Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോണി നെല്ലൂരു കൂടി എത്തുന്നതോടെ കുട്ടനാടു സീറ്റിൽ അവകാശവാദം ശക്തമാക്കാൻ ഉറച്ചു പി ജെ ജോസഫ്; അവകാശവാദം ഉപേക്ഷിക്കാതെ ജോസ് കെ മാണിയും; അടികൂടി കളയാതിരിക്കാൻ സീറ്റ് ഏറ്റെടുക്കാൻ ഉറച്ചു കോൺഗ്രസ്; കുട്ടനാട് ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിക്കു തന്നെ സാധ്യത; സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തിൽ ചർച്ചകളുമായി മുന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുൻകൈയെടുക്കും

ജോണി നെല്ലൂരു കൂടി എത്തുന്നതോടെ കുട്ടനാടു സീറ്റിൽ അവകാശവാദം ശക്തമാക്കാൻ ഉറച്ചു പി ജെ ജോസഫ്; അവകാശവാദം ഉപേക്ഷിക്കാതെ ജോസ് കെ മാണിയും; അടികൂടി കളയാതിരിക്കാൻ സീറ്റ് ഏറ്റെടുക്കാൻ ഉറച്ചു കോൺഗ്രസ്; കുട്ടനാട് ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിക്കു തന്നെ സാധ്യത; സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തിൽ ചർച്ചകളുമായി മുന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുൻകൈയെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തിലും കേരളാ കോൺഗ്രസിൽ അടി ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ തവണ ഈ സീറ്റിൽ മത്സരിച്ചത് പി ജെ ജോസഫ് പക്ഷക്കാരൻ ആയതിനാൽ സീറ്റ് തനിക്ക് വേണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു കഴിഞ്ഞു. ജോണി നെല്ലൂർ കൂടി പി ജെ ജോസഫ് വിഭാഗവുമായി കൈകോർക്കാൻ ഒരുങ്ങുന്നത് ഈ സീറ്റ് ലക്ഷ്യം വെച്ചുകൊണ്ടാണ്. ഇതോടെ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പിളർപ്പിലേക്ക് നീങ്ങുകയാണ്.

ചെയർമാൻ ജോണി നെല്ലൂരും പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎയും ഇന്നു കോട്ടയത്ത് വെവ്വേറെ സംസ്ഥാന യോഗം വിളിച്ചതോടെ ഈ കേരള കോൺഗ്രസ് (എം) പിളർച്ചയിലേക്ക് പോകുകയാണ്. ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ചാണ് പാർട്ടിയിൽ തർക്കം മുറുകിയിരിക്കുന്നത്. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്ക് പുറത്തുപോകേണ്ടി വരുമെന്നു ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. സമാന ചിന്താഗതിയുള്ള കേരള കോൺഗ്രസുമായി ഒന്നിച്ചു പ്രവർത്തിക്കും. ഇന്നു കോട്ടയത്ത് ചേരുന്ന പാർട്ടി ഹൈപവർ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അന്തിമ തീരുമാനമെടുക്കും. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫിന്റെ ക്ഷണം നിരസിക്കില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.

ഭാരവാഹികളുടെയും സംസ്ഥാന അംഗങ്ങളുടെയും യോഗം വിളിക്കാൻ പാർട്ടി ചെയർമാനാണ് അധികാരം. അനൂപ് നേരത്തേ വിളിച്ചുചേർത്ത യോഗങ്ങൾ ഔദ്യോഗികമല്ല. ഇന്നു വീണ്ടും വിമത യോഗം വിളിച്ചാൽ നടപടിയെടുക്കും ജോണി നെല്ലൂർ പറഞ്ഞു. അതേസമയം, കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഇന്നു വിളിച്ചു ചേർത്തിരിക്കുന്നത് ഔദ്യോഗിക യോഗമാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ജോണി നെല്ലൂരാണ് വിമത യോഗം ചേരുന്നത് അനൂപ് പറഞ്ഞു.

ജോസ് കെ മാണിയും കുട്ടനാട് സീറ്റിന് വേണ്ടി രംഗത്തുണ്ട്. ഇതോടെ ഈ സീറ്റും കൈവിട്ടു പോകുന്ന അവസ്ഥ വരുമെന്ന ആശങ്ക കോൺഗ്രസിലുണ്ട്. ഈ സാഹചര്യത്തിൽ കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് മുന്നോട്ടു പോകുകയാണ്. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് അതിനുള്ള നടപടി സ്വീകരിക്കാൻ ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ധാരണയിലെത്തി.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതിനു നേതൃത്വം നൽകും. ഇതു സംബന്ധിച്ചു പ്രാരംഭചർച്ച ആരംഭിച്ചു. പരസ്യ ചർച്ചയും അഭിപ്രായപ്രകടനങ്ങളും വേണ്ടെന്നു രാഷ്ട്രീയകാര്യ സമിതി നിശ്ചയിച്ചു. കേരള കോൺഗ്രസിന് ആ സീറ്റിലുള്ള അവകാശവാദം നിഷേധിക്കില്ല. എന്നാൽ പാർട്ടി രണ്ടായി നിൽക്കുന്നതു വിജയസാധ്യതയെ ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ ഈ സ്ഥിതി മാറിയാൽ ആ സീറ്റോ, കേരള കോൺഗ്രസിനു താൽപര്യമുള്ള മറ്റൊരു സീറ്റോ നൽകാമെന്നും വ്യക്തമാക്കും.

തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു നടക്കുന്ന രാഷ്ട്രീയ ബലാബലം എന്ന നിലയിൽ വർധിച്ച പ്രാധാന്യം കുട്ടനാട് ഉപതിരഞ്ഞെടുപ്പിനുണ്ടെന്ന അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയിലുണ്ടായി. വട്ടിയൂർക്കാവിനും കോന്നിക്കും പിന്നാലെ മറ്റൊരു തിരിച്ചടി കൂടി അനുവദിക്കാൻ കഴിയില്ല. തമ്മിലടി മൂലം പാലാ കൈവിട്ടത് ആവർത്തിക്കാനുമാകില്ല. കോൺഗ്രസ് ഏറ്റെടുത്താൽ മണ്ഡലത്തിൽ യുഡിഎഫിനാകെ ഉണർവും വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ ആവേശം പൊതുവേ കോൺഗ്രസിനുമുണ്ടാകും. കേരള കോൺഗ്രസുകൾ രഞ്ജിപ്പിലെത്താത്തതിനാൽ കോൺഗ്രസ് മത്സരിക്കുന്നതാണ് ഉചിതമെന്ന ക്രൈസ്തവസഭാ നേതൃത്വത്തിന്റെ അഭിപ്രായവും യോഗം പരിഗണിച്ചു.

കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് ഏബ്രഹാം മത്സരിച്ച കുട്ടനാട്ടിൽ അദ്ദേഹം തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഇതിനിടെ പി.ജെ.ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ അവരെ എങ്ങനെ മെരുക്കുമെന്ന ശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ജോസ് കെ.മാണി വിഭാഗവും അവകാശം ഉന്നയിച്ചിട്ടുണ്ടെങ്കിലും അവരെ ബോധ്യപ്പെടുത്താമെന്നാണു കണക്കുകൂട്ടൽ. ഇതിനിടെ ജേക്കബ് വിഭാഗവും പിളർപ്പിലേക്കു നീങ്ങുന്നതു യുഡിഎഫ് നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ സെക്രട്ടറി കൂടിയാണു ജോണി നെല്ലൂർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP