Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒന്നാം നമ്പറിൽ പ്രതീക്ഷിച്ച ട്രെയിൻ എത്തിയത് നാലാം പ്ലാറ്റ് ഫോമിൽ; കുതിച്ചെത്തിയ പ്രവർത്തകർ എട്ട് ദിക്കം പൊട്ടുമാറ് വിളിച്ചത് കെ എസിന് സുസ്വാഗതമെന്ന മുദ്രാവാക്യം; പുഷ്പ വൃഷ്ടിയിൽ യാത്ര സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക്; ചാർജ്ജെടുക്കാൻ ജീപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ മോടി കൂട്ടാൻ ഉച്ച സമയത്തും കരിമരുന്ന് പ്രയോഗം; ആവേശം കൂട്ടാൻ പഞ്ചാരിമേളവും; സംസ്ഥാന ബിജെപിയിൽ ഇനി സുരേന്ദ്രൻ യുഗം

ഒന്നാം നമ്പറിൽ പ്രതീക്ഷിച്ച ട്രെയിൻ എത്തിയത് നാലാം പ്ലാറ്റ് ഫോമിൽ; കുതിച്ചെത്തിയ പ്രവർത്തകർ എട്ട് ദിക്കം പൊട്ടുമാറ് വിളിച്ചത് കെ എസിന് സുസ്വാഗതമെന്ന മുദ്രാവാക്യം; പുഷ്പ വൃഷ്ടിയിൽ യാത്ര സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക്; ചാർജ്ജെടുക്കാൻ ജീപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ മോടി കൂട്ടാൻ ഉച്ച സമയത്തും കരിമരുന്ന് പ്രയോഗം; ആവേശം കൂട്ടാൻ പഞ്ചാരിമേളവും; സംസ്ഥാന ബിജെപിയിൽ ഇനി സുരേന്ദ്രൻ യുഗം

എം മനോജ് കുമാർ

തിരുവനന്തപുരം: യുവത്വത്തിന്റെ പ്രസാദാത്മകതയും സമരവീര്യത്തിന്റെ തീക്ഷ്ണതയുമായി ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന കെ.സുരേന്ദ്രന് ആവേശ്വജ്വലസ്വീകരണം. ഇതുവരെ ഒരു ബിജെപി സംസ്ഥാന അധ്യക്ഷനും ലഭിക്കാത്ത സ്വീകരണമാണ് സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ സംസ്ഥാന അധ്യക്ഷന് ഒരുക്കി നൽകിയത്. പിഎസ് ശ്രീധരൻ പിള്ള സ്ഥാനമൊഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രന്റെ പേര് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി ദേശീയ നേതൃത്വം നിർദ്ദേശിച്ചത്.

രാവിലെ ഒമ്പത് മണിയോടെ തന്നെ ബിജെപി അണികളും പ്രവർത്തകരും തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരം കയ്യടിക്കിയിരുന്നു. എങ്ങു തിരിഞ്ഞാലും ബിജെപി അണികളെയും നേതാക്കളെയും കൊടികളുമാണ് കണ്ടത്. പഞ്ചവാദ്യവും ഉച്ചത്തിൽ തന്നെ മുഴങ്ങിക്കൊണ്ടിരുന്നു. വൈകിയെത്തിയ ഇന്റർസിറ്റി എക്സ്‌പ്രസിൽ രാവിലെ പത്തേമുക്കാലോടെ റെയിൽവേ സ്റ്റേഷനിൽ സുരേന്ദ്രൻ എത്തിയതോടെ എട്ടുംദിക്കും പൊട്ടുമാറു മുദ്രാവാക്യങ്ങൾ ഉയർന്നു പൊങ്ങി. സുരേന്ദ്രന് അഭിവാദ്യം അർപ്പിക്കുന്ന പ്ലക്കാർഡുകളും പൂക്കളുമായി എത്തിയ പ്രവർത്തകർ സുരേന്ദ്രൻ എത്തിയപാടെ ചുറ്റും വളഞ്ഞു. ആവേശ്വജ്ജ്വലസ്വീകരണത്തിൽ വലഞ്ഞുപോയ സുരേന്ദ്രന് സുരക്ഷ ഒരുക്കാൻ ഒപ്പമുള്ളവരും ബുദ്ധിമുട്ടി.

ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ എത്തുമെന്ന് കരുതിയ ട്രെയിൻ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് എത്തിയത്. ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ സ്വീകരിക്കാൻ എത്തിയവർ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കുതിച്ചു. ഇതോടെ റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും കൊണ്ട് അനങ്ങാനാകാത്ത അവസ്ഥ വന്നു. പ്രതീക്ഷിച്ചതിലും അധികം പ്രവർത്തകരും വനിതാ നേതാക്കളുമാണ് സുരേന്ദ്രന് സ്വീകരണമൊരുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സുരേന്ദ്രന്റെ തലവെട്ടം കണ്ടതോടെ തന്നെ മുദ്രാവാക്യങ്ങൾ ഉയർന്നു പൊങ്ങി. കയ്യിലെ പൂക്കൾ എങ്ങിനെയും സുരേന്ദ്രന് മേൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്.

തിക്കിലും തിരക്കിലും പെട്ട് വലഞ്ഞു സുരേന്ദ്രൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി. പ്രവർത്തകരുടെ ആവേശം അണപൊട്ടി ഒഴുകുന്ന കാഴ്ചയാണ് പിന്നീട് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ കണ്ടത്. റെയിൽവേ സ്റ്റേഷന് പുറത്ത് സ്വീകരണത്തിന്റെ ഭാഗമായി ഒരുക്കിയ പഞ്ചവാദ്യവും അത്യുച്ചത്തിൽ മുഴങ്ങി. ഷാളുകൾ കൊണ്ടും പൂക്കൾക്കൊണ്ടും അണികൾ സുരേന്ദ്രനെ മൂടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്വീകരണത്തിനെത്തിയ വനിതാപ്രവർത്തകരും ആവേശത്തിനു ഒട്ടും കുറവ് കാണിച്ചില്ല. ഇതോടെ തമ്പാനൂർ റെയിൽവേസ്റ്റേഷൻ ബിജെപിയുടെ കൊടികളും മുദ്രാവാക്യങ്ങളും പൂക്കളും കൊണ്ട് നിറഞ്ഞു. ബിജെപിയിൽ ഇനി വരുന്നത് കെ.സുരേന്ദ്രൻ യുഗമാണെന്നുള്ള സൂചനകളാണ് രാവിലെയുള്ള സ്വീകരണചടങ്ങ് നൽകിയത്.

റെയിൽവേ സ്റ്റേഷന് പുറത്ത് എത്തിയതോടെ തുറന്ന ജീപ്പിൽ സുരേന്ദ്രൻ കയറി. ഇതോടെ ഷാളുകൾ അണിയിക്കാൻ എത്തിയവർ ഇരച്ചു കൂടി. സുരേന്ദ്രന് ഹസ്തദാനം നടത്താനും അണികൾ ശ്രമിക്കുന്നത് കണ്ടു. ആരെയും നിരാശനാക്കാതെ എല്ലാ സ്വീകരണത്തിനും നന്ദി പറഞ്ഞാണ് തുറന്ന ജീപ്പിൽ സുരേന്ദ്രൻ നീങ്ങിയത്. തുടർന്ന് തുറന്ന വാഹനത്തിൽ സംസ്ഥാന കമ്മിററി ഓഫീസിലേക്ക്. തൊട്ടു പിറകെ ബൈക്കുകളിലും കാറുകളുമായി പ്രവർത്തകർ അകമ്പടി സേവിച്ചു. തുടർന്ന് കുന്നുകുഴി ജംഗ്ഷനിലുള്ള ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്തിയതോടെ ആരതി ഉഴിഞ്ഞു ബിജെപി പ്രവർത്തകർ സുരേന്ദ്രനെ സ്വീകരിച്ചു.

ഒപ്പം കരിമരുന്നു പ്രയോഗവും നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ മുറിയിൽ എത്തിയ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. പതിനൊന്നോ മുക്കാലോടെയാണ് സ്ഥാനമേറ്റെടുക്കൽ ചടങ്ങു നടന്നത്. ഒ.രാജഗോപാലും, വി.മുരളീധരനും, മുതിർന്ന നേതാവ് പി.പി.മുകുന്ദനും ബിജെപി സംസ്ഥാന ചുമതലയുള്ള എച്ച് രാജയും സുരേന്ദ്രന്റെ മുറിയിലുണ്ടായിരുന്നു. ചുമതലയേറ്റപ്പോൾ ഒ.രാജഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ സുരേന്ദ്രന് ലഡുവിന്റെ മധുരം പകർന്നു നൽകി.

ചുമതലയേറ്റതോടെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിനു മുന്നിൽ ഒരുക്കിയ താത്കാലിക സ്റ്റേജിലേക്ക് സുരേന്ദ്രനെ നേതാക്കൾ തന്നെ ആനയിച്ചു. തുടർന്ന് സ്വീകരണ യോഗം ചേർന്നു. എച്ച്.രാജയും, വിദേശകാര്യ സഹമന്ത്രിവി.മുരളീധരനും, എൻഡിഎ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി നേതാക്കളായ ഒ.രാജഗോപാൽ എംഎൽഎയും പി.പി.മുകുന്ദനും, പി.കെ.കൃഷ്ണദാസും അടക്കമുള്ള നേതാക്കൾ സ്റ്റേജിന്റെ മുൻനിരയിലുണ്ടായിരുന്നു.

എന്നാൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, എംടി.രമേശ്, ശോഭാ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവരുടെ അസാന്നിധ്യം ചടങ്ങിൽ മുഴച്ചു നിന്നു. മിസോറാം ഗവർണർ ആയി പോയ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും ചടങ്ങിന് എത്തിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP