Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൂട് കനക്കുന്നു: കൊയ്ത്തിനിടെ യുവാവ് വെയിലേറ്റ് കുഴഞ്ഞു വീണു, പരിശോധനയിൽ ശരീരം നിറയെ പൊള്ളലേറ്റ പാടുകൾ; മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു

ചൂട് കനക്കുന്നു: കൊയ്ത്തിനിടെ യുവാവ് വെയിലേറ്റ് കുഴഞ്ഞു വീണു, പരിശോധനയിൽ ശരീരം നിറയെ പൊള്ളലേറ്റ പാടുകൾ; മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാർ (43 ) ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്.

കൊയ്ത്തിനിടെ വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ശരീരം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിപ്പണി ചെയ്യുകയായിരുന്നു ഇയാൾ. രാവിലെ ആറുമണിയോടെ സുധികുമാർ വയലിൽ ജോലിക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. 9.30 ഓടെ മറ്റ് പണിക്കാർ വയലിൽ നിന്നും കയറി. എന്നാൽ കൊയ്ത്ത് യന്ത്രവുമായി ബന്ധപ്പെട്ട ജോലികളുമായി സുധികുമാർ വയലിൽ തുടർന്നു.

പിന്നീട് ജോലിക്കാർ വയലിലെത്തിയപ്പോഴാണ് സുധികുമാർ കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 സൂര്യതാപം, സൂര്യാഘാതം: ജാഗ്രത പാലിക്കണം

ജില്ലയിൽ ചൂടുകൂടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കൈയിൽ കരുതുകയും ദാഹിക്കുമ്പോൾ കുടിക്കുകയും ചെയ്യണം. ഇതിലൂടെ നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കണം. സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്‌കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ശ്രദ്ധിക്കണം.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കണം. നിർമ്മാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യത്തിന് വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

നല്ല പോഷക സമൃദ്ധമായ ഭക്ഷണം, പഴങ്ങൾ എന്നിവ കഴിക്കണം നിർജ്ജലീകരണം തടയാൻ ഒ ആർ എസ് ലായനി ഉപയോഗിക്കാം. ചൂട് മൂലമുള്ള തളർച്ചയോ, മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽപെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം ലഭ്യമാക്കുന്നതിനും ശ്രദ്ധിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP