Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്‌സാവാൻ ബിരുദം നിർബന്ധമാക്കിയതോടെ യുഎഇയിൽ ജോലി നഷ്ടമായത് മലയാളി നഴ്‌സുമാർ അടക്കം നിരവധി ഇന്ത്യക്കാർക്ക്; എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയിൽ നിന്നും ഒറ്റയടിക്ക് ജോലി നഷ്ടമായത് 200ലേറെ നഴ്‌സുമാർക്ക്; ജോലി നഷ്ടമായവരിൽ കൂടുതലും മലയാളികൾ: നഴ്‌സിങ് ഡിപ്ലോമക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ തൊഴിൽ നഷ്ടമായ മലയാളി നഴ്‌സുമാർ

നഴ്‌സാവാൻ ബിരുദം നിർബന്ധമാക്കിയതോടെ യുഎഇയിൽ ജോലി നഷ്ടമായത് മലയാളി നഴ്‌സുമാർ അടക്കം നിരവധി ഇന്ത്യക്കാർക്ക്; എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയിൽ നിന്നും ഒറ്റയടിക്ക് ജോലി നഷ്ടമായത് 200ലേറെ നഴ്‌സുമാർക്ക്; ജോലി നഷ്ടമായവരിൽ കൂടുതലും മലയാളികൾ: നഴ്‌സിങ് ഡിപ്ലോമക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ തൊഴിൽ നഷ്ടമായ മലയാളി നഴ്‌സുമാർ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: യുഎഇയിൽ നഴ്‌സായി ജോലി ചെയ്യാൻ ബിരുദം നിർബന്ധമാക്കിയതോടെ ജോലി പോയത് നിരവധി മലയാളി നഴ്‌സുമാർക്ക്. ഡിപ്ലോമ മാത്രമുള്ള നഴ്സുമാർക്ക് നഴ്സിങ് ബിരുദം നിർബന്ധമാക്കിയതോടെയാണ് നൂറു കണക്കിന് മലയാളി നഴ്‌സുമാർക്ക് അടക്കം അനേകം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായത്. ഇതോടെ നല്ല ജീവിതം സ്വപ്‌നം കണ്ട് ഗൾഫിലേക്ക് ചേക്കേറി നഴ്‌സിങ് രജിസ്‌ട്രേഷൻ എടുത്ത അനേകം നഴ്‌സുമാരുടെ അവസ്ഥ പരിതാപകരമായി. അറിയാവുന്ന ഒരേ ഒരു തൊഴിൽ നഷ്ടമായതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അഴസ്ഥയിലാണം് മലയാളി നഴ്‌സുമാർ.

രജിസ്ട്രേഡ് നഴ്സുമാരുടെ ചുരുങ്ങിയ യോഗ്യത ബാച്ചിലേഴ്സ് ബിരുദമാക്കിയതാണ് വിനയായത്. യു.എ.ഇ.യിലെ വടക്കൻ എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയിൽനിന്നും ഒറ്റയടിക്ക് 200-ലേറെ നഴ്സുമാർക്കാണ് ബി.എസ്സി. ബിരുദമില്ലാത്തതിനാൽ ജോലി നഷ്ടമായത്. ജോലിനഷ്ടപ്പെട്ടവർ ഭൂരിഭാഗം പേരും മലയാളികളാണെന്നതാണ് മറ്റൊരു വസ്തുത. തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള 10 വർഷത്തിലധികമായി യു.എ.ഇ.യിൽ ജോലി ചെയ്യുന്നവർക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടമായവരിൽ പലരും യുഎഇയിൽ തന്നെ ബ്രിഡ്ജ് കോഴ്‌സ് ചെയ്ത് ബിരുദം നേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും നിയമം വില്ലനായിരിക്കുകയാണ്. കേരളത്തിന് പുറത്തുനിന്നുള്ള നഴ്‌സിങ് ഡിപ്ലോമ തുല്യതസർട്ടിഫിക്കറ്റിനുള്ള അപേക്ഷകളായി യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നില്ല. ഇതാണ് തിരിച്ചടിയായിരിക്കുന്നത്. മലയാളി നഴ്‌സുമാരിൽ ഭൂരിഭാഗവും കേരളത്തിന് വെളിയിൽ നഴ്‌സിങ് പഠിച്ചവരാണ്. ഇതോടെ ജോലിയും പഠനത്തിന് വേണ്ടി മുടക്കിയ പണവും നഷ്ടമായ അവസ്ഥയിലാണ് മലയാളി നഴ്‌സുമാർ.

ജോലി നഷ്ടമായ നഴ്സുമാരിൽപലരും കുടുംബത്തോടൊപ്പം യു.എ.ഇ.യിൽ കഴിയുന്നവരാണ്. ജോലി നഷ്ടമായതോടെ ഇവരുടെ മക്കളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാവുന്ന അവസ്ഥയാണ്. ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന ഒട്ടേറെ നഴ്സുമാർ ചൊവ്വാഴ്ച അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിലെത്തി അധികൃതരുടെ സഹായംതേടി. കേരള സർക്കാരിന് കീഴിലുള്ള നോർക്കയുടെ പ്രതിനിധി അഡ്വ. ഫെമിൻ പണിക്കശ്ശേരി, സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ് എന്നിവർ നഴ്സുമാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്തു.

2018 മുതൽതന്നെ യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള ആശുപത്രികളിൽ ജോലിചെയ്യുന്ന ഡിപ്ലോമ മാത്രമുള്ളവർക്ക് ബി.എസ്സി. ബിരുദം നിർബന്ധമാക്കുമെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ഭൂരിഭാഗം ഡിപ്ലോമ നഴ്സുമാരും യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള യൂണിവേഴ്സിറ്റികളിൽനിന്ന് പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് പ്രോഗ്രാമിന് ചേർന്നിരുന്നു. ദുബായ് വോളോങ്കോങ് യൂണിവേഴ്സിറ്റി, ഷാർജ യൂണിവേഴ്സിറ്റി, അജ്മാൻ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി, റാക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് നിലവിൽ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് പ്രോഗ്രാം ചെയ്യുന്നതിന് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ. രണ്ടുവർഷമാണ് നഴ്സിങ് ബിരുദപഠന കാലയളവ്, 50,000 ദിർഹം മുതൽ 72,000 ദിർഹം വരെയാണ് ബിരുദകോഴ്സിന് യൂണിവേഴ്സിറ്റികൾ ഫീസ് ഈടാക്കുന്നത്. ബാങ്കിൽനിന്ന് ലോണെടുത്താണ് ബാച്ചിലേഴ്സ് കോഴ്സിന് ചേർന്നിരിക്കുന്നതെന്ന് ഭൂരിഭാഗം നഴ്സുമാരും പറഞ്ഞു.

എന്നാൽ കേരളത്തിന് പുറത്തുനിന്നുള്ള ഡിപ്ലോമ തുല്യതസർട്ടിഫിക്കറ്റിനുള്ള അപേക്ഷകളായി യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നില്ല. കർണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് നഴ്സിങ് ഡിപ്ലോമ പൂർത്തിയാക്കിയവരുടെ നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ 'ബോർഡ് ഓഫ് എക്‌സാമിനേഷൻ' എന്ന് രേഖപ്പെടുത്തിയവയാണ് തുല്യത സർട്ടിഫിക്കറ്റായി സ്വീകരിക്കാതിരിക്കുന്നത്. എന്നാൽ, കേരളത്തിൽനിന്നുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ യു.എ.ഇ. മന്ത്രാലയം അംഗീകരിക്കുന്നുണ്ടെന്നത് അനുഗ്രഹമാണ്. എന്നാൽ, കേരള നഴ്സിങ് കൗൺസിൽ സിലബസിന് തുല്യമായ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നഴ്സിങ് സിലബസുകളെന്തുകൊണ്ട് തുല്യതാ സർട്ടിഫിക്കറ്റിനുള്ള അംഗീകാരമാകുന്നില്ലെന്നത് അറിയില്ല. അതിനാൽ ഭൂരിഭാഗംപേരും ഫീസടച്ച് ബിരുദപഠനം തുടങ്ങിയെങ്കിലും തുല്യതാസർട്ടിഫിക്കറ്റിന്റെ പേരിൽ പഠനവും വഴിമുട്ടി.

ജോലി നഷ്ടപ്പെടുകയും കനത്ത ഫീസടച്ചിട്ടും പഠനവും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലുമാണ് നഴ്സുമാർ. ആറുമാസത്തിലധികം ജോലി അനിശ്ചിതത്വത്തിലായാൽ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ലഭിച്ച എം.ഒ.എച്ച്. യോഗ്യത നഷ്ടപ്പെടുമെന്ന ആശങ്കയും നഴ്സുമാർക്കുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ, ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക എന്നിവയിൽനിന്നെല്ലാം സഹായം പ്രതീക്ഷിക്കുകയാണ് ഇവർ.

കഴിഞ്ഞ ഒക്ടോബറിൽ യു.എ.ഇ.യിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബിരുദമില്ലാത്തതിനാൽ ജോലിനഷ്ടപ്പെട്ട നഴ്സുമാരുടെ പരാതി നേരിൽ കേട്ടിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് മുഖേന യു.എ.ഇ. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയ അധികൃതരുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന സഹായങ്ങൾക്കായി ശ്രമിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴും അധികൃതർ തങ്ങളുടെ സങ്കടങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാർ.

അതേസമയം ഇന്ത്യയിൽനിന്നുള്ള നഴ്സുമാരെ, പ്രത്യേകിച്ച് മലയാളികളെ നിയമം പ്രതികൂലമായി ബാധിക്കുമ്പോൾ യു.എ.ഇ.യിൽ ജോലിചെയ്യുന്ന മറ്റുരാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇത്തരം പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നില്ല. അവർ കൂടുതലും യു.എ.ഇ.യിൽത്തന്നെ നഴ്സിങ് പഠനം പൂർത്തിയാക്കിയവരാണ്. ബാക്കിയുള്ളവർക്ക് അതത് രാജ്യങ്ങളിൽനിന്നുള്ള ഡിപ്ലോമ ബിരുദത്തിന് തുല്യമാണെന്നതും നിയമം അനുകൂലമാകാൻ കാരണമാണ്. മറ്റ് എമിറേറ്റുകളിൽനിന്നുള്ള പുരുഷ നഴ്സുമാരടക്കമുള്ളവർക്ക് ബിരുദം ഇല്ലാത്തതിനാൽ ബാച്ചിലേഴ്സ് ബിരുദം (ബ്രിഡ്ജ് കോഴ്സ്) നേടിയെടുക്കാനായി സമയപരിധി നിശ്ചയിക്കുകയും അതുവരെ നിലവിൽ നിർവഹിക്കുന്ന തസ്തികകളിൽനിന്ന് തരംതാഴ്‌ത്തുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP