Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ മാനിക്കുന്ന നേതാവാണ് മോദി; പൗരത്വ നിയമം വിശേഷിച്ച് ചർച്ച ചെയ്തില്ല; ഡൽഹിയിൽ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെ കുറിച്ച് കേട്ടെങ്കിലും അത് ഇന്ത്യയുടെ ആഭ്യന്തര വിഷയം; 22,000 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവച്ചെങ്കിലും 24 ബില്യന്റെ വാണിജ്യ കമ്മി വലിയ അന്തരം; തർക്കങ്ങളുണ്ടെങ്കിലും സമഗ്ര വാണിജ്യ സഹകരണ കരാർ ഒപ്പുവയ്ക്കും; കശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാമെന്നും ആവർത്തിച്ച് ട്രംപ്

ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ മാനിക്കുന്ന നേതാവാണ് മോദി; പൗരത്വ നിയമം വിശേഷിച്ച് ചർച്ച ചെയ്തില്ല; ഡൽഹിയിൽ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെ കുറിച്ച് കേട്ടെങ്കിലും അത് ഇന്ത്യയുടെ ആഭ്യന്തര വിഷയം; 22,000 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവച്ചെങ്കിലും 24 ബില്യന്റെ വാണിജ്യ കമ്മി വലിയ അന്തരം; തർക്കങ്ങളുണ്ടെങ്കിലും സമഗ്ര വാണിജ്യ സഹകരണ കരാർ ഒപ്പുവയ്ക്കും; കശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാമെന്നും ആവർത്തിച്ച് ട്രംപ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എന്തൊക്കെയാണ് ഇന്ത്യൻ സന്ദർശനത്തിന്റെ നേട്ടങ്ങൾ? എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തത്. തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ അവസാനപാദത്തിൽ എല്ലാം വിശദീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മാധ്യമ പ്രവർത്തകരെ കാണാനെത്തി. 22,000 കോടിയുടെ ഹെലികോപ്ടർ ഇടപാട് അടക്കമുള്ള പ്രതിരോധ കരാറിന്റെ വിവരം ട്രംപ് ആവർത്തിച്ചു. പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തെ ചൊല്ലി ഡൽഹിയിൽ അരങ്ങേറുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ അതേ കുറിച്ചും ചോദ്യമുണ്ടായി. മത സ്വാതന്ത്ര്യത്തെ കുറിച്ച് മോദിയുമായുള്ള ചർച്ചയിൽ സംസാരിച്ചു. ജനങ്ങൾക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. അതിന് വേണ്ടി അവർ തീവ്രമായി പ്രയത്‌നിക്കുന്നുണ്ട്. ചില ഒറ്റപ്പെട്ട അക്രമങ്ങളെ കുറിച്ച് ഞാൻ കേട്ടു. എന്നാൽ അത് ചർച്ചയായില്ല. അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പൗരത്വ നിയമം പ്രത്യേകമായി ചർച്ച ചെയ്തില്ലെന്നും ട്രംപ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കടുപ്പക്കാരൻ

പ്രധാനമമന്ത്രി നരേന്ദ്ര മോദി ശാന്തനും ധർമനിഷ്ഠനുമാണ്. എന്നാൽ, അദ്ദേഹം ശരിക്കും നല്ല കടുപ്പക്കാരനുമാണ്. അദ്ദേഹം പ്രവർത്തിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.

കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന് വീണ്ടും

നേരത്തെ പലവട്ടം ആവശ്യമില്ലെന്ന് ഇന്ത്യ വിലക്കിയ കാര്യം ട്രംപ് വീണ്ടും ആവർത്തിച്ചു. കശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ താൻ തയ്യാറാണെന്നാണ് യുഎസ് പ്രസിഡന്റ് പറഞ്ഞത്. ഇക്കാര്യം അദ്ദേഹം ഇന്നും വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.

ഇന്ത്യയുടെ ടാരിഫ് നിരക്കുകൾ കൂടുതൽ

വാണിജ്യ ചർച്ചകളുമായി ബന്ധപ്പെട്ട് ഇന്ത്യ ചുമത്തുന്ന താരിഫ് നിരക്കുകൾ കൂടുതലാണെന്ന് ട്രംപ് പരാതിപ്പട്ടു. തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവരികയാണ്. ഏതായാലും വാണിജ്യകരാർ ഒപ്പുവയ്ക്കും. ഇന്ത്യയുമായി വലിയ വാണിജ്യ കമ്മിയാണ് അമേരിക്കയ്ക്കുള്ളത്. 24 ബില്യൻ ഡോളറിന്റെ വ്യാപാര കമ്മി ഉണ്ടാവാൻ പാടില്ലെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയുമായി കൂടുതൽ പ്രതിരോധ ഇടപാടുകളുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. താലിബാൻ-അമേരിക്ക സൈനിക പിന്മാറ്റകരാറിനെ മോദി പിന്തുണച്ചു. രക്തച്ചൊരിച്ചിൽ ആരും ആഗ്രഹിക്കുന്നില്ല. അടുത്ത 50-100 വർഷത്തേക്ക് ഇന്ത്യ ആഗോള തലത്തിൽ നിർണായക ശക്തിയാകും. മഹത്തായ ഭാവിയാണ് ഇന്ത്യയ്ക്കുണ്ടാൻ പോകുന്നത്. പാക്കിസ്ഥാൻ വിഷയം മോദിയുമായി ചർച്ച ചെയ്തു. ഞാനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ നല്ല ബന്ധത്തിലാണ്. അവർ അതിർത്തി കടന്നുള്ള തീവ്രവാദം നിയന്ത്രിക്കാൻ പരിശ്രമിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോകാൻ വഴി തുറക്കുന്ന മൂന്നുകരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിൽ 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറാണ് പ്രധാനം. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. അത്യാധുനിക അമേരിക്കൻ സൈനിക ഉപകരണങ്ങൾ വാങ്ങാനാണ് കരാർ. ലോകത്തിലെ ഏറ്റവും മികവേറിയ അപ്പാഷെ, എംഎച്ച്-60 റോമിയോ ഹെലികോപ്ടറുകൾ ഉൾപ്പടെയാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. ഈ കരാർ, സംയുക്ത പ്രതിരോധ ശേഷിയെ പോഷിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയിൽ നിന്ന് സീഹോക്ക് ഹെലിക്കോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. പ്രതിരോധം, സുരക്ഷ, ഊർജ്ജരംഗത്തെ തന്ത്രപ്രധാന പങ്കാളിത്തം, വാണിജ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം ഇങ്ങനെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ എല്ലാ പ്രധാനപ്പെട്ട വശങ്ങളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഇന്ത്യ-യുംഎസ് ബന്ധം ജനങ്ങളെ കേന്ദ്രീകരിച്ചാണെന്നും മോദി പറഞ്ഞു. 21 ാം നൂറ്റാണ്ടിൽ ഈ ബന്ധം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദത്തെ നേരിടാൻ പാക്കിസ്ഥാനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്ലാമിക ഭീകരതയെ ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഇസ്ലാമിക ഭീകരവാദത്തിൽ നിന്ന് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന കാര്യവും ചർച്ചയായി. സമഗ്രമായ വാണിജ്യ കരാർ ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ അതിന് മറുപടി പറയേണ്ട സാഹചര്യം സൃഷ്ടിക്കാൻ ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാണിജ്യ മന്ത്രിമാരുടെ ചർച്ചകൾ വളരെ ശുഭകരമായി. ഈ ചർച്ചകൾക്ക് നിയമപ്രാബല്യം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. വിപുലമയ വാണിജ്യ കരാറിനായി ചർച്ചകൾ തുടരും.

മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണം, വൈദ്യ ശാസ്ത്ര ഉപകരണങ്ങളും ഗുണമേന്മ ഉറപ്പാക്കൽ, പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്സോൺ മൊബിൽ സഹകരണം എന്നിവയിലാണ് ഇന്ന് ഇന്ത്യയും അമേരിക്കയും തമ്മിൽ കരാറൊപ്പിട്ടത്. വിശാലമായ വ്യാപാരക്കരാർ അണിയറയിലാണെന്നാണ് ഇരു നേതാക്കളും അറിയിച്ചിരിക്കുന്നത്.

തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ അവസാനപാദത്തിലാണ് ട്രംപ് മോദിയുമായി പ്രതിനിധിതല ചർച്ച നടത്തിയത്. ഊർജ്ജ മേഖലയിൽ അടക്കം മൂന്നുമേഖലകളിലാണ് ധാരണാപത്രം ഒപ്പുവച്ചത്. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ എന്നിവയാണ് മറ്റു മേഖലകൾ. ആന്ധ്രാപ്രദേശിലെ 1100 മെഗാവാട്ടിന്റെ ആറ് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ നിലവിൽ ധാരണയായിട്ടില്ല.

ഇന്ത്യയിലേക്കുള്ള അമേരിക്കൻ കയറ്റുമതി 60 ശതമാനമായി ഉയർന്നിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. 5 ജി ടെലേേികാം ടെകനോളജിയും ചർച്ചയിൽ വിഷയമായി. സമഗ്ര വാണിജ്യ കരാർ ഒപ്പുവയ്ക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യ-യുഎസ് ബന്ധം മുമ്പത്തേക്കാൾ ശക്തമാണ്. ഈ സന്ദർശനം മഹത്തരമായിരുന്നു. ഞങ്ങൾക്ക് നൽകിയ സ്വീകരണം അവിസ്മരണീയമാണ്, ട്രംപ് പ്രകീർത്തിച്ചു. ഇന്ത്യാ സന്ദർശനം വളരെ ഫലപ്രദമായെന്നും മെലാനിയയും താനും സ്വീകരണത്തിൽ വിസ്മയഭരിതരാണെന്നും ട്രംപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP