Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രസ് ക്ലബ്ബുകളുടെ പേരിൽ സർക്കാർ ഫണ്ട് അടിച്ചെടുക്കുന്നത് ട്രേഡ് യൂണിയൻ! തൊഴിലാളി സംഘടനയ്ക്ക് എംപി ഫണ്ട് കൊടുക്കാനും കഴിയില്ലെന്ന് കണ്ടെത്തി പൊന്നാനിയിലെ പുലിക്കുട്ടി; വയനാട് പ്രസ് ക്ലബ് നിയമവിരുദ്ധമായി ഒപ്പിച്ചെടുത്ത 25 ലക്ഷം രൂപ എംപി ഫണ്ട് തിരിച്ചു പിടിക്കാനുള്ള ഉത്തരവിൽ അനുപമ കുറിച്ചത് പത്രപ്രവർത്തക യൂണിയനെ വെട്ടിലാക്കുന്ന പോയിന്റുകൾ; ഭക്ഷ്യ മാഫിയയെ പാഠം പഠിപ്പിച്ചും ചാണ്ടിയെ മുട്ടുകുത്തിച്ചും ധീരത കാട്ടിയ ഉദ്യോഗസ്ഥയെ പിടിച്ചു കെട്ടാൻ കരുക്കൾ നീക്കി നാലാം തൂണുകാരും  

പ്രസ് ക്ലബ്ബുകളുടെ പേരിൽ സർക്കാർ ഫണ്ട് അടിച്ചെടുക്കുന്നത് ട്രേഡ് യൂണിയൻ! തൊഴിലാളി സംഘടനയ്ക്ക് എംപി ഫണ്ട് കൊടുക്കാനും കഴിയില്ലെന്ന് കണ്ടെത്തി പൊന്നാനിയിലെ പുലിക്കുട്ടി; വയനാട് പ്രസ് ക്ലബ് നിയമവിരുദ്ധമായി ഒപ്പിച്ചെടുത്ത 25 ലക്ഷം രൂപ എംപി ഫണ്ട് തിരിച്ചു പിടിക്കാനുള്ള ഉത്തരവിൽ അനുപമ കുറിച്ചത് പത്രപ്രവർത്തക യൂണിയനെ വെട്ടിലാക്കുന്ന പോയിന്റുകൾ; ഭക്ഷ്യ മാഫിയയെ പാഠം പഠിപ്പിച്ചും ചാണ്ടിയെ മുട്ടുകുത്തിച്ചും ധീരത കാട്ടിയ ഉദ്യോഗസ്ഥയെ പിടിച്ചു കെട്ടാൻ കരുക്കൾ നീക്കി നാലാം തൂണുകാരും   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ തൂണുകളിലൊന്നാണ് ബ്യൂറോക്രസി. എന്നാൽ രാഷ്ട്രീയകക്ഷികൾക്ക് വഴങ്ങി നട്ടെല്ല് വളയ്ക്കാത്ത അപൂർവം ഐഎഎസ് പ്രതിഭകളെയേ കേരളം കണ്ടിട്ടുള്ളൂ. രാഷ്ട്രീയക്കാരുടെ കാശിനും ഭീഷണിക്കും മുന്നിൽ താഴ്ന്നുകൊടുത്ത് രാജ്യത്തെ കുട്ടിച്ചോറാക്കാൻ കൂട്ടുനിൽക്കാത്ത സജീവമായൊരു സിവിൽ സർവീസ് യുവനിര വളർന്നുവരുന്നു എന്നതിന് ഏറ്റവും ശക്തമായ ഉദാഹരണമാണ് ടി വി അനുപമ. തലശ്ശേരി സബ്കളക്ടർ ആയിരിക്കുമ്പോൾ മുതൽ ഇപ്പോൾ ആലപ്പുഴ ജില്ലാ കളക്ടർ ആയതുവരെ സർവീസ് കാലത്ത് നിരവധി തവണ ശക്തമായ നിലപാടുകളിലൂടെ ജനങ്ങളുടെ കയ്യടി നേടിയിട്ടുണ്ട് അനുപമ എന്ന ഐഎഎസുകാരി. പണത്തിന് മീതെ പരുന്തും പറക്കില്ലെന്നും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ഇവർക്ക് മുമ്പിൽ വളയുമെന്നും സ്ഥിരമായി പറഞ്ഞുകേൾക്കാറുണ്ടെങ്കിലും ഇതിന് അപവാദമായി നിൽക്കുന്ന യുവ സിവിൽ സർവീസുകാരിയെ കൈയടിച്ച് പിന്തുണച്ചത് മാധ്യമ ലോകമാണ്.

എന്നാൽ ഇപ്പോൾ അവർക്കും കണ്ണിലെ കരടാണ് ഈ ഉദ്യോഗസ്ഥ. പ്രസ് ക്ലബ്ബുകളുടെ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ അതിശക്തമായ നിലപാട് എടുത്ത ആസൂത്രണ, സാമ്പത്തിക കാര്യ ജോയിന്റ് സെക്രട്ടറി ടി.വി.അനുപമയെ പുറത്ത് ചാടിക്കാനുള്ള കളികൾ കേരളത്തിലെ മാധ്യമ ലോകം സജീവമാക്കുന്നതായാണ് സൂചന. വയനാട് പ്രസ് ക്ലബ് നിയമവിരുദ്ധമായി ഒപ്പിച്ചെടുത്ത 25 ലക്ഷം രൂപ എംപി ഫണ്ട് തിരിച്ചു പിടിക്കാനുള്ള ആസൂത്രണ, സാമ്പത്തിക കാര്യ ജോയിന്റ് സെക്രട്ടറി ടി.വി.അനുപമ ഐഎഎസിന്റെ ഉത്തരവ് കേരളത്തിലെ പ്രസ് ക്ലബുകൾക്കു മേൽ ഇടിത്തീയായി. വയനാട് പ്രസ് ക്ലബിനു സൊസൈറ്റി, ട്രസ്റ്റ് എന്നീ തരത്തിലുള്ള രജിസ്റ്റ്രേഷൻ ഇല്ലെന്നും ട്രേഡ് യൂണിയൻ മാത്രമായതിനാൽ (കെയുഡബ്ല്യൂജെ) എംപി ഫണ്ടിന് അർഹതയില്ലെന്നുമുള്ള പരാതിക്കാരന്റെ വാദം അംഗീകരിച്ചാണ് അനുപമ ഐഎഎസിന്റെ ഉത്തരവ്. കേരള ശബ്ദം കൽപ്പറ്റ ലേഖകനായ കോയാമു കുന്നത്തിന്റെ പരാതിയിന്മേലാണ് ഉത്തരവ്.

ഇത് കേരളത്തിലെ പത്ര സമൂഹത്തെ ആകെ ഞെട്ടിച്ചു. വയനാട് പ്രസ് ക്ലബ് നടത്തിയതിനു സമാനമായ രീതിയിലാണ് കേരളത്തിലെ പ്രസ് ക്ലബുകൾ മൂന്നു കോടിയോളം രൂപയുടെ സർക്കാർ ഫണ്ട് കൈക്കലാക്കിയത്. വിവിധ പദ്ധതികൾക്കെന്ന പേരിൽ വാങ്ങിയ തുക ദുരുപയോഗിക്കുകയും വക മാറ്റുകയും ചെയ്തതിന്റെ പേരിൽ ഹൈക്കോടതിയിൽ കേസും വിജിലൻസ് അന്വേഷണവും നേരിടുകയാണു പ്രസ് ക്ലബുകൾ. തിരുവനന്തപുരം ഒഴികെയുള്ള ജില്ലാ പ്രസ് ക്ലബുകളെല്ലാം കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ജില്ലാ കമ്മിറ്റി ഓഫിസുകൾ മാത്രമാണ്. കെയുഡബ്ല്യൂജെ ജില്ലാ ഭാരവാഹികളാണ് പ്രസ് ക്ലബുകളുടെ ഭാരവാഹികളുമായി ഇരട്ടറോൾ വഹിക്കുന്നത്. ഈ പ്രസ് ക്ലബുകളൊന്നും സൊസൈറ്റിയായോ, ട്രസ്റ്റ് ആയോ, ക്ലബ് ആയോ രജിസ്റ്റർ ചെയ്തിട്ടില്ല.

ഇത്തരത്തിൽ രജിസ്റ്റർ ചെയ്താൽ വാർഷിക വരവു ചെലവു കണക്കുകൾ ഓഡിറ്റ് റിപ്പോർട്ട് സഹിതം രജിസ്റ്റ്രാർക്കു സമർപ്പിച്ചു രജിസ്റ്റ്രേഷൻ പുതുക്കണമെന്നതിനാലാണ് രജിസ്റ്റ്രേഷൻ ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നത്. ട്രേഡ് യൂണിയനു സർക്കാർ ഫണ്ട് കൈപ്പറ്റാൻ അവകാശമില്ലെന്ന വ്യവസ്ഥയും പ്രസ് ക്ലബ് ലേബലിൽ മറികടക്കുന്നു. സർക്കാർ ധനസഹായം കൈപ്പറ്റുന്ന സർക്കാരിതര സംഘടനകൾക്കുള്ള കർശന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു പ്രസ് ക്ലബുകൾക്കുള്ള ധനസഹായ അപേക്ഷകൾ പരിശോധിക്കുമ്പോൾ സംസ്ഥാന പിആർഡി വകുപ്പ് ഉറപ്പു വരുത്തുന്നുമില്ല. രജിസ്റ്റ്രേഷൻ ഇല്ലാത്ത കടലാസ് പ്രസ് ക്ലബുകൾക്കാണ് ബജറ്റിൽ നിന്നു കോടികൾ വാരിക്കോരി കൊടുത്തിട്ടുള്ളത്. ഇതാണ് ടിവി അനുപമ കണ്ടെത്തിയത്. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും ചർച്ചയാക്കാത്ത നിയമ പ്രശ്നമാണ് അനുപമ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

വയനാട് പ്രസ് ക്ലബിന്റെ എംപി ഫണ്ട് പലിശ സഹിതം തിരിച്ചു പിടിക്കാനുള്ള ഉത്തരവ് മറ്റു പ്രസ് ക്ലബുകളുടെ കാര്യത്തിൽ എങ്ങനെ ബാധകമാകുമെന്ന പരിശോധനയിലാണ് സംസ്ഥാന ധനകാര്യ, വിജിലൻസ്, പിആർഡി വകുപ്പുകൾ. ഇതിനെല്ലാം കരാണമായത് അനുപമയുടെ ഇടപടെലാണ്. അനുപമ തൽസ്ഥാനത്ത് ഇരുന്നാൽ തന്റെ ഉത്തരവ് നടപ്പിലാക്കാൻ ഏതറ്റം വരേയും പോകുമെന്ന് മാധ്യമ നേതാക്കൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പദവിയിൽ നിന്ന് അനുപമയെ പുകച്ച് പുറത്ത് ചാടിച്ച് എത്രയും വേഗം വഴങ്ങുന്ന മറ്റൊരാളെ എത്തിക്കാനാണ് പത്രപ്രവർത്തക യൂണിയൻ നേതാക്കളുടെ ശ്രമം. ഇതിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്മർദ്ദം ശക്തമാക്കും. അല്ലാത്ത പക്ഷം കേരളത്തിലെ മിക്ക പ്രസ് ക്ലബ്ബുകളും സർക്കാരിൽ നിന്ന് വാങ്ങിയതെല്ലാം തിരിച്ചു കൊടുക്കേണ്ടി വരും. ഇരിക്കുന്ന സ്ഥാനത്തിനോട് നീതിപുലർത്തി കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും മുമ്പും നിരവധി തവണ അനുപമയ്ക്ക് കൈയടി നേടിക്കൊടുത്തിട്ടുമുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കുന്നകാര്യത്തിൽ അനുപമ ശ്രദ്ധേയയായത് കേരളത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഏറ്റവും അപ്രധാനമായ തസ്തികയായ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനത്ത് ഇരുന്നപ്പോഴാണ്.

പക്ഷേ ഇവിടെ ടിവി അനുപമയെത്തിയപ്പോൾ സർക്കാരുകൾ വെള്ളം കുടിച്ചു. രാഷ്ട്രീയക്കാർക്ക് പണം നൽകിയ മാഫിയയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച ചെയ്യാനും അനുപമ തയ്യാറായിരുന്നില്ല. ജനരോഷം ഭയന്ന അനുപമയെ തൊടാനും സർക്കാരിന് കഴിഞ്ഞില്ലെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തി. ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം ചേർക്കലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ നവമാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കയ്യടി വാങ്ങുകയായിരുന്നു അനുപമ. നിറപറയുൾപ്പെടെ വമ്പൻ കമ്പനികളെല്ലാം ഭക്ഷ്യസുരക്ഷാ കമ്മിഷണർ എന്നാൽ എന്താണെന്ന് ശരിക്കും മനസ്സിലാക്കി. കറി പൗഡറുകളിലെയും പൊടികളിലേയും മായത്തിനെതിരെയും തമിഴ്‌നാട്ടിൽ നിന്ന് കയറ്റിവരുന്ന പച്ചക്കറികളിലെ കീടനാശിനിക്ക് എതിരെയും മത്സ്യങ്ങൾ ചീയാതിരിക്കാൻ അമോണിയ ചേർക്കുന്നതിന് എതിരെയുമെല്ലാം നിയമം അനുശാസിക്കുന്ന നടപടികൾ കൈക്കൊണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ആഞ്ഞടിച്ചതോടെ ഇക്കാര്യത്തിൽ കേരളം ശരിക്കും ബോധവൽക്കരിക്കപ്പെടുകയും കൂടി ആയിരുന്നു.

ഇതിന് പിന്നാലെ പ്രസവാവധിക്കു പോയ അനുപമ സർവീസിൽ തിരിച്ചെത്തിയെങ്കിലും സർക്കാർ കാര്യമായ പദവിയൊന്നും നൽകിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആലപ്പുഴ ജില്ലാ കളക്ടറായി അനുപമയ്ക്ക് പോസ്റ്റിങ് ലഭിക്കുന്നതും ഇതിനിടെ മന്ത്രിയുടെ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിഷയത്തിൽ ആരോപണങ്ങൾ ഉയരുന്നതും. മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത് അനുപമയുടെ ഇടപെടലാണ്. തൃശൂരിൽ കല്ലട ബസിനെ പിടിച്ചു കെട്ടിയതും അനുപമയാണ്. ഒരോ പദവിക്കും അതിന്റേതായ ചില ധർമ്മങ്ങളുണ്ട്. അതിന്റെ മർമ്മമറിഞ്ഞ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നിയമം കർക്കശം ആക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുത്താണ് അനുപമ കൈയടി നേടുന്നത്. ഇതാണ് മാധ്യമ ലോകത്തേയും ഇപ്പോൾ ഭയപ്പെടുത്തുന്നത്.

മലപ്പുറം പൊന്നാനിക്കടുത്ത മാറഞ്ചേരി സ്വദേശിനിയാണ് ടി വി അനുപമ. 2010 ബാച്ചിൽ ഐഎഎസ് ബാച്ചുകാരി. മാറഞ്ചേരി പനമ്പാട് പറയേരിക്കൽ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂർ ദേവസ്വം എൻജിനീയർ രമണിയുടെയും മകൾ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എൽസി പരീക്ഷയിൽ പതിമൂന്നാം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ലെ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് നാലാം റാങ്കും നേടി. ആദ്യ ശ്രമത്തിലാണ് അനുപമ ഈ നേട്ടം കൈയെത്തിപ്പിടിച്ചത്. പൊന്നാനി വിജയമാതാ സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഗോവ ബിറ്റ്സ് പിലാനി കോളജിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി 2008 ജൂലൈയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.

തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി എഎൽഎസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റർവ്യൂ ബോർഡിന്റെ ചോദ്യങ്ങളേറെയും. ആ കടമ്പകളെല്ലാം കടന്നാണ് അനുപമ ഇന്നത്തെ നിലയിലെത്തിയത്. ആർക്കും വഴങ്ങാത്ത ഉദ്യോഗസ്ഥയെ തളയ്ക്കാൻ ഏതറ്റം വരേയും കേരളത്തിലെ മാധ്യമ യൂണിയൻ നേതാക്കൾ പോകുമെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP