Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്തിമ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും, നിലവിൽ പണി നടക്കുന്നതുമായ റിയൽ എസ്റ്റേറ്റ് പദ്ധതിക്കും വ്യക്തതവരുത്തി കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി; താമസം തുടങ്ങിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കും റെറ വ്യവസ്ഥ ബാധകം

അന്തിമ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും, നിലവിൽ പണി നടക്കുന്നതുമായ റിയൽ എസ്റ്റേറ്റ് പദ്ധതിക്കും വ്യക്തതവരുത്തി കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി; താമസം തുടങ്ങിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കും റെറ വ്യവസ്ഥ ബാധകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ (റെറ) രജിസ്റ്റർ ചെയ്യണമെന്ന നിർദേശത്തോട് കെട്ടിടനിർമ്മാതാക്കൾ മുഖം തിരിക്കുന്ന നടപടിയായിരുന്നു ഇതുവരെ. എന്നാൽ, നിർമ്മാണം ഭാഗികമായി പൂർത്തിയാക്കി ആളുകൾ താമസം തുടങ്ങിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കും കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ (റെറ) നിയമ വ്യവസ്ഥകൾ ബാധകം. ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിച്ച പ്രോജക്ടുകൾക്കു റെറ ബാധകമല്ലെന്നാണു നിലവിലുള്ള ചട്ടം.

എന്നാൽ കേരള മുനിസിപ്പാലിറ്റി/ പഞ്ചായത്ത് കെട്ടിട നിയമം അനുസരിച്ചു നിർമ്മാണം മുഴുവൻ തീരുന്നതിനു മുൻപുതന്നെ ഭാഗികമായ പൂർത്തീകരണ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്കു മാത്രമായി ഒക്യുപെൻസി സർട്ടിഫിക്കറ്റ് നേടാം. ഉദാഹരണത്തിന് ഒരു ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഗ്രൗണ്ട് ഫ്‌ളോർ പൂർത്തിയാക്കിയ ശേഷം ഭാഗികമായ പൂർത്തീകരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഇത്തരമൊരു വ്യവസ്ഥയുള്ളതുകൊണ്ടാണ് ഇത്തരം പദ്ധതികളും നിയമത്തിന്റെ പരിധിയിൽ വരുമെന്നു റെറ വ്യക്തത വരുത്തിയത്.

അന്തിമ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും നിലവിൽ പണി നടക്കുന്നതുമായ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കും (ഓൺഗോയിങ്) റെറ ബാധകമാണ്. തദ്ദേശസ്ഥാപനത്തിൽ നിന്നു കഴിഞ്ഞ ജനുവരി ഒന്നിനു മുൻപ് പെർമിറ്റ് ലഭിച്ചതും എന്നാൽ ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായ പദ്ധതികളെയാണ് ഓൺഗോയിങ് എന്ന വിഭാഗത്തിൽ പരിഗണിക്കുന്നതെന്നും റെറ വ്യക്തമാക്കി. തുറസ്സായ പാർക്കിങ് സ്ഥലം താമസത്തിനെത്തുന്നവർക്ക് അലോട്ട് ചെയ്യാൻ പാടില്ലെന്നാണു ചട്ടം. ഗാരിജിനു പുറമേ ബേസ്‌മെന്റ് പാർക്കിങ്, സ്റ്റിൽറ്റ് പാർക്കിങ് (ഗ്രൗണ്ട് ഫ്‌ളോറിൽ പാർക്കിങ്ങിനായി നിശ്ചയിച്ചിരിക്കുന്ന പ്രത്യേക സ്ഥലം), മെക്കനൈസ്ഡ് പാർക്കിങ് (മൾട്ടി ലെവൽ) എന്നിങ്ങനെയുള്ള മേൽക്കൂരയുള്ള പാർക്കിങ് സ്ഥലങ്ങൾ വ്യക്തികൾക്ക് അലോട്ട് ചെയ്യാൻ കഴിയുമെന്നും റെറ വ്യക്തമാക്കി.

കേരളത്തിൽ അഞ്ഞൂറോളം വലിയ കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ടെന്നാണു വിവരം. ഇതിൽ ഇതുവരെ രജിസ്റ്റർചെയ്തത് മൂന്ന് പ്രോജക്ടുകൾ മാത്രമാണ്. എട്ട് അപ്പാർട്ട്മെന്റ് ഉണ്ടെങ്കിൽ റെറയിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. റിയൽ എസ്റ്റേറ്റ് പദ്ധതിക്കായി വികസിപ്പിക്കുന്ന 500 ചതുരശ്രമീറ്ററിൽ അധികമുള്ള എല്ലാ പ്രോജക്ടുകളും രജിസ്റ്റർചെയ്യണം. അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യനാണ് റെറയുടെ ചെയർമാൻ. വിപുലമായ അധികാരമാണ് അഥോറിറ്റിക്കുള്ളത്. രജിസ്ട്രേഷൻ എടുക്കാതെ പദ്ധതികളുമായി മുന്നോട്ടുപോയാൽ പദ്ധതിച്ചെലവിന്റെ പത്തുശതമാനം വരെ പിഴയായി ഈടാക്കാം.

അതേസമയം, മരടിൽ തകർത്ത നാലുഫ്ലാറ്റുകളിൽ താമസിച്ചിരുന്നത് 325 കുടുംബങ്ങളാണ്. അനധികൃതമായി നിർമ്മിച്ച കെട്ടിടമാണ് വാങ്ങുന്നതെന്ന് അറിഞ്ഞുകൊണ്ടല്ല ഇവരൊന്നും വാങ്ങിയത്. ഇത്തരത്തിൽ കബളിപ്പിക്കപ്പെടാതിരിക്കാൻ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ (റെറ) രജിസ്ട്രഷനുണ്ടെന്ന് ഉറപ്പാക്കണം. കെട്ടിടനിർമ്മാണത്തിനുള്ള എല്ലാരേഖകളും ഉണ്ടെങ്കിലേ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്ട്രേഷൻ എടുക്കാനാകൂ. ജനുവരി ഒന്നുമുതൽ റെറയിൽ രജിസ്ട്രേഷൻ ഇല്ലാത്ത അപ്പാർട്ടുമെന്റോ വില്ലകളോ ഹൗസിങ് പ്ലോട്ടുകളോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്നാണു നിയമം.

റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഏകീകൃത നിയമസംവിധാനമാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ). 2016ൽ നിലവിൽവന്ന സംവിധാനത്തോട് കേരളം മുഖംതിരിക്കുകയായിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ കേസുവരെ വന്നു. തുടർന്നാണ് 2019 ഒക്ടോബർ അഞ്ചിന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിക്ക് രൂപംനൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP