Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാപത്തിന് ആഹ്വാനം നൽകിയവർ എത്ര ഉന്നതരായാലും രക്ഷപെടില്ല; പ്രകോപനകരമായി പ്രസംഗിച്ച നാല് ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം; കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത് പ്രകേപനപരമായ പ്രസംഗങ്ങൾ കേട്ട ശേഷം; പൊലീസിനെയും സോളിസിറ്റർ ജനറലിനെയും രൂക്ഷമായി വിമർശിച്ചത് കലാപം തടയുന്നതിൽ പരാജയപ്പെട്ടതിനും

കലാപത്തിന് ആഹ്വാനം നൽകിയവർ എത്ര ഉന്നതരായാലും രക്ഷപെടില്ല; പ്രകോപനകരമായി പ്രസംഗിച്ച നാല് ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം; കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത് പ്രകേപനപരമായ പ്രസംഗങ്ങൾ കേട്ട ശേഷം; പൊലീസിനെയും സോളിസിറ്റർ ജനറലിനെയും രൂക്ഷമായി വിമർശിച്ചത് കലാപം തടയുന്നതിൽ പരാജയപ്പെട്ടതിനും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹയിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാക്കൾക്കെതിരെ കെസെടുക്കാൻ നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി. പ്രകോപനപരമായി പ്രസംഗിച്ചതിന്റെ പേരിലാണ് ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരെയാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. കലാപവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. കലാപത്തിന്റെ ഉത്ഭവ സ്ഥാനം ലക്ഷ്യമിട്ടാണ് നടപടി വേണ്ടത്. ഒരു ശൃംഖല പോലെയാണ് കാര്യങ്ങൾ പിന്നീട് പ്രവർത്തിച്ചതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധർ പറഞ്ഞു. പ്രകോപനപരമായ പ്രസംഗത്തിൽ കേസെടുക്കാത്തത് തെറ്റായ സന്ദേശം നൽകുമെന്ന് ഹൈക്കോടതി പറഞ്ഞു.

22 പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിൽ ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇവർ നടത്തിയ പ്രസംഗങ്ങൾ കോടതിയെ കേൾപ്പിച്ചതിന് ശേഷമാണ് കേസെടുക്കാനുള്ള ഉത്തരവുണ്ടായത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അക്രമികൾക്കെതിരെ നടപടി എടുക്കാൻ വൈകരുതെന്ന് കോടതി പൊലീസിനോട് നിർദ്ദേശിച്ചു.

കപിൽ മിശ്ര

'ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളിൽ നിന്ന് സമരക്കാരെ നീക്കാൻ, ഡൽഹി പൊലീസിന് ഞങ്ങൾ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാൽ ഞങ്ങൾ ഇടപെടും. പിന്നെ ഞങ്ങൾ നിങ്ങൾ പറഞ്ഞാലും കേട്ടെന്നു വരില്ല.'- ഇതായിരുന്നു കപിൽ മിശ്രയുടെ ആഹ്വാനം.ഡൽഹിയുടെ അഭിനവ ബാൽതാക്കറെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാക്കുകൾകൊണ്ട് തീ തുപ്പുന്ന ബിജെപി നേതാവാണ് മിശ്ര.

സിഎഎ സമരത്തിന്റെ പേരിൽ ഏഴുപേർ കൊല്ലപ്പെടാനുണ്ടായ അക്രമങ്ങളുടെ സൂത്രധാരനെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന കപിൽ മിശ്രയുടെ ഭൂതകാലം പക്ഷേ മതേതര പാർട്ടിയായ ആം ആംദ്മിയിൽ ആയിരുന്നുവെന്നയാണ് ഏറെ കൗതുകകരം. കഴിഞ്ഞ ഞായറാഴ്ച ദിവസം മുൻ എംഎൽഎയും ബിജെപി നേതാവുമായ കപിൽ മിശ്ര ഉത്തരപൂർവ ഡൽഹിയിലെ ജാഫറാബാദിൽ വെച്ച് പൗരത്വ പ്രതിഷേധ സമരങ്ങൾക്കെതിരായി ഒരു റാലി നടത്തി. അതിലേക്ക് സംഘടിച്ചെത്താൻ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരോട് ആഹ്വാനം ചെയ്തു. റാലിയിൽ ഏറെ പ്രകോപനകരമായ പ്രസംഗം നടത്തി എന്ന് മാത്രല്ല അനേകായിരങ്ങൾ ഫോളോ ചെയ്യുന്ന തന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ' ജാഫറാബാദിൽ മറ്റൊരു ഷാഹീൻ ബാഗ് ഉണ്ടാകാൻ അനുവദിച്ചുകൂടാ...' എന്ന് ഒരു ട്വീറ്റും ചെയ്തു. ആ റാലിക്കും ട്വീറ്റിനും പിന്നാലെ ജാഫറാബാഗിൽ പൗരത്വ പ്രതിഷേധങ്ങളെ എതിർക്കുന്നവർ സംഘടിച്ചു. അവരും ജാഫറാബാദിൽ പ്രതിഷേധിക്കുന്നവരും തമ്മിൽ സംഘർഷങ്ങൾ നടന്നു. കല്ലേറുണ്ടായി. ചില വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.

കടുത്തവാക്കുകളും കൊലവിളിയുമാണ് മിശ്രയുടെ രീതി. അതുകൊണ്ടാണ് അദ്ദേഹത്തിന് ഡൽഹിയുടെ ബാൽതാക്കറേ എന്ന പേരും വീണത്. മിശ്രയുടെ കൈവിട്ട വാക്കുകൾമൂലം മുമ്പും ഡൽഹിയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.

അനുരാഗ് ഠാക്കൂർ

രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂവെന്നായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ആഹ്വാനം ചെയ്തത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിലാണ് അനുരാഗ് ഠാക്കൂർ വിവാദ പരാമർശം നടത്തിയത്.പ്രവർത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂർ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇതേ പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഭവം നടന്ന് കുറച്ച സമയത്തിന് ശേഷമാണ് അമിത്ഷാ പരിപാടിക്കെത്തിയത്.

പർവേശ് വർമ

ഷഹീൻ ബാഗ് പ്രതിഷേധം തുടർന്നാൽ ഡൽഹിയിൽ കശ്മീരിന് സമാനമായ സാഹചര്യമുണ്ടാകുമെന്നായിരുന്നു ബിജെപി എംപി പർവേശ് വർമയുടെ പ്രഖ്യാപനം. ഷഹീൻ ബാഗ് പ്രതിഷേധക്കാർ ഏത് നിമിഷവും വന്ന് തങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും പീഡിപ്പിക്കുമെന്നും പർവേശ് വർമ പറഞ്ഞിരുന്നു. ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഷഹീൻ ബാഗിൽ ഒരു പ്രതിഷേധക്കാരി പോലുമുണ്ടാകില്ലെന്നും നേരത്തേ പർവേശ് വർമ തന്റെ പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

'കശ്മീരിൽ നടന്നതെന്തെന്ന് ഡൽഹി നിവാസികൾക്ക് അറിയാം. കശ്മീരി പണ്ഡിറ്റുകളുടെ മക്കളും സഹോദരിമാരും പീഡിപ്പിക്കപ്പെട്ടു. ഉത്തർ പ്രദേശ്, ഹൈദരാബാദ്, കേരളം എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ അരങ്ങേറി. ഇന്ന് ഷഹീൻ ബാഗിൽ ഇതിന് സമാനമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. അവർ ഏത് സമയത്തും നിങ്ങളുടെ വീട്ടിൽ കയറാം, സഹോദരിമാരെയും മക്കളെയും പീഡിപ്പിക്കാം കൊലപ്പെടുത്താം. ഇന്ന് നമുക്ക് സമയമുണ്ട്....നാളെ മോദിജിയോ അമിത് ഷായോ നിങ്ങളെ രക്ഷപ്പെടുത്താൻ വരണമെന്നില്ല....നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം മാത്രമേ ജനങ്ങൾ സുരക്ഷിതരായിരിക്കുള്ളു. വേറൊരാൾ അധികാരത്തിലേറിയാൽ ആർക്കും ഇവിടെ സുരക്ഷിതത്വം ലഭിക്കില്ല'- വർമ പറഞ്ഞു.

പശ്ചിമ ഡൽഹിയിലെ തന്റെ ലോക്സഭാ മണ്ഡലത്തിൽ ഒരു മുസ്ലിം പള്ളി പോലും ഉണ്ടാകാൻ സമ്മതിക്കില്ലെന്നും വർമ കൂട്ടിച്ചേർത്തു. 'ഞങ്ങളുടെ സർക്കാർ അധികാരത്തിലേറിയാൽ ഫെബ്രുവരിക്ക് ശേഷം ഒരു മാസം സമയം തരൂ...എന്റെ മണ്ഡലത്തിൽ സർക്കാർ ഭൂമിയിൽ പണിത എല്ലാ മുസ്ലിം പള്ളികളും നീക്കം ചെയ്യും'- വർമ കൂട്ടിച്ചേർത്തു.

അഭയ് വർമ

ഡൽഹിയിലെ ലക്ഷ്മി നഗറിൽ നടന്ന പരിപാടിയിലാണ് ബിജെപി എംഎൽഎ അഭയ് വർമ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. ഇദ്ദേഹം പ്രകടനം നയിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഫെബ്രുവരി 25 ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ച വീഡിയോയിലാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴങ്ങുന്നത്. മംഗൾ ബസാർ മേഖലയിൽ നടന്ന പ്രകടനത്തിലാണ് അവർക്ക് നേരെ വെടിവെക്കൂ... എന്ന് ആക്രോശിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ അംഗം സഞ്ജയ് സിങ്ങാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

ഇവർ നടത്തിയ പ്രസംഗങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് കേട്ടതിന് ശേഷമാണ് ഇവർക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറലിനെയും കോടതി വിമർശിച്ചു. കലാപകാരികൾക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും കേസെടുക്കാൻ എത്രവീടുകൾ കത്തിച്ചാമ്പലാകണമെന്നും കോടതി ചോദിച്ചു. നഗരം കത്തിതീർന്നിട്ടാണോ കേസെടുക്കേണ്ടതെന്നും കോടതി ആരാഞ്ഞു.

ഡൽഹിയിൽ 1984 ആവർത്തിക്കാൻ അനുവദിക്കില്ലെന്നും പൊലീസ് സദാ ജാഗരൂകരായിരിക്കണമെന്നും കോടതി പറഞ്ഞു. മാത്രമല്ല വിഷയത്തിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP