Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷിതരായിരിക്കുക എന്നതാണ് പ്രധാനം; വാട്ട്‌സാപ്പിലോ ടി വി യിലോ വരുന്ന വാർത്തകൾ ശ്രദ്ധിക്കണമെങ്കിലും ഒറ്റയടിക്ക് വിശ്വസിക്കാതിരിക്കുക; കുഴപ്പമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, വീട്ടുകാരുടെ ഉൽകണ്ഠ ഒഴിവാക്കുക; ഡൽഹിയിലെ മലയാളി സുഹൃത്തുക്കൾ ശ്രദ്ധിക്കാൻ: മുരളി തുമ്മാരുകുടി എഴുതുന്നു

സുരക്ഷിതരായിരിക്കുക എന്നതാണ് പ്രധാനം; വാട്ട്‌സാപ്പിലോ ടി വി യിലോ വരുന്ന വാർത്തകൾ ശ്രദ്ധിക്കണമെങ്കിലും ഒറ്റയടിക്ക് വിശ്വസിക്കാതിരിക്കുക; കുഴപ്പമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, വീട്ടുകാരുടെ ഉൽകണ്ഠ ഒഴിവാക്കുക; ഡൽഹിയിലെ മലയാളി സുഹൃത്തുക്കൾ ശ്രദ്ധിക്കാൻ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഡൽഹിയിലുള്ള സുഹൃത്തുക്കളോട്...

ഡൽഹിയിൽ കാര്യങ്ങൾ വിഷമഘട്ടത്തിലൂടെ കടന്നുപോവുകയാണ്. കേരളത്തിൽ ജനിച്ചു വളർന്ന മലയാളികൾക്ക് പൊതുവെ ഇത്തരം സാഹചര്യങ്ങൾ പരിചയം ഉണ്ടാവില്ല.

1986 മുതൽ 1993 വരെ കാൺപൂരിൽ ജീവിച്ച പരിചയമുണ്ട്. പഞ്ചാബ് പ്രശ്‌നം, ഇന്ദിര ഗാന്ധിയുടെ വധം എന്നിവയുടെ പശ്ചാത്തലത്തിൽ വലിയ സിഖ് കൂട്ടക്കൊല നടന്ന സ്ഥലമാണ് കാൺപൂർ. ഞാൻ അവിടെയുള്ള കാലത്താണ് കാൺപൂരിൽ നിന്നും ഹരിയാനയിലേക്ക് യുവജനോത്സവത്തിന് പോയ കുട്ടികളെ തിരഞ്ഞുപിടിച്ച് സിഖ് തീവ്രവാദികൾ വെടിവച്ചു കൊന്നത്. അതിന്റെ പ്രത്യാഘാതമായി കാൺപൂരിൽ വീണ്ടും ഹിന്ദു - സിഖ് കലാപങ്ങൾ ഉണ്ടായി. പിന്നീട് ശിലാന്യാസ് മുതൽ അയോധ്യയുമായി ബന്ധപ്പെട്ട് കലാപങ്ങൾ ഏറെ ഉണ്ടായി. രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിൽ വച്ച് കൊലപ്പെടുത്തിയപ്പോൾ മദ്രാസികൾക്കെതിരെ മൊത്തമായി വികാരമുണ്ടാകുമോ എന്ന് പേടിച്ചിട്ടുണ്ട്.

ഓരോ കലാപം ഉണ്ടാകുമ്പോളും ഐ ഐ ടി ക്യാമ്പസ് അടച്ചിടും. കാമ്പസിനകത്തേക്ക് പുറത്തുനിന്നും അക്രമികൾ വരുന്നുണ്ടോ എന്നറിയാൻ പൊലീസിന്റെ കൂടെ ഞങ്ങൾ കുട്ടികളും വളണ്ടിയർമാരായി കൂടും. ഓരോ കലാപത്തിലും ആരാണ് വേട്ടയാടപ്പെടുന്നത് എന്നത് അനുസരിച്ച് അവർക്ക് സുരക്ഷ ഒരുക്കും. കോതമംഗലത്ത് എഞ്ചിനീയറിങ്ങ് കോളേജിൽ പോയി തല്ലുകൊണ്ട് പഠിച്ച പാഠങ്ങൾ സഹായകരമായി.

ഓരോ കലാപങ്ങൾ ഉണ്ടാകുമ്പോഴും ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും കുത്തൊഴുക്കാണ് ഉണ്ടാകുന്നത്. ഇന്റർനെറ്റും വാട്‌സ്ആപ്പും ഒന്നുമില്ലാത്ത കാലത്ത് പോലും ഇതൊക്കെ ഉണ്ടായിരുന്നു. അവിടെ ഇത്ര പേരെ കൊന്നു, അക്രമത്തിനായി ഒരു സംഘം ഇങ്ങോട്ട് വരുന്നുണ്ട് എന്നൊക്കെ കരക്കമ്പികൾ വരും. ഇതൊക്കെ സംഭവിക്കുന്നതും സംഭവിച്ചേക്കാവുന്നതും ആയതിനാൽ എന്ത് വിശ്വസിക്കണം, എന്ത് അവിശ്വസിക്കണം എന്ന് എളുപ്പത്തിൽ തീരുമാനിക്കാൻ പറ്റില്ല. പല സാഹചര്യത്തിലും ഇത്തരം ഊഹാപോഹങ്ങളാണ് സംഘർഷങ്ങൾ കൂട്ടുന്നത്. അടി വരുന്നു എന്ന് കേട്ട് തിരിച്ചടിക്കാൻ കോപ്പു കൂട്ടുന്നത് ആക്രമിക്കാനുള്ള ശ്രമമായി മറുപക്ഷത്തേക്ക് ഊഹാപോഹമായി പരക്കുന്നു. അവസാനം ആരാണ് ആക്രമിക്കുന്നത്, ആരാണ് പ്രതിരോധിക്കുന്നത് എന്നറിയാൻ പറ്റാത്ത സ്ഥിതിയിലെത്തുന്നു.

ഡൽഹിയിലുള്ള മലയാളികൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക.

1. സുരക്ഷിതരായിരിക്കുക എന്നതാണ് പ്രധാനം. സുരക്ഷിതരാണ് എന്ന് മറ്റുള്ളവരെ അറിയിക്കുക എന്നത് രണ്ടാമത്തെ കാര്യമാണ്.

2. വാട്ട്‌സാപ്പിലോ എന്തിന് ടി വി യിലോ വരുന്ന വാർത്തകൾ ശ്രദ്ധിക്കണമെങ്കിലും ഒറ്റയടിക്ക് വിശ്വസിക്കാതിരിക്കുക. നൂറു ശതമാനം ഉറപ്പില്ലാത്ത വാർത്തകൾ ഒരു കാരണവശാലും വ്യക്തിപരമായി പരത്താതിരിക്കുക.

3. ഡൽഹിയിലുള്ള അടുത്ത, വിശ്വസിക്കാവുന്ന, സുഹൃത്തുക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. കിട്ടുന്ന വാർത്തകൾ സത്യമാണോ എന്ന് അവരിലൂടെ പരിശോധിക്കുക.

4. നാട്ടിലുള്ള ബന്ധുക്കളിൽ ഏറ്റവും അടുത്ത ഒരാളോട് ദിവസത്തിൽ ഒരിക്കലെങ്കിലും കാര്യങ്ങൾ വിളിച്ചു പറയുക. മറ്റുള്ള കൂട്ടുകാരോട് എപ്പോഴും വിളിച്ചന്വേഷിക്കേണ്ട ആവശ്യമില്ല എന്ന് പറയുക.

5. ഡൽഹിയിലുള്ള വിദ്യാർത്ഥികൾ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. കുഴപ്പമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, വീട്ടുകാരെ വേണമെങ്കിൽ ദിവസം രണ്ടു പ്രാവശ്യമെങ്കിലും ബന്ധപ്പെട്ട് അവരുടെ ഉൽകണ്ഠ ഒഴിവാക്കുക.

താൽക്കാലമെങ്കിലും ഡൽഹിയിൽ കുറച്ചു ഭാഗത്ത് മാത്രമേ പ്രശ്‌നങ്ങൾ ഉള്ളൂ. അതുകൊണ്ട് കൂടുതൽ മുൻകരുതലുകൾ പറയുന്നില്ല. കാര്യങ്ങൾ നിരീക്ഷിക്കുന്നു, കൂടുതൽ കുഴപ്പത്തിലേക്ക് പോവുകയാണെങ്കിൽ വീണ്ടും എഴുതാം.

സുരക്ഷിതരായിരിക്കുക!

ഇനി നാട്ടിലുള്ള സുഹൃത്തുക്കളോട്...

ഡൽഹിയിൽ നിന്നും വരുന്ന സകല വാട്ട്‌സ്ആപ്പ് വാർത്തകളും കണ്ടുപേടിച്ച് ഡൽഹിയിൽ ഉള്ളവരെ വിളിച്ച് അവരുടെ സമയവും മൊബൈൽ ചാർജ്ജും കളയരുത്. ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ ദിവസത്തിൽ ഒരു പ്രാവശ്യം അവരുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പു വരുത്തുക. വാട്‌സാപ്പ് വാർത്തകൾ പരോപകാര കിംവദന്തികളായി അയച്ചു കൊടുക്കാതിരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP