Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രംപ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു; പുറപ്പെടും മുമ്പ് സംസാരിച്ചത് തന്റെ സ്വീകരണ റാലിയെ കുറിച്ചു മാത്രം; സന്ദർശനത്തിനിടെ അമേരിക്ക വ്യാപാരക്കരാറുകൾ ഒന്നും ഒപ്പുവെക്കില്ല; വ്യാപാര പ്രതിനിധി റോബർട്ട് ലൈറ്റ്‌സർ ട്രംപിനൊപ്പം എത്താത്തതിനാൽ ചെറിയ കരാറുകളിൽ പോലും ഒപ്പുവയ്ക്കാനുള്ള സാധ്യതയില്ലെന്ന് ദേശീയ മാധ്യമങ്ങൾ; ആകെ പുരോഗതി അമേരിക്കയ്ക്ക് നേട്ടമുണ്ടാകുന്ന ആയുധക്കച്ചവടത്തിന് മാത്രം; 100 കോടി ചെലവിട്ട് ട്രംപിനെ സ്വീകരിക്കുന്നതു കൊണ്ട് ഇന്ത്യക്കെന്ത് നേട്ടം എന്ന ചോദ്യത്തിന് ഉത്തരമല്ല

ട്രംപ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു; പുറപ്പെടും മുമ്പ് സംസാരിച്ചത് തന്റെ സ്വീകരണ റാലിയെ കുറിച്ചു മാത്രം; സന്ദർശനത്തിനിടെ അമേരിക്ക വ്യാപാരക്കരാറുകൾ ഒന്നും ഒപ്പുവെക്കില്ല; വ്യാപാര പ്രതിനിധി റോബർട്ട് ലൈറ്റ്‌സർ ട്രംപിനൊപ്പം എത്താത്തതിനാൽ ചെറിയ കരാറുകളിൽ പോലും ഒപ്പുവയ്ക്കാനുള്ള സാധ്യതയില്ലെന്ന് ദേശീയ മാധ്യമങ്ങൾ; ആകെ പുരോഗതി അമേരിക്കയ്ക്ക് നേട്ടമുണ്ടാകുന്ന ആയുധക്കച്ചവടത്തിന് മാത്രം; 100 കോടി ചെലവിട്ട് ട്രംപിനെ സ്വീകരിക്കുന്നതു കൊണ്ട് ഇന്ത്യക്കെന്ത് നേട്ടം എന്ന ചോദ്യത്തിന് ഉത്തരമല്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര തിരിച്ചു. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നത് ആവേശത്തോടെയെന്ന് ട്രംപ് പുറപ്പെടും മുമ്പ് വ്യക്തമാക്കി. തന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് പറഞ്ഞ ട്രംപ് എന്നാൽ വ്യാപാര കരാറിനെ കുറിച്ചൊന്നും പറഞ്ഞില്ല. അതേസമയം തന്റെ സ്വീകരണം വൻ സംഭവം ആകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 100 കോടിയോളം രൂപയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വൻ സ്വീകരണം ഒരുക്കുന്നതിൽ ഇന്ത്യ പ്രതീക്ഷിക്കുന്ന ഏകദേശ ചെലവ്. പക്ഷേ അപ്പോഴും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന ഒരു ചോദ്യം ഉണ്ട്. ഇതുകൊണ്ട് ഇന്ത്യക്ക് എന്താണ് നേട്ടം. അേമരിക്ക വ്യാപാരക്കരാറുകളിൽ ഒന്നുംതന്നെ ഒപ്പു വയ്ക്കാൻ ഇടയില്ലെന്നാണ് യുഎസിൽ നിന്നുള്ള വിവരം. യുഎസ് വ്യാപാര പ്രതിനിധി റോബർട്ട് ലൈറ്റ്‌സർ ട്രംപിനൊപ്പം ഇന്ത്യാ സന്ദർശനത്തിന് എത്താത്തതിനാൽ ചെറിയ കരാറുകളിൽ പോലും ഒപ്പുവയ്ക്കാനും സാധ്യതയില്ല. അതിനാൽ ട്രംപിന്റെ സന്ദർശനം ഇന്ത്യക്ക് സാമ്പത്തിക നഷ്ടം മാത്രമാണ് ഉണ്ടാക്കുകയെന്നാണ് പറയുന്നത്. കോൺഗ്രസ് മാത്രമല്ല ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയും ഇതേ അഭിപ്രായമാണ് ഉന്നയിച്ചിട്ടുള്ളത്.

ട്രംപ് എത്തുന്നത് അമേരിക്കൻ സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്താനാണ് അല്ലാതെ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാനല്ല എന്നാണ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത്. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ പ്രത്യേകിച്ചൊരു നേട്ടവും താൻ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എന്റെ അഭിപ്രായത്തിനു നേരെ നിരവധി വിമർശനങ്ങൾ ഉണ്ടായേക്കാം. ചിലർ ട്രംപിന്റെ സന്ദർശനം ഇന്ത്യയ്ക്ക് ഗുണകരമാകും എന്നൊക്കെ പറയും. നമ്മൾ വാങ്ങുന്ന പ്രതിരോധ ഉപകരണങ്ങൾക്കെല്ലാം പണം നൽകുന്നുണ്ട്. അല്ലാതെ ട്രംപ് സൗജന്യമായി തരുന്നതല്ല''. ബിജെപി എംപി പറഞ്ഞു.നേരത്തെയും സുബ്രഹ്മണ്യൻ സ്വാമി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സാമ്പത്തിക നയം സർക്കാർ നവീകരിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന നിലപാടാണ് സുബ്രഹ്മണ്യൻ സ്വാമി സ്വീകരിച്ചത്.

2010ൽ ബാറക്ക് ഒബാമയുടെ ഇന്ത്യാ സന്ദർശനത്തിൽ വ്യാപാരരംഗത്തെ വൻ സംഘം അനുഗമിച്ചിരുന്നു. 2008ലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അന്ന് ഒബാമ മുംബൈയിലാണ് എത്തിയത്. ഒബാമയും ഭാര്യ മിഷേലും താജ് ഹോട്ടലിൽ താമസിക്കുകയും ചെയ്തു. നയപരവും വാണിജ്യപരവുമായ ഒട്ടേറെ ചുവടുവയ്പുകൾക്ക് ഒബാമയുടെ സന്ദർശനം തുടക്കം കുറിച്ചു. 2015ൽ റിപബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥിയായി വീണ്ടും ഒബാമ ഇന്ത്യയിലെത്തി. ഇന്ത്യ രണ്ടു തവണ സന്ദർശിച്ച ഏക അമേരിക്കൻ പ്രസിഡന്റും ഒബാമയാണ്.ഇന്തോ-പസിഫിക് തന്ത്രങ്ങളെക്കുറിച്ചും ദക്ഷിണ ചൈന കടലിൽ ചൈനയുടെ കടന്നു കയറ്റത്തെക്കുറിച്ചും അന്നു ചർച്ച നടന്നു. മുൻ യുഎസ് പ്രസിഡന്റുമാർ ഇന്ത്യാ സന്ദർശനം നടത്തിയപ്പോഴൊക്കെയും നയപരമായോ വാണിജ്യപരമായോ സുപ്രധാന കരാറുകളിൽ ഏർപ്പെട്ടിരുന്നു. ട്രംപ് ആദ്യമായി ഇന്ത്യ സന്ദർശിക്കുമ്പോൾ പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടാകില്ലെന്ന വിലയിരുത്തലാണുള്ളത്. നയപരമായോ വാണിജ്യപരമായോ കാരാറുകളിലൊന്നും ഏർപ്പെടാൻ സാധ്യതയില്ലെന്ന് യുഎസ്തന്നെ വ്യക്തമാക്കി കഴിഞ്ഞു.

ജിഎസ്‌പിയിൽ (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ്) നിന്ന് യുഎസ് ഇന്ത്യയെ ഒഴിവാക്കിയിരുന്നു. യുഎസിലേക്കു വർഷം 560 കോടി ഡോളറിന്റെ കയറ്റുമതിക്ക് ഡ്യൂട്ടി ഫ്രീ നൽകിയിരുന്നതാണ് ജിഎസ്‌പി നിർത്തലാക്കിയതിലൂടെ ഇല്ലാതായത്. ഇന്ത്യയിൽ തത്തുല്യമായ വിപണി കണ്ടെത്താനാകാത്തതിനാലാണ് ഇന്ത്യയെ ജിഎസ്‌പിയിൽ നിന്ന് യുഎസ് ഒഴിവാക്കിയത്. ഇന്ത്യൻ സർക്കാറിന്റെ വീഴ്ച മൂലം പല മേഖലകളിലും വിപണി കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് യുഎസിന്റെ വിലയിരുത്തൽ. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ വ്യാപാരമേഖലയിലെ ആശങ്കകൾ ചർച്ച ചെയ്യുമെന്നാണ് യുഎസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. 'മെയ്ക് ഇൻ ഇന്ത്യ' പദ്ധതി ആവിഷ്‌കരിച്ച് വ്യാപാരത്തിനു കൂടുതൽ സംരക്ഷണം നൽകാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്നാൽ ആശങ്കകൾ പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടുമില്ല.ഫെബ്രുവരി ഒന്നിന് ബജറ്റ് നിർദ്ദേശത്തിൽ പുതിയ ഇറക്കുമതി നിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. മെഡിക്കൽ സേവനങ്ങൾ, വാൽനട്ട്, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചത് അമേരിക്കൻ കമ്പനികളെ സാരമായി ബാധിച്ചു. ഇതെല്ലാം ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളിൽ നിന്നും അമേരിക്കയെ പിന്നാക്കം നിർത്തി.

പ്രതിരോധ മേഖലയിൽ കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടാനുള്ള കരാറുകളിലായിരിക്കും ഒപ്പുവയ്ക്കാൻ അവശേഷിക്കുന്ന സാധ്യത. യുഎസിനെ സംബന്ധിച്ചടത്തോളം ഇന്ത്യ വലിയ ആയുധ വിപണിയാണ്. ട്രംപിന്റെ സന്ദർശനത്തിലൂടെ ആയുധക്കച്ചവടത്തിന് മാത്രമായിരിക്കും കാര്യമായ പുരോഗതിയുണ്ടാകാൻ സാധ്യതയെന്നും അറിയുന്നു.വ്യാപാരവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ല എന്ന് യുസ് ഉദ്യോഗസ്ഥർ തീർത്തു പറയുന്നുമില്ല. എന്നാൽ അത് ഇന്ത്യയുടെ സമീപനത്തിനനുസരിച്ചിരിക്കും എന്നാണു വിശദീകരണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഥമ ഇന്ത്യൻ സന്ദർശനത്തിനു മുന്നോടിയായി വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 100 കോടിയിലധികം രൂപയാണ് ട്രംപിനെ സ്വീകരിക്കാൻ ഇന്ത്യൻ സർക്കാർ ചെലവഴിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകൾ. ആദ്യമായി ഇന്ത്യയിലെത്തുന്ന ഡോണൾഡ് ട്രംപിനെ ഞെട്ടിക്കണം എന്ന കണക്കുകൂട്ടലോടെയാണ് 'നമസ്തേ ട്രംപ്' എന്നു പേരിട്ട പരിപാടിയുടെ ഓരോ പ്രവർത്തനവും. അഹമ്മദാബാദിൽ ഒരു കോടി ആളുകൾ തന്നെ സ്വീകരിക്കാൻ എത്തുമെന്നാണ് ഒടുവിൽ ട്രംപ് പറഞ്ഞത്. 70 ലക്ഷം ആളുകൾ സ്വീകരിക്കാൻ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി ആദ്യം ട്രംപ് വ്യക്തമാക്കിയിരുന്നു.

2019 സെപ്റ്റംബർ 22നാണ് ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ 'ഹൗഡി മോദി' എന്ന പേരിൽ വൻ പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ വംശജരായ അരലക്ഷത്തോളം പേരാണ് അന്നു പരിപാടിയിൽ പങ്കെടുത്തത്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായിരുന്നു പരിപാടി സംഘടിപ്പിച്ചത് എന്നായിരുന്നു വിശദീകരണം.ഇന്ത്യൻ സർക്കാരോ ബിജെപിയോ അല്ല 'ഹൗഡി മോദി' പരിപാടിക്കായി പണം ചെലവഴിച്ചതെന്നാണ് ബിജെപിയുടെ രാജ്യാന്തര കാര്യങ്ങൾ നിയന്ത്രിക്കുന്ന വിജയ് ചൗതായ്വാലെ പറഞ്ഞത്. സംഭാവന സ്വീകരിച്ചാണു പരിപാടിക്കു പണം കണ്ടെത്തിയതെന്നും വിജയ് പറഞ്ഞു. പരിപാടി വൻ വിജയമായിരുന്നെങ്കിലും ഇന്ത്യയ്ക്കെന്തു നേട്ടമുണ്ടായി എന്നു ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. എന്നാൽ ഡോണൾഡ് ട്രംപിന് വളരെ നേട്ടമുണ്ടായതായും വിലയിരുത്തപ്പെടുന്നു.

ഈ വർഷം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന് ഏറെ നേരത്തേതന്നെ ട്രംപ് പ്രചാരണം ആരംഭിച്ചിരുന്നു. കാലങ്ങളായി ഇന്ത്യൻ വംശജർ ഭൂരിഭാഗവും യുഎസിൽ ഡമോക്രാറ്റുകളെയാണു പിന്തുണയ്ക്കുന്നത്. ഏഷ്യൻ അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എജ്യുക്കേഷൻ ഫണ്ട് നടത്തിയ പഠനത്തിൽ 2016ലെ തിരഞ്ഞെടുപ്പിൽ 84% ഇന്ത്യൻ വംശജരും ഹിലറി ക്ലിന്റനാണ് വോട്ട് ചെയ്തത്. റിപബ്ലിക്കൻ ആയ ട്രംപിന് 'ഹൗഡി മോദി' പരിപാടി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏറെ ഉത്തേജനം പകർന്നെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റിപബ്ലിക്കൻസ് മാത്രമല്ല ഡമോക്രാറ്റുകളെ പിന്തുണയ്ക്കുന്നവരും പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.

നരേന്ദ്ര മോദി യുഎസിൽ സ്വന്തം നിലയ്ക്കു പരിപാടി നടത്തി അതിലേക്ക് ട്രംപിനെ ക്ഷണിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് വരുമ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യൻ സാഹചര്യങ്ങൾ പരുങ്ങലിലായിരിക്കെയാണ് ട്രംപിന്റെ സന്ദർശനം. അതിനിടെ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട്ടലുകൾ പോലുള്ള പരിപാടികളും ഇന്ത്യയെ പരിഹാസ്യരാക്കിയിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP