Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളവിൽ വെച്ച് ഡ്രൈവർ സ്റ്റിയറിങ് തിരിക്കേണ്ടിയിരുന്നത് ഇടത് ഭാഗത്തേക്ക്; അണ്ടർ സ്റ്റിയറിങ് ആയപ്പോൾ മുൻവീലുകൾ മീഡിയനിലേക്ക് കയറി; ഉരച്ചിൽ കാരണം ഹീറ്റായി പൊട്ടിയത് രണ്ടു ഔട്ടർ വീലുകൾ; ട്രാക്കിലേക്ക് മൂക്കുകുത്തിയ കാബിൻ ഇടിച്ച് കയറിയത് കെഎസ്ആർടിസി ബസിലേക്ക്; വന്നിടിച്ചത് 25 ടൺ ഭാരം; ദുരന്ത കാരണം വ്യക്തമാക്കി പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്; അവിനാശി ദുരന്തം ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് വിലയിരുത്തൽ

വളവിൽ വെച്ച് ഡ്രൈവർ സ്റ്റിയറിങ് തിരിക്കേണ്ടിയിരുന്നത് ഇടത് ഭാഗത്തേക്ക്; അണ്ടർ സ്റ്റിയറിങ് ആയപ്പോൾ മുൻവീലുകൾ മീഡിയനിലേക്ക് കയറി; ഉരച്ചിൽ കാരണം ഹീറ്റായി പൊട്ടിയത് രണ്ടു ഔട്ടർ വീലുകൾ; ട്രാക്കിലേക്ക് മൂക്കുകുത്തിയ കാബിൻ ഇടിച്ച് കയറിയത് കെഎസ്ആർടിസി ബസിലേക്ക്; വന്നിടിച്ചത് 25 ടൺ ഭാരം; ദുരന്ത കാരണം വ്യക്തമാക്കി പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്; അവിനാശി ദുരന്തം ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് വിലയിരുത്തൽ

എം മനോജ് കുമാർ

തിരുവനന്തപുരം: അവിനാശി അപകടവുമായി ബന്ധപ്പെട്ട് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദസംഘം നൽകിയത് പഴുതടച്ച പ്രാഥമിക റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ കാര്യകാരണങ്ങൾ സാങ്കേതികമായി അനലൈസ് ചെയ്ത ശേഷമാണ് സംഘം സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഒന്നുകിൽ കണ്ടെയ്‌നർ ഡ്രൈവർ ഉറങ്ങിപ്പോയി. അല്ലെങ്കിൽ അശ്രദ്ധമായി ഡ്രൈവ് ചെയ്തു. ഇതാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. കണ്ടെയ്‌നർ മീഡിയനിൽ കയറിയത് മുതൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതായതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടപ്പെടുന്നത്.

അവിനാശി അപകട സ്ഥലത്ത് പോയി കണ്ടെയ്‌നർ ലോറിയുടെ എല്ലാ കാര്യങ്ങളും സാങ്കേതികമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ആണ് നൽകിയത്. ജിപിഎസും ക്യാമറകളും ഡ്രൈവറുടെ മുൻ ഡ്യൂട്ടി ഷെഡ്യൂളുകളും പരിശോധിച്ച ശേഷം മാത്രമേ സംഘം അന്തിമ റിപ്പോർട്ട് നൽകൂ. തമിഴ്‌നാട് ആണ് അപകടം നടന്നതിനാൽ തമിഴ്‌നാട് പൊലീസും തമിഴ്‌നാട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെനറുമാണ് അന്വേഷണ റിപ്പോർട്ട് നൽകേണ്ടത്. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസും യാത്രികരും മലയാളികളായതിനാലാണ് മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ സമാന്തര അന്വേഷണ റിപ്പോർട്ട് സർക്കാരിനു നൽകിയിരിക്കുന്നത്.

ഡ്രൈവർ ഉറങ്ങിയതാവാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നുണ്ട് എന്നതിലേക്കാണ് അന്വേഷണം സംഘം വിരൽചൂണ്ടിയത്. പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടക്കുന്നത്. ഈ സമയത്തുള്ള മിക്ക അപകടങ്ങളും ഡ്രൈവർ ഉറങ്ങിയതിനാൽ സംഭവിച്ചതാണ്. അതുകൊണ്ട് തന്നെയാണ് അന്വേഷണ റിപ്പോർട്ടിൽ ഡ്രൈവറുടെ ഉറക്കം പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു പരുക്കും ഇല്ലാതെയാണ് ഡ്രൈവർ രക്ഷപ്പെട്ടത്.

അശ്രദ്ധമായി ഡ്രൈവർ വണ്ടി ഓടിക്കുകയും അണ്ടർ സ്റ്റിയറിങ് കാരണം മീഡിയനിലേക്ക് ഇടിച്ചു കയറി അപകടം വരുത്തിവെച്ചു. കണ്ടെയ്‌നർ ലോറി അപകടത്തിൽപ്പെട്ടതോടെ ലോക്കിൽ നിന്നും കണ്ടെയ്‌നർ വേർപ്പെട്ടു കുത്തിവീണു. ഈ സമയത്താണ് കെഎസ്ആർടിസി ബസ് കുതിച്ചു വന്നത്. ലോഡ് അടങ്ങിയ കണ്ടെയനർ മുഴുവൻ കെഎസ്ആർടിസി ബസിലേക്ക് ഇരച്ചു കയറുകയും ചെയ്തു. ഇതാണ് 19 ജീവനുകൾ പൊലിയാൻ ഇടവെച്ചത്-റിപ്പോർട്ട് വിരൽ ചൂണ്ടുന്നു.

കണ്ടെയ്‌നർ മീഡിയനിലേക്ക് ഇടിച്ചു കയറിയത് മുതലുള്ള മുഴുവൻ കാര്യങ്ങളും അനലൈസ് ചെയ്തുള്ള സാങ്കേതികാർത്ഥത്തിലുള്ള റിപ്പോർട്ട് ആണ് നൽകിയിരിക്കുന്നത്. മൾട്ടി ആക്‌സിൽ വെഹിക്കിൾ ഉള്ള കണ്ടെയ്‌നർ ലോറി എങ്ങിനെ അപകടത്തിൽപ്പെട്ടു എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഡ്രൈവർ പറയുന്നത് പോലെ റിയർ ടയർ പൊട്ടിയാൽ വണ്ടിയുടെ കൺട്രോൾ നഷ്ടമാകില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനു വണ്ടിയുടെ സവിശേഷതകൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻപിലും പുറകിലും ഒരു ഡമ്മി ലിഫ്റ്റ് ആക്‌സിൽ കൂടിയുള്ള കണ്ടെയ്‌നർ ആണ് അപകടത്തിൽപ്പെട്ടത്. അവിനാശിയിൽ ഇടത് ഭാഗത്തേക്കുള്ള വളവിലാണ് അപകടം നടന്നത്. കുറച്ച് ഇറക്കമാണ്. ലോറി സാമാന്യം സ്പീഡിലും. ആറു വരിപ്പാതയാണിത്. വളവിൽ എത്തുമ്പോൾ സ്റ്റിയറിങ് ഇടത് ഭാഗത്തേക്ക് തിരിക്കണം. തിരിച്ചില്ലെങ്കിൽ അത് അണ്ടർ സ്റ്റിയറിങ് ആകും. ഇതാണ് കണ്ടെയ്‌നർ ലോറിയിൽ നിന്ന് ഇളകിമാറാനും കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറാനും ഇടവെച്ചത്. വണ്ടി അണ്ടർ സ്റ്റിയറിങ് ആയതോടെ മുൻവീലുകൾ മീഡിയനിൽ കയറി. മുന്നിൽ ഭാരം കുറവാണ്. ലോഡ് ഉള്ളത് പിന്നിലാണ്. അതിനാൽ ഭാരം മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് പുറകിലാണ്.

ട്രക്കിന്റെ പ്ലാറ്റ്‌ഫോമിലാണ് കണ്ടെയ്‌നർ ഉറപ്പിച്ചിരിക്കുന്നത്. ഒരടി മാത്രമേയുള്ളൂ മീഡിയന്റെ കോൺക്രീറ്റ് ഭാഗം. മുൻവീലിൽ മീഡിയൻ ചാടിക്കടന്ന മാർക്കുണ്ട്. റിയർ വീലിന്റെ ഡമ്മി ആക്‌സിൽ ഓടുമ്പോൾ ഡ്രൈവർമാർ താഴ്‌ത്തി വയ്ക്കണം. പക്ഷെ കണ്ടെയ്‌നർ ഡ്രൈവർ ഇത് ചെയ്തിട്ടില്ല. താഴ്‌ത്തി വച്ചാൽ ലോഡ് ഡിസ്ട്രിബ്യൂട്ട് ചെയ്ത് നിൽക്കും. പക്ഷെ സ്റ്റിയറിങ് വീലിൽ കട്ടി അനുഭവപ്പെടും. അതൊഴിവാക്കാനാണ് ഇത്തരം പ്രവർത്തി ചെയ്യുന്നത്. റിയറിലെ ലൈവ് ആക്‌സിസ് മീഡിയനിൽ ഉരഞ്ഞുരഞ്ഞു പോയിട്ടുണ്ട്. രണ്ടു ഔട്ടർ വീലുകളും ഈ ഉരച്ചിൽ കാരണം ഹീറ്റായി പൊട്ടിപ്പോയി.അപകടത്തിൽപ്പെട്ട ശേഷം ടയറിന്റെ ഉള്ളിലെ വീലുകൾ വഴിയും കണ്ടെയ്‌നർ ഓടിയിട്ടുണ്ട്.

പൊക്കിവെച്ച ലിഫ്റ്റ് ആക്‌സിലും മീഡിയനിൽ കൊണ്ടിട്ടുണ്ട്. ഇതോടെ കണ്ടെയനറിന്റെ പ്രയാണം മീഡിയനിൽക്കൂടിയായി. കെഎസ്ആർടിസി ബസ് വന്ന ട്രാക്കിലേക്കാണ് കണ്ടെയ്‌നറിന്റെ കാബിൻ നിരങ്ങി നീങ്ങിയത്. ഡ്രൈവർ ഇടത്തേക്ക് വണ്ടി വെട്ടിച്ചു. ഇതോടെ കണ്ടെയ്‌നറിന്റെ കാബിൻ ട്രാക്കിലേക്ക് മൂക്കുകുത്തി. കെഎസ്ആർടിസി ബസ് കുതിച്ചെത്തിയത് ഈ കാബിന്റെ മുന്നിലെക്കാണ്. കെഎസ്ആർടിസി ഡ്രൈവർക്ക് കാബിൻ റോഡിലാണ് എന്ന് മനസിലാക്കാൻ തന്നെ സമയം ലഭിക്കണമെന്നില്ല. കെഎസ്ആർടിസി ബസും കുതിച്ചാണ് വന്നത്. ആറുവരിപ്പാതയായതിനാൽ സ്പീഡ് എടുത്ത് പോകാൻ കഴിയുന്ന പാതയാണിത്. കാബിന്റെ കൂർത്ത ഭാഗമാണ് കെഎസ്ആർടിസിക്ക് മുന്നിലേക്ക് വന്നത്.

ഇരുപത്തിയഞ്ചു ടൺ ലോഡുള്ള കണ്ടെയ്‌നർ ആണ് കെഎസ്ആർടിസി ബസിൽ ഡ്രൈവർ ഇരുന്ന ഭാഗത്തേക്ക് കുത്തിക്കയറി വന്നത്. ഇതോടെയാണ് മുറിച്ചെടുത്ത രീതിയിൽ കെഎസ്ആർടിസി ബസ് മുറിഞ്ഞു മാറിയത്. ഡ്രൈവറുടെ ഭാഗത്ത് ഇരുന്നവരാണ് മരിച്ചവരിൽ ഏറിയ പങ്കും. എത്ര സ്പീഡിലാണ് കണ്ടെയ്‌നർ വന്നത് എന്ന് റിപ്പോർട്ടിൽ മെൻഷൻ ചെയ്തിട്ടില്ല. അത് ജിപിഎസ് വഴിയും ക്യാമറകൾ വഴിയും കണ്ടെത്തേണ്ട കാര്യമാണ്. ഇത്തരം അപകടങ്ങൾ വരുമ്പോൾ എത്ര പുതിയ ടയർ ആണെങ്കിലും പൊട്ടാനുള്ള സാധ്യതകൾ വളരെയധികമാണ്. ടയറിന്റെ ഫ്‌ളൈ റേറ്റിങ് പരിശോധിച്ചിരുന്നു. ടയർ പൊട്ടുക തന്നെ ചെയ്തപ്പോൾ വീൽ അനങ്ങിയിട്ടില്ല. വീൽ ഡിസ്‌ക് വീൽ ഊരുക എന്ന് പറഞ്ഞാൽ വീൽ ഡിസ്‌ക് അടക്കം ബ്രേക്ക് ഡ്രമ്മിൽ നിന്ന് ഊരിപ്പോരുകയാണ് ചെയ്യുന്നത്.

കണ്ടെയ്‌നർ ലോറി വന്നത് വലത് ട്രാക്കിൽക്കൂടിയാണ്. ഒട്ടുമിക്ക ഡ്രൈവർമാരും ലെയിൻ ട്രാഫിക്ക് പാലിക്കാറില്ല. പക്ഷെ ഏതെങ്കിലും വാഹനത്തെ ഓവർടേയ്ക്ക് ചെയ്യാൻ ശ്രമിച്ചാലും സ്പീഡ് ട്രാക്കിൽ ലോറി വരാം. അതിനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. ലോറിക്ക് ഒരു സാങ്കേതിക തകരാറുമുണ്ടായിരുന്നില്ലെന്നു പരിശോധനയിൽ വെളിവായിട്ടുണ്ട്. എയർ ബ്രേക്ക് സിസ്റ്റമാണ് കണ്ടെയ്‌നറുകൾക്ക് ഉള്ളത്. ഇത് കുഴപ്പമായാലും പകരം സംവിധാനമുണ്ട്. എയർ ബ്രേക്കിന് ഒരു കുഴപ്പവും വന്നിരുന്നില്ല. എയർ പ്രഷർ കറക്ട്ടായിരുന്നു. ഇതെല്ലാം വിദഗ്ദ സംഘം റിപ്പോർട്ടിൽ മെൻഷൻ ചെയ്തിട്ടുണ്ട്.

എംവിഐമാരും എഎംവിഐമാരും അടങ്ങിയ എട്ടുപേർ അടങ്ങിയ സാങ്കേതിക വിദഗ്ദരുടെ സംഘമാണ് സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതിൽ നാലുപേർ എംവിമാരാണ്. നാലുപേർ എഎംഐവിമാരാണ്. എംടെക്കും എംബിഎയും ബിടെക്കുമെല്ലാം യോഗ്യതയുള്ളവരാണ്. ഈ സംഘമാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്ക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കണ്ടെയ്‌നർ ലോറിയുടെ പാർട്ടുകൾ വരെ ചെക്ക് ചെയ്ത് അനലൈസ് ചെയ്താണ് സംഘം റിപ്പോർട്ട് നൽകിയിരിക്കുന്നത്.

 

ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് അപകടത്തിനു വഴിവെച്ചത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആണ് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ ടിഒയുടെ നേതൃത്വത്തിലുള്ള സംഘം നൽകിയത്. ഇനി ഫൈനൽ റിപ്പോർട്ട് വേറെ സമർപ്പിക്കും. കൃത്യമായ റിപ്പോർട്ട് നൽകേണ്ടത് തമിഴ്‌നാട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെനറും തമിഴ്‌നാട് പൊലീസുമാണ്. അശ്രദ്ധമായി വണ്ടിയോടിച്ചതിനാൽ 279, മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള 304 (എ) ഗുരുതര പരുക്കിനുള്ള 337,338 വകുപ്പുകളും കൂട്ടിച്ചേർക്കപ്പെട്ടെക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP