Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബസ് വൈകുമെന്ന് പറഞ്ഞ് പറഞ്ഞ് വയോധികയെ ഓട്ടോയിലേക്ക് പരിചയം നടിച്ച് ക്ഷണിച്ചത് യുവതി; വിജനമായ സ്ഥലത്തെത്തിയാൽ ആഭരണങ്ങൾ അഴിച്ചെടുക്കാൻ തുടങ്ങി; ഒച്ചവെച്ചപ്പോൾ ഡ്രൈവർ സീറ്റിലിരുന്ന ഭർത്താവ് ഒട്ടോയുടെ പിറകിൽ ഒളിപ്പിച്ച ചുറ്റികയെടുത്ത് തലക്കടിച്ചു; വയോധികയെ ഡാമിൽ തള്ളി മുങ്ങാനുള്ള ശ്രമം നടക്കാതെപോയത് നാട്ടുകാർ ഓടിയെത്തിയതു മൂലം; തൃശുർ തിരൂരിൽ 70കാരിയുടെ തലയ്ക്കടിച്ച ആഭരണം കവർന്ന ജാഫറും സിന്ധുവും സ്ഥിരം കുറ്റവാളികൾ

ബസ് വൈകുമെന്ന് പറഞ്ഞ് പറഞ്ഞ് വയോധികയെ ഓട്ടോയിലേക്ക് പരിചയം നടിച്ച് ക്ഷണിച്ചത് യുവതി; വിജനമായ സ്ഥലത്തെത്തിയാൽ ആഭരണങ്ങൾ അഴിച്ചെടുക്കാൻ തുടങ്ങി; ഒച്ചവെച്ചപ്പോൾ ഡ്രൈവർ സീറ്റിലിരുന്ന ഭർത്താവ് ഒട്ടോയുടെ പിറകിൽ ഒളിപ്പിച്ച ചുറ്റികയെടുത്ത് തലക്കടിച്ചു; വയോധികയെ ഡാമിൽ തള്ളി മുങ്ങാനുള്ള ശ്രമം നടക്കാതെപോയത് നാട്ടുകാർ ഓടിയെത്തിയതു മൂലം; തൃശുർ തിരൂരിൽ 70കാരിയുടെ തലയ്ക്കടിച്ച ആഭരണം കവർന്ന ജാഫറും സിന്ധുവും സ്ഥിരം കുറ്റവാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അപരിചിതർ ലിഫ്റ്റ് തരുമ്പോൾ അത് കഴിവതും സ്വീകരിക്കാതിരിക്കുക. തൃശൂർ തിരൂരിൽ വയോധികയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ചുറ്റികകൊണ്ട് തലക്കടിച്ച് ആഭരണ കവർന്ന ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവും അറസ്റ്റിലാവുമ്പോൾ പൊലീസിന് പൊതു ജനങ്ങളോട് പറയാനുള്ളത് അതാണ്. ജാഫർ നിരവധി കേസിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമാണ്.ഇരുവരേയും ഷാഡോ പൊലീസ് ചാലക്കുടിയിൽ നിന്ന് അതിസാഹസികമായാണ് അറസ്റ്റ് ചെയ്തു.

തൃശൂർ തിരൂരിലെ ബസ് സ്റ്റോപ്പിൽ ഉച്ചകഴിഞ്ഞു വെയിലത്തു നിൽക്കക്കായായിരുന്ന സുശീല എന്ന എഴുപതുകാരിയാണ് തട്ടിപ്പിന് ഇരയായത്. ഏറെനേരം കാത്തുനിന്നിട്ടും ബസ് കിട്ടാത്തതായപ്പോഴാണ് ഒരു ഓട്ടോ വരുന്നത് കണ്ടത്. ഓട്ടോയുടെ പുറകിലിരുന്ന സ്ത്രീ തല പുറത്തിട്ട് ചോദിച്ചു. ''ചേച്ചി വീട്ടിലേയ്ക്കല്ലേ? ഞങ്ങൾ ആ വഴിക്കാണ് വീട്ടിൽ വിടാം. ബസ് കാശു തന്നാൽ മതി''. ബസ് വരാൻ ഇനിയും വൈകുമെന്നതിനാൽ സുശീല കയറി. വിളിക്കുന്നത് സ്ത്രീയല്ലേയെന്നു കരുതി സംശയിക്കാതെ ഓട്ടോയിലിരുന്നു.

വീട്ടിലേക്കു പോകേണ്ട വഴിക്കു പകരം പത്താഴക്കുണ്ട് ഡാമിലേക്കുള്ള വഴിയിലേക്കാണ് ഓട്ടോ തിരിഞ്ഞത്. തന്റെ ഈ വീട് ഈ വഴിയിൽ അല്ലെന്നു പറഞ്ഞതോടെ മർദ്ദനമായി. കഴുത്തിലെ മാലയും കൈകളിലെ വളകളും ഊരിയെടുക്കാൻ ശ്രമിച്ചു. സുശീലയാകട്ടെ പ്രതിരോധിച്ചു. ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ അങ്ങനെ പിടിച്ചുപറി ശ്രമം നടക്കുകയാണ്. നിലവിളിച്ചിട്ട് ആരും കേൾക്കുന്നില്ല. ഡാമിലേക്കുള്ള വഴിയായതിനാൽ വാഹനങ്ങളും ആളുകളും കുറവ്. വഴിയരികിൽ ഓട്ടോ നിർത്തിയ ശേഷം യുവാവ് പുറകിലേക്കു വന്നു. ഓട്ടോയുടെ പുറകിൽ നിന്ന് ചുറ്റികയെടുത്ത് സുശീലയുടെ തലയിൽ ആഞ്ഞടിച്ചു.

ഓട്ടോയുടെ ഉള്ളിൽ ഇരുന്നതിനാലാകണം തലയ്ക്കേറ്റ അടിയുടെ ആഘാതം കുറവായിരുന്നു. എന്നിരുന്നാലും തല പൊട്ടി ചോരയൊലിച്ചു. ഡാമിൽ തള്ളിയിടാനായിരുന്നു പദ്ധതി. ഇതിനിടെ, നിലവിളിയും പിടിവിലിയും തുടർന്നു. ആളുകൾ വരുന്നുണ്ടെന്നു സംശയിച്ചതോടെ സുശീലയെ വഴിയരികിലേക്കു തള്ളിയിട്ട് ഓട്ടോ സംഘം മുങ്ങി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ഉടനെ, ആശുപത്രിയിലേയ്ക്കു മാറ്റി. തലയിൽ ഒമ്പത് തുന്നിക്കെട്ടുണ്ടായിരുന്നു.

ഓട്ടോയിൽ ചുറ്റുന്ന യുവതി അപകടകാരിയാണെന്ന് ഇതിനോടകം നാട്ടിലെങ്ങും പാട്ടായി. പൊലീസ് അന്വേഷണം ഏറ്റെടുത്തു. ഓട്ടോയുടെ നമ്പർ ആണ് പൊലീസ് ആദ്യം തിരഞ്ഞത്. വണ്ടി നമ്പർ ആരും കുറിച്ചെടുത്തിരുന്നില്ല. പിന്നെ സിസിടിവി കാമറകളിൽ അഭയം തേടി. അത്താണിയിലെ ഒരു സിസിടിവിയിൽ നിന്ന് ഓട്ടോയുടെ ദൃശ്യം കിട്ടി. അതിലും നമ്പർ വ്യക്തമല്ല. പാലിയേക്കര ടോൾപ്ലാസയുടെ കാമറയിലെ ദൃശ്യങ്ങൾ തിരഞ്ഞു. ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. പക്ഷേ, നമ്പർ വ്യക്തമല്ല. ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു

സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ ഷാഡോ പൊലീസിനോട് ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. ചാലക്കുടിയിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിലും പോകണം. ഓട്ടോക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ ഓട്ടോയുടെ ചിത്രം അയയ്ക്കണം. ഓട്ടോ തിരിച്ചറിഞ്ഞാൽ കൂറേക്കൂടി അന്വേഷണം പോസ്റ്റീവ് ആകും. എട്ടു സംഘങ്ങളായി തിരിഞ്ഞ് ഷാഡോ പൊലീസ് സംഘം പലവഴിക്കു പോയി. കുറേ ഓട്ടോ സ്റ്റാൻഡുകളിൽ കയറി. ആളുകൾക്ക് ഓട്ടോയുടെ ചിത്രം കാണിച്ചു കൊടുത്തു.

ചില ഓട്ടോക്കാർ പറഞ്ഞു ''തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ കാണുന്ന ഓട്ടോകൾക്കാണു മുകളിൽ രണ്ടു വലിയ ലൈറ്റുകൾ ഇങ്ങനെ സ്ഥാപിക്കാറുള്ളത്. ഓട്ടോയിൽ പതിച്ച ഫാൻസി സ്റ്റിക്കറും ഈ മേഖലയിൽ കണ്ടിട്ടുണ്ട്''. ഹൈറേഞ്ച് കേന്ദ്രീകരിച്ചുള്ള ഓട്ടോകളെ കേന്ദ്രീകരിച്ചായി അന്വേഷണം. തൃശൂർ ജില്ലയിലെ നാലായിരം ഓട്ടോകൾ പരിശോധിച്ചു. ആകെയുള്ള രണ്ടു ഓട്ടോകൾക്കു മാത്രം ഈ ലൈറ്റുണ്ട്. അവർ നല്ല ഡ്രൈവർമാരായിരുന്നു.

ഷാഡോ പൊലീസ് സംഘം ചാലക്കുടി മേഖലയിൽ പലവഴിക്കു പോയി അന്വേഷണം തുടർന്നു. ഏഴു ദിവസമായി ചാലക്കുടിയിൽ ചുറ്റിക്കറങ്ങുകയാണ്. അങ്ങനെ ചാലക്കുടി മേലൂരിലൂടെ ഷാഡോ പൊലീസ് സംഘം ഈ ഓട്ടോയുടെ ഫൊട്ടോ കാണിച്ചു കൊടുക്കുകയാണ്. ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവർമാർക്ക് ഫൊട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫൊട്ടോ കണ്ടു. അവർ ഷാഡോ പൊലീസിനോട് ഒരു കാര്യം പറഞ്ഞു. ''ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി.

ഇതുപോലെ ഒരു ഓട്ടോയിലാണ് അവർ പോകുന്നത്. രാവിലെ ആറു മണിക്കു പോകും രാത്രി പതിനൊന്നു മണിക്കേ വരാറുള്ളൂ. നാട്ടുകാരോട് ആരോടും സംസാരിക്കാറില്ല''. സിസിടിവി കാമറയിൽ പതിഞ്ഞ ഓട്ടോയുടെ ദൃശ്യത്തിൽ ഒരു ചെരിപ്പും പതിഞ്ഞിരുന്നു. പുറകിലിരുന്ന സ്ത്രീയുടെ കാലിലെ ചെരുപ്പിന്റെ ഒരു ഭാഗം. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടിൽ എത്തിയപ്പോൾ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. പക്ഷേ സിസിടിവി ദൃശ്യത്തിൽ കണ്ട സ്ത്രീയുടെ കാലിലെ ചെരിപ്പ് വീടിനു പുറത്ത് കിടന്നിരുന്നു. ഇതാണ് വഴിത്തിരിവായത്.

വയോധികയുടെ തലയ്ക്കടിച്ച സംഘത്തിലെ സ്ത്രീയും പുരുഷനും തന്നെയാകാം ഇവിടെ താമസിക്കുന്നതെന്ന് പൊലീസ് ഉറപ്പിച്ചു. ആ രാത്രി മുഴുവൻ പൊലീസ് സംഘം വീടിന്റെ പരിസരത്തു പലയിടത്തായി തമ്പടിച്ചു. ഇതിനിടെയാണ്, ഓട്ടോയുടെ വരവ്. എന്തോ പന്തികേടു തോന്നിയതിനാൽ വീടിന്റെ മുറ്റത്തു എത്തിയ ശേഷം വീണ്ടും ഓട്ടോ തിരിച്ച് പോകുന്നു. പൊലീസ് സംഘം പിന്നാലെ പാഞ്ഞു. പൊലീസ് വണ്ടി ഓട്ടോയുടെ കുറുകെയിട്ട് തടഞ്ഞു. ഓട്ടോയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച യുവതിയെ വനിതാ പൊലീസ് കയ്യോടെ പിടിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനേയും പൊലീസ് കീഴ്പ്പെടുത്തി.

ഇടുക്കിയിൽ ആടുകളെ ഓട്ടോയിൽ കടത്തിക്കൊണ്ടു പോയ കേസിലെ പ്രതിയായിരുന്നു ജാഫർ. നേരത്തെ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആ ഭാര്യമാരെ ഉപേക്ഷിച്ച് സിന്ധുവിനൊപ്പം കൂടി. സിന്ധുവിനെ ഭർത്താവ് ഉപേക്ഷിച്ചതാണ്. രണ്ടു പെൺമക്കളുണ്ട്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ ഭർത്താവിന്റെ വീട്ടിലാണ്. ജാഫറും സിന്ധുവും ഒന്നിച്ചാണ് താമസം. ജാഫറിനെതിരായ കേസുകളിൽ ഹാജാരാകാനാണ് സ്ഥിരമായി ഓട്ടോയിൽ ഇടുക്കിയിലേക്ക് പോകുന്നത്.

വയോധികയെ തലയ്ക്കടിച്ച് ഇവർക്ക് കിട്ടിയത് മൂന്നു പവന്റെ ആഭരണമാണ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഡാമിൽ തള്ളി സ്വർണവുമായി മുങ്ങാനായിരുന്നു പദ്ധതി. പക്ഷേ, ഓട്ടോയിലെ ലൈറ്റും സ്റ്റിക്കറും പണി പറ്റിച്ചു. പൊലീസ് തിരഞ്ഞെത്തിയതും ഈ ലൈറ്റും സ്റ്റിക്കറും ഓട്ടോയിൽ ഉള്ളതു കൊണ്ടായിരുന്നു. ഓട്ടോ കണ്ടെടുത്തു. വിറ്റ സ്വർണ പണ്ടം ഇനി കണ്ടെത്തണം. കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് ഈ സംഭവമുണ്ടായ ശേഷം സിറ്റി പൊലീസ് പ്രതികളെ കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ചിരുന്നു.

കമ്മിഷണർ ആർ.ആദിത്യയും അസിസ്റ്റന്റ് കമ്മിഷണർ വി.കെ.രാജുവും ദിവസവും രാത്രി അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്തിരുന്നു. പ്രതികളെ പിടികൂടിയ ഷാഡോ സംഘം ഇവർ: എസ്‌ഐമാരായ ഗ്ലാഡ്സ്റ്റൺ, രാജൻ, സുവ്രതകുമാർ, റാഫി എ.എസ്.എമാരായ ഗോപാലകൃഷ്ണൻ, രാഗേഷ്, സീനിയർ സി.പി.ഒമാരായ ജീവൻ, പഴനിസ്വാമി , ലിഗേഷ്, വിപിൻ, രഞ്ജിനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP