Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവിനാശി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ശുദ്ധ തട്ടിപ്പ്; നഷ്ടപരിഹാരം നൽകുന്നത് ഇൻഷുറൻസ് കമ്പനികൾ; പ്രീമീയം തുക കെ എസ് ആർ ടി സി അടയ്ക്കുന്നത് യാത്രക്കാരിൽ നിന്ന് സെസിലൂടെ പണം പിരിച്ചെടുത്തും; കെ എസ് ആർ ടി സിയിലെ നന്മമരങ്ങളായ ഡ്രൈവറുടേയും കണ്ടക്ടറുടേയും ആശ്രിതർക്ക് ജോലി നൽകാനും തടസ്സങ്ങൾ ഏറെ; ആളുകളെ പറ്റിച്ച പത്ത് ലക്ഷത്തിന്റേയും 30ലക്ഷത്തിന്റേയും ധന സഹായത്തിന് പിന്നിലെ സത്യം

അവിനാശി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ശുദ്ധ തട്ടിപ്പ്; നഷ്ടപരിഹാരം നൽകുന്നത് ഇൻഷുറൻസ് കമ്പനികൾ; പ്രീമീയം തുക കെ എസ് ആർ ടി സി അടയ്ക്കുന്നത് യാത്രക്കാരിൽ നിന്ന് സെസിലൂടെ പണം പിരിച്ചെടുത്തും; കെ എസ് ആർ ടി സിയിലെ നന്മമരങ്ങളായ ഡ്രൈവറുടേയും കണ്ടക്ടറുടേയും ആശ്രിതർക്ക് ജോലി നൽകാനും തടസ്സങ്ങൾ ഏറെ; ആളുകളെ പറ്റിച്ച പത്ത് ലക്ഷത്തിന്റേയും 30ലക്ഷത്തിന്റേയും ധന സഹായത്തിന് പിന്നിലെ സത്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവിനാശിയിൽ കെഎസ്ആർടിസി ബസിൽ കണ്ടെയ്‌നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ശുദ്ധ തട്ടിപ്പ്. ഖജനാവിൽ നിന്ന് ഒരു തുക പോലും സർക്കാർ ആശ്രിതർക്ക് നൽകില്ല. പത്ത് ലക്ഷം രൂപ കെഎസ്ആർടിസി ഏർപ്പെടുത്തിയ അപകട ഇൻഷുറൻസ് പരിരക്ഷയിൽ നിന്നുള്ള സഹായമാണ്. ടിക്കറ്റുകളിൽ നിന്നുള്ള സെസ് പിരിവിലൂടെ പ്രതിവർഷം 3 കോടി രൂപയാണു കെഎസ്ആർടിസി ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കുന്നത്. അതായത് യാത്രക്കാരിൽ നിന്ന് പിരിച്ചെടുത്ത് നൽകുന്ന തുകയാണ് നൽകുന്നത്.

അപകടമുണ്ടായപ്പോൾ തന്നെ മരിച്ചവർക്കുള്ള സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഇൻഷുറൻസ് തുകയാണെന്ന് പിന്നീടാണ് വ്യക്തമായത്. സർക്കാർ പ്രഖ്യാപിച്ചില്ലെങ്കിലും ഈ തുക മരിച്ചവരുടെ ആശ്രിതർക്ക് കിട്ടും. അങ്ങനെ ഭൂലോക തട്ടിപ്പായി മാറുകയാണ് സർക്കാരിന്റെ ധനസഹായ പ്രഖ്യാപനം. പരുക്കേറ്റവർക്കു പരുക്കിന്റെ തോത് അനുസരിച്ചു പരമാവധി 3 ലക്ഷം രൂപ വരെ നൽകും. ബസ് ഡ്രൈവർ ഗിരീഷ്, കണ്ടക്ടർ ബൈജു എന്നിവരുടെ കുടുംബങ്ങൾക്കു 30 ലക്ഷം രൂപ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതിൽ 10 ലക്ഷം രൂപ കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുള്ള അപകട ഇൻഷുറൻസ് പദ്ധതിയിൽ നിന്നാണ്. മറ്റൊരു 10 ലക്ഷം രൂപ സർക്കാർ ജീവനക്കാർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി വഴിയാണു ലഭിക്കുക. ഇതിനായി പ്രതിവർഷം 600 രൂപയോളം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രീമിയമായി ഈടാക്കി വരുന്നു. ഇനിയുള്ള 10 ലക്ഷം രൂപ ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ട് ഉടമകൾ എന്ന പേരിൽ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയുടെ ഭാഗമാണ്. കെഎസ്ആർടിസി ജീവനക്കാരിൽ ഭൂരിഭാഗം പേരും ഒരേ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉടമകളായതിനാൽ ഇവരിൽ മിക്കവരും ബാങ്കിന്റെ ഇൻഷുറൻസ് പദ്ധതിയിലും അംഗങ്ങളാണ്. അങ്ങനെ ആ തുകയും ഇൻഷുറൻസ്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ (എംഎസിടി) മുഖേനയുള്ള നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം. അതേസമയം, മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കുള്ള ആശ്രിത നിയമനം കെഎസ്ആർടിസിയിൽ 4 വർഷമായി നിർത്തിവച്ചിരിക്കുകയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ കെ എസ് ആർ ടിയിലെ നന്മമരങ്ങളായിരുന്ന ഡ്രൈവറുടേയും കണ്ടക്ടറുടേയും കുടുംബത്തിന് കെ എസ് ആർ ടി സി ഒന്നും നൽകില്ല. ആശ്രിത നിയമനവും ലഭിക്കാനിടയില്ല.

അവിനാശി അപകടത്തിൽ മരിച്ചവരുടെ ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ അതിവേഗത്തിൽ വിതരണം ചെയ്ത് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി). വെള്ളിയാഴ്ചയും ഇന്നലെയും അവധിയായിരുന്നിട്ടും ക്ലെയിം സെറ്റിൽ ചെയ്യാൻ മുഖ്യ ഓഫിസിലും ശാഖകളിലും ആവശ്യമായ ജീവനക്കാർ എത്തുകയായിരുന്നെന്ന് എറണാകുളം സീനിയർ ഡിവിഷനൽ മാനേജർ പി.രാധാകൃഷ്ണൻ അറിയിച്ചു. കെഎസ്ആർടിസി ഡ്രൈവർകണ്ടക്ടർ വി.ആർ.ബൈജു, ജോഫി പോൾ, ശിവകുമാർ, ഗോപിക, ജിസ്‌മോൻ, എം.സി.കെ. മാത്യു എന്നിവരുടെ ആശ്രിതർക്കു വിവിധ പോളിസികളിലുള്ള ക്ലെയിം തുക ശാഖാ അധികൃതർ വീടുകളിലെത്തി കൈമാറി.

തിരുപ്പൂർ അവിനാശിയിൽ നടന്ന ബസ് അപകടത്തിൽ പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ആശുപത്രി ബില്ലുകൾ പാലക്കാട് കലക്ടർക്ക് ഇ മെയിൽ ചെയ്യാം. പരുക്കേറ്റവരുടെ ചികിത്സാ ചെലവു വഹിക്കുമെന്നു നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇ മെയിൽ വിലാസം: [email protected]. ഫോൺ: 95397 50214. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അവിനാശിയിൽ 19 പേർ മരിച്ച അപകടത്തിന് കാരണമായതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ഡ്രൈവർ ഉറങ്ങിപ്പോയതോ അശ്രദ്ധയോടെ വണ്ടിയോടിച്ചതോ അപകടകാരണമായെന്നാണ് കണ്ടെത്തൽ. ട്രക്ക് നിയന്ത്രണംവിട്ട് റോഡിലെ കോൺക്രീറ്റ് മീഡിയനിൽക്കൂടി 50 മീറ്ററോളം സഞ്ചരിച്ചു. ഘർഷണം മൂലം പിൻചക്രം പൊട്ടുകയും പിന്നീട് 20 മീറ്റർ കൂടി വാഹനം മുന്നോട്ട് നീങ്ങുകയും ചെയ്തു. ഇതിനിടയിൽ കണ്ടെയ്നർ ട്രക്കിൽനിന്ന് വേർപെട്ട് തെന്നിനീങ്ങി കെഎസ്ആർടിസി ബസിൽ ശക്തിയായി ഉരസുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ പി ശിവകുമാറിന്റെ നേതൃത്വത്തിൽ നാല് മോട്ടോർ വാഹന ഇൻസ്പെക്ടർമാരടങ്ങിയ വിദഗ്ധസംഘം അപകടംനടന്ന അവിനാശിയിൽ പരിശോധന നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

രണ്ട് വണ്ടികൾക്കും യന്ത്രത്തകരാർ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. ദേശീയ ഹൈവേയിൽ ട്രക്ക് ഡ്രൈവർമാർക്ക് വാഹനം നിർത്തി വിശ്രമിക്കാൻ 'ട്രക്ക് ബേ'കളും വിശ്രമത്താവളങ്ങളും തുടങ്ങുന്നത് ദേശീയപാതാ അഥോറിറ്റിയുമായി ചർച്ചചെയ്യണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ദീർഘദൂര ട്രക്കുകളിൽ രണ്ട് ഡ്രൈവർമാർ വേണ്ടെന്ന കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണം. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ ബ്രീത്ത് അനലൈസറുകൾ ലഭ്യമാക്കണം. ട്രക്കുകളിൽ അമിതഭാരം കയറ്റുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ വെയിങ് ബ്രിഡ്ജ് നിർബന്ധമാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഗതാഗത കമീഷണർ ആർ ശ്രീലേഖയ്ക്ക് നൽകിയ റിപ്പോർട്ട് മന്ത്രി എ കെ ശശീന്ദ്രന് സമർപ്പിച്ചു.

കൂടുതൽ പരിശോധനയ്ക്കായി തിങ്കളാഴ്ച ബസ് അവിനാശിയിൽനിന്ന് ഏറ്റെടുക്കും. അപകടം സംബന്ധിച്ച് തമിഴ്‌നാട് പൊലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയിലേക്ക് കടക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച റോഡ് സുരക്ഷാ അഥോറിറ്റി അടിയന്തര യോഗം ചേരും. അഥോറിറ്റി അധ്യക്ഷൻ കൂടിയായ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേരുന്ന യോഗം ഭാവിയിൽ അപകടങ്ങൾ തടയാൻ ആവശ്യമായ നടപടികൾ ചർച്ചചെയ്യും. ദീർഘദൂര ട്രക്കുകളിൽ രണ്ട് ഡ്രൈവർമാരെ ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗം പരിഗണിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP