Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുരേഷ് കൽമാഡിയുടെ അഴിമതിക്കെതിരെ പ്രതികരിച്ച് തുടക്കം; കെജ്രിവാളിന്റെ വിശ്വസ്തനായി രാഷ്ട്രീയത്തിൽ തിളങ്ങി മന്ത്രിയായി; രണ്ടു വർഷത്തിനുള്ളിൽ ആം ആദ്മിയോട് ഉടക്കി മന്ത്രിസ്ഥാനത്തു നിന്ന് പുറത്ത്; കൂറുമാറ്റത്തിന് നിയമസഭാ അംഗത്വം നഷ്ടമായതോടെ ബിജെപിയിൽ; തുടർന്ന് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോൽവി ഏറ്റുവാങ്ങി; ജാഫറാബാദിൽ മറ്റൊരു ഷാഹീൻ ബാഗ് ഉണ്ടാകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപനം; കൊലവെറി പ്രസംഗങ്ങളിലൂടെ ഡൽഹിയുടെ ബാൽതാക്കറെ എന്ന് അറിയപ്പെടുന്ന കപിൽ മിശ്രയുടെ കഥ

സുരേഷ് കൽമാഡിയുടെ അഴിമതിക്കെതിരെ പ്രതികരിച്ച് തുടക്കം; കെജ്രിവാളിന്റെ വിശ്വസ്തനായി രാഷ്ട്രീയത്തിൽ തിളങ്ങി മന്ത്രിയായി; രണ്ടു വർഷത്തിനുള്ളിൽ ആം ആദ്മിയോട് ഉടക്കി മന്ത്രിസ്ഥാനത്തു നിന്ന് പുറത്ത്; കൂറുമാറ്റത്തിന് നിയമസഭാ അംഗത്വം നഷ്ടമായതോടെ ബിജെപിയിൽ; തുടർന്ന് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോൽവി ഏറ്റുവാങ്ങി; ജാഫറാബാദിൽ മറ്റൊരു ഷാഹീൻ ബാഗ് ഉണ്ടാകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപനം; കൊലവെറി പ്രസംഗങ്ങളിലൂടെ ഡൽഹിയുടെ ബാൽതാക്കറെ എന്ന് അറിയപ്പെടുന്ന കപിൽ മിശ്രയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളിൽ നിന്ന് സമരക്കാരെ നീക്കാൻ, ഡൽഹി പൊലീസിന് ഞങ്ങൾ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാൽ ഞങ്ങൾ ഇടപെടും. പിന്നെ ഞങ്ങൾ നിങ്ങൾ പറഞ്ഞാലും കേട്ടെന്നു വരില്ല.'- ഇത് കപിൽ മിശ്രയുടെ ആഹ്വാനമാണ്.ഡൽഹിയുടെ അഭിനവ ബാൽതാക്കറെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാക്കുകൾകൊണ്ട് തീ തുപ്പുന്ന ബിജെപി നേതാവ്.

ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് ഇന്ന് ന്യുഡൽഹി പുകയുന്നത്. സിഎഎ സമരത്തിന്റെ പേരിൽ ഏഴുപേർ കൊല്ലപ്പെടാനുണ്ടായ അക്രമങ്ങളുടെ സൂത്രധാരനെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന കപിൽ മിശ്രയുടെ ഭൂതകാലം പക്ഷേ മതേതര പാർട്ടിയായ ആം ആംദ്മിയിൽ ആയിരുന്നുവെന്നയാണ് ഏറെ കൗതുകകരം.

ഞായറാഴ്ച ദിവസം മുൻ എംഎൽഎയും ബിജെപി നേതാവുമായ കപിൽ മിശ്ര ഉത്തരപൂർവ ഡൽഹിയിലെ ജാഫറാബാദിൽ വെച്ച് പൗരത്വ പ്രതിഷേധ സമരങ്ങൾക്കെതിരായി ഒരു റാലി നടത്തി. അതിലേക്ക് സംഘടിച്ചെത്താൻ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരോട് ആഹ്വാനം ചെയ്തു. റാലിയിൽ ഏറെ പ്രകോപനകരമായ പ്രസംഗം നടത്തി എന്ന് മാത്രല്ല അനേകായിരങ്ങൾ ഫോളോ ചെയ്യുന്ന തന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ' ജാഫറാബാദിൽ മറ്റൊരു ഷാഹീൻ ബാഗ് ഉണ്ടാകാൻ അനുവദിച്ചുകൂടാ...' എന്ന് ഒരു ട്വീറ്റും ചെയ്തു. ആ റാലിക്കും ട്വീറ്റിനും പിന്നാലെ ജാഫറാബാഗിൽ പൗരത്വ പ്രതിഷേധങ്ങളെ എതിർക്കുന്നവർ സംഘടിച്ചു. അവരും ജാഫറാബാദിൽ പ്രതിഷേധിക്കുന്നവരും തമ്മിൽ സംഘർഷങ്ങൾ നടന്നു. കല്ലേറുണ്ടായി. ചില വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.

ആദ്യം നടന്ന ഈ നേരിയ സംഘർഷത്തിന് ശേഷം കപിൽ മിശ്ര ഒരു ഭീഷണി കൂടി മുഴക്കി. 'ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളിൽ നിന്ന് സമരക്കാരെ നീക്കാൻ, ഡൽഹി പൊലീസിന് ഞങ്ങൾ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാൽ ഞങ്ങൾ ഇടപെടും. പിന്നെ ഞങ്ങൾ നിങ്ങൾ പറഞ്ഞാലും കേട്ടെന്നു വരില്ല. 'അമേരിക്കൻ പ്രസിഡന്റ് ട്രംപ് വരികയാണ്, അതുകൊണ്ട് സമരങ്ങളോ പ്രതിഷേധങ്ങളോ നടത്തുന്നതിൽ നിന്ന് വിട്ടു നിൽക്കണം എന്നാവശ്യപെടുന്ന മിശ്രയുടെ മറ്റൊരു വീഡിയോയും വന്നു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ബന്ദ് ആഹ്വാനം ഏറ്റെടുത്താണു ജാഫറാബാദ് മെട്രോ സ്റ്റേഷന് മുന്നിൽ സീലംപുരിൽ നിന്നു മൗജ്പൂരിലേക്കും യമുനാ വിഹാറിലേക്കും പോകുന്ന 66ാം നമ്പർ റോഡിൽ ഞായറാഴ്ച പുലർച്ചെ മുതൽ സ്ത്രീകൾ പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിലുള്ള വലിയ സംഘം പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കപിൽ മിശ്രയാണ് കലാപകാരികളെ ആക്രമിക്കാൻ ആഹ്വാനം ചെയതിരന്നു 'ദ പ്രിന്റ്'പോലുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ സംഘത്തിന്റെ കലാപശ്രമങ്ങളുടെ പരിണിതഫലമാണ് തിങ്കളാഴ്ച പൊലീസ് ഉദ്യോഗസ്ഥൻ അടക്കം അഞ്ചുപേർ കൊല്ലപ്പെടുന്നതിലും കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കും എത്തിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കടുത്തവാക്കുകളും കൊലവിളിയുമാണ് മിശ്രയുടെ രീതി. അതുകൊണ്ടാണ് അദ്ദേഹത്തിന് ഡൽഹിയുടെ ബാൽതാക്കറേ എന്ന പേരും വീണത്. മിശ്രയുടെ കൈവട്ട വാക്കുകൾമൂലം മുമ്പും ഡൽഹിയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.

ആപ്പിൽനിന്ന് കാവിയിലേക്ക്

മുമ്പ് ഡൽഹിയിൽ നിന്ന് ബിജെപിക്ക് ഒരു മേയർ ഉണ്ടായിരുന്നു .പേര് അന്നപൂർണ മിശ്ര. അവരുടെ മകനാണ് 39 കാരനായ കപിൽ മിശ്ര. അച്ഛൻ രാമേശ്വർ മിശ്ര മുൻ സോഷ്യലിസ്റ്റ് നേതാവും ചിന്തകനും എഴുത്തുകാരനും ഒക്കെയാണ്. ഡൽഹി സ്‌കൂൾ ഓഫ് സോഷ്യൽ വർക്കിൽ നിന്ന് പഠിച്ചിറങ്ങിയ കപിൽ മിശ്ര ആദ്യം കൈവെച്ചത് നയപ്രചാരണ രംഗത്താണ്. ആംനെസ്റ്റി ഇന്റർനാഷണൽ, ഗ്രീൻ പീസ് തുടങ്ങിയവയുടെ നയരൂപീകരണ, പ്രചാരണ യജ്ഞങ്ങളിൽ കപിൽ മിശ്ര ഭാഗഭാക്കായിരുന്നു. രാഷ്ട്രീയത്തിൽ കപിൽ മിശ്രയുടെ സ്വരം ആദ്യം ഉയർന്നു വന്നത് സുരേഷ് കൽമാഡിക്ക് എതിരെയാണ്. 2010 -ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ വ്യാപകമായ അഴിമതിയുണ്ടെന്ന പരാതി ആദ്യമായി ഉയർത്തിയവരിൽ ഒരാൾ കപിൽ മിശ്രയായിരുന്നു.

അന്ന് മിശ്ര, അന്നത്തെ ഇൻകം ടാക്സ് കമ്മീഷണർ ആയ അരവിന്ദ് കെജ്രിവാൾ ഐഎഎസ് നേതൃത്വം നൽകിയിരുന്ന ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ (കഅഇ)യോട് സഹകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കാലം. 2012 -ൽ ആം ആദ്മി പാർട്ടി രൂപീകരിച്ച അന്നുതൊട്ടുതന്നെ പാർട്ടിയിലെ സജീവാംഗമായിരുന്നു കപിൽ മിശ്രയും. 2013 ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പിലെ അഗ്നിപരീക്ഷയിൽ കപിൽ മിശ്രയ്ക്കും അവസരം കിട്ടി. കാരാവലിൽ നിന്ന് മത്സരിച്ച മിശ്ര പക്ഷേ, ബിജെപിയിലെ മോഹൻ സിങ് ബിഷ്റ്റിനോട് കേവലം 3000 -ൽ പരം വോട്ടുകൾക്ക് പരാജയം രുചിച്ചു. എന്നാൽ, അതുകൊണ്ട് തളരാതെ വീണ്ടും പ്രവർത്തനം തുടർന്ന കപിൽ മിശ്ര അതേ സീറ്റിൽ 2015 -ൽ തെരഞ്ഞെടുപ്പുണ്ടായപ്പോൾ ആഞ്ഞു വീശിയ ആം ആദ്മി പാർട്ടി തരംഗത്തിന്റെ ഒപ്പം, 44,000 വോട്ടുകൾക്ക് ജയിച്ചു കയറി. അന്ന് കെജ്രിവാളിന്റെ വിശ്വസ്തനായിരുന്ന കപിൽ മിശ്രയ്ക്ക് അദ്ദേഹം ജലം, ടൂറിസം, ഗുരുദ്വാര തെരഞ്ഞെടുപ്പ്, കല, സാംസ്‌കാരികം, ഭാഷ തുടങ്ങിയ പല വകുപ്പുകളുടെയും ചുമതല നൽകി. ഷീലാ ദീക്ഷിത്തിനെതിരായ വാട്ടർ ടാങ്കർ അഴിമതിക്കേസിലെ റിപ്പോർട്ട് തയ്യാറാക്കിയതും മിശ്രയുടെ കാർമികത്വത്തിൽ ആയിരുന്നു.

രണ്ടേരണ്ടു വർഷത്തിനുള്ളിൽ കാര്യങ്ങളൊക്കെ തലകീഴ്മേൽ മറിഞ്ഞു. ആം ആദ്മി പാർട്ടിയുടെ നേതൃത്വവുമായി കപിൽ മിശ്ര ഇടഞ്ഞു. മന്ത്രിസ്ഥാനത്തു നിന്ന് കെജ്രിവാൾ മിശ്രയെ നീക്കം ചെയ്തു. അതോടെ മിശ്ര പാർട്ടിക്കെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചു. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് രണ്ടുകോടി പണമായി നൽകുന്നത് താൻ നേരിട്ടുകണ്ടു എന്ന് കപിൽ മിശ്ര അന്ന് ആരോപിച്ചു. 2017 മെയ് ആറിന് കപിൽ മിശ്രയുടെ ആം ആദ്മി പാർട്ടി പ്രാഥമികാംഗത്വം തന്നെ റദ്ദാക്കപ്പെട്ടു. ആ ആരോപണത്തിൽ വസ്തുതയുള്ളതായി കണ്ടെത്താൻ ഡൽഹി ലോകായുക്തയ്‌ക്കോ, പിന്നീടുവന്ന സിബിഐക്കോ കഴിഞ്ഞില്ല. അതുകൊണ്ട് ആ ആരോപണം നിലനിന്നില്ല. കെജ്രിവാൾ കുറ്റവിമുക്തനാക്കപ്പെട്ടു. മെയ് 31 -ന് നിയമസഭയ്ക്കുള്ളിൽ വെച്ച് ചില ആപ്പ് എംഎൽഎമാർ ആക്രമിച്ചു എന്ന് കപിൽ മിശ്ര ആരോപിച്ചു. ആ സംഭവത്തിന് ശേഷം മിശ്രയും ബിജെപി അംഗങ്ങളുമായുള്ള അടുപ്പം ഏറെ വന്നു. ആം ആദ്മി പാർട്ടി പ്രതിനിധികളെ കടുത്ത ഭാഷയിൽ വിമർശിക്കുകയും, ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്തുകയും ഒക്കെ ഉണ്ടായി. അതോടെ മിശ്രയ്‌ക്കെതിരെ കൂറുമാറ്റത്തിന്റെ പേരിൽ നടപടി വന്നു. 2019 ഓഗസ്റ്റ് 2 കപിൽ മിശ്രയുടെ നിയമസഭംഗത്വം റദ്ദാക്കപ്പെട്ടു. അടുത്ത ദിവസം തന്നെ താൻ ബിജെപിയിൽ ചേരുന്നതായി കപിൽ മിശ്ര പ്രഖ്യാപിച്ചു.

തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ മോഡൽ ടൗണിൽ നിന്ന് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും, മിശ്ര 11,000 വോട്ടുകൾക്ക് സിറ്റിങ് എംഎൽഎ അഖിലേഷ് പാതി ത്രിപാഠിയോട് തോറ്റു. ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിരന്തരം വർഗീയ പരാമർശങ്ങൾ ഉന്നയിക്കാൻ കപിൽ മിശ്ര യാതൊരു മടിയും കാണിച്ചില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ 'ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടം' എന്ന് വിശേഷിപ്പിച്ചത് കപിൽ മിശ്രയാണ്. ഷാഹീൻബാഗിനെപ്പറ്റിയും നിരവധി വർഗീയവെറി തുളുമ്പുന്ന പരാമർശങ്ങളും മിശ്ര ഉന്നയിച്ചു.'എട്ടാം തീയതി നടക്കാൻ പോകുന്നത് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടമാണ്. ഷാഹീൻബാഗിലും മറ്റു പല കുഞ്ഞുകുഞ്ഞു പോക്കറ്റുകളിലും ഇതിനകം തന്നെ പാക്കിസ്ഥാൻ നിഴഞ്ഞു കയറി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ' എന്ന് കപിൽ മിശ്ര ട്വീറ്റ് ചെയ്തു അന്ന്. ട്വീറ്റ് വന്നു നിമിഷങ്ങൾക്കകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ചെന്നു. കമ്മീഷൻ അദ്ദേഹത്തോട് ട്വീറ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചതിന് വിശദീകരണവും തേടി. എന്നാൽ, മിശ്രയുടെ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടപ്പോൾ അന്ന് കമ്മീഷൻ 48 മണിക്കൂർ നേരത്തെ പ്രചാരണവിലക്കും മിശ്രക്ക് നൽകിയിരുന്നു.

പ്രകോപനപരമായ പരാമർശങ്ങൾ നടത്തി നാട്ടിൽ വർഗീയകലാപം അഴിച്ചുവിട്ടതിന് കപിൽ മിശ്രയ്‌ക്കെതിരെ എഫ്‌ഐആർ ഇട്ട് എത്രയും പെട്ടെന്ന് മിശ്രയെ അറസ്റ്റ് ചെയ്യണം എന്നാണ് ജാമിയ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ, പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൗനം തുടരുകയായിരുന്നു മുുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡൽഹിയിൽ സമാധാനവും ഐക്യവും നിലനിർത്തുന്നതിന് സഹായം ആവശ്യപ്പെട്ട് രംഗത്തുവന്നു. ഡൽഹിയിലെ ചില ഭാഗങ്ങൾ അസ്വസ്ഥജനകമാണെന്ന സങ്കടകരമായ വാർത്തകളാണ് പുറത്തുവരുന്നതെന്നും സമാധാനവും ഐക്യവും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ ലെഫ്റ്റനന്റ് ഗവർണറോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അഭ്യർത്ഥിക്കുന്നതായും കെജ്രിവാൾ ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP