Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതാക്കൾക്ക് പല്ലുവേദന വന്നാൽ അമേരിക്കയിൽ തന്നെ ചികിത്സിക്കണം; മക്കളുടെ പഠനം അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ തന്നെ വേണം; മക്കൾക്കും മരുമക്കൾക്കും അമേരിക്കൻ കമ്പനിയിൽ തന്നെ ജോലി ഒപ്പിക്കണം; യാങ്കി ഗോ ബാക്ക്, നമുക്ക് അമേരിക്കയിൽ വച്ച് കണ്ടുമുട്ടാം: സജീവ് ആല എഴുതുന്നു

നേതാക്കൾക്ക് പല്ലുവേദന വന്നാൽ അമേരിക്കയിൽ തന്നെ ചികിത്സിക്കണം; മക്കളുടെ പഠനം അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ തന്നെ വേണം; മക്കൾക്കും മരുമക്കൾക്കും അമേരിക്കൻ കമ്പനിയിൽ തന്നെ ജോലി ഒപ്പിക്കണം; യാങ്കി ഗോ ബാക്ക്, നമുക്ക് അമേരിക്കയിൽ വച്ച് കണ്ടുമുട്ടാം: സജീവ് ആല എഴുതുന്നു

സജീവ് ആല

 നമസ്തെ ട്രംപ്-എന്നുവച്ചാൽ ഗുഡ്ബൈ ചേരിചേരാത്വം.Non Alignment Movement (NAM) ഇതുപോലെ ഇന്ത്യയ്ക്ക് ദോഷം ചെയ്ത മറ്റൊരു സംഘടനയില്ല. ശീതയുദ്ധക്കാലത്ത് അമേരിക്കയുടെയൊ സോവിയറ്റ് യൂണിയന്റെയോ പക്ഷം ചേരാതെ സ്വതന്ത്രമായി നിലകൊള്ളുന്ന നിഷ്പക്ഷരാജ്യങ്ങളുടെ കൂട്ടായ്മ

ഇതൊക്കെ കേൾക്കുമ്പോൾ ആരും രോമാഞ്ച കഞ്ചുകരായിപ്പോകും.പക്ഷെ ഇത്തരം രോമാഞ്ചങ്ങൾക്ക് വസ്തുനിഷ്ഠ യാഥാർത്ഥ്യമായി മിക്കപ്പോഴും വലിയ ബന്ധമൊന്നും കാണാറില്ല.യൂഗ്ളസോവ്യൻ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി മാർഷൽ ടിറ്റോ ഈജിപ്ഷ്യൻ ഏകാധിപതി നാസർപിന്നെ ഉദാത്തജനാധിപത്യത്തിന്റെ മഹാമാതൃകയായിരുന്ന വിശ്വപൗരൻ നമ്മുടെ ചാച്ചാജി ഇവരായിരുന്നു NAMന്റെ മുഖ്യകാർമ്മികർ.

ഭൂലോക ഊടായിപ്പുകാരായിരുന്ന ടിറ്റോയും നാസറും എല്ലാ എതിർശബ്ദങ്ങളേയും തൂക്കിലേറ്റിയിരുന്ന കൊടുംപാതകികളായിരുന്നു.ക്യൂബൻ ഫിഡൽ കാസ്ട്രോയും സിംബാബ്വെ ഓട്ടോക്രാറ്റ് മുഗാബെയും ഒക്കെയായിരുന്നു മറ്റു ചില ചേരിചേരാ നടന്മാർ

വിയോജിക്കുന്നവരെയും വിമതരെയും നെഞ്ചോട് ചേർത്തു നിർത്തിയിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഏഴയലത്ത് നില്ക്കാനുള്ള യോഗ്യത ടിറ്റോയ്ക്കും നാസറിനും ഉണ്ടായിരുന്നില്ല.ലോകമെമ്പാടും നെഹ്റുവിനുണ്ടായിരുന്ന സ്വീകാര്യതയും അംഗീകാരവും മുതലെടുത്ത് ഒരു പറ്റം ജനാധിപത്യവിരുദ്ധർ തല്ലിക്കൂട്ടിയ സോവിയറ്റ് പക്ഷപാതികളുടെ സംഘം മാത്രമായിരുന്നു ചേരിചേരായ്മക്കൂട്ടം.

സോഷ്യലിസം എന്ന ആശയത്തോട് നെഹ്റുവിന് ഉണ്ടായിരുന്ന ആരാധനയും പ്രതിപത്തിയും ഉടലെടുത്ത സാമ്യവാദവേഷക്കാർ അദ്ദേഹത്തെ മുന്നിൽ നിർത്തി ചേരിചേരായ്മ കളിച്ച് കളം നിറഞ്ഞാടി.

ചാച്ചാജിയെ പോലുള്ള ഒരു ബഹുസ്വര ജനാധിപത്യ തീവ്രവാദി ഒരുതരത്തിലും യോജിക്കാനോ സഹകരിക്കാനോ പോലും പാടില്ലാത്ത സോവിയറ്റ് സ്റ്റാലിനിസ്റ്റ് ഇരുമ്പുമറയുടെ സ്വാഭാവിക സഖ്യകക്ഷിയായി ഇന്ത്യ മാറി. നെഹ്റുവിന്റെ സ്നേഹവും സൗഹൃദവും അന്നത്തെ എല്ലാ ലോകനേതാക്കളും കൊതിച്ചിരുന്നു.

അദ്ദേഹം അത്രയ്ക്ക് മാന്ത്രികതയുള്ള വ്യക്തിത്വമായിരുന്നു.ഭാരതം സോവിയറ്റ് പക്ഷത്തേക്ക് പോയപ്പോൾ പാക്കിസ്ഥാനെ അമേരിക്ക കൂടെ കൂട്ടി. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യത്തിന്റെ എതിർചേരിയിലായി മാറി.

ആധുനികതയുടെ സയൻസിന്റെ സാങ്കേതികവിദ്യയുടെ സർവോപരി ജനാധിപത്യ മൂല്യങ്ങളുടെ ഹെഡ്ക്വാർട്ടറാണ് അമേരിക്ക.യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക് മൂവ്മെന്റ് അവരുടെ സ്വാഭാവിക സഖ്യരാജ്യമായി കൂട്ടായത് അമേരിക്കയെയാണ്.

പടിഞ്ഞാറൻ യൂറോപ്പ് ലിബറൽ ഡമോക്രസിയുടെ വസന്തഭൂമികയായി മുന്നേറിയപ്പോൾ കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് അടിമക്കൂട്ടങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു തരിപ്പണമായി.അമേരിക്കയുടെ സൗഹൃദവലയത്തിലുള്ള എല്ലാ രാജ്യങ്ങളും സാമ്പത്തികമായി മുന്നേറിയപ്പോൾ ചേരിചേരാക്കാരും പഴയ വാഴ്സാ സഖ്യക്കാരും അന്ധകാരത്തിലേക്ക് കൂപ്പുകുത്തി.

മതരാഷ്ട്രമായ പാക്കിസ്ഥാൻ മാത്രമാണ് ഒരേയൊരു അപവാദം. ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഈറ്റില്ലമായ അയലത്തെ മദരാഷ്ട്രം അമേരിക്കയുടെ നിർലോഭമായ സാമ്പത്തിക സഹായം ലഭിച്ചിട്ടും രക്ഷപെട്ടില്ല.

ജ്ഞാനത്തിന്റെ വിജ്ഞാനത്തിന്റെ സ്വതന്ത്ര ചിന്തയുടെ വിശാലാകാശമായ അമേരിക്കയുമായുള്ള സാമ്പത്തിക-സൈനിക സഹകരണത്തിന്റെ മൂല്യം തിരിച്ചറിഞ്ഞാണ് സ്വന്തം സർക്കാരിനെ തന്നെ ബലികൊടുത്ത് ഡോ. മന്മോഹൻ സിങ് സിവിൽ ന്യൂക്ലിയർ ഡീൽ ഒപ്പുവെച്ചത്.അതായിരുന്നു ഇൻഡോ- അമേരിക്കൻ ബന്ധത്തിലെ ടേണിങ് പോയിന്റ്.

ആരു ഭരിച്ചാലും ഇസ്രയേലിനൊപ്പമായിരിക്കും യുഎസ് ഭരണകൂടം. യഹൂദലോബി അത്രയ്ക്ക് ശക്തമാണ് അമേരിക്കയിൽ.അതേപോലെ സ്ട്രോങ്ങായ ഒരു ഇന്ത്യൻ ലോബി അമേരിക്കയിൽ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. റിപ്പബ്ളിക്കൻ പാർട്ടിയുടേയും ഡമോക്രാറ്റിക് പാർട്ടിയുടേയും വിദേശനയത്തെ സ്വാധീനിക്കുവാനുള്ള സൂപ്പർ പവർ ഈ ഇന്ത്യൻ കോക്കസിനുണ്ട്.

ഭാരതത്തെ സംബന്ധിച്ചിടത്തോളം വളരെ ശുഭോദർക്കമായ വികാസമാണിത്. ഇടതുപക്ഷക്കാരനായ ബേണി സാൻഡേഴ്സ് അടുത്ത പ്രസിഡന്റായാൽ പോലും ഇന്ത്യാ- അമേരിക്കൻ റിലേഷൻ പുതിയ ഉയരങ്ങൾ താണ്ടിയിരിക്കും.

മോദി ഭരിക്കുമ്പോൾ ഇന്ത്യ നശിച്ച് നാറാണക്കല്ലാകണം, പിണറായി ഭരിക്കുമ്പോൾ കേരളം പൊളിഞ്ഞു പാളീസാകണം എന്ന മനോവൈകൃതവുമായി നടക്കുന്ന ഒത്തിരി കീടങ്ങൾ നാട്ടിലുണ്ട്.ലോകമെങ്ങുമുള്ള അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് ആശയും ആവേശവുമായ അമേരിക്കയുടെ എക്കാലത്തെയും മഹാനായ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ കരിങ്കൊടി പൊക്കി നടന്നവരാണ് ഇപ്പോൾ ട്രംപിന്റെ വിസിറ്റിനെതിരെ കരഞ്ഞുകൂവി നടക്കുന്നത്.

നേതാക്കൾക്ക് പല്ലുവേദന വന്നാൽ അമേരിക്കയിൽ തന്നെ ചികിത്സിക്കണം
മക്കളുടെ പഠനം അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ തന്നെ വേണം മക്കൾക്കും മരുമക്കൾക്കും അമേരിക്കൻ കമ്പനിയിൽ തന്നെ ജോലി ഒപ്പിക്കണം.

യാങ്കി ഗോ ബാക്ക്. നമുക്ക് അമേരിക്കയിൽ വച്ച് കണ്ടുമുട്ടാം. ഇതാണ് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ അമേരിക്കൻ വിരുദ്ധരുടെ വൈരുദ്ധ്യാത്മക കോമഡി.ഒരു ഡമോക്രസി മറ്റൊരു ഡമോക്രസിയോടാണ് ചേർന്നുനില്ക്കേണ്ടത്.മനുഷ്യബന്ധങ്ങൾ നിലനില്ക്കാൻ വിട്ടുവീഴ്ചകളും ഒത്തുതീർപ്പുകളും ആവശ്യമാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിലും ഇതേ തത്വം ബാധകമാണ്.

പ്രധാനമന്ത്രി കസേരയിൽ മോദിയോ രാഹുലോ യെച്ചൂരിയോ ആരിരുന്നാലും ഭാരതത്തിന്റെ വികാസത്തിന് പുരോഗതിക്ക് അമേരിക്കയുമായുള്ള ഉറ്റബന്ധം അത്യന്താപേക്ഷിതമാണ്. അങ്കിൾ സാമിനെ പിണക്കി അകറ്റുകയല്ല ചേർത്തണയ്ക്കുകയാണ് വേണ്ടത്.

നൂറുകോടി ഇന്തോ- അമേരിക്കൻ സൗഹൃദപുഷ്പങ്ങൾ വിരിയട്ടെ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP