Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യവനികയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ചപ്പോൾ ഏറ്റുവാങ്ങിയത് എസ്എൽ പുരവും കെജി ജോർജും ചേർന്ന്; മാതൃഭൂമി തിരക്കഥ പ്രസിദ്ധീകരിച്ചപ്പോൾ രചയിതാവിന്റെ സ്ഥാനത്ത് കെ.ജി.ജോർജ് മാത്രം; 2008-ൽ വീണ്ടും സെൻസർ ചെയ്ത് തിരക്കഥയുടെ സ്ഥാനത്ത് നിന്ന് പേര് നീക്കി; ആർടിഐ പ്രകാരം അന്വേഷിച്ചപ്പോൾ പിആർഡിയുടെ മറുപടി അവാർഡ് നൽകിയത് എസ്എൽപുരത്തിനെന്ന് തെളിയിക്കാൻ രേഖയില്ലെന്ന്; യവനികയുടെ തിരക്കഥയുടെ അവകാശം തെളിയിക്കാൻ നിയമവഴി തേടി എസ്എൽ പുരത്തിന്റെ കുടുംബം

യവനികയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ചപ്പോൾ ഏറ്റുവാങ്ങിയത് എസ്എൽ പുരവും കെജി ജോർജും ചേർന്ന്; മാതൃഭൂമി തിരക്കഥ പ്രസിദ്ധീകരിച്ചപ്പോൾ  രചയിതാവിന്റെ സ്ഥാനത്ത് കെ.ജി.ജോർജ് മാത്രം; 2008-ൽ വീണ്ടും സെൻസർ ചെയ്ത് തിരക്കഥയുടെ സ്ഥാനത്ത് നിന്ന് പേര് നീക്കി; ആർടിഐ പ്രകാരം  അന്വേഷിച്ചപ്പോൾ പിആർഡിയുടെ മറുപടി അവാർഡ് നൽകിയത് എസ്എൽപുരത്തിനെന്ന് തെളിയിക്കാൻ രേഖയില്ലെന്ന്; യവനികയുടെ തിരക്കഥയുടെ അവകാശം തെളിയിക്കാൻ നിയമവഴി തേടി എസ്എൽ പുരത്തിന്റെ കുടുംബം

എം മനോജ് കുമാർ

തിരുവനന്തപുരം: മലയാളത്തിലെ ട്രെൻഡ് സെറ്ററായി മാറിയ സിനിമയായിരുന്നു യവനിക. മലയാള സിനിമയുടെ വ്യാകരണങ്ങളെ തിരുത്തിക്കുറിച്ച ഈ അന്വേഷണാത്മക സിനിമ ഇപ്പോഴും ആസ്വാദക മനസിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. കെ.ജി ജോർജിന്റെ അസാമാന്യമായ കൈയടക്കവും ക്രാഫ്റ്റ്സ്മാൻഷിപ്പും ഒരുമിച്ച് ചേർന്ന ഈ സിനിമ ഇപ്പോൾ വീണ്ടും വിവാദത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നീങ്ങുകയാണ്. യവനികയുടെ തിരക്കഥ ആരുടെതാണ് എന്ന ചോദ്യമാണ് വിവാദം സൃഷ്ടിക്കുന്നത്. യവനികയ്ക്ക് തിരക്കഥ -സംഭാഷണം രചിച്ചതിന്റെ പേരിൽ സർക്കാർ നൽകിയ അവാർഡ് ഉയർത്തിക്കാട്ടി ഇത് സർക്കാർ നൽകിയതാണെന്ന് സർട്ടിഫൈ ചെയ്ത് തരണമെന്നു കുടുംബം ആവശ്യപ്പെടുമ്പോൾ പക്ഷെ ഇടത് സർക്കാർ മുഖം തിരിക്കുകയാണ്. 1982-ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നൽകപ്പെട്ട ചലച്ചിത്ര പുരസ്‌ക്കാരം ഉയർത്തിക്കാട്ടിയാണ് ഇത് എസ്എൽ പുരത്തിന് സർക്കാർ നൽകിയതാണെന്ന് സർട്ടിഫൈ ചെയ്ത് തരണമെന്നു കുടുംബം ആവശ്യപ്പെടുന്നത്.

യവനികയുടെ സംവിധായകൻ കെ.ജി.ജോർജുമായി ഈ കാര്യത്തിൽ എസ്എൽ പുരത്തിന്റെ കുടുംബം തർക്കത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കുടുംബത്തിനു ആശ്വാസകരമാകുമായിരുന്ന ഈ സർട്ടിഫൈ ചെയ്യലിനോടു എന്തായാലും ഇടത് സർക്കാർ മുഖം തിരിക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് എസ്എൽ പുരത്തിന്റെ മകനായ വൈ.എസ്.ജയസോമ ഇപ്പോൾ സെക്രട്ടറിയേറ്റിന്റെ പടികൾ കയറിയിറങ്ങുകയാണ്. പക്ഷെ ഇടത് സർക്കാർ കണ്ട ഭാവം കാണിക്കുന്നില്ല. സർക്കാർ നൽകിയ പുരസ്‌കാരം അത് സർക്കാർ നൽകിയത് തന്നെയാണെന്ന് സർട്ടിഫൈ ചെയ്ത് നൽകാനാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇടത് ചേരിയിൽ നിലയുറപ്പിച്ചിരുന്ന എസ്എൽപുരത്തിന്റെ പേരിൽ കുടുംബത്തിനു ഒരു പ്രശ്‌നം വന്നപ്പോൾ ഇടത് സർക്കാർ മുഖം തിരിക്കുകയാണെന്ന പരിഭവമാണ് മറുനാടന് മുന്നിൽ എസ്എൽ പുരത്തിന്റെ മകൻ ജയസോമ പങ്കു വയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയപ്പോൾ ഒരു നടപടിയും വന്നില്ല. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് പരാതി നൽകിയപ്പോൾ ഈ കാര്യത്തിൽ വേണ്ട നിർദ്ദേശം പിആർഡിക്ക് നൽകി എന്നാണ് സാംസ്‌കാരിക മന്ത്രി അറിയിച്ചത്. അത് പ്രകാരം പിആർഡിയിൽ പോയപ്പോൾ മന്ത്രിയുടെ ഓഫീസിൽ നിന്നും ഒരു നിർദ്ദേശവും വന്നില്ലെന്നാണ് പിആർഡി അധികൃതർ അറിയിച്ചത്. വിവരാവകാശ പ്രകാരം അപേക്ഷ നൽകിയപ്പോൾ പിആർഡി അറിയിച്ചത് അന്ന് അവാർഡ് നൽകിയത് എസ്എൽപുരത്തിനാണ് എന്ന് തെളിയിക്കാനുള്ള രേഖകൾ പിആർഡിയിൽ ലഭ്യമല്ലെന്നാണ്. ഇപ്പോൾ എല്ലാ തെളിവുകളും തങ്ങളുടെ കയ്യിലുണ്ട് എന്ന് അറിയിപ്പ് നൽകി വിവരാവാകാശപ്രകാരമുള്ള മറുപടിക്ക് അപ്പീൽ നൽകി കാത്തിരിക്കുകയാണ് ജയസോമയും കുടുംബവും.

സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ച എസ്എൽ പുരം സദാനന്ദന്റെ കുടുംബവും കെ.ജി.ജോർജുമാണ് ഈ പ്രശ്‌നത്തിൽ നിലവിൽ ഏറ്റുമുട്ടലിന്റെ പാതയിലുള്ളത്. സിനിമയുടെ തിരക്കഥ ഒരുക്കിയത് താൻ തനിച്ചാണ്. സംഭാഷണം മാത്രമാണ് എസ്എൽ പുരം എഴുതിയതെന്നുള്ള കെജി ജോർജിന്റെ അവകാശവാദവും യവനികയുടെ തിരക്കഥ 2007-ൽ മാതൃഭൂമിയെക്കൊണ്ട് പുസ്തകമാക്കിച്ചപ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും ജോർജ് അടിച്ചുമാറ്റിയതുമാണ് എസ്എൽ പുരത്തിന്റെ കുടുംബത്തിനെ ചൊടിപ്പിച്ചത്. സിനിമയിറങ്ങി മൂന്നു പതിറ്റാണ്ടിനു ശേഷം പക്ഷെ ഈ വിവാദം വീണ്ടും സജീവമാവുകയാണ്. യവനികയുമായി ബന്ധപ്പെട്ടു കെ.ജി.ജോർജ് നടത്തിയ തുടരൻ ചതികളാണ് കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്. എസ്എൽ പുരം ഒറ്റയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചപ്പോൾ യവനികയുടെ ടൈറ്റിലിൽ തെളിഞ്ഞത് തിരക്കഥ-എസ്എൽപുരം-കെ.ജി.ജോർജ് എന്ന്. തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചപ്പോൾ അവാർഡ് ലഭിച്ചത് ഇരുവർക്കും ഒരുമിച്ച്. എസ്എൽ പുരം മരിച്ചപ്പോൾ തിരക്കഥ സ്വന്തം പേരിൽ പുസ്തകമാക്കിയത് മാതൃഭൂമിയെ സ്വാധീനിച്ച് കെ.ജി.ജോർജ്. അത് ചോദിച്ചപ്പോൾ അത് ഒരു മിസ്റ്റെക്ക് പറ്റിയെന്നു വിശദീകരണം. ഏഷ്യനെറ്റ് ചാനലിൽ അതിനു വിരുദ്ധമായി ജൂറിക്ക് തെറ്റ് പറ്റിയെന്നു വേറെ വിശദീകരണവും. അത് എന്തുകൊണ്ട് തിരുതിയില്ലെന്നു ചോദിച്ചപ്പോൾ അത് എസ്എൽ പുരം തന്റെ സുഹൃത്താണ് എന്ന് പറഞ്ഞുള്ള ഉരുളലും. മാതൃഭൂമിയിൽ തിരക്കിയപ്പോൾ കെ.ജി.ജോർജ് ഇങ്ങിനെ കള്ളം പറയുമെന്ന് കരുതിയില്ലെന്ന വിശദീകരണവും.

സംഭവം വിവാദമായപ്പോൾ സിനിമാ ടൈറ്റിലിൽ നിന്നും ജോർജ് എസ്എൽപുരത്തിന്റെ പേര് എടുത്തുമാറ്റുകയും ചെയ്തു. 2008-ൽ റീ സെൻസ്ദർ ചെയ്താണ് തിരക്കഥയുടെ സ്ഥാനത്ത് നിന്നും എസ്എൽപുരത്തിന്റെ പേര് കളഞ്ഞത്. ഇപ്പോൾ യുട്യൂബിലും മറ്റും പ്രചരിക്കുന്ന സിനിമയുടെ ടൈറ്റിലിൽ എസ്എൽപുരത്തിന്റെ പേരില്ല. എ സിനിമയുടെ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകൾ ടിവിയിൽ പ്രദർശിപ്പിക്കാനും മറ്റുമായി യു സർട്ടിഫിക്കറ്റ് ആക്കാൻ റീ സെൻസർ ചെയ്യാറുണ്ട്. പക്ഷെ യവനിക മുൻപ് തന്നെ യു സർട്ടിഫിക്കറ്റ് ലഭിച്ചതാണ്. പിന്നെ എന്തിനു വീണ്ടും റീ സെൻസർ ചെയ്തു. എല്ലാം എസ്എൽപുരത്തിന്റെ പേര് യവനികയുടെ തിരക്കഥയിൽ നിന്നും മാറ്റാനാണ്-എസ്എൽപുരത്തിന്റെ മകൻ ജയസോമ മറുനാടനോട് പറഞ്ഞു. ഈ ചതികൾ എല്ലാം മുന്നിൽ നിൽക്കുമ്പോൾ തന്നെയാണ് കുടുംബം വീണ്ടും സർക്കാരിനെ സമീപിക്കുന്നത്. യവനികയുടെ തിരക്കഥ രചിച്ചത് എസ്എൽപുരമെന്നു തന്നെ അടിവരയിടാൻ. എതിനുൽ തെളിവുകൾ അവർ സർക്കാരിന് മുന്നിൽ നിരത്തുകയും ചെയ്യുന്നു. 1982-ൽ യവനികയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിക്കുമ്പോൾ ജൂറി ചെയർമാൻ ആയിരുന്ന പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവനും അന്ന് ജൂറി അംഗമായിരുന്ന വിജയകൃഷ്ണനും കുടുംബത്തോട് യവനികയുടെ തിരക്കഥ എസ്എൽ പുരമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതിനു വിജയകൃഷ്ണൻ എഴുതിയ കത്തും ഇവർ ആധാരമാക്കുനുണ്ട്. ആ കത്തിന്റെ കോപ്പി കുടുംബം സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. ഇതെല്ലാം കരുതിയാണ് യവനികയുടെ തിരക്കഥ എസ്എൽ പുരമെന്നു തന്നെയെന്നു കുടുംബം ആവശ്യപ്പെടുന്നത്.

വിവാദത്തെക്കുറിച്ച് മറുനാടനോട് ജയസോമയുടെ പ്രതികരണം:

1982-ലാണ് യവനികയ്ക്ക് സംസ്ഥാന അവാർഡ് ലഭിക്കുന്നത്. തിരക്കഥയ്ക്കുള്ള അവാർഡ് എസ്എൽപുരത്തിനും കെ.ജി.ജോർജിനുമാണ് ലഭിച്ചത്. അതിന്റെ മൊമന്റോയും സർട്ടിഫിക്കറ്റുകളും വീട്ടിൽ ഇരിക്കുന്നുണ്ട്. 2005-ലാണ് അച്ഛൻ മരിക്കുന്നത്. 2007-ൽ കെ.ജി.ജോർജ് തിരക്കഥയുടെ പുസ്തകം ഇറക്കി. മാതൃഭൂമി ബുക്‌സ് ആണ് തിരക്കഥയുടെ പുസ്തകം ഇറക്കിയത്. പക്ഷെ തിരക്കഥയുടെ ടൈറ്റിലിൽ എസ്എൽ പുരത്തിന്റെ പേര് ചേർത്തിരുന്നില്ല. അത് അന്ന് ഞങ്ങൾ കെ.ജി.ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തി പരാതി പറഞ്ഞു. ഞങ്ങൾ ചേർക്കാൻ മറന്നതാണ് അന്ന് കെ.ജി.ജോർജ് പറഞ്ഞത്. ഒരു കത്തും ഞങ്ങൾക്ക് അയച്ചു. പക്ഷെ കത്തിൽ കെ.ജി.ജോർജ് ഒപ്പിട്ടിട്ടില്ല. കെ.ജി.ജോർജിനെപ്പോലെ മഹാനായ വ്യക്തി തിരക്കഥ എന്റത് മാത്രമാണ് എന്ന് പറയുമ്പോൾ അത് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല അതുകൊണ്ട് ചെയ്തു പോയതാണ് എന്നാണ് മാതൃഭൂമിയിൽ ഈ പരാതി എത്തിയപ്പോൾ മാതൃഭൂമി ഞങ്ങളെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് തിരക്കഥ അദ്ദേഹത്തിന്റെ പേരിൽ നൽകിയത്. പക്ഷെ ഞങ്ങൾ പ്രിന്റിങ് നിർത്തുകയാണ് എന്നാണ് മാതൃഭൂമി പറഞ്ഞത്. തിരക്കഥ കെ.ജി.ജോർജ് എന്നാണ് മാതൃഭൂമി ഇറക്കിയ യവനികയുടെ തിരക്കഥയിൽ പറയുന്നത്. സംഭാഷണം ഉൾപ്പെടുത്തണമെങ്കിൽ സംഭാഷണ രചയിതാവിന്റെ അനുമതി വേണം. അല്ലെങ്കിൽ കുടുംബത്തിന്റെ അനുമതി വേണം. ഇത് ഞങ്ങളോട് വാങ്ങിച്ചിട്ടില്ല. അതിനാൽ സംഭാഷണം എന്ന സ്ഥാനത്ത് പേര് നൽകിയിട്ടില്ല. മൊത്തം സമ്മറി നൽകിയപ്പോൾ സംഭാഷണം എസ്എൽ പുരം എന്ന് പറഞ്ഞുപോയതേയുള്ളൂ.

പക്ഷെ ഇപ്പോൾ യവനികയുടെ പ്രിന്റുകളിൽ എസ്എൽ പുരത്തിന്റെ പേരില്ല. യുട്യുബിൽ അപ് ലോഡ് ചെയ്ത പ്രിന്റുകളിലും അച്ഛന്റെ പേരില്ല. പ്രിന്റിൽ പേരില്ലാത്ത ഒരാൾക്ക് എങ്ങിനെ അവാർഡ് ലഭിക്കും? അവിടെയാണ് ഞങ്ങൾ ഉയർത്തുന്ന പ്രശ്‌നത്തിന്റെ തുടക്കം. യവനികയുടെ തിരക്കഥയും സംഭാഷണവും അച്ഛന്റെതാണ്. അതുകൊണ്ട് തന്നെയാണ് എസ്എൽപുരത്തിന് അവാർഡ് നൽകിയത്. അന്ന് ജൂറി ചെയർമാൻ സേതുമാധവനായിരുന്നു. അദ്ദേഹത്തെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എംടി-ഭരതൻ, പത്മരാജൻ, എസ്എൽപുരം തുടങ്ങിയ ലെജന്റുകളുടെ മത്സരമായിരുന്നു. അത്രയും കടുത്ത ഒരു കോംപറ്റീഷനിലാണ് ഞങ്ങൾ വിധി പ്രഖ്യാപിച്ചത്. 117 സിനിമകളാണ് അന്ന് മത്സരിച്ചത്. അത്രയും കടുത്ത മത്സരത്തിൽ ഒരുത്തരവാദിത്തവുമില്ലാതെ ഞങ്ങൾ വിധി പ്രഖ്യാപിക്കില്ല. എസ്എൽ പുരത്തിന്റെ പേരുള്ളതുകൊണ്ടാണ് അവാർഡ് ലഭിച്ചത്. യവനികയിൽ എസ്എൽപുരം സംഭാഷണം രചിച്ചിട്ടില്ല എന്നാണ് കെ.ജി.ജോർജ് ഏഷ്യാനെറ്റിൽ പറഞ്ഞത്. ജൂറിക്ക് പറ്റിയ തെറ്റായാണ് എസ്എൽപുരത്തിന് ലഭിച്ച അവാർഡ് എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് തെറ്റ് തിരുത്തിയില്ല എന്ന് ചോദിച്ചപ്പോൾ അത് എസ്എൽ പുരം എന്റെ സുഹൃത്തായതിനാൽ തെറ്റ് തിരുത്തിയില്ല ആ പേര് ഇരുന്നോട്ടെ എന്നും പറഞ്ഞു.

135 സിനിമകൾ അദ്ദേഹം തിരക്കഥ-സംഭാഷണങ്ങൾ എഴുതിയിട്ടുണ്ട്. അത് ലോക റെക്കോർഡാണ്. ഇതിൽ 134 ഉം അച്ഛൻ ഒറ്റയ്ക്ക് ആണ് എഴുതിയത്. ഒരെണ്ണം മാത്രമാണ് കെ.ജി.ജോർജുമായി ചേർന്നു എഴുതിയത്. എസ്എൽ പുരമാണ് തിരക്കഥ-സംഭാഷണം എഴുതിയത്. സിനിമ സെൻസറിന് വിടുന്ന സമയത്ത് കെ.ജി.ജോർജിന്റെ പേരും കൂടി എഴുതി ചേർത്താണ് അദ്ദേഹം കൂടി അവാർഡ് വാങ്ങിയത്. അന്ന് തിരക്കഥ-സംഭാഷണത്തിനു രണ്ടു പേരും കൂടി അവാർഡ് വാങ്ങി. പക്ഷെ ഇന്നു തിരക്കഥയിൽ ഒരാളുടെ പേര് മാത്രമേയുള്ളൂ. അത് കെ.ജി.ജോർജിന്റെതാണ്. സിനിമയുടെ പ്രിന്റിൽ പേര് കാണാതിരുന്നതിനെ തുടർന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ മനസിലായത് സിനിമ വീണ്ടും 2008 ഫെബ്രുവരിയിൽ റീ സെൻസർ ചെയ്തു എന്നാണ്. അതെന്തിനാണ്. ഇപ്പോൾ യു ട്യുബിൽ കാണുന്ന സെൻസർ സർട്ടിഫിക്കറ്റ് 2008-ൽ സെൻസർ ചെയ്തതാണ്. 1982-ൽ സെൻസർ ചെയ്ത് അവാർഡ് നേടിയ സിനിമ എന്തിനു 2008-ൽ വീണ്ടും സെൻസർ ചെയ്യണം? സാധാരണ ഗതിയിൽ എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ലഭിക്കാനാണ് വീണ്ടും സെൻസർ ചെയ്യുന്നത്. എന്നാൽ യവനികയ്ക്ക് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. അതിനാൽ വീണ്ടും സെൻസർ ചെയ്യേണ്ട ആവശ്യമില്ല.

ഇപ്പോൾ വരുന്ന പ്രിന്റിൽ ഒന്നും എസ്എൽപുരത്തിന്റെ പേരില്ല. കഥ, തിരക്കഥ, സംവിധാനം കെ.ജി.ജോർജ് എന്നാണ് ഇപ്പോൾ സിനിമയിൽ തെളിയുന്ന ടൈറ്റിൽ. സംഭാഷണം എസ്എൽപുരം. സംഭാഷണം എഴുതിയ ആൾക്ക് എങ്ങിനെ തിരക്കഥയ്ക്ക് അവാർഡ് ലഭിക്കും. അന്ന് സംഭാഷണത്തിനു മത്സരമില്ല. തിരക്കഥയ്ക്ക് മാത്രമേ മത്സരമുള്ളൂ. നിർമ്മാതാവാണ് ഇന്നയിന്ന കാറ്റഗറിയിൽ ഇന്നയിന്ന ആളുകൾ എന്നെഴുതി പിആർഡിക്ക് നൽകുന്നത്. പിആർഡി അത് അവാർഡ് കമ്മറ്റിക്ക് നൽകും. അവാർഡ് കമ്മറ്റി അത് ജൂറിക്ക് നൽകും. ജൂറി അത് സ്‌ക്രീനിൽ നോക്കി വെരിഫൈ ചെയ്യും. എന്നിട്ടാണ് അവാർഡ് നൽകുന്നത്. ഈ രണ്ടു ലിസ്റ്റിലും പേരില്ലെങ്കിൽ പിന്നെ എങ്ങിനെ എസ്എൽപുരത്തിന് അവാർഡ് ലഭിച്ചു. അത് സർക്കാർ തന്നെ വിശദമാക്കണം-ജയസോമ ആവശ്യപ്പെടുന്നു.

സിനിമ ഐഎഎസ് അക്കാദമി, ഐപിഎസ് അക്കാദമി തുടങ്ങിയ വിവിധ ഇൻസ്റ്റിട്ട്യുട്ടിൽ എല്ലാം പഠിപ്പിക്കുന്നതാണ് സിനിമയുടെ തിരക്കഥ. തിർക്കഥയുടെ ഹൈലൈറ്റ് അതാണ്. ഇതേ തിരക്കഥയിൽ നിന്നാണ് എസ്എൽപുരത്തിന്റെ പേര് നീക്കിക്കളഞ്ഞത്. പിആർഡിയിൽ ഞങ്ങൾ ഒരപേക്ഷ നൽകിയിരുന്നു. യവനികയുടെ തിരക്കഥയ്ക്കുള്ള അവാർഡ് എസ്എൽപുരത്തിനാണ് സർക്കാർ നൽകിയിരിക്കുന്നത് എന്ന് ആവശ്യപ്പെട്ട് ഒരു സർട്ടിഫിക്കറ്റ് നൽകാൻ ഞങ്ങൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ കാര്യം തെളിയിക്കാനുള്ള രേഖകൾ ലഭ്യമല്ലെന്നാണ് വിവരാവകാശ പ്രകാരം പിആർഡി മറുപടി നൽകിയിരിക്കുന്നത്. 1928 മുതൽ 1995 വരെ ഇറക്കിയ സിനിമകളുടെ ഒരു ഡയരക്ടറി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതിൽ 1982-ൽ യവനികയ്ക്ക് നൽകിയ അവാർഡ് എസ്എൽപുരത്തിന്റെ പേരിലാണ്. അപ്പോൾ തെളിവില്ലെന്ന് സർക്കാർ പറയുന്നതിൽ കാര്യമുണ്ടോ? തിരക്കഥയാണ് ഇപ്പോൾ പ്രശ്‌നം സൃഷ്ടിക്കുന്നത്. എസ്എൽ പുരത്തിന്റെ പേര് എടുത്തു മാറ്റുകയാണ് ചെയ്തിരിക്കുന്നത്.

പിആർഡി കെ.ജി.ജോർജിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്ത് ഇറക്കിയിരുന്നു. അതിലും എസ്എൽപുരത്തിന്റെയും കെജി ജോർജ്ജിന്റെയും പേരുകളാണ് യവനിക തിരക്കഥയുടെ സ്ഥാനത്ത് കാണിച്ചിരിക്കുന്നത്. ചിത്രം അടക്കമുള്ള വിവരമാണ് ഡോക്യുമെന്ററിയിൽ നൽകുന്നത്. ഇത്രയും വലിയ തെളിവുണ്ടായിട്ടും സർക്കാർ പറയുന്നത് തെളിവില്ലെന്നാണ്. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ഒപ്പിട്ട സർട്ടിഫിക്കറ്റ് ആണ് വീട്ടിൽ ഇരിക്കുന്നത്. എന്നിട്ടും മൂന്നു മാസമായിട്ടും പ്രതികരണമില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും വന്നില്ല. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് പരാതി നൽകിയപ്പോൾ നിർദ്ദേശം പിആർഡിക്ക് നൽകി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു നിർദ്ദേശവും വന്നില്ലെന്നാണ് പിആർഡിയിൽ പോയപ്പോൾ പറഞ്ഞത്. ഒരു തെളിവുമില്ലെന്നാണ് വിവരാവകാശ പ്രകാരം പിആർഡി പറഞ്ഞിരിക്കുന്നത്. ഇപ്പോൾ തെളിവുകൾ എല്ലാം അങ്ങോട്ട് നൽകി ഇപ്പോൾ വീണ്ടും അപ്പീൽ നൽകിയിരിക്കുകയാണ്.

2007-ൽ തിരക്കഥ വന്നപ്പോൾ ഇത് വിവാദമായതാണ്. എന്നാൽ റോയൽട്ടിയുടെ പേരിലാണ് കെ.ജി.ജോർജിന്റെ നടപടി എന്ന് കരുതിയാണ് അന്ന് ഞങ്ങൾ പ്രതികരിക്കാതിരുന്നത്. എന്റെ അച്ഛന്റെ പേരുൾപ്പെട്ടതിനാൽ ഞങ്ങൾക്കും പുസ്തകം ഇറക്കാൻ കഴിയുമല്ലോ എന്നും ഞങ്ങൾ കരുതി. കെ.ജി.ജോർജും കൂട്ടാളികളും ചേർന്നു പല ക്ലാസുകളും ചർച്ചകളും സംഘടിപ്പിച്ച് യവനിക കെ.ജി.ജോർജിന്റെ തിരക്കഥ എന്നാക്കി മാത്രം മാറ്റിയിട്ടുണ്ട്. ഇത് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. ജോർജിന് അൽഷിമേഴ്‌സ് ആണ് എന്ന് വാർത്തകൾ വരുന്ന സമയത്താണിത്. മറവി രോഗം വരുന്നയാൾ എങ്ങിനെയാണ് യവനികയെക്കുറിച്ച് ക്ലാസുകൾ എടുക്കാൻ കഴിയുക-ജയസോമ ആരായുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP