Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളത്തിൽ നിന്നും മെഗാപ്രോജെക്റ്റ് ചിത്രം 'റാം' ബ്രിട്ടന്റെ സൗന്ദര്യം തേടിയെത്തുന്നു; ദൃശ്യത്തിന് ശേഷം ജിത്തുവും മോഹൻലാലും ഒന്നിക്കുന്ന ചിത്രം പൂർത്തിയാക്കുന്നത് അഞ്ചു രാജ്യങ്ങളിലായി; ലൊക്കേഷൻ കാലക്കേട് തുടർക്കഥയായ യുകെയിൽ വീണ്ടും മലയാള സിനിമയെത്തുമ്പോൾ ചർച്ചയാകുന്നതും പഴയ ചിത്രങ്ങളുടെ ജാതകപ്പിഴവുകൾ തന്നെ; ലാലിന്റെ നോട്ടം അന്താരാഷ്ട്ര വിപണി

മലയാളത്തിൽ നിന്നും മെഗാപ്രോജെക്റ്റ് ചിത്രം 'റാം' ബ്രിട്ടന്റെ സൗന്ദര്യം തേടിയെത്തുന്നു; ദൃശ്യത്തിന് ശേഷം ജിത്തുവും മോഹൻലാലും ഒന്നിക്കുന്ന ചിത്രം പൂർത്തിയാക്കുന്നത് അഞ്ചു രാജ്യങ്ങളിലായി; ലൊക്കേഷൻ കാലക്കേട് തുടർക്കഥയായ യുകെയിൽ വീണ്ടും മലയാള സിനിമയെത്തുമ്പോൾ ചർച്ചയാകുന്നതും പഴയ ചിത്രങ്ങളുടെ ജാതകപ്പിഴവുകൾ തന്നെ; ലാലിന്റെ നോട്ടം അന്താരാഷ്ട്ര വിപണി

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: മലയാള സിനിമയുടെ നോട്ടം വീണ്ടും ലണ്ടൻ ലൊക്കേഷനിലേക്ക്. രണ്ടു വർഷം മുൻപ് കേരളപ്പിറവി ദിനത്തിൽ പുറത്തുവന്ന ഡ്രാമയുടെ നായകൻ സാക്ഷാൽ മോഹൻലാൽ തന്നെയാണ് വീണ്ടും ലണ്ടൻ ലൊക്കേഷൻ തേടി എത്തുന്നത്. കൂടെ മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് എന്ന് പറയാവുന്ന ദൃശ്യത്തിന്റെ സംവിധായകൻ ജിത്തു ജോസഫ് കൂടി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെ ഉയരെയാണ്. മെയ് മാസം പതിനൊന്നു മുതൽ ലണ്ടനിൽ ഷൂട്ടിങ്ങിനു ഒരുങ്ങുന്ന മോഹൻലാൽ ചിത്രത്തിന് റാം എന്നാണ് പേരിട്ടിരിക്കുന്നത്.

മോഹൻലാൽ നായക വേഷത്തിൽ എത്തുന്നതുകൊണ്ട് തന്നെ വലിയൊരു താരനിരയും ചിത്രത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. കാരണം ദൃശ്യം പോലെ ചെറിയൊരു ക്യാൻവാസിൽ ഒതുങ്ങുന്ന കൊച്ചുകഥയല്ല റാം എന്നാണ് അണിയറയിൽ കേൾക്കുന്ന വർത്തമാനം. ഇന്ത്യൻ നഗരങ്ങളും യുകെയും കൂടാതെ ഈജിപ്തിലെ കെയ്റോയും കാനഡയും ഉസ്ബക്കിസ്ഥാനും അടക്കം അഞ്ചു രാജ്യങ്ങളിൽ കൂടിയാണ് റാം പൂർത്തിയാക്കുക. ഇതോടെ ഈ വർഷത്തെ വൻബജറ്റ് ചിത്രത്തിൽ മുൻനിരയിൽ ആയിരിക്കും റാമിന്റെ സ്ഥാനം എന്നും ഉറപ്പിക്കാം. ഇന്ത്യയിൽ കേരളവും തമിഴനാടും ഡൽഹിയും അടക്കമുള്ള സ്ഥലങ്ങളിൽ കൂടിയാണ് കഥ വികസിക്കുന്നത്.

നാലു രാജ്യങ്ങളിൽ ചിത്രീകരിക്കപ്പെടുന്ന റാമിലൂടെ മലയാള സിനിമ പുതിയ ഉയരങ്ങൾ തേടാൻ ഉള്ള സാധ്യതയാണ് നിരീക്ഷിക്കപ്പെടുന്നത്. ചെന്നൈ ആസ്ഥാനമായ അഭിഷേക് ഫിലിംസ് ആണ് ചിത്രത്തിന് മുതൽ മുടക്കുന്നതെന്നു സൂചനയുണ്ട്. മൂന്നാഴ്ചയിലേറെ ഷൂട്ടിങ് സംഘം യുകെയിൽ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ലാൽ ചിത്രം ഡ്രാമ സറേയിലെ അഷ്ടേഡ്, എപ്‌സം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. റാമിന്റെ ചിത്രീകരണം ലണ്ടൻ നഗരം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആകും എന്നാണ് പ്രധാന അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. തമിഴിലും ഹിന്ദിയിലും ഓരോ ചിത്രങ്ങൾ പൂർത്തിയാക്കിയാണ് മറ്റൊരു മെഗാ ഹിറ്റിനായി ജിത്തു ജോസഫ് മലയാളത്തിൽ വീണ്ടും ലാലിനെ നായകനാക്കി എത്തുന്നത് എന്നതും പ്രത്യേകതയാണ്.

അതേ സമയം ചെറിയ സീനിൽ നിന്നും മലയാള സിനിമ ദേശം മുഴുവൻ എത്തണമെന്നും അന്തരാഷ്ട്ര തലത്തിലും ശ്രദ്ധിക്കണമെന്ന ആഗ്രഹമാണ് ചിത്രത്തിന്റെ പേരിടൽ ചടങ്ങിൽ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന വാർത്ത സമ്മേളനത്തിൽ നടൻ മോഹൻലാൽ വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിൽ ഷൂട്ടിങ് ലൊക്കേഷൻ ആയി എത്തുമ്പോൾ അത്തരം ഒരു സാധ്യതയാണ് നടന്റെ മനസ്സിൽ തെളിയുന്നത് എന്ന് വ്യക്തം. മലയാള സിനിമ കേരളക്കരയുടെ നാലതിരുകൾ വിട്ടു പറക്കാൻ റാം പോലെയുള്ള സിനിമകൾ ഉണ്ടാകണമെന്നാണ് ലാൽ പറയാതെ പറഞ്ഞു വയ്ക്കുന്നത്.

ലാലിന്റെ വാക്കുകൾ കടം എടുത്താൽ റാം ഒരു ചെറിയ സിനിമ അല്ലെന്ന് ഉറപ്പിക്കാം. അന്തരാഷ്ട്ര വിപണിക്കും ഉൾക്കൊള്ളാൻ കഴിയും വിധം ഉള്ള ചേരുവകൾ ഉണ്ടെങ്കിൽ അത്തരത്തിൽ പിറക്കുന്ന ആദ്യ മലയാള സിനിമയും റാം ആയേക്കാം. ഇതുമനസിൽ വച്ചാകും ദശ കോടിയിൽ നിൽക്കാതെ റാമിന്റെ നിർമ്മാണ ചെലവ് ശത കോടി കടക്കും എന്ന അണിയറ വർത്തമാനവും സജീവമാകുന്നത്.

അടുത്തിടെയായി മോഹൻലാൽ ചിത്രങ്ങളിൽ നായികമാരെ അന്യഭാഷയിൽ നിന്നും എത്തിക്കുന്ന പതിവ് റാമിലും ഉണ്ടാകും. മലയാളത്തിൽ തന്റെ രണ്ടാമത്തെ ചിത്രം ചെയ്യാൻ തയ്യാറെടുക്കുന്ന തെന്നിത്യൻ നടി തൃഷ കൃഷ്ണനാണ് റാമിലെ നായികാ ആയി എത്തുന്നത്. നിവിൻ പോളിക്കൊപ്പം അഭിനയിച്ച ഹേയ് ജൂഡിന് ശേഷമാണു തൃഷ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ തൃഷയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതിനാൽ റാം ഉയർത്തുന്ന പ്രതീക്ഷകൾ വലുതാണ്. നൂറു ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂൾ ഇട്ട ചിത്രത്തിന്റെ ആദ്യ പാതി ഇന്ത്യയിൽ പൂർത്തിയാക്കിയ ശേഷമാണു താരനിര യുകെയിൽ എത്തുക. ദൃശ്യം പോലെ ഒരു ചിത്രത്തിൽ നിന്നും വ്യത്യസ്തമായി പൂർണമായും ത്രില്ലർ സിനിമയാണ് റാമിലൂടെ ആവിഷ്‌കരിക്കപ്പെടുക എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

ലാൽ ചിത്രങ്ങളിൽ അടുത്തിടെ അന്യഭാഷാ നടിമാർ എത്തുന്ന പതിവ് ഡ്രാമയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡ്രാമ ആദ്യം പ്ലാൻ ചെയ്തപ്പോൾ ഡെൽഹിക്കാരി കോമൾശർമ ആയിരുന്നു പ്രധാന നായികാ വേഷത്തിൽ. എന്നാൽ ചിത്രം പാതിവഴിയിൽ ഷൂട്ടിങ് എത്തിനിൽക്കുമ്പോളാണ് കോമളിന്റെ അഭിനയം പോരാ എന്ന വിമർശനത്തിൽ സംവിധായകൻ രഞ്ജിത്തിന്റെ താൽപര്യത്തിൽ അവരെ മാറ്റി പകരം ദുബൈയിൽ നിന്നും ആശാ ശരത് എത്തുന്നത്.

എന്നിട്ടും സിനിമ വെറും കഥയായി കാണാൻ സാധാരണ മലയാളി പ്രേക്ഷകർ തയ്യാറല്ല എന്ന് തെളിയിച്ചാണ് 2018 ൽ പുറത്തിറങ്ങിയ ലാൽ ചിത്രങ്ങളിൽ ഏറ്റവും മോശം പ്രകടനവുമായി ഡ്രാമ തിയറ്ററിൽ നിന്നും പിൻവാങ്ങിയത്. ആ വർഷത്തെ ഏറ്റവും വിപണി വിജയമായ ആദ്യ പത്തു ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടംപിടിക്കാൻ ഡ്രാമക്കു കഴിഞ്ഞിരുന്നില്ല. ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞു നിന്നിട്ടും ആരാധകരടക്കം ഡ്രാമയെ ലാലിന്റെ നല്ല ചിത്രം എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ല. കഥയിലെ ലോജിക് ഇല്ലായ്മയാണ് ഡ്രാമക്കു പ്രഹരമേൽപിച്ചത് എന്ന് വ്യക്തം.

അതിനിടെ വീണ്ടും ഒരു മെഗാതാര ചിത്രം യുകെ ലൊക്കേഷനാക്കുമ്പോൾ കഴിഞ്ഞ കാല ചിത്രങ്ങളാണ് പ്രേക്ഷകരുടെ മനസിലെത്തുക. ആദ്യ മൂന്നു ചിത്രങ്ങളും മെഗാ ഫ്‌ളോപ്പ് ആയി മാറിയതോടെ തൽക്കാലം യുകെയിൽ മലയാള ചിത്രങ്ങൾ ലൊക്കേഷൻ തേടി എത്തില്ല എന്നതായിരുന്നു നിഗമനങ്ങൾ. മുകേഷ് അടക്കമുള്ള താരങ്ങൾ അണിനിരന്ന ശ്യാമപ്രസാദ് ചിത്രം ഇംഗ്ലീഷ് കഥയില്ലായ്മയിലും പ്രൊഡക്ഷൻ നിർവഹണം പൂർത്തിയാക്കാൻ ബജറ്റ് ഇല്ലായ്മയിലും കറങ്ങി തിരിഞ്ഞാണ് തിയറ്ററിൽ എത്തിയത്. വന്നപോലെ ചിത്രം അപ്രത്യക്ഷമാകുകയും ചെയ്തു.

പിന്നീട് പൃഥ്വിരാജ് ലണ്ടൻ ബ്രിഡ്ജിൽ എത്തിയപ്പോഴും പ്രവാസി കഥ പറയുന്നതിൽ പരാജയമായി, കൂടെ ബോക്‌സ് ഓഫിസിലും. അതുകഴിഞ്ഞു മെഗാതാരം മമ്മൂട്ടിയുടെ ഊഴമായി, വൈറ്റിലൂടെ. പേര് സൂചിപ്പിക്കും പോലെ പടത്തിന്റെ പിന്നാമ്പുറത്തും കഥകൾക്ക് പഞ്ഞമില്ലായിരുന്നു. പ്രതീക്ഷിച്ചപോലെ താരത്തിന്റെ ഫാൻസ് പോലും കാണാതെ ചിത്രം പിൻവാങ്ങി. നിരന്തരം ഉണ്ടായ ഈ വീഴ്ചകൾ മൂലം ലണ്ടൻ ലക്ഷണം കെട്ട ലൊക്കേഷനായി പേരുവീണു.

എന്നാൽ സ്‌കോട്ട്‌ലന്റ് ഉൾപ്പെടെയുള്ള മനോഹര ദേശങ്ങൾ ഇതിനകം കണ്ടുതീർത്ത മലയാളത്തിലെ മുൻനിര നിർമ്മാതാക്കളും നടീനടന്മാരും സംവിധായകരും അടക്കമുള്ളവരെ ബ്രിട്ടന്റെ മനോഹാരിത ആകർഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ആദം ജോണും ഒടുവിൽ ഡ്രാമയും യുകെയിൽ എത്തിയതും. രണ്ടു ചിത്രങ്ങളും മുതൽമുടക്ക് പിടിച്ചെടുത്താണ് തിയറ്ററിൽ നിന്നും മറഞ്ഞത്. അതും പൃഥ്വിരാജിന്റെയും മോഹൻലാലിന്റേയും നിറഞ്ഞ സാന്നിധ്യം ഉണ്ടായതു കൊണ്ട് മാത്രം. ഇനിയിപ്പോൾ ആറാം ചിത്രത്തിന്റെ ഊഴമാണ്. റാം ഒരു മെഗാഹിറ്റ് ആയി മാറുമോ, അതോ മുൻകാല ചിത്രങ്ങളുടെ വഴിയേ പോകുമോ? ഈ ആകാംഷയാണ് ഇപ്പോൾ ചിത്രത്തെ സജീവ ചർച്ചയിൽ നിറച്ചു നിർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP