Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിനാശി അപകട കാരണം കണ്ടെയ്‌നർ ലോറിയുടെ ടയർ പൊട്ടിയതല്ല; ഉറങ്ങിപ്പോയതെന്ന് പറഞ്ഞ് ഡ്രൈവർ; ഒറ്റയ്ക്കായിരുന്നു വാഹനം ഓടിച്ചതെന്ന ഹേമരാജിന്റെ വാദം; പൂർണമായും വിശ്വസിക്കാത്ത അന്വേഷണ സംഘം; അപകടത്തിന്റെ വ്യാപ്തികൂട്ടിയത് കണ്ടെയ്‌നറിൽ കയറ്റിയ ടൈൽസിന്റെ ഭാരം; ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്; ലൈസൻസ് സസ്പെൻഡ് ചെയ്യും; വിശദ പരിശോധനയ്ക്കായി കേരള മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ തിരുപ്പൂരിലെത്തും

അവിനാശി അപകട കാരണം കണ്ടെയ്‌നർ ലോറിയുടെ ടയർ പൊട്ടിയതല്ല; ഉറങ്ങിപ്പോയതെന്ന് പറഞ്ഞ് ഡ്രൈവർ; ഒറ്റയ്ക്കായിരുന്നു വാഹനം ഓടിച്ചതെന്ന ഹേമരാജിന്റെ വാദം; പൂർണമായും വിശ്വസിക്കാത്ത അന്വേഷണ സംഘം; അപകടത്തിന്റെ വ്യാപ്തികൂട്ടിയത് കണ്ടെയ്‌നറിൽ കയറ്റിയ ടൈൽസിന്റെ ഭാരം; ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്; ലൈസൻസ് സസ്പെൻഡ് ചെയ്യും; വിശദ പരിശോധനയ്ക്കായി കേരള മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ തിരുപ്പൂരിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുപ്പുർ: അവിനാശിയിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കണ്ടെനർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. അറസ്റ്റിലായ ഡ്രൈവർ ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഡ്രൈവിങ്ങിനിടെ ഉറക്കം വന്ന് ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ അടക്കം ഉടൻ തിരുപ്പൂരിലെത്തും.

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാർപാടം ടെർമിനലിൽ നിന്ന് ടൈൽ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഡ്രൈവിങ്ങിനിടയിൽ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറിൽ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവർ ഹേമരാജ് മൊഴി നൽകി. ഡിവൈഡറിൽ ഇടിച്ച് കയറിയതിന്റെ ആഘാതത്തിൽ കണ്ടെനർ ഇരട്ടിപ്രഹരത്തിൽ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയിൽ നിന്നാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം രജിസ്‌ട്രേഷനുള്ള ലോറിയാണ് ബസിൽ ഇടിച്ചത്. അതേസമയം ടയർ പൊട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി എതിർദിശയിലെത്തിയ വോൾവോ ബസ് ഇടിച്ചുതകർത്തെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ, ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നു തമിഴ്‌നാട് പൊലീസ് പറയുന്നു. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയിലും വ്യക്തമാക്കി.

കണ്ടെയ്നർ ലോറി മുക്കാൽ കിലോമീറ്ററോളം മീഡിയനിൽ ഉരസി ഓടിയെന്നു പരിശോധനയിൽ വ്യക്തമായി. തുടർന്ന് 150 മീറ്ററോളം മീഡിയനു മുകളിലൂടെ ഓടിയതിന്റെയും ലക്ഷണമുണ്ട്. അടുത്ത വളവിലാണു മീഡിയൻ മറികടന്ന് ലോറി എതിർദിശയിലെ റോഡിലേക്കു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന നിഗമനത്തിനു കാരണമിതാണ്. ടയർ പൊട്ടിയതാണെങ്കിൽ ഒരു കിലോമീറ്ററോളം ഓടില്ല. അപകടസ്ഥലത്തിന് ഒരു കിലോമീറ്റർ മുമ്പേ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.

അവിനാശിയിൽ ദുരന്തത്തിനിടയാക്കിയ ലോറിയുടെ പ്ലാറ്റ്ഫോമിൽ 25 ടൺ ഭാരം നിറച്ച കണ്ടെയ്നർ ഉറപ്പിച്ചിരുന്നില്ലയെന്ന് സംശയമുണ്ട്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് എന്നു കരുതുന്നു. ആറുവരിപ്പാതയിൽ ഡിവൈഡറിനോടു ചേർന്ന ട്രാക്കിലേക്കാണു ലോറി ഇറങ്ങിയതെങ്കിലും ബസുമായി കൂട്ടിയിടിച്ചില്ല. ഉറപ്പിക്കാതിരുന്ന കണ്ടെയ്നർ തൊട്ടടുത്ത ട്രാക്കിലേക്കു വീണതാണ് ബസിൽ ഇടിക്കാനിടയാക്കിയത്. ലോറിയുടെ ഹെഡ്‌ലൈറ്റ് കണ്ടതോടെ ബസ് ട്രാക്ക് മാറിയിരിക്കാനാണു സാധ്യത. എന്നാൽ രണ്ടു ട്രാക്കുകളിലായി വീണുകിടന്ന കണ്ടെയ്നർ വില്ലനായി.

കെ.എൽ. 07 സി.എസ്. 6325 നമ്പർ ഭാരത് ബെൻസ് ലോറി അടുത്തിടെയാണു രജിസ്റ്റർ ചെയ്തത്. കടവന്ത്ര ആസ്ഥാനമായ ഗ്ലോബൽ ഷിപ്പിങ് എന്ന സ്ഥാപനത്തിന്റേതാണ് അപകടമുണ്ടാക്കിയ കോസ്റ്റ എന്ന കണ്ടെയ്നർ ലോറി. അലക്സ് എന്നയാളാണ് ഉടമ. തിരുപ്പൂരിലേക്കും ബംഗളുരുവിലേക്കുമാണ് ഇവർ കൂടുതലായും കണ്ടെയ്നർ കൊണ്ടുപോകുന്നത്. ഗുജറാത്തിൽനിന്നുള്ള ടൈൽ നിറച്ച കണ്ടെയ്നറായിരുന്നു അപകടമുണ്ടാക്കിയ ലോറിയിൽ. 20 അടി നീളമുള്ള കണ്ടെയ്നറിന് 20-25 ടൺ ഭാരമുണ്ടായിരുന്നു.

ലോറിയുടെ വേഗപരിധി 80 കിലോമീറ്ററാണെങ്കിലും സ്ഥാപനമുടമ 60 കിലോമീറ്ററാക്കി സ്പീഡ് ഗവേണർ ഘടിപ്പിച്ചിട്ടുണ്ട്. പുതിയ ലോറിയാണ്. അമിതഭാരമുണ്ടായിരുന്നില്ലെന്നാണു പ്രാഥമികവിവരം. അപകടത്തിൽ 19 പേരുടെ ജീവനാണ് പൊലിഞ്ഞത്. ചികിത്സയിലുള്ളവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ഒരാളുടെ കാര്യത്തിലാണ് ആശങ്ക കൂടുതൽ. പരിക്ക് സാരമല്ലാത്തവർ ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP