Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്കമാലിയിൽ പ്രശ്‌നം വന്നപ്പോൾ യുഡിഎഫ് നൽകിയ ഉടുമ്പൻചോല വേണ്ടെന്ന് പറഞ്ഞത് ജോണി നെല്ലൂർ; പകരം കിട്ടിയ റിസർവേഷൻ സീറ്റായ തരൂരൂം ഏറ്റെടുക്കാത്തത് ചെയർമാന്റെ കള്ളക്കളി; ജോസഫിന്റെ പാർട്ടിയിലേക്ക് വരണം എന്ന് പറഞ്ഞു ആരും ജോണി നെല്ലൂരിനെ സമീപിച്ചിട്ടില്ല; എന്നെയെടുക്കൂ, എന്നെയെടുക്കൂ എന്ന് പറഞ്ഞു ജോണി നെല്ലൂർ തന്നെയാണ് ജോസഫിനെ സമീപിച്ചത്; ജോണി നെല്ലൂരും ചിലരും പോയാൽ കേരളാ കോൺഗ്രസ് ജേക്കബിൽ ഒന്നും സംഭവിക്കില്ലെന്ന് മറുനാടനോട് അനൂപ് ജേക്കബ്

അങ്കമാലിയിൽ പ്രശ്‌നം വന്നപ്പോൾ യുഡിഎഫ് നൽകിയ ഉടുമ്പൻചോല വേണ്ടെന്ന് പറഞ്ഞത് ജോണി നെല്ലൂർ; പകരം കിട്ടിയ റിസർവേഷൻ സീറ്റായ തരൂരൂം ഏറ്റെടുക്കാത്തത് ചെയർമാന്റെ കള്ളക്കളി; ജോസഫിന്റെ പാർട്ടിയിലേക്ക് വരണം എന്ന് പറഞ്ഞു ആരും ജോണി നെല്ലൂരിനെ സമീപിച്ചിട്ടില്ല; എന്നെയെടുക്കൂ, എന്നെയെടുക്കൂ എന്ന് പറഞ്ഞു ജോണി നെല്ലൂർ തന്നെയാണ് ജോസഫിനെ സമീപിച്ചത്; ജോണി നെല്ലൂരും ചിലരും പോയാൽ കേരളാ കോൺഗ്രസ് ജേക്കബിൽ ഒന്നും സംഭവിക്കില്ലെന്ന് മറുനാടനോട് അനൂപ് ജേക്കബ്

എം മനോജ് കുമാർ

തിരുവനന്തപുരം: പിളർപ്പുകളുടെ ചരിത്രമാണ് കേരളത്തിലെ കേരളാ കോൺഗ്രസുകൾക്ക് പറയാനുള്ളത്. പിളർപ്പും വാർത്തയും ഒക്കെ കേന്ദ്രീകരിച്ചത് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചും. ആസന്നമായ പിളർപ്പിന്റെ വക്കിലേക്ക് മാണി ഗ്രൂപ്പ് മാറുമ്പോഴാണ് വാർത്താ തലക്കെട്ടുകൾ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിടിച്ചടക്കുന്നത്. പാർട്ടി ചെയർമാനായ ജോണി നെല്ലൂർ തന്നെ കേരളാ കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിലേക്ക് ചേക്കേറാൻ തീരുമാനിച്ചതാണ് ജേക്കബ് വിഭാഗത്തെ വെട്ടിലാക്കിയത്. ഈ മാസം 29 ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂർ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

ലയന സമ്മേളനം നടക്കുമെന്ന് പി ജെ ജോസഫും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ആരോപണങ്ങളുമായി അനൂപ് ജേക്കബ് രംഗത്ത് വന്നത്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്നും അടർന്നു മാറിയ പാർട്ടി ചെയർമാൻ ജോണി നെല്ലൂരിന്റെ ലക്ഷ്യങ്ങളിൽ കുട്ടനാട് നിയമസഭാ സീറ്റ് കൂടിയുണ്ടെന്നാണ് അനൂപ് ജേക്കബ് ആരോപിക്കുന്നത്. കുട്ടനാട് നിയമസഭാ സീറ്റുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകൾ ചൂടുപിടിച്ചതോടെയാണ് ജോണി നെല്ലൂർ പാർട്ടി വിടാൻ തീരുമാനിച്ചത് എന്നാണ് അനൂപ് ജേക്കബ് വിഭാഗം ആരോപിക്കുന്നത്. അടിയന്തിരമായി ലയന തീരുമാനം ഉണ്ടാകണമെന്നാണ് ജോണി നെല്ലൂർ തന്നോടു ആവശ്യപ്പെട്ടത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയനം പാർട്ടിയുടെ മുന്നിലില്ല. പിന്നെയെന്തിന് ലയിക്കണം-അനൂപ് ജേക്കബ് എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു.

ജേക്കബ് ഗ്രൂപ്പ് വിട്ടപ്പോൾ ശക്തമായ ആരോപണങ്ങളാണ് ജോണി നെല്ലൂർ അനൂപ് ജേക്കബിനെതിരെ ഉയർത്തിയത്. ടി.എം.ജേക്കബിന്റെ സംസ്‌കാരചടങ്ങുകൾക്ക് ശേഷം പള്ളിമുറ്റത്ത് വെച്ച് പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപ് ജേക്കബ്. ജേക്കബിന്റെ മരണശേഷം ആശുപത്രിയിൽ വച്ചുതന്നെ അധികാരസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അനൂപ് ജേക്കബ് മുതിർന്നത്. മന്ത്രിയായിരിക്കുന്ന കാലയളവിൽ ടി.എം.ജേക്കബിന്റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുൻകൈയും അനൂപ് ജേക്കബ് എടുത്തില്ല. മാണി ഗ്രൂപ്പിൽ നിന്നും ജേക്കബ് ഗ്രൂപ്പിലേക്ക് സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് വന്ന വ്യക്തിയാണ് താനെന്നും അക്കാര്യമെല്ലാം മറന്നാണ് അനൂപ് ജേക്കബ് തന്നെ സമനില തെറ്റിയവനെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്-ജോണി നെല്ലൂർ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടികളാണ് അനൂപ് ജേക്കബ് മറുനാടന് നൽകിയത്.

ജോണി നെല്ലൂരും അദ്ദേഹത്തോട് ഒപ്പമുള്ള ചിലരും പോയാൽ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ഒന്നും സംഭവിക്കില്ല. പാർട്ടിയിലും പ്രവർത്തകരിലും അടിസ്ഥാനപരമായ ഒരു മാറ്റവും ജോണി നെല്ലൂരിന്റെ കൂടുമാറൽ കൊണ്ട് സംഭവിക്കുന്നില്ല. ജോണി നെല്ലൂരിന്റെ സ്വന്തം മണ്ഡലത്തിൽ പോലും പാർട്ടി വളർന്നിട്ടില്ല. വളർത്തിയിട്ടില്ല. പ്രവർത്തകരും പൊതുവേയുള്ള നേതാക്കളും എല്ലാം ഔദ്യോഗിക വിഭാഗവുമായി ചേർന്നു നിൽക്കുകയാണ്. പതിനൊന്നു സ്റ്റേറ്റ് ഭാരവാഹികൾ ലയനം വേണ്ടെന്നു പറഞ്ഞു. പതിനൊന്നു ജില്ലാ പ്രസിഡന്റുമാരും ലയനത്തെ എതിർത്തു. ലയനം കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ അജണ്ടയിലില്ല. പിന്നെ എന്തിനു പാർട്ടി ജോസഫ് ഗ്രൂപ്പിൽ ലയിക്കണം. ലയനം വേണം എന്ന അർത്ഥത്തിൽ സമ്മർദ്ദ രാഷ്ട്രീയമാണ് ജോണി നെല്ലൂർ പയറ്റിയത്-അനൂപ് ജേക്കബ് പറയുന്നു.

പാർട്ടിയിൽ നിന്നും രാജിവയ്ക്കും എന്നൊക്കെയാണ് ലയനവുമായി ബന്ധപ്പെട്ടു ജോണി നെല്ലൂർ പറഞ്ഞത്. ഭൂരിപക്ഷ തീരുമാനം മാത്രം അനുസരിച്ച് മുന്നോട്ടു പോകും. സമ്മർദ്ദ രാഷ്ട്രീയം എനിക്ക് മുന്നിൽ പയറ്റരുത് എന്നാണ് ഞാൻ പറഞ്ഞത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തിന്റെ കാര്യത്തിൽ ജോണി നെല്ലൂർ പറയുന്നത് ശരിയല്ല. ഞാൻ പി.ജെ.ജോസഫുമായി ഈ കാര്യത്തിൽ ചർച്ച നടത്തിയിട്ടില്ല. ഒരു കാഷ്വൽ ടോക്ക് ആണ് ഈ കാര്യത്തിൽ നടന്നത്. ജോണി നെല്ലൂരിനോപ്പമുള്ളവർ പല തവണ ജോസഫ് ഗ്രൂപ്പുമായി ചർച്ച നടത്തി. കുട്ടനാട് സീറ്റിനുവേണ്ടി ജോണി നെല്ലൂർ ശ്രമിക്കുന്നു എന്നും വാർത്തകൾ വന്നു. ഇതിന്നിടയ്ക്കാണ് പി.ജെ.ജോസഫ് തന്നെ എന്നോടു എങ്ങിനെയാണ് ലയനത്തിന്റെ കാര്യങ്ങൾ എന്ന് ചോദിച്ചത്. പാർട്ടിയിൽ ലയന ചർച്ച വന്നിട്ടില്ല. ലയനം വേണ്ടാ എന്നാണ് പാർട്ടിയിലെ തീരുമാനം. എല്ലാവർക്കും ഒരുമിച്ച് പോകാൻ കഴിയില്ലേ എന്നാണ് ജോസഫ് ചോദിച്ചത്. ഞാനും പി.ജെ.ജോസഫും ഔദ്യോഗിക സ്വഭാവത്തിൽ ചർച്ചകൾ വരെ നടത്തിയിട്ടില്ല. എല്ലാം കാഷ്വൽ ടോക്ക് ആണ്. പക്ഷെ ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ചിലർ ജോസഫ് ഗ്രൂപ്പുമായി മുൻപ് തന്നെ ചർച്ച നടത്തി.

ഇതിന്റെ തുടർച്ചയായാണ് പി.ജെ.ജോസഫ് എന്നോടു ലയനകാര്യം സംസാരിക്കാൻ ഇടവന്നത്. പാർട്ടി ഔദ്യോഗിക ചർച്ചകൾ ഈ കാര്യത്തിൽ നടത്തിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കമാലി സീറ്റിന്റെ പ്രശ്‌നം വന്നതോടെയാണ് ജോണി നെല്ലൂർ പാർട്ടിയിൽ നിന്നും ഇടയുന്നത്. പകരം ഉടുമ്പൻചോല സീറ്റ് യുഡിഎഫിൽ നിന്നും വാഗ്ദാനം വന്നതാണ്. പക്ഷെ ജോണി നെല്ലൂർ ആ സീറ്റ് സ്വീകരിച്ചില്ല. ഉടുമ്പൻചോല സീറ്റ് ജോണി നെല്ലൂർ നിരസിച്ചത് കാരണം ജേക്കബ് വിഭാഗത്തിനു നഷ്ടമായ സീറ്റാണ്. പാലക്കാട് തരൂർ സീറ്റും ഇങ്ങനെ പാർട്ടിക്ക് നഷ്ടമായ സീറ്റാണ്. പാർട്ടിക്ക് രണ്ടു സീറ്റാകും. പക്ഷെ ജോണി നെല്ലൂരിനു സീറ്റ് കിട്ടില്ല. തരൂർ റിസർവേഷൻ സീറ്റാണ്. അതിനാലാണ് പാർട്ടി ചെയർമാൻ എന്ന നിലയിൽ തരൂർ സീറ്റ് ജോണി നെല്ലൂർ നിരസിച്ചത്. അങ്കമാലി, ആലുവ സീറ്റുകളിലൊന്ന് തനിക്ക് വേണം എന്ന പിടിവാശി ജോണി നെല്ലൂർ പിന്തുടർന്നപ്പോൾ പാർട്ടിക്ക് ഒരേസമയം രണ്ടു സീറ്റുകൾ നഷ്ടമായി. എന്തുകൊണ്ട് ജേക്കബ് ഗ്രൂപ്പ് ജോസഫ് ഗ്രൂപ്പിൽ ലയിക്കണം എന്ന രാഷ്ട്രീയ കാരണം ജോണി നെല്ലൂർ പറഞ്ഞിട്ടില്ല. അനൂപ് ജേക്കബ് അഹങ്കാരിയാണ്. അധികാരമോഹിയാണ്. എംഎൽഎയായി, മന്ത്രിയായി. ഇപ്പോൾ ലീഡർ ആകണം എന്നാവശ്യപ്പെട്ടു എന്നൊക്കെയാണ് പറയുന്നത്.

പിറവത്ത് മത്സരിക്കണം എന്ന് വരെ ഞാൻ ജോണി നെല്ലൂരിനോട് ആവശ്യപ്പെട്ടിട്ടില്ല. അന്ന് പാർട്ടിയുടെ പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിറവത്ത് ഞാൻ മത്സരിച്ചത്. അടിസ്ഥാനമില്ലാത്ത പച്ചനുണയാണ് ജോണി നെല്ലൂർ പറയുന്നത്. ടി.എം.ജേക്കബിന്റെ ഫ്യൂണറൽ കഴിഞ്ഞപ്പോൾ മത്സരിക്കാൻ ഞാൻ ആവശ്യപ്പെട്ടു എന്നാണ് ജോണി നെല്ലൂർ പറഞ്ഞത്. അമ്മയെ മാറ്റി സ്ഥാനാർത്ഥിയാകണം എന്ന് ഞാൻ പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥിയാകാൻ അമ്മ താത്പര്യപ്പെട്ടിട്ടില്ല. അതെല്ലാം മാധ്യമവാർത്തകൾ മാത്രമാണ്. ഞാൻ മാറണമെന്നു അമ്മയോ അമ്മയെ മാറ്റണമെന്ന് ഞാനോ പറഞ്ഞിട്ടില്ല. ജോണി നെല്ലൂർ ബോധപൂർവം നുണ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരമായി എന്നെ ആക്ഷേപിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വ്യക്തിഹത്യയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്താനാണ് നീക്കം. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. പാർട്ടിയിൽ വരണം എന്ന് പറഞ്ഞു പി.ജെ.ജോസഫ് ജോണി നെല്ലൂരിനെ സമീപിച്ചിട്ടില്ല. എന്നെയെടുക്കൂ, എന്നെയെടുക്കൂ എന്ന് പറഞ്ഞു ജോണി നെല്ലൂർ തന്നെയാണ് ജോസഫിനെ സമീപിച്ചത്. പാർട്ടിയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളാണ് ജോണി നെല്ലൂർ ഇതുവരെ നടത്തിയത്-അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP