തോമസ് കുട്ടി... ഇറങ്ങിവാടാ... ളീ...നിന്റെ തല ഞങ്ങൾ അടിച്ചു പൊട്ടിക്കും! ചോര നീരാക്കി ഗൾഫിൽ സമ്പാദിച്ചതിൽ വാങ്ങിയത് പഴയ ആറു കടമുറികൾ; അതിന് മുകളിൽ വീടു കെട്ടാൻ അനുമതി നൽകിയത് പഞ്ചായത്ത്; പരാതിയുമായി സിപിഐ എത്തിയപ്പോൾ പണി തടയാൻ സെക്രട്ടറി വന്നത് പൊലീസുമായി; ട്രിബ്യൂണലിന്റെ അനുമതി നേടിയപ്പോൾ രാത്രിയിൽ അയച്ചത് വെട്ടുകത്തിയും കമ്പിപ്പാരകളുമായി ഗുണ്ടാസംഘത്തെ; പ്രവാസിയുടെ വീടെന്ന സ്വപ്നം മൈനാഗപ്പള്ളി പഞ്ചായത്ത് ബന്ധനത്തിലാക്കിയ കഥ

എം മനോജ് കുമാർ

കൊല്ലം: സ്വന്തമായി വീടില്ലാത്തതിനാൽ കൈവശമുള്ള കടമുറിക്ക് മുകളിൽ വീട് പണിത പ്രവാസി മലയാളിക്ക് മൈനാഗപ്പള്ളി പഞ്ചായത്തിന്റെ വക ഇരുട്ടടി. കടമുറികൾക്ക് മുകളിലെ വീടിനു ആദ്യം ലൈസൻസ് നൽകിയ പഞ്ചായത്ത് തന്നെയാണ് സിപിഐയിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദം വന്നപ്പോൾ ചുവട് മാറ്റിയത്. പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമോകൾ വീടിനു ബന്ധനം തീർത്തപ്പോൾ ഹൈക്കോടതിയെയും പഞ്ചായത്ത് ട്രിബ്യൂണലിനെയും സമീപിച്ച് വീട് പണി മുഴുമിപ്പിക്കാൻ വഴി തെളിയുമോ എന്നുള്ള അന്വേഷണത്തിലാണ് പ്രവാസി മലയാളിയായ സാമുവൽ തോമസ് കുട്ടി. പ്രായവും രോഗങ്ങളും അലട്ടുന്ന തോമസ് കുട്ടിക്ക് ഈയിടെ ഒരു ബൈപ്പാസ് സർജറികൂടി കഴിഞ്ഞിട്ടുണ്ട്. പക്ഷെ വീട് പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ രോഗം മൂലമുള്ള അവശതകൾ അവഗണിച്ച് അതിന്റെ കുരുക്കഴിക്കാനുള്ള ഓട്ടത്തിലാണ് സാമുവൽ തോമസ്‌കുട്ടിയിപ്പോൾ. സിപിഎമ്മും കോൺഗ്രസും ബിജെപിയുമോന്നും പ്രശ്‌നമുണ്ടാക്കാത്തപ്പോൾ റവന്യൂവകുപ്പ് ഭരിക്കുന്ന സിപിഐയിൽ നിന്നുള്ള ഭീഷണിയാണ് പ്രവാസി മലയാളി നേരിടുന്നത്.

പ്രവാസിയുടെ വീടിനു രണ്ടു വശവും റോഡുകളുണ്ട്. ഒന്ന് പഞ്ചായത്ത് റോഡും രണ്ടാമത് പിഡബ്ല്യുഡി റോഡും. കടമുറികൾ ഇരുപത്തിയെട്ട് വർഷം പഴക്കമുണ്ട്. കടമുറി റോഡിനോട് ചേർന്നാണ്. അതിനാൽ നിയമതടസം കടമുറികൾക്കില്ല. സ്വന്തമായി വീടില്ലാത്തതിനാൽ കടമുറികൾക്ക് മുകളിൽ വീടെടുക്കാൻ കഴിയുമോ എന്നാണ് തോമസ്‌കുട്ടി ആലോചിച്ചത്. ഇപ്പോൾ കടയോടു ചേർന്നുള്ള ചെറിയ മുറിയിലാണ് പ്രവാസിയും ഭാര്യയും കഴിയുന്നത്. അത് ഒരു മുറിമാത്രമാണ്. കുട്ടികൾ വന്നാൽ ഇവിടെ തങ്ങാൻ കഴിയില്ല. അതിനാലാണ് വീട് ആലോചിച്ചത്. കഴിഞ്ഞ ഫെബ്രുവരിയാണ് വീട് പണി തുടങ്ങിയത്. പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ അവർ വീട് പണിക്ക് അനുമതി നൽകുകയും ചെയ്തു. പ്രാദേശിക സിപിഐയിലെ ചിലരാണ് വീടിന്റെ ചില ഭാഗങ്ങൾ വീടിലേക്ക് തള്ളി നിൽക്കുന്നത് എന്ന് കണ്ടുപിടിച്ചത്. പക്ഷെ ഒരു വിട്ടുവീഴ്ചയ്ക്കും പ്രാദേശിക സിപിഐ പ്രവർത്തകർക്ക് മുന്നിൽ പ്രവാസി വഴങ്ങിയില്ല. റവന്യൂ വകുപ്പ് ഭരിക്കുന്നത് സ്വന്തം പാർട്ടിയാണ്. ആ പാർട്ടിയോടോ പ്രവാസിയുടെ കളി എന്ന രീതിയിൽ പ്രശ്‌നമുണ്ടാക്കിയ ചിലർ പഞ്ചായത്തിനെ സമീപിച്ചു. ഇതോടെ പരാതികളുടെ ബഹളമായി. വീടില്ലാത്ത ഒരു പ്രവാസിയാണ് സ്വന്തം കടമുറികൾക്ക് മുകളിൽ വീട് പണിയുന്നത് എന്നൊന്നും ആരും ഗൗനിച്ചില്ല. ഇത് ഒരു രാഷ്ട്രീയക്കളിയായി മാറിയിരുന്നു.

സിപിഐയിലെ ചിലർ ഇടപെട്ടതോടെ മൈനാഗപ്പള്ളി പഞ്ചായത്ത് ഒരു സ്റ്റോപ്പ് മെമോ നൽകി. ഇതോടെ വീട് പണിക്ക് ഉടക്കുവീണു. വീടില്ലാത്ത ഒരു പ്രവാസിയുടെ വീടുപണിയാണ് മുടക്കുന്നത് എന്ന് മനസിലായതോടെ പഞ്ചായത്ത് പ്രസിഡനറും സെക്രട്ടറിയും അലിഞ്ഞു. വീട് പണി തുടർന്നോളാൻ ഇവർ ഗ്രീൻ സിഗ്‌നൽ നൽകി. അതോടെ പണി വീണ്ടും തുടങ്ങി. സിപിഐയിലെ ചിലർ വീണ്ടും രംഗത്ത് വന്നു. അവർ പഞ്ചായത്തിൽ പോയതോടെ വീണ്ടും സ്റ്റോപ്പ് മെമോ നൽകി. രണ്ടു സ്റ്റോപ്പ് മെമോ വന്നതോടെ തോമസ് കുട്ടി പഞ്ചായത്ത് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ പഞ്ചായത്ത് സ്റ്റോപ്പ് മെമോ സ്റ്റേ ചെയ്തു. ഇതോടെയാണ് പണി വീണ്ടും മുടങ്ങിയത്. അതിന്നിടയിൽ വീട് പണിക്ക് അനുകൂലമായി നിന്ന ആദ്യ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റുകയും ചെയ്തു. പുതിയ സെക്രട്ടറി പൊലീസിനെയും കൂട്ടിയാണ് വന്നത്. ജോലിക്കാർക്ക് ജോലി നിർത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ പണി വീണ്ടും മുടങ്ങി. ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയിട്ടുണ്ട് എന്നാണ് തോമസ് കുട്ടി മറുനാടനോട് പറഞ്ഞത്. അതിനാൽ എങ്ങിനെയും പണി വീണ്ടും തുടങ്ങാനാണ് പദ്ധതി. അതിന്നിടയിലാണ് സിപിഐയിലെ ചിലർ വീടിനു നേർക്ക് ആക്രമണവുമായി വന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം തെറിവിളിയും ആക്രമണവുമായി വന്നത്. കമ്പിപ്പാരയും വെട്ടുകത്തിയുമായി വന്നാണ് വീടിനു നേരെ ആക്രമണം നടത്തിയത്. പക്ഷെ പുറത്തിറങ്ങാത്തതിനാൽ ജീവന് അപായം നേരിട്ടില്ല. ഇപ്പോൾ സിപിഐയിൽ നിന്നുള്ള ഭീഷണി നിലനിൽക്കുകയാണ്. വീട് പണി പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല-മറുനാടനോട് സാമുവൽ തോമസ് കുട്ടി പറഞ്ഞു.

കടമുറി വാങ്ങാൻ നല്കിയത് ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ

തോമസ് കുട്ടി പറയുന്ന കഥയിങ്ങനെ: ഞാൻ ഒരു പ്രവാസിയായിരുന്നു. വർഷങ്ങളോളം വിദേശത്തായിരുന്നു. ചെറിയ ജോലിയായിരുന്നു വിദേശത്ത്. അതുകൊണ്ട് വലിയ സമ്പാദ്യമൊന്നുമില്ല. പന്ത്രണ്ടു വർഷം മുൻപ് നാട്ടിൽ എത്തിയപ്പോൾ പിന്നെ തിരികെ പോയില്ല. അവിടുന്ന് സ്വരൂപിച്ച പണം കൊണ്ടാണ് ആറു ഷോപ്പ് മുറികൾ വാങ്ങിയത്. പഞ്ചായത്ത് റെക്കോർഡിൽ ഇരുപത്തിയെട്ട് വർഷം പഴക്കമുള്ള ആറുകടകൾ ആണിത്. . മൂന്നു വർഷം മുൻപാണ് ഞാൻ ഈ കടകൾ വാങ്ങിക്കുന്നത്. താഴെ കടകൾ. എനിക്ക് വീടില്ല. മുകളിൽ ഞാൻ വീട് പണിയാൻ തീരുമാനിച്ചു. പഞ്ചായത്തിൽ നിയമപരമായി അപേക്ഷ നൽകിയാണ് വീട് പണിയാൻ തീരുമാനിച്ചത്. പ്ലാൻ അവർ അപ്പ്രൂവ് ചെയ്ത് നൽകുകയും ചെയ്തു. ഷോപ്പ് മുറിയോടു ചേർന്നു താഴെ ഒരു ചെറിയ റൂമിലാണ് ഞാനും ഭാര്യയും താമസിക്കുന്നത്. മക്കൾ എല്ലാം വരുമ്പോൾ ഈ റൂമിൽ ഒരുമിച്ച് കഴിയാൻ സാധിക്കില്ല. അതിനാലാണ് മുകളിൽ വീട് പണിയാൻ തീരുമാനിച്ചത്. മൂന്നു ബെഡ് റൂമുള്ള വീട് പണിയാനാണ് തീരുമാനിച്ചത്. പക്ഷെ വീട് പണിയുമായി ബന്ധപ്പെട്ടു ഒരു വർഷമായി സിപിഐക്കാർ എന്നെ തേജോവധം ചെയ്യുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഞാൻ പണി തുടങ്ങിയത്. അത് മുതൽ പ്രശ്‌നമാണ്. എനിക്ക് പ്രായമായി. പ്രശ്‌നങ്ങൾ ഒന്നും താങ്ങാനുള്ള കഴിവില്ല.

ചെറിയ ബെഡ് റൂം. അടുക്കളയുള്ള വീടാണിത്. ആകെ അഞ്ചു സെന്റിലാണ് വീടുകൾ എല്ലാം നിൽക്കുന്നത്. മെയിൻ റോഡിന്റെ വശത്താണ് വീടുകൾ ഉള്ളത്. ഒരു വശത്ത് പഞ്ചായത്ത് റോഡ് പാസ് ചെയ്യുന്നുണ്ട്. റോഡിലേക്ക് കുറച്ച് തള്ളിയാണ് വീടുള്ളത് എന്നാണ് മുന്നിലെ പ്രശ്‌നം. സിപിഐയിലെ ചിലരാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. റവന്യൂ വകുപ്പ് അവരുടെതാണ്. കടകൾ റോഡിനോട് ചേർന്നിട്ടാണ്. ഇരുപത്തിയെട്ട് വർഷം പഴക്കമുള്ള കടകൾ ആയതിനാൽ കടകൾക്ക് ദൂരപരിധിയിലെ പ്രശ്‌നം ബാധകമല്ല. ഇതേ കടകൾക്ക് മുകളിലാണ് ഞാൻ വീട് വെച്ചത്. വീടില്ലാത്ത ആളായതിനാലാണ് ചെറിയ വീട് മുകളിൽ പണിയാൻ തീരുമാനിച്ചത്.

പ്രശ്‌നം തുടങ്ങിയത് സിപിഐക്കാർ

വീട് റോഡിലേക്ക് തള്ളി നിൽക്കുന്നത് കണ്ടുപിടിച്ച് പ്രശ്‌നം സൃഷ്ടിക്കുന്നത് നിലവിൽ സിപിഐക്കാരാണ്. പഞ്ചായത്ത് ട്രിബ്യൂണലിൽ ഞാൻ പരാതി നൽകിയിട്ടുണ്ട്. അനുകൂല വിധിയാണ് പഞ്ചായത്ത് ട്രിബ്യൂണൽ എനിക്ക് നൽകിയിരിക്കുന്നത്. സിപിഐയിലെ ചിലർ പഞ്ചായത്തിൽ കയറി ഇടപെട്ടതോടെയാണ് പ്രശ്‌നത്തിൽ പഞ്ചായത്ത് ഇടപെടുന്നത്. ഇതോടെ മൈനാഗപ്പള്ളി പഞ്ചായത്ത് എനിക്ക് നോട്ടീസ് നൽകി. സ്റ്റോപ്പ് മെമോ ആണ് പഞ്ചായത്ത് നൽകിയത്. വീട് പണി തൊണ്ണൂറു ശതമാനം പൂർത്തിയാക്കിയിരിക്കെയാണ് ഈ നടപടി. സ്റ്റോപ്പ് മെമോ നൽകിയ പഞ്ചായത്ത് പ്രസിഡനറും സെക്രട്ടറിയും വീണ്ടും വിളിച്ച് പണി തുടർന്നോളാൻ എനിക്ക് ഗ്രീൻ സിഗ്‌നൽ നൽകി. ഇതോടെയാണ് പണി വീണ്ടും തുടങ്ങിയത്.

ആദ്യം പ്രശ്‌നമുണ്ടാക്കിയ സിപിഐയിലെ ചിലർ വീണ്ടും പ്രശ്‌നത്തിൽ ഇടപെട്ടു. പഞ്ചായത്ത് എനിക്ക് വീണ്ടും നോട്ടീസ് നൽകി. സ്റ്റോപ്പ് മെമോ നൽകിയതോടെ പണി മുടങ്ങി. നിയമലംഘനമുണ്ട്. അതിനാൽ പൊളിച്ച് നീക്കണം എന്നാണ് നോട്ടീസ് നൽകിയത്. ഏത് ഭാഗം വയലേഷൻ എന്ന് നോട്ടീസിൽ കാണിച്ചിട്ടില്ല. നിയമപരമായ എല്ലാ അനുമതികളും പഞ്ചായത്തിൽ നിന്നും വാങ്ങിയിട്ടാണ് വീട് വച്ചിരിക്കുന്നത്. പിന്നെ എങ്ങിനെ ഇവർ നിയമലംഘനം എന്ന് പറയും. ഇതോടെയാണ് പഞ്ചായത്ത് ട്രിബ്യൂണലിനെ സമീപിക്കുന്നത്. സിപിഐയുടെ സമ്മർദ്ദം കാരണമാണ് എനിക്ക് വീട് പൊളിച്ച് നീക്കാനുള്ള നോട്ടീസ് നൽകിയത്. പഞ്ചായത്ത് നോട്ടീസിനു ട്രിബ്യൂണൽ അന്ന് തന്നെ സ്റ്റേ നൽകി. ഇതോടെ പഞ്ചായത്ത് നൽകിയ രണ്ടു നോട്ടീസും അസാധുവായി. ഇതോടെയാണ് പണി വീണ്ടും തുടങ്ങിയത്. പഞ്ചായത്തിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനു വേണ്ടി ഞാൻ അപേക്ഷ നൽകിയിരുന്നു. അത് സ്വീകരിച്ച് അവർ രശീതും നൽകിയിട്ടുണ്ട്. ട്രിബ്യൂണലിൽ കേസ് നടക്കുന്നതിനാൽ നിയമപരമായി നമ്പർ നൽകാൻ കഴിയില്ലാ എന്നാണ് പഞ്ചായത്ത് അറിയിച്ചത്. ആദ്യത്തെ പഞ്ചായത്ത് സെക്രട്ടറി എനിക്ക് അനുകൂലമാണെന്ന് മനസിലാക്കിയപ്പോൾ പഴയ സെക്രട്ടറിയെ രാഷ്ട്രീയ സമ്മർദം ഉപയോഗിച്ച് അവർ മാറ്റി. പുതിയ സെക്രട്ടറി വന്നതോടെ മുഴുവൻ അവർക്ക് അനുകൂലമായി. പുതിയ സെക്രട്ടറി പൊലീസുമായി വന്നാണ് വീട് പണി തടഞ്ഞത്. പണിക്കാരെ സെക്രട്ടറി തടഞ്ഞു. ഇതോടെയാണ് വീട് പണി വീണ്ടും മുടങ്ങിയത്. ഇപ്പോൾ വീട് പണി നിലച്ചിരിക്കുകയാണ്.

വീടിനു നേർക്ക് രാത്രി ആക്രമണവും

ഇതൊക്കെ പോരാഞ്ഞിട്ടാണ് എനിക്കും വീടിനും നേർക്ക് ചിലർ ആക്രമണം നടത്തിയത്. ഇരുപത്തിമൂന്നു രാത്രി പത്ത് മണിക്കാണ് വീടിനു നേർക്ക് ചിലർ ആക്രമണം നടത്തിയത്. അതിന്റെ വീഡിയോ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. വെട്ടുകത്തി, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളുമായാണ് രാത്രി പത്തുമണിക്ക് ഒരു സംഘം എത്തിയത്. ഇറങ്ങിവാടാ... ളീ...നിന്റെ തല ഞങ്ങൾ അടിച്ചു പൊട്ടിക്കും എന്നുള്ള ആക്രോശമാണ് അവർ നടത്തിയത്. ഞാൻ ഇറങ്ങി വെളിയിൽ വന്നില്ല. അതോടെ അവർ തിരികെ പോയി. പക്ഷെ ആക്രമ ഭീഷണി നിലനിൽക്കുകയാണ്. ഏത് നിമിഷവും ഞാൻ ആക്രമിക്കപ്പെട്ടെക്കും-ആക്രമത്തിനു ശേഷം റൂറൽ എസ്‌പിക്ക് നൽകിയ പരാതിയിൽ തോമസ്‌കുട്ടി ചൂണ്ടിക്കാണിക്കുന്നു.

എനിക്ക് മുന്നിൽ പ്രശ്‌നമുണ്ടാക്കിയ ആറുപേർക്കെതിരെ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതെല്ലാം സിപിഐക്കാരാണ്. പക്ഷെ പരാതി നൽകിയ പ്രശ്‌നത്തിൽ ശാസ്താംകോട്ട പൊലീസ് പ്രശ്‌നത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല. എന്നെ ആക്രമിക്കാൻ വന്നതിനെതിരെയാണ് ശാസ്താംകോട്ട സിഐയ്ക്ക് പരാതി നൽകിയത്. പക്ഷെ ഇതിനു ഒരു എഫ്‌ഐആർ ഫയൽ ചെയ്യണം എന്നു പറഞ്ഞപ്പോൾ ഒരു എഫ്‌ഐആറും എന്റെ പരാതിയിൽ വന്നിട്ടില്ല. അത് കഴിഞ്ഞു എസ്‌പിക്ക് കൂടി ഞാൻ പരാതി നൽകിയിട്ടുണ്ട്. മറ്റ് രാഷ്ടീയക്കാരിൽ നിന്നും എനിക്ക് ശല്യമില്ല. ശാരീരികമായ അവശതകളിലാണ് ഞാൻ ഉള്ളത്. ഹൃദയത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് ഒരു ബൈപ്പാസ് സർജറിയും കഴിഞ്ഞിട്ടുണ്ട്.

ട്രിബ്യൂണൽ ഉത്തരവ് കൂടാതെ ഞാൻ ഹൈക്കോടതിയിൽ നിന്നും വീട് പണിക്ക് അനുമതി വാങ്ങിയിട്ടുണ്ട്. ഹൈക്കോടതി വീട് പണിയുമായി മുന്നോട്ടു പോകാൻ എനിക്ക് അനുമതി നൽകിയിട്ടുണ്ട്. അതിനുള്ള വിധി ഹൈക്കോടതിയിൽ പോയി വാങ്ങണം-സാമുവൽ തോമസ് കുട്ടി പറയുന്നു.

പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഐ

വ്യക്തികൾ ഈ പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ടാകാം. പക്ഷെ അതിനു സിപിഐയുമായി ഒരു ബന്ധവുമില്ലെന്നാണ് സിപിഐ നേതൃത്വത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്. പാർട്ടിയിൽ നിന്നും ഒരു തീരുമാനവുമില്ല. നിയമലംഘനം കണ്ട് ഇവർ നേരിട്ട് ഇടപെട്ടിട്ടുണ്ടാകും.

സിപിഐക്കാർ ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് വ്യക്തിപരമാകാനെ ഇടയുള്ളൂ. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ തോമസ് കുട്ടിക്ക് നിയമപരമായ നടപടികൾ സ്വീകരിക്കാമല്ലോ? മൈനാഗപ്പള്ളി സിപിഐയിൽ നിന്നുള്ള പ്രതികരണം ഇങ്ങനെയാണ്. എന്തായാലും വീടില്ലാത്ത പ്രവാസി നാല് പാട് നിന്നും വരുന്ന എതിർപ്പുകൾ കാരണം വലയുകയാണ്.

എന്ന് വീട് പൂർത്തിയാക്കും എന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ് തോമസ് കുട്ടിയും കുടുംബവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP