Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ടപ്പാടിയിൽ അധികൃതവും അനധികൃതവുമായ മദ്യവിൽപനയേ നിരോധിച്ചിട്ടുള്ളൂ അല്ലാതെ അനുവദനീയമായ അളവിൽ മദ്യം കൊണ്ടുപോകുന്നതിനോ അത് ഉപയോഗിക്കുന്നതിനോ തടസമില്ല; അയ്യപ്പനും കോശിയും സിനിമയിൽ സച്ചി പറയുന്ന അട്ടപ്പാടിയിലെ കഥ സത്യമോ? വൈറലായ കുറിപ്പ് ഇതാ

മറുനാടൻ ഡെസ്‌ക്‌

ദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച 'പൊല്ലാപ്പുകളെ'കുറിച്ചാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പറയുന്നത്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയെക്കുറിച്ച് നിരവധി ചർച്ചകൾ ഉയർന്നുവന്നിരുന്നു. എന്നാൽ സിനിമയിൽ പറയുന്നതുപോലെ അട്ടപ്പാടി പൂർണ മദ്യനിരോധിത മേഖലയാണോ എന്നതിനെക്കുറിച്ച് ഇപ്പോഴൊരു ചർച്ച ഉയർന്നുവന്നിരിക്കുകയാണ്.

അട്ടപ്പാടിയിൽ അധികൃതവും അനധികൃതവുമായ മദ്യവിൽപനയേ നിരോധിച്ചിട്ടുള്ളൂ അല്ലാതെ അനുവദനീയമായ അളവിൽ മദ്യം കൊണ്ടുപോകുന്നതിനോ അത് ഉപയോഗിക്കുന്നതിനോ തടസമില്ല എന്ന് വ്യക്തമാക്കി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് എഴുത്തുകാരൻ തോമസ് കെയൽ. തന്റെ ബന്ധുവിനും കൂട്ടർക്കുമുണ്ടായ അനുഭവം വ്യക്തമാക്കിയാണ് തോമസിന്റെ കുറിപ്പ്.നിയമവശം മറച്ചുവച്ച് അട്ടപ്പാടി നിവാസികളെ ഉദ്യോഗസ്ഥർ കബളിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

തോമസിന്റെ കുറിപ്പ് ഇങ്ങനെ:

അയ്യപ്പനും കോശിയും..
(പിന്നെ ഞാനും)

ഈ സിനിമയുടെ കഥ കേട്ടപ്പോൾ എന്റെ ഒരു ബന്ധുവിനും കൂട്ടുകാർക്കും സംഭവിച്ചതും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളും ഓർമ്മവന്നു. അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാട് പോയാൽ തിരികെപ്പോരുമ്പോൾ ഒരു കുപ്പിയെങ്കിലും വാങ്ങി വണ്ടിയിലിടുന്നതാണ് മദ്യപരുടെ ശീലം. ചുരം കയറിയാൽ പിന്നെ മദ്യവിൽപന നിരോധിച്ചയിടമായതുകൊണ്ട് ദ്രാവകം കരിഞ്ചന്തയിലേ കിട്ടൂ, അല്ലെങ്കിൽ തമിഴന്റെ ആനക്കട്ടിയിൽ പോകണം.

പതിവ് തെറ്റിക്കാതെ ബന്ധുവും കൂട്ടരും രണ്ടുമൂന്ന് കുപ്പി മദ്യം ബിവറേജസിൽ നിന്ന് ബിൽ സഹിതം വാങ്ങി ജീപ്പിലിട്ടു. വഴിയിലെങ്ങാനും പരിശോധനയുണ്ടായാൽ ബോധ്യപ്പെടുത്താനാണ് ബില്ല്. മിക്കപ്പോഴും രാത്രിയിലാണ് ചുരത്തിലെ പരിശോധന. അങ്ങനെ ആ രാത്രിയിൽ ആരോ പറഞ്ഞുവച്ചപോലെ കൃത്യമായി ആ കുപ്പികൾ ഉദ്യോഗസ്ഥർ പിടിച്ചതുംപോര 'അട്ടപ്പാടി മദ്യനിരോധിത മേഖലയാണെന്നറിയില്ലേ' എന്നൊരു പരിഹാസവും കൂടിയായപ്പോൾ ബന്ധുവിനും കൂടെയുള്ളർക്കും ഇളകി. ചെന്നിട്ട് വീശാനുള്ളത് പിടിച്ചുവച്ചിട്ടാണ് ഈ പുന്നാരം പറച്ചിൽ.
' ഇപ്പറഞ്ഞത് ശരിയല്ലല്ലോ സാറമ്മാരെ അട്ടപ്പാടിയിൽ മദ്യം വിൽക്കാൻ പാടില്ല എന്നല്ലേ നിയമം..' ഈ മറുചോദ്യമാണ് പ്രശ്നമായത്.
' മദ്യം അട്ടപ്പാടിലേക്ക് കൊണ്ടുപോകണതും കുറ്റമാണ്..വല്യ പത്രാസ് കാണിക്കാതെ പോവാൻ നോക്കടാ..അധികം വെളഞ്ഞാൽ പിടിച്ച് അകത്തിടും..'

ഇങ്ങനെ പിടിച്ചെടുക്കുന്ന മദ്യം തിരികെ കൊടുക്കുന്ന കീഴ്‌വഴക്കമില്ല. ചിലപ്പോൾ ഇവർ കുപ്പികൾ എറിഞ്ഞ് പൊട്ടിച്ചുകളയും അതല്ല സൗകര്യമൊത്താൽ പിന്നീടുപകാരെപ്പെട്ടാലൊ എന്ന് കരുതി അവരുടെ ജീപ്പിൽ ഒളിപ്പിച്ച്കളയും.മദ്യം തിരികെ തന്നില്ലെങ്കിൽ അത് എഴുതിക്കിട്ടണമെന്നായപ്പോൾ മനസ്സില്ലാമനസ്സോടെ ഉദ്യോഗസ്ഥർ എഴുതി രശീതുകൊടുത്തു.

പിറ്റേന്നാണ് ഈ വിവരങ്ങൾ വച്ച് ഒരു പരാതി എഴുതിത്ത്തരാൻ പറഞ്ഞ് ബന്ധു എന്നെ പിടികൂടിയത്. അങ്ങനെ ആദ്യവും അവസാനവുമായി ഞാനൊരു പരാതി, എക്സൈസ് കമ്മീഷണർക്ക് അയക്കാൻ എഴുതിക്കൊടുത്ത് സൗദിയിലേക്ക് രക്ഷപ്പെട്ടു..

പിന്നെയറിയുന്നത് കേസ് എങ്ങനെയെങ്കിലും ഒതുക്കിത്തീർക്കാൻ മദ്യം പിടിച്ചെടുത്ത ഓഫീസർ ഒന്നിലധികം തവണ അട്ടപ്പാടി കയറിയിറങ്ങിയെന്നാണ്..അട്ടപ്പാടിയിൽ അധികൃതവും അനധികൃതവുമായ മദ്യവിൽപനയേ നിരോധിച്ചിട്ടുള്ളൂ അല്ലാതെ അനുവദനീയമായ അളവിൽ മദ്യം കൊണ്ടുപോകുന്നതിനോ അത് ഉപയോഗിക്കുന്നതിനോ തടസമില്ല.ഈ നിയമവശം അറിയാത്ത അട്ടപ്പാടിവാസികളെ കബളിപ്പിക്കുകയായിരുന്നു അത്രയും കാലം ഉദ്യോഗസ്ഥർ.ഈ സംഭവത്തോടെ മദ്യവേട്ടക്ക് കുറച്ചൊക്കെ ശമനം വന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഇനി ഞാൻ സിനിമ കണ്ടിട്ട് ബാക്കി പറയാം..

'പട്ടാളക്കാരന് ക്വോട്ട കിട്ടുന്ന മദ്യം പോലും അട്ടപ്പാടിക്ക് കൊണ്ടുപോകാൻ സാധിക്കില്ല' തുടങ്ങിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ തെറ്റിദ്ധാരണ പടർത്തുന്നതാണ് എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. മൂന്നു ലിറ്റർ മദ്യം ബില്ലോടുകൂടി ധൈര്യമായി കൊണ്ടുപോകാമെന്നും ചിലർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP