Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസ് ശിവകുമാറിന്റെ ശ്രീരംഗം ലെയിനിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് തുടങ്ങിയത് രാവിലെ എട്ടര മണിയോടെ; മുന്മന്ത്രിയുടെ വസതിയിൽ ഉദ്യോഗസ്ഥർ എത്തിയതോടെ പിന്നാലെ ചാനൽ ക്യാമറകളും; പരിശോധന നടക്കവേ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കോൺഗ്രസ് എംഎൽഎ; ഇപ്പോഴും പരിശോധന തുടരുന്നത് ബിനാമി ഇടപാടുകളുടെ തുമ്പു തേടി; എഫ്‌ഐആർ ഇടും മുമ്പേ രേഖകൾ കടത്തിയിരിക്കാമെന്നും നിഗമനം; ശിവകുമാർ കൂടുതൽ ബിനാമി സാമ്പത്തിക ഇടപാടുകൾ നടത്തിയത് ശാന്തിവിള രാജേന്ദ്രന്റെ പേരിലെന്ന് ആക്ഷേപം

വി എസ് ശിവകുമാറിന്റെ ശ്രീരംഗം ലെയിനിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് തുടങ്ങിയത് രാവിലെ എട്ടര മണിയോടെ; മുന്മന്ത്രിയുടെ വസതിയിൽ ഉദ്യോഗസ്ഥർ എത്തിയതോടെ പിന്നാലെ ചാനൽ ക്യാമറകളും; പരിശോധന നടക്കവേ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കോൺഗ്രസ് എംഎൽഎ; ഇപ്പോഴും പരിശോധന തുടരുന്നത് ബിനാമി ഇടപാടുകളുടെ തുമ്പു തേടി; എഫ്‌ഐആർ ഇടും മുമ്പേ രേഖകൾ കടത്തിയിരിക്കാമെന്നും നിഗമനം; ശിവകുമാർ കൂടുതൽ ബിനാമി സാമ്പത്തിക ഇടപാടുകൾ നടത്തിയത് ശാന്തിവിള രാജേന്ദ്രന്റെ പേരിലെന്ന് ആക്ഷേപം

ഗീവർഗീസ് എം തോമസ്‌

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ആരോഗ്യ മന്ത്രിയും എംഎൽഎയുമായ വി എസ്.ശിവകുമാറിന്റെയും കൂട്ട് പ്രതികളുടെയും വീടുകളിൽ വൈകിയും വിജിലൻസിന്റെ റെയ്ഡ് തുടരുകയാണ്. ഇന്ന് പുലർച്ചെ എട്ടര മണിയോടെയാണ് ഉദ്യോഹസ്ഥർ ശിവകുമാറിന്റെ വീട്ടിലേക്ക് പരിശോധനക്കായി എത്തിയത്. വിജിലൻസ് പ്രത്യേക സെൽ ഡിവൈ.എസ്‌പി വി എസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. ശിവകുമാർ നടത്തിയ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളുടെ രേഖകളും മറ്റുമാണ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്.

മന്ത്രിയുടെ വീട്ടിൽ പരിശോധന നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചപ്പോൾ മുതൽ വീട്ടിലേക്ക് ചാനൽ പ്രവർത്തകർ പാഞ്ഞെത്തി. ചാനൽ പ്രവർത്തകർ വീട്ടിലേക്ക് കാമറ കണ്ണുമായി കൂട്ടത്തോടെ നില ഉറപ്പിച്ചതോടെ എംഎൽഎ വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴിഞ്ഞ ദിവസമാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ശിവകുമാറിനെ ഒന്നാംപ്രതിയാക്കിയാണ് വിജിലൻസ് പ്രത്യേക യൂണിറ്റ് കേസെടുത്തത്. പ്രധാനമായും ആരോഗ്യ - ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരിൽ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ വിവരങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്.

2016ലാണ് ശിവകുമാറിനെതിരെ വിജിലൻസിൽ പരാതി ലഭിക്കുന്നത്. വഴുതക്കാട് സ്വദേശിയുടെ പേരിൽ വന്ന പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും പരാതിക്കാരെ കണ്ടെത്താനോ മൊഴിയെടുക്കാനോ വിജിലൻസിന് സാധിച്ചിരുന്നില്ല പക്ഷെ ആക്ഷേപങ്ങളിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. തുടർന്ന് അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാർ അനുമതി നൽകിയത്. 18.05.2011 നും 20.05.2016 ഇടയിലാണ് ശിവകുമാറിന്റെ അടുപ്പക്കാരുടൈ സ്വത്തിൽ വർദ്ധനയുണ്ടായെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നത്. വി എസ് ശിവകുമാറിനൊപ്പം പ്രതിചേർത്തവർ ശിവകുമാറിന്റെ ബിനാമികളാണെന്നും വിജിലൻസിന്റെ എഫ്‌ഐആർ പറയുന്നു. ശിവകുമാർ മന്ത്രിയായിരിക്കെ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. സ്വത്ത് സമ്പാദനത്തിനായി ശിവകുമാർ ഇവരുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ശിവകുമാറിന്റെയും കൂട്ടുപ്രതികളുടെയും ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ വിജിലൻസ് സംഘം ശേഖരിച്ചിരുന്നു ഇതിനെ തുടർന്നാണ് കേസിൽ ശിവകുമാറിനോടൊപ്പം പ്രതി ചേർത്ത ഡ്രൈവറായ ഷൈജു ഹരൻ, എൻ.എസ്.ഹരികുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഇവരുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളിലൊരാളായ ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ചു സെന്റ് വീടും, ശാന്തി വിള എം.രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ ഓഫീസ് പണിയാനായി വാങ്ങിയ ഭൂമിയെ കുറിച്ചും അന്വേഷണം നടക്കുകയാണ്.

വരവിനേക്കാൾ പത്തിരട്ടിയിലധികം സമ്പാദ്യമാണ് ഇവർക്കുള്ളത്. വി എസ് ശിവകുമാർ ഇവരുടെ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശിവകുമാറിന്റെയും കൂട്ട് പ്രതികളുടെയും ഭൂമി ഇടപാടുകൾ നടന്ന രജിസ്റ്റ്രാർ ഓഫിസുകളിൽ നിന്നുമുള്ള വിവരങ്ങളും വിജിലൻസ് ശേഖരിച്ചിരുന്നു. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. തെളിവ് ശേഖരണം പൂർത്തിയായ ശേഷമായിരിക്കും ശിവകുമാറിനെ ചോദ്യം ചെയ്യാൻ വിജിലൻസ് നോട്ടീസ് നൽകുക. തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പി.വി എസ്.അജിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.

ശിവകുമാർ ഒഴികെയുള്ളവർക്ക് വരവിൽക്കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലൻസ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിതായാണ് വാദം. ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് പ്രത്യക്ഷത്തിൽ തെളിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം മറ്റുള്ളവരുടെപേരിൽ സ്വത്ത് സമ്പാദിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നാണ് സൂചന. ആവശ്യമെന്നുകണ്ടാൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണം നടത്തും.

യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ശിവകുമാറിനെതെ കടുത്ത ആരോപണമാണ് ഉയർന്നിരുന്നത്. സ്വന്തം പാർട്ടിക്കാരായാൽ പോലും ട്രാൻസ്ഫർ പോലുള്ള ചെറിയ ആവശ്യവുമായി മന്ത്രിക്കടുത്ത് ചെന്നാൽ അതിന് പണം വാങ്ങുന്നു എന്നായിരുന്നു അക്കാലത്ത് മന്ത്രിക്കെതിരെ ഉണ്ടായിരുന്ന ആക്ഷേപം. ഇതിനായി തന്നെ ശിവകുമാർ പ്രത്യേകം ആളുകളെ വച്ചെന്ന കേട്ടുകേൾവിയുമുണ്ടായി. ശിവകുമാർ മന്ത്രിയായിരുന്ന കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രി, ബന്ധുക്കളുടെ പേരിൽ മൂന്ന് ആശുപത്രികൾ വാങ്ങിയതായാണ് ഇതിൽ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. തലസ്ഥാന നഗരത്തിലെ പ്രമുഖ ആശുപത്രിയും മന്ത്രി വാങ്ങിയെന്നാണ് ആരോപണം

ആരോഗ്യവകുപ്പ് മന്ത്രിയെന്ന നിലയിൽ വി എസ്. ശിവകുമാർ ബന്ധപ്പെട്ടിട്ടുള്ള വൻകിട കമ്പനികൾ, അവരുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ എന്നിവ നിരീക്ഷിച്ചിട്ടുണ്ട്. മന്ത്രിയുടെ കാലത്ത് നടന്ന ഇടപാടുകളെ കുറിച്ചുള്ള വിശദമായ അന്വേഷണവും ഇതോടെയുണ്ടാകുമെന്ന കാര്യം ഉറപ്പായി. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ദേവസ്വം വകുപ്പുകൂടി െകെകാര്യം ചെയ്തിരുന്ന ശിവകുമാറിന്റെ സഹായത്തോടെ സഹോദരനും ദേവസ്വം സെക്രട്ടറിയുമായ വി എസ്. ജയകുമാർ ശബരിമലയിൽ അഴിമതി നടത്തിയതെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. 2012ൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ മണ്ഡലകാലത്തിനു മുന്നോടിയായി നടന്ന കുത്തക ലേലത്തിൽ 3.84 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് വരുത്തിവച്ചതിനു പിന്നിൽ വി എസ്. ജയകുമാറിനു പങ്കുണ്ടെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം വിജിലൻസ് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ട രണ്ടാമത്തെ മുൻ യുഡിഎഫ് മന്ത്രിയാണ് വി എസ് ശിവകുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP