Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ട്രംപിന്റെ സന്ദർശനം മരണവാറന്റ്'; അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐയും എഐവൈഎഫും

'ട്രംപിന്റെ സന്ദർശനം മരണവാറന്റ്'; അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐയും എഐവൈഎഫും

സ്വന്തം ലേഖകൻ

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് എതിരെ കടുത്ത പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി ഇടതു യുവജനസംഘടനകൾ. ട്രംപ് ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും എഐവൈഎഫും അറിയിച്ചു. 'അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ്, ഫെബ്രവരി 24, 25 തീയ്യതികളിൽ ഇന്ത്യ സന്ദർശിക്കുകയാണ്. 24 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ എത്തുന്ന ട്രംപ്, 25 ന് ഡൽഹിയിൽ വച്ച് ചില നിർണായക കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള അറിയിപ്പുകൾ സൂചിപ്പിക്കുന്നത്.

തൊഴിലില്ലായ്മ രൂക്ഷമാകുവാൻ കാരണങ്ങളിൽ ഒന്നായ ഇന്ത്യൻ കാർഷിക മേഖലയുടെ മരണവാറണ്ട് ആയി ട്രംപ് സന്ദർശനം മാറാൻ ഇടയുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാർഷികമേഖലയുടെ തകർച്ചയ്ക്ക് പരിഹാരം കാണുവാൻ എന്തെങ്കിലും ചെയ്തെന്ന് സ്ഥാപിക്കുന്നതിനും ഇന്ത്യൻ കാർഷിക മേഖലയിൽ കടന്നുകയറാനും ആണ് ട്രംപ് ശ്രമിക്കുന്നത്- ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു.

'പ്രതിവർഷം 42,000 കോടി വരുമാനം നൽകുന്ന കോഴിക്കാൽ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഇനി അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള അനുമതി കേന്ദ്ര ഗവൺമെന്റ് ഈ സന്ദർശന വേളയിൽ നൽകുമെന്ന് ഭയത്തിലാണ് പത്തുകോടി വരുന്ന ഇന്ത്യയിലെ ക്ഷീരകർഷകർ.

100% നിന്നും 10 % ആയി ചില അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുവാനുള്ള നീക്കവും സന്ദർശനവേളയിൽ നടക്കുന്നുണ്ട്. പഴവർഗങ്ങൾ ആയ ആപ്പിൾ, ബ്ലൂബെറി, ചെറി എന്നിവയും കായ വർഗ്ഗങ്ങൾ ആയ വോൾനട്ട്,ആൽമണ്ട് എന്നിവയും ധാന്യവിളകൾ ആയ അരി,ഗോതമ്പ് സോയാബീൻ, മൈസ് തുടങ്ങിയവയുമായ അമേരിക്കൻ ഉത്പന്നങ്ങളാണ് 100% നിന്ന് 10% ത്തിലേക്ക് കുറക്കുവാനുള്ള പട്ടികയിലുള്ളത്. 12 വർഷക്കാലം താൻ ഭരിച്ച ഗുജറാത്തിലെ വൃത്തിഹീനമായ ചേരികൾ അമേരിക്കൻ പ്രസിഡന്റ് കാണാതിരിക്കാൻ മതിലുകൾ കെട്ടി മറയ്ക്കുന്ന തിരക്കിലാണ് ഇന്ത്യൻ പ്രധാനമന്ത്രി. 'സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയുക' എന്ന മുദ്രാവാക്യം ഉയർത്തി അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിനെതിരെ ഫെബ്രവരി 24 ന് ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കും.'-മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ദിവസങ്ങളിൽ എഐവൈഎഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കേരളത്തിൽ കരിദിനം ആചരിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അമേരിക്കൻ ആയുധ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി ഇന്ത്യയുടെ പണം ചെലവഴിക്കുവാൻ ഉതകുന്ന കരാർ ഇരു രാജ്യങ്ങളും ഒപ്പിടുവാൻ നീക്കം നടക്കുകയാണ്. അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾക്കനുസൃതമായ കരാറുകൾക്കാണ് മോദിയും ട്രംപും രൂപം നൽകാനിരിക്കുന്നത്.

കെട്ടിഘോഷിക്കപ്പെടുന്ന വികസനത്തിന്റെ ഗുജറാത്ത് മാതൃക പ്രദർശിപ്പിക്കുവാൻ ട്രംപ് കടന്നു പോകുന്ന വഴികളിൽ മതിലുകൾ കെട്ടുകയാണ് മോദി. നാണം മറയ്ക്കാൻ മതിൽ കെട്ടുന്ന മോദി ചേരിനിവാസികളെ ആട്ടിയോടിക്കുകയാണ്. അപ്രഖ്യാപിത ചേരികളുള്ളതിൽ രാജ്യത്ത് തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ട്രംപ് കാണാതിരിക്കുവാൻ ഇവിടുത്തെ വൃത്തിഹീനമായ ചേരികൾ മതിൽ കെട്ടി മറക്കുന്ന മോദി സർക്കാരിന്റെ നടപടി ലജ്ജാകരമാണെന്നം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP