Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർത്തിയിട്ട കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തായി കറൻസി നോട്ടുകൾ വിതറിയിടും; പിന്നാലെ ഗ്ലാസിൽ തട്ടി വിളിച്ച് പണം നിങ്ങളുടേതാണോ എന്ന് ചോദിക്കും; പുറത്തെത്തി കറൻസി നോട്ടുകൾ പെറുക്കിയെടുത്ത് തിരിച്ച് കാറിൽ എത്തുമ്പോഴേക്കും മറ്റൊരു സംഘം കാറിൽ നിന്ന് ബാഗ് കൈവശമാക്കിയിരിക്കും; കൊച്ചിയിലെ നൂതന കവർച്ച ഇങ്ങനെ; നോട്ടുകെണിയിൽ വീഴരുതെന്നും പിന്നിൽ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമക്കാരെ സംശയിക്കുന്നെന്നും കൊച്ചി പൊലീസ്

നിർത്തിയിട്ട കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തായി കറൻസി നോട്ടുകൾ വിതറിയിടും; പിന്നാലെ ഗ്ലാസിൽ തട്ടി വിളിച്ച് പണം നിങ്ങളുടേതാണോ എന്ന് ചോദിക്കും; പുറത്തെത്തി കറൻസി നോട്ടുകൾ പെറുക്കിയെടുത്ത് തിരിച്ച് കാറിൽ എത്തുമ്പോഴേക്കും മറ്റൊരു സംഘം കാറിൽ നിന്ന് ബാഗ് കൈവശമാക്കിയിരിക്കും; കൊച്ചിയിലെ നൂതന കവർച്ച ഇങ്ങനെ; നോട്ടുകെണിയിൽ വീഴരുതെന്നും പിന്നിൽ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമക്കാരെ സംശയിക്കുന്നെന്നും കൊച്ചി പൊലീസ്

പി എസ് സുവർണ്ണ

കൊച്ചി: റോഡിൽ കുറച്ച് കറൻസി നോട്ടുകൾ കിടക്കുന്നത് കാണുമ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി ആ കറൻസി നോട്ടുകൾ വാരിയെടുക്കാൻ പോകുന്നവർ ഒന്ന് അറിയുക. റോഡിൽ കിടക്കുന്ന കറൻസി നോട്ടുകൾ വാരിയെടുത്ത് നിങ്ങൾ തിരികെയെത്തുമ്പോഴേക്കും നിങ്ങളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവൻ നഷ്ടമായിക്കഴിഞ്ഞിരിക്കും. അതെ ഉടമസ്ഥനില്ലാതെ കിടക്കുന്ന ആ നോട്ടുകൾ നിങ്ങൾക്കുള്ള കെണിയാണ്.നിർത്തിയിടപ്പെടുന്ന കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തായി 10,20,50,100 എന്നീ രൂപയുടെ കറൻസി നോട്ടുകൾ വിതറിയിടും. അതിന് പിന്നാലെ ഡ്രൈവർ സീറ്റിലുള്ളവരെ ഗ്ലാസിൽ തട്ടി വിളിക്കും. പിന്നാലെ റോഡിൽ കിടക്കുന്ന പണം നിങ്ങളുടേതാണോ എന്ന് കൂടെ ചോദിക്കും. സ്വാഭാവികമായും കാറിനുള്ളിൽ നിന്നും ഡ്രൈവർ സീറ്റിലുള്ളയാൾ പുറത്തിറങ്ങും. പുറത്തെത്തി കറൻസി നോട്ടുകൾ പെറുക്കിയെടുത്ത് തിരിച്ച് കാറിൽ എത്തുമ്പോഴേക്കും കൈയിലെ പണം നഷ്ടമായിട്ടുണ്ടാവും. എന്തെന്നാൽ കാറിൽ നിന്നും ആൾ പുറത്തിറങ്ങി നോട്ടുകൾ പെറുക്കിയെടുക്കുമ്പോഴേക്കും ഈ സമയം നോക്കി മറ്റൊരു സംഘം കാറിൽ നിന്നും പണം അടങ്ങുന്ന ബാഗ് കൈവശമാക്കിയിരിക്കും. ഇതാണ് റോഡിൽ കറൻസി നോട്ടുകൾ വിതറി കവർച്ച നടത്തുന്നവരുടെ രീതി.

ഇപ്പോഴിതാ വീണ്ടും ഇത്തരത്തിൽ സമാനമായൊരു തട്ടിപ്പ് നടന്നിരിക്കുകയാണ്. രണ്ടാഴ്‌ച്ച മുമ്പ് എം.ജി റോഡിൽ ഒരു ബാങ്കിൽ നിന്നും പണമെടുക്കാൻ വന്നയാൾക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. 2.72 ലക്ഷമാണ് ഉടമയുടെ കൈയിൽ നിന്നും നഷ്ടമായത്. അതേസമയം തമിഴ്‌നാട് തിരുച്ചിറപ്പള്ളി രാംജിനഗർ എന്ന തിരുട്ടു ഗ്രാമത്തിൽ നിന്നുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സെൻട്രൽ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെത്തുന്നവരെയാണ് ഇത്തരം മോഷണ സംഘങ്ങൾ ലക്ഷ്യമിടുന്നത്.

അതേസമയം കൊച്ചിയിൽ നേരത്തെയും ഇതുപോലെയുള്ള കവർച്ചകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മറൈൻഡ്രൈവ് മേനകയിലാണ് സമാനമായ സംഭവം നടന്നത്. അന്ന് ബാഗ് നഷ്ടപ്പെട്ടുവെങ്കിലും ബാഗിൽ പണമുണ്ടായിരുന്നില്ല. മാത്രമല്ല മറൈൻ ഡ്രൈവിൽ രണ്ടര വർഷം മുമ്പും ഇതേ രീതിയിൽ കവർച്ച നടന്നിരുന്നു. തുടർന്ന് ഈ കേസിൽ ഒരു പ്രതിയെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ പലഭാഗത്തും തിരുട്ടു ഗ്രാമത്തിൽ നിന്നുള്ളവർ ഇത്തരത്തിൽ സമാനമായ കവർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ പ്രതികളെക്കുറിച്ച് സൂചനയുണ്ടെങ്കിലും ഇവരെ തിരുട്ടുഗ്രാമത്തിൽ നിന്നും ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. എന്തായാലും പ്രതികൾക്കായുള്ള ഊർജിത അന്വേഷണത്തിലാണ് പൊലീസ്.

ദിവസേന പല തരത്തിലുള്ള മോഷണങ്ങളാണ് നടക്കുന്നത്. നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിലും. തിരക്ക് കുറവുള്ള സ്ഥലങ്ങളിലുമുൾപ്പെടെയാണ് ദിവസേന മോഷണങ്ങൾ നടക്കുന്നത്. പിടിച്ചുപറി ഉൾപ്പെടെയുള്ള മോഷണങ്ങൾ ഉള്ളതിനാൽ തന്നെ ജനങ്ങൾ അതിനെക്കുറിച്ചെല്ലാം ബോധവാന്മാരാണ്. എന്നാൽ ഇവയുടെ കൂട്ടത്തിൽ നോട്ട് കെണി ജനങ്ങൾ തിരിച്ചറിയുന്നില്ല. കാരണം സർവ്വസാധാരണമായി നടക്കുന്ന മോഷണമല്ല ഇത്തരക്കാരുടെയത്. വളരെ സജീവമായി നിൽക്കുന്ന തട്ടിപ്പ് രീതിയാണെങ്കിൽ പോലും കൊച്ചിയിൽ അധികം കേട്ടുപരിചയമില്ല. അതിനാൽ ഇത്തരം തട്ടിപ്പിൽ എളുപ്പം പെട്ടുപോവാനും സാധ്യതയെറെയാണ്...

തിരുട്ടു ഗ്രാമക്കാർ കൂട്ടത്തോടെ കൊച്ചിയിൽ

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്താണ് തിരുട്ട് ഗ്രാമം. ഈ ഗ്രാമത്തെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. വളരെ കൃത്യമായ പ്ലാനിങ്ങോടെയും ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടെയും മോഷണം നടത്തുന്നവരാണ് ഈ നാട്ടിലുള്ളവർ, അല്ലെങ്കിൽ നടത്തുന്നവരുടെ നാട്. എന്നാൽ മോഷണത്തിൽ തിരുട്ട് ഗ്രാമത്തിലുള്ളവർ ജയിലിലായാലും അവരുടെ ബന്ധുക്കൾ പട്ടിണിയാകില്ലെന്നതാണ് തിരുട്ടു ഗ്രാമത്തിലെ പ്രത്യേകത. കാരണം തിരുട്ടുഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘവും മോഷണത്തിനായി പോകുന്നത്. അതുകൊണ്ട് തന്നെ ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പോൾ തന്നെ ഗ്രാമത്തിലേക്ക് കൈമാറും. അവിടെ നിന്നും ഇടപെടലുകൾ നടത്തിയാണ് നിയമസഹായമുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത്. കൂടാതെ മോഷണം നടത്തി കിട്ടുന്ന വരുമാനത്തിന്റെ സിശ്ചിതവിഹിതം ഗ്രാമമൂപ്പനെ ഏൽപ്പിക്കുകയും വേണം. എന്തെന്നാൽ ഈ തുക ഉപയോഗിച്ചാണ് കവർച്ചയ്ക്കിടെ ജയിലിലാകുന്നവരുടെ കുടുംബങ്ങളെ സഹായിക്കുന്നത്. എന്നാൽ ഇങ്ങനെ കുടുംബത്തിലെ ഒരംഗം ജയിലിലായാൽ പകരം കുടുംബത്തിലെ മറ്റൊരംഗം മോഷണ മേഖലയിലേക്ക് ഇറങ്ങി സജീവമാവണമെന്ന നിബന്ധനയുമുണ്ട് ഈ ഗ്രാമത്തിന്. ഈ നിബന്ധനയ്ക്ക് തയ്യാറാവാതെ വന്നാൽ സഹായവും നിലയ്ക്കും. ഇതൊക്കെ കൊണ്ട് തന്നെയാണ് തിരുട്ടുഗ്രാമത്തിലെ മോഷണം അവസാനിപ്പിക്കാൻ കഴിയാത്തത്.

സാധാരണ തരത്തിലുള്ള മോഷണങ്ങളിൽ തുടങ്ങി മനഃപൂർവ്വം സൃഷ്ടിക്കുന്ന വാഹനാപകടങ്ങൾ വരെയുള്ള മോഷണ രീതികൾ ഇവരുടെ പക്കലുണ്ട്. കേരളത്തിൽ നിന്നും തീർത്ഥയാത്രയ്ക്ക് പോവുന്ന നിരവധിയാളുകളാണ് ട്രക്കിടിച്ചും മറ്റ് റോഡ് അപകടങ്ങളിലൂടെയും മരിക്കുന്നത്. എന്നാൽ ഇങ്ങനെ മരിക്കുന്നവരുടെ കൈയിലുള്ള പണവും സ്വർണ്ണാഭരണങ്ങളും നഷ്ടമായിട്ടുമുണ്ടാവും. എന്തെന്നാൽ ഇത്തരം റേഡ് അപകടങ്ങൾ കൂടുതലായും നടക്കുക തിരുട്ടുഗ്രാമങ്ങൾ സ്ഥിതിചെയ്യപ്പെടുന്ന പരിസരങ്ങളിലായിരിക്കും. കാരണം മോഷണത്തിനായി അവർ മനഃപൂർവ്വം സൃഷ്ടിക്കുന്ന അപകടങ്ങളാണ് ഇത്. തീർത്ഥയാത്രയ്ക്ക് പോവുന്നവരുടെ പക്കൽ ആവശ്യത്തിന് പണമുണ്ടെന്നതും കൂടാതെ കൂടെയുള്ള സ്ത്രീകൾ സ്വർണ്ണമണിഞ്ഞിട്ടുണ്ടാവുമെന്നതുമാണ് ഇത്തരം അപകടങ്ങൾ ഉണ്ടാവാനുള്ള കാരണം..

എന്തായാലും കൊച്ചിയിലും തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവരുടെ സാന്നിധ്യം ഉണ്ടോയെന്നത് അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ വ്യക്തമാവൂ. കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന നോട്ട് കെണിയിൽ അകപ്പെട്ട് പണം നഷ്ടമായ കേസിൽ നടക്കുന്ന അന്വേഷണം പൂർത്തിയാകുന്നതോടെ ആ കാര്യങ്ങൾ വ്യക്തമാവുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP