Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തമായി നിർമ്മിച്ച നീരാവി റോക്കറ്റ് തകർന്ന് വീണത് കാലിഫോർണിയക്ക് സമീപമുള്ള മരുഭൂമിയിൽ; ഭ്രാന്തനെന്ന് നാട്ടുകാരുടെ വിളി പോലും കണക്കാക്കാതെ പരിശ്രമിച്ചത് സ്വന്തം വിശ്വാസം സത്യമെന്ന് തെളിയിക്കാൻ; ഭൂമി പരന്നതാണെന്ന് സ്വയം വിശ്വസിച്ച മൈക്ക് ഹ്യൂഗ്‌സിന്റെ ജീവിതം അവസാനിച്ചതും അത് തെളിയിക്കാനുള്ള ശ്രമത്തിനിടെ

സ്വന്തമായി നിർമ്മിച്ച നീരാവി റോക്കറ്റ് തകർന്ന് വീണത് കാലിഫോർണിയക്ക് സമീപമുള്ള മരുഭൂമിയിൽ; ഭ്രാന്തനെന്ന് നാട്ടുകാരുടെ വിളി പോലും കണക്കാക്കാതെ പരിശ്രമിച്ചത് സ്വന്തം വിശ്വാസം സത്യമെന്ന് തെളിയിക്കാൻ; ഭൂമി പരന്നതാണെന്ന് സ്വയം വിശ്വസിച്ച മൈക്ക് ഹ്യൂഗ്‌സിന്റെ ജീവിതം അവസാനിച്ചതും അത് തെളിയിക്കാനുള്ള ശ്രമത്തിനിടെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഭൂമി പരന്നതാണെന്ന് വിശ്വസിക്കുകയും അത് തെളിയിക്കാൻ നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്ത അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടത് അയ്യായിരം അടി ഉയരത്തിലെത്താനുള്ള ശ്രമത്തിനിടെ സ്വന്തമായി നിർമ്മിച്ച റോക്കറ്റ് തകർന്ന്. ഭ്രാന്തൻ എന്ന് ആളുകൾ വിളിച്ചിരുന്ന മൈക്ക് ഹ്യൂഗ്സ്(64) ആണ് കൊലപ്പെട്ടത്. സ്വന്തമായി വീട്ടിൽ നിർമ്മിച്ച, നീരാവി കൊണ്ട് പ്രവർത്തിക്കുന്ന റോക്കറ്റ് പറന്നുയരുന്നതിനിടെ തകർന്നു വീഴുകയായിരുന്നു.

ശനിയാഴ്ച പ്രാദേശിക സമയം രണ്ടുമണിയോടെ കാലിഫോർണിയയിലെ ബാർസ്റ്റോയ്ക്കു സമീപത്തെ മരുഭൂമിയിൽവച്ചാണ് റോക്കറ്റ് പറന്നുയർന്നത്. റോക്കറ്റ് പറന്നുയരുന്നതിന്റെയും നിമിഷങ്ങൾക്കകം തകർന്നുവീഴുന്നതിന്റെയും വീഡിയോ പുറത്തെത്തി. ലോഞ്ചിങ്ങിനിടെ ഒരു റോക്കറ്റ് മരുഭൂമിയിൽ തകർന്നുവീണ് ഒരാൾ മരിച്ചുവെന്ന് സാൻ ബെർനാർഡിനോ കൗണ്ടി ഷെരീഫ്സ് ഡിപ്പാർട്മെന്റ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

മൈക്ക് പറന്നുയരുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത് 'ഹോം മേഡ് അസ്ട്രോനട്ട്സ്' എന്ന പരിപാടിക്കു വേണ്ടിയാണെന്നാണ് സൂചന. അമച്വർ റോക്കറ്റ് നിർമ്മാതാക്കാളെ കുറിച്ചുള്ളതാണ് ഈ പരിപാടി. യു.എസ്.സയൻസ് ചാനലിലാണ് 'ഹോം മേഡ് അസ്ട്രോനട്ട്സ്' സംപ്രേഷണം ചെയ്യുന്നത്. അയ്യായിരം അടി ഉയരത്തിലെത്തുക എന്നതായിരുന്നു മൈക്കിന്റെ ലക്ഷ്യം.18,000 ഡോളർ(ഏകദേശം 12,93,975രൂപ) ചിലവഴിച്ചാണ് മൈക്കും സഹായികളും ചേർന്ന് ഈ റോക്കറ്റ് നിർമ്മിച്ചത്.

'മാഡ്' മൈക്ക് ഹ്യൂഗ്സ് എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. മുമ്പ് പലവട്ടം ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ മൈക്ക് ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 2018ൽ കാലിഫോർണിയയിലെ അംബോയ് എന്ന സ്ഥലത്തുവെച്ച് സ്വന്തമായി വീട്ടിൽ നിർമ്മിച്ച റോക്കറ്റിൽ മൈക്ക് പറന്നു. റോക്കറ്റിൽ കുത്തനെ പറന്ന് പരന്നുകിടക്കുന്ന ഭൂമിയുടെ ചിത്രം പകർത്തുക എന്നതായിരുന്നു ലക്ഷ്യം. അന്നും സ്വന്തമായി നിർമ്മിച്ച റോക്കറ്റിലാണ് മൈക്ക് പറന്നുയർന്നത്. എന്നാൽ 1875 അടി മുകളിലെത്തിയതിനു പിന്നാലെ റോക്കറ്റ് മരുഭൂമിയിലേക്ക് ഇടിച്ചിറങ്ങി. ഇതിനിടെ മൈക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2014ലാണ് ഹ്യൂഗ്സ് ആദ്യമായി മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റ് നിർമ്മിച്ചത്. അന്ന് അരിസോണയിൽ നിന്നും വിക്ഷേപിച്ച ഈ റോക്കറ്റ് കാൽ മൈൽ ദൂരത്തോളം പറന്നുയർന്നു. എന്നാൽ യന്ത്രത്തകരാർ മൂലം റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. ഭാഗ്യമൊന്നുകൊണ്ട് മാത്രം ജീവനോടെയിരിക്കുന്ന ഹ്യൂഗ്സ് അന്നത്തെ അപകടത്തെ തുടർന്ന് രണ്ട് ആഴ്‌ച്ചയോളം വോക്കറിന്റെ സഹായത്തിലാണ് നടന്നിരുന്നത്.

ഭൂമി ഉരുണ്ടതാണെന്നത് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തമാണെന്നും ഇലോൺ മസ്‌കിന്റെ റോക്കറ്റ് പദ്ധതികൾ തട്ടിപ്പാണെന്നും ആഡംബര കാർ ഡ്രൈവറായ ഹ്യൂഗ്സ് വാദിച്ചിരുന്നു. റോക്കറ്റ് സയൻസിൽ അറിവ് പരിമിതമാണെങ്കിലും തന്റെ മൊബൈൽ ലോഞ്ചറിൽ നിന്നും വിക്ഷേപിക്കുന്ന റോക്കറ്റിലൂടെ പരന്ന ഭൂമിയെ കാണാനാകുമെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്.

മൈക്കിന്റെ പ്രകടനങ്ങൾക്കും പരീക്ഷണങ്ങൾക്കും സാമ്പത്തിക സഹായം ചെയ്തിരുന്നത് ഫ്‌ളാറ്റ് എർത്ത് കമ്മ്യൂണിറ്റിയാണ്. ഇതൊക്കെ കേൾക്കുമ്പോൾ ഏതെങ്കിലും ഭ്രാന്തന്മാരായ കൂട്ടർ ചെയ്യുന്ന വിക്രിയകളായി തോന്നാമെങ്കിലും, ഭൂമി ഉരുണ്ടതല്ലെന്ന് വിശ്വസിക്കുന്ന (ഫ്‌ളാറ്റ് എർത്ത് തിയറി) നിരവധിയാളുകളുണ്ട്. ഭൂമിയുടെ ആകൃതിയെപ്പറ്റി നമ്മൾ സ്‌കൂളിൽ പഠിച്ചതൊക്കെ ഇനി തിരുത്തിയെഴുതേണ്ടി വരുമെന്നാണ് ഹ്യൂഗ്സ് അവകാശപ്പെട്ടിരുന്നത്. കോഴിമുട്ടയുടേത് പോലെയുള്ള ഭൂമിയുടെ ജിയോയിഡ് എന്ന ആകൃതി ശാസ്ത്രലോകം നമ്മെ പഠിപ്പിച്ച പെരും നുണയാണെന്നും യഥാർത്ഥത്തിൽ ഭൂമി പരന്നതാണെന്നുമാണ് ഇയാൾ പറയുന്നത്. പരന്നു കിടക്കുന്ന ഭൂമിയിൽ സമുദ്രങ്ങളുടെ അതിര് മഞ്ഞു മൂടിക്കിടക്കുകയാണെന്നും അതിനപ്പുറം എന്താണെന്ന് ഇപ്പോഴും ആർക്കും അറിയില്ലെന്നുമാണ് ഹ്യൂഗ്സ് അടക്കമുള്ള പരന്ന ഭൂമി വാദക്കാരുടെ വിശ്വാസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP