Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീം കോടതിയുടെ സംവരണ വിധിയിൽ പ്രതിഷേധിക്കാനുള്ള ഹർത്താൽ കേരളത്തിൽ ജനജീവിതത്തെ ബാധിച്ചില്ല; മിക്കയിടങ്ങളിലും സ്വകാര്യ ബസുകളും കെ എസ് ആർ ടി സിയും സർവ്വീസ് നടത്തുന്നു; കടകമ്പോളങ്ങളും തുറന്നു പ്രവർത്തിക്കുന്നു; കേരളത്തിൽ ഹർത്താലിന്റെ ശൗര്യം കുറച്ചത് സി എസ് ഡി എസിന്റെ പിന്മാറ്റം

സുപ്രീം കോടതിയുടെ സംവരണ വിധിയിൽ പ്രതിഷേധിക്കാനുള്ള ഹർത്താൽ കേരളത്തിൽ ജനജീവിതത്തെ ബാധിച്ചില്ല; മിക്കയിടങ്ങളിലും സ്വകാര്യ ബസുകളും കെ എസ് ആർ ടി സിയും സർവ്വീസ് നടത്തുന്നു; കടകമ്പോളങ്ങളും തുറന്നു പ്രവർത്തിക്കുന്നു; കേരളത്തിൽ ഹർത്താലിന്റെ ശൗര്യം കുറച്ചത് സി എസ് ഡി എസിന്റെ പിന്മാറ്റം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സുപ്രീം കോടതിയുടെ സംവരണ വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് കേരളത്തിൽ ജനജീവിതത്തെ ബാധിക്കുന്നില്ല. ജോലിയിലെ സ്ഥാനക്കയറ്റത്തിനായി സംവരണം ഏർപ്പെടുത്താൻ സർക്കാറിനോട് നിർദ്ദേശിക്കാൻ കഴിയില്ലെന്നുള്ള സുപ്രീംകോടതി വിധിയാണ് ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ പാർലമെന്റിൽ നിയമ നിർമ്മാണം നടത്തുകയെന്ന ആവശ്യം ബന്ദ് അനുകൂലികൾ മുന്നോട്ടുവെക്കുന്നത്. കേരളത്തിലും ഹർത്താലിന് ആഹ്വാനമുണ്ട്. സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾക്ക് മുടക്കമില്ല. കേരളത്തിൽ ഹർത്താൽ ജനജീവതത്തെ ബാധിച്ചിട്ടില്ല. മിക്കയിടങ്ങളിലും സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നുണ്ട്. സ്വകാര്യവാഹനങ്ങളും നിരത്തിലുണ്ട്. സി എസ് ഡി എസ് ഹർത്താലിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെയാണ് ഹർത്താലിന് പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാനാവാതെ പോയത്.

കേരളത്തിലെ ദലിത് സംഘടനകളായ ആദിവാസി ഗോത്രമഹാസഭ, കെ.ഡി.പി, ഭീം ആർമി, കെ.സി.എസ്, ഡി.എച്ച്.ആർ.എം, എ.കെ.സി.എച്ച്.എം.എസ്, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, കെ.പി.എം.എസ്, സാധുജന പരിപാലന സംഘം, എ.എസ്.ഫോർ, എൻ.ഡി.എൽ.എഫ് എന്നിവയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. സി എസ് ഡി എസ് ഹർത്താലിൽ നിന്ന് പിന്മാറി. ഇതോടെയാണ് ഹർത്താലിന് വീര്യം കുറഞ്ഞത്.

സംവരണം മൗലികാവകാശമല്ലാതാക്കി മാറ്റുന്ന സുപ്രിംകോടതി വിധി പുനപരിശോധിക്കാൻ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ടെങ്കിലും വിഷയത്തിന് ദേശീയശ്രദ്ധ ലഭിക്കാനും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനുമാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൗരന്മാരെ മതാധിഷ്ഠിതമായി വിഭജിച്ച് പൗരത്വം പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തുന്ന പൗരത്വഭേദഗതി നിയമത്തോടൊപ്പം, ഇന്ത്യയിലെ മഹാഭൂരിപക്ഷമായ ദലിതർ, ആദിവാസികൾ, പിന്നോക്കവിഭാഗക്കാർ തുടങ്ങിയവരുടെ പൗരത്വാവകാശങ്ങൾ റദ്ദുചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ് സംവരണം മൗലികാവകാശമല്ല എന്ന സുപ്രിംകോടതി വിധി.

സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നടപ്പാക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരേ ശക്തമായ ദേശീയ പ്രക്ഷോഭം രാജ്യമെമ്പാടും ഉയർന്നുകഴിഞ്ഞിട്ടുണ്ട്. മുസ്ലിംമത ന്യൂനപക്ഷങ്ങളോടൊപ്പം ദലിത്-ആദിവാസി-ജനാധിപത്യ ശക്തികളും ഐക്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പൗരന്മാരെ മതപരമായി വിഭജിച്ച് മുസ് ലിം സമുദായത്തെ അപരവൽക്കരിക്കുന്നതോടൊപ്പം ആദിവാസി-ദലിത് വിഭാഗങ്ങളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും ഭാഷാദേശീയതകളുടെയും പൗരസമത്വാവകാശങ്ങളും സാമൂഹികാവകാശങ്ങളും റദ്ദാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നടപടിക്കെതിരെയാണ് 23ന് നടക്കുന്ന ഭാരത് ബന്ദ് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. ആയതിനാൽ പൗരസമത്വ പ്രക്ഷോഭത്തോടൊപ്പം ഐക്യപ്പെടണമെന്നും ഭാരത് ബന്ദ് വിജയിപ്പിക്കാനുള്ള ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും പ്രസ്താവനയിൽ കേരളത്തിൽ ഹർത്താലിനെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെട്ടു.

എം ഗീതാനന്ദൻ(ദലിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ), യു സി രാമൻ(ദലിത് ലീഗ്), സി എസ് മുരളി(ദലിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ), അഡ്വ. ഡി ദിപു(ഭീം ആർമി, കേരളാ ചീഫ്), കെ അംബുജാക്ഷൻ(വെൽഫെയർ പാർട്ടി), കെ കെ ബാബുരാജ്, പി എം വിനോദ്(കെപിഎംഎസ്), സജി കെ ചേരമൻ(എഎസ് 4), പി വി സജീവ് കുമാർ(കൊടുങ്ങല്ലൂർ കൂട്ടായ്മ), അഡ്വ. പി ഒ ജോൺ(ദലിത്-ആദിവാസി കോ-ഓഡിനേഷൻ, കോട്ടയം), കെ മായാണ്ടി(എസ് സി/എസ് ടി കോ-ഓഡിനേഷൻ, പാലക്കാട്) തുടങ്ങിയവരാണ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP