Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പെട്ടു പോയവരെ തിരുത്തിക്കൊണ്ടുവരണം; അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കാര്യമൊക്കെ എല്ലാവർക്കും അറിയാം; ഇങ്ങനെ ഓരോ ആളുകളും ഇതിലേക്ക് പോയിക്കഴിഞ്ഞാൽ നാടെങ്ങോട്ട് പോകുമെന്ന് കൂടി ചിന്തിക്കണം': പന്തീരാങ്കാവ് കേസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ലൈൻ പിടിച്ച് ഡിവൈഎഫ്‌ഐയും; തെറ്റുതിരുത്തി അലനെയും താഹയെയും തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഇരുവരെയും പുറത്താക്കിയെന്ന് പാർട്ടി വ്യക്തമാക്കിയതിന് പിന്നാലെ; ആശയക്കുഴപ്പത്തിൽ മുങ്ങി സിപിഎം

'പെട്ടു പോയവരെ തിരുത്തിക്കൊണ്ടുവരണം; അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കാര്യമൊക്കെ എല്ലാവർക്കും അറിയാം; ഇങ്ങനെ ഓരോ ആളുകളും ഇതിലേക്ക് പോയിക്കഴിഞ്ഞാൽ നാടെങ്ങോട്ട് പോകുമെന്ന് കൂടി ചിന്തിക്കണം': പന്തീരാങ്കാവ് കേസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ലൈൻ പിടിച്ച് ഡിവൈഎഫ്‌ഐയും; തെറ്റുതിരുത്തി അലനെയും താഹയെയും തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഇരുവരെയും പുറത്താക്കിയെന്ന് പാർട്ടി വ്യക്തമാക്കിയതിന് പിന്നാലെ; ആശയക്കുഴപ്പത്തിൽ മുങ്ങി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: പന്തീരാങ്കാവ് കേസിൽ അലനെയും താഹയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ സിപിഎമ്മിലും പോഷക സംഘടനകളിലും നിലനിൽക്കുന്ന ഭിന്നത കൂടുതൽ വ്യക്തമായി. മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും മാറി മാറി ഇരുവരുടെയും അറസ്റ്റിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും അതല്ല ശരിയായ നിലപാട് എന്ന് ധ്വനിപ്പിച്ച് കൊണ്ട് ഇന്ന് ഡിവൈഎഫ്‌ഐ രംഗത്തെത്തി. തെറ്റുതിരുത്തി അലനെയും താഹയെയും തിരിച്ചുകൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കണം. ഇരുവർക്കുമെതിരെ യു.എ.പി. എ. ചുമത്തിയതിനോട് യോജിപ്പില്ല. എന്നാൽ ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്നും ഡിവൈഎഫ്‌ഐ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.

'പെട്ടു പോയവരെ തിരുത്തിക്കൊണ്ടുവരണം. അവർക്കിതുമായി ബന്ധമുണ്ടെന്ന കാര്യമൊക്കെ എല്ലാവർക്കും അറിയാം. എല്ലാവർക്കും അറിയുന്ന കാര്യമാണ്. എല്ലാവർക്കും അറിയുന്ന കാര്യമായിട്ടും, അതവിടെ വച്ചിട്ട് വേറെ രീതിയിൽ പോകുന്നത് നാടെങ്ങോട്ട് പോകും ഇങ്ങനെ ഓരോ ആളുകളും ഇതിലേക്ക് പോയിക്കഴിഞ്ഞാൽ നാടെങ്ങോട്ട് പോകുമെന്ന് കൂടി ചിന്തിക്കണം. അവർക്കിതുമായി ഒരുബന്ധവുമില്ലെങ്കിൽ ആ മുദ്രാവാക്യം എന്തിന് വിളിച്ചു. തിരിച്ചുചോദിക്കട്ടെ..തിരിച്ച് അവരോട് ചോദിക്കൂ. ഈ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പിടിയിൽ പെട്ടുപോകുന്നവരൊക്കെ തിരുത്തി വരണമെന്നുള്ള അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ആ നിലയിൽ തന്നെയാണ് ഞങ്ങൾ നിലപാടെടുക്കുന്നത്.'

അഞ്ച് ദിവസം മുമ്പാണ് അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ച് വ്യക്തമാക്കിയത്. ഇരുവരും സിപിഎമ്മിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തി. ഈ കാരണത്താൽ ഇരുവരെയും സിപിഎമ്മിൽ നിന്നും പുറത്താക്കിയെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അലനെയും താഹയെയും പുറത്താക്കിയെന്നു സിപിഎം സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. 'സിപിഎമ്മുകാർക്കു മറ്റു പാർട്ടിയിൽ പ്രവർത്തിക്കാൻ അവകാശമില്ല. മാവോയിസ്റ്റ് സിന്ദാബാദ് എന്ന് ഒരു സിപിഎമ്മുകാരനു വിളിക്കാൻ സാധിക്കുമോ? അവർ ഇപ്പോൾ സിപിഎമ്മുകാരല്ല. ഇരുവരും മാവോയിസ്റ്റുകളാണെന്നു വ്യക്തമായി മനസിലാക്കിയതു കൊണ്ടാണ് പുറത്താക്കിയത്. ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി ഒരുമാസം മുൻപു തന്നെ അംഗീകരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ശനിയാഴ്ച സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം റിപ്പോർട്ട് ചെയ്തു. സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് അംഗീകാരം നൽകുകയും ചെയ്തുവെന്നാണ് കോടിയേരി പറഞ്ഞത്.

പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രിക്കു പിന്നാലെ പാർട്ടി സെക്രട്ടറിയും രംഗത്തെത്തിയതോടെ ഇതൊരു അടഞ്ഞ അദ്ധ്യായമാകുമെന്നാണ് കരുതിയതെങ്കിൽ തെറ്റി. അലനും താഹയും കുട്ടികളാണെന്നും എന്തെങ്കിലും തെറ്റു പറ്റിയാൽത്തന്നെ തിരുത്തിയെടുക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ നിലപാട്. ഒരു നടപടിയും അവർക്കെതിരെ സ്വീകരിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ സംരക്ഷണത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്നു ജില്ലാ സെക്രട്ടറി പറഞ്ഞ് ആഴ്ചകൾ പിന്നീടുമ്പോഴാണ് പൊലീസ് നടപടിയെ പിന്തുണച്ചു സംസ്ഥാന സെക്രട്ടറി രംഗത്തു വരുന്നത്. അലനും താഹയും സിപിഎം അംഗങ്ങളാണെന്നും പുറത്താക്കിയാൽ അറിയിക്കുമെന്നും രണ്ടാഴ്ച മുമ്പ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാധ്യമങ്ങളോട് വ്യക്തമാക്കിയതിന് പിന്നാലെ ഒരു മാസം മുമ്പ് അവരെ പുറത്താക്കിയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.


അതേസമയം, തന്റെ മകനു പറയാനുള്ളതു കേൾക്കാതെയാണ് പാർട്ടി നടപടിയെടുത്തതെന്ന് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹയുടെ ഉമ്മ ജമീല പ്രതികരിച്ചിരുന്നു. ഇങ്ങനെയൊരു നടപടി വീട്ടുകാരെയും അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും പാർട്ടി നേതാക്കളെ കണ്ടിരുന്നു. അവരാരും ഒന്നും പറഞ്ഞില്ല. ഏറെ വിഷമമുണ്ട്. ചെറുപ്പം മുതൽ കുട്ടികൾ വിശ്വസിച്ച പാർട്ടിയാണ് ഇപ്പോൾ പിന്നിൽനിന്ന് കുത്തുന്നതെന്നും ജമീല വ്യക്തമാക്കി. ജയിലിൽ കഴിയുന്ന ഇരുവരേയും വാദം കേൾക്കാതെയാണ് പാർട്ടി ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നതെന്ന് വ്യക്തമായതോടെ പാർട്ടി നേതൃതലത്തിലും ഭിന്നത രൂക്ഷമായിരകിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയെയും പൊലീസ് അറസ്റ്റു ചെയ്തത്.

അലനും താഹയ്ക്കുമെതിരെ പൊലീസ് ചുമത്തിയ യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഏറ്റെടുക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നു മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. കേസ് സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു മുഖ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. അതിസങ്കീർണമോ അന്തർ സംസ്ഥാന ബന്ധങ്ങളുള്ളതോ ലഹരിപദാർഥങ്ങൾ, കള്ളപ്പണം, ആയുധം എന്നിവയുടെ കടത്ത് ഉൾപ്പെടുന്നതോ ആയ കേസുകളാണു സംസ്ഥാന പൊലീസിൽ നിന്ന് എൻഐഎ ഏറ്റെടുക്കുക. രാജ്യാന്തര സ്വഭാവവും ഈ കേസിനില്ലെന്നായിരുന്നു കത്തിൽ മുഖ്യമന്ത്രിയുടെ വാദം. അതേസമയം, യുഡിഎഫ് ഈ വിഷയം ഏറ്റെടുത്തതോടെയാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടിൽ അയവുവന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. യുഎപിഎ ചുമത്തിയത് ശരിയല്ലെങ്കിൽ ശരിയായ ആലോചനയില്ലാതെയാണോ പൊലീസ് അതുചെയ്തത് എന്ന ചോദ്യത്തിനും മറുപടി പറയേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP