Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഗ്നി റാഫേൽ നാട്ടിലെത്തിയത് പ്രിയതമയേയും കൂട്ടി തിരിച്ചു പോകാൻ; ബെംഗളുരുവിൽ നിന്നും ഭാര്യയുടെ സർഫിക്കറ്റുകളും വാങ്ങി തിരികെവരവെ മരണം തട്ടിപ്പറിച്ചുകൊണ്ട് പോയത് നാല് വർഷം കൊണ്ട് കണ്ട സ്വപ്‌നങ്ങളും ജീവിതവും; തൊട്ടടുത്തുണ്ടായിരുന്ന ഭർത്താവിനെ മരണം കൂട്ടിക്കൊണ്ടുപോയത് പോലും അറിയാതെ ബിൻസി ഗുരുതരാവസ്ഥയിൽ

ഇഗ്നി റാഫേൽ നാട്ടിലെത്തിയത് പ്രിയതമയേയും കൂട്ടി തിരിച്ചു പോകാൻ; ബെംഗളുരുവിൽ നിന്നും ഭാര്യയുടെ സർഫിക്കറ്റുകളും വാങ്ങി തിരികെവരവെ മരണം തട്ടിപ്പറിച്ചുകൊണ്ട് പോയത് നാല് വർഷം കൊണ്ട് കണ്ട സ്വപ്‌നങ്ങളും ജീവിതവും; തൊട്ടടുത്തുണ്ടായിരുന്ന ഭർത്താവിനെ മരണം കൂട്ടിക്കൊണ്ടുപോയത്  പോലും അറിയാതെ ബിൻസി ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പ്രിയതമയെയും കൂട്ടി ഗൾഫിലേക്ക് പോകാനായിരുന്നു ഇഗ്നി റാഫേൽ നാട്ടിലെത്തിയത്. പക്ഷേ വിധി തട്ടിപ്പറിച്ചത് ഈ യുവാവിന്റെ ജീവനും സ്വപ്‌നവുമായിരുന്നു. നഴ്‌സിങ് പാസായ ഭാര്യ ബിൻസിയേയും ഒപ്പം കൂട്ടി ഇഗ്നി റാഫേൽ ബെംഗളുരുവിലേക്ക് പോയത് സൗദിയിൽ ജോലി ശരിക്കുന്നതിനായി ബിൻസി പഠിച്ച കോളജിൽ നിന്നും സർട്ടിഫിക്കറ്റുകൾ വാങ്ങാനായിരുന്നു. സർട്ടിഫിക്കറ്റുകളുമായി തിരികെ വരുന്ന വഴിയിലായിരുന്നു ചീറിപ്പാഞ്ഞെത്തിയ ട്രക്ക് ഇവരുടെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞത്. ബിൻസിയുടെയും ഇഗ്‌നിയുടെയും ബന്ധുക്കളും സുഹൃത്തുക്കളും തിരുപ്പൂരിലേക്ക് പോയിട്ടുണ്ട്. ചികിത്സയിലുള്ള ബിൻസിക്ക് ഒപ്പം നിൽക്കണം, ഒപ്പം ഇഗ്‌നി ഇനിയില്ലെന്ന വേദനയും.

കെഎസ്ആർടിസി ബസ്സിന്റെ ഇടത് വശത്താണ് ബിൻസിയും ഇഗ്‌നിയും ഇരുന്നിരുന്നത്. ഇഗ്‌നി അപകടത്തിൽ തൽക്ഷണം മരിച്ചു. ബിൻസി ഗുരുതരമായ പരിക്കുകളോടെ അവിനാശി സർക്കാർ ആശുപത്രിയിലാണ്. തലയ്ക്കാണ് ബിൻസിക്ക് പരിക്കേറ്റിരിക്കുന്നത് എന്നാണ് വിവരം. സൗദിയിലെ ഷിപ്പിങ് കോർപ്പറേഷനിലായിരുന്നു ഇഗ്‌നിക്ക് ജോലി. നാല് വർഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് പേരും രണ്ടിടത്തായി കഴിയുകയായിരുന്നതിനാൽ, ബിൻസിക്ക് കൂടി സൗദിയിൽ ജോലി ശരിക്കാൻ ശ്രമിക്കുകയായിരുന്നു ഇഗ്‌നി. പ്രവാസിയായ ഇഗ്‌നി റാഫേൽ, പത്ത് ദിവസം മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. ഭാര്യ ബിൻസി നാട്ടിൽത്തന്നെയായിരുന്നു. ഇഗ്‌നിയുടെ വീട്ടിൽ. നഴ്‌സിങ് കോഴ്‌സ് പൂർത്തിയാക്കിയ ബിൻസിയെയും സൗദിയിലേക്ക് കൊണ്ടുപോകാൻ, ഒരു ജോലിക്ക് ശ്രമിക്കാൻ കൂടിയാണ് ഇഗ്‌നി ഒരു മാസത്തെ അവധിക്ക് എത്തിയത്.

ബുധനാഴ്‌ച്ചയാണ് ഇവർ തൃശ്ശൂർ ഒല്ലൂരിലെ സ്വന്തം വീട്ടിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങാൻ പുറപ്പെട്ടത്. പഠനം പൂർത്തിയായതിന്റെ ഡിഗ്രി സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി, വിദേശത്തെ ഒരു ജോലിക്ക് അപേക്ഷിക്കണം. നോർക്ക വഴി അത്തരം നിയമനം ലഭിച്ചാൽ ഇഗ്‌നിക്ക് ഒപ്പം ബിൻസിക്കും പോകാം എന്നതായിരുന്നു ഇരുവരുടെയും സ്വപ്‌നവും ലക്ഷ്യവും. ഇത് വാങ്ങി മടങ്ങുന്ന വഴിക്കായിരുന്നു അവരുടെ ജീവിതം തന്നെ തകർത്തു കളഞ്ഞ ആ അപകടം.

48 യാത്രക്കാരുമായി തിരിച്ച കെഎസ്ആർടിസി ബസാണ് ഇന്ന് പുലർച്ചെ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്. എല്ലാവരും ഉറക്കത്തിലായിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അതുകൊണ്ട് തന്നെ രക്ഷപെട്ടവർക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാൻ സാധിച്ചില്ല. ബുധനാഴ്ച വൈകിട്ടോടെയാണ് ബസ് ബെംഗളൂരുവിൽനിന്ന് തിരിച്ചത്. ബസ്സിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.

ശിവരാത്രി അവധി കണക്കാക്കിയും തൊഴിൽ ആവശ്യത്തിനായുമൊക്കെ യാത്ര തിരിച്ചവരായിരിക്കണം ഇവരെന്നാണ് സൂചന. കണ്ടെയ്‌നറിന്റെ ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ബസ്സിന്റെ വലതുഭാഗത്ത് ഡ്രൈവറും പിൻനിരയിലെ സീറ്റിലിരുന്നവരുമാണ് മരിച്ചത്. ഈ ഭാഗത്തേക്ക് കണ്ടെയ്‌നർ ഇടിച്ചു കയറുകയായിരുന്നു. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. 25പേർ എറണാകുളത്തേക്കും 19 പേർ തൃശ്ശൂരിലേക്കും പാലക്കാട്ടേക്ക് നാലുപേരുമാണ് സീറ്റ് റിസർവ് ചെയ്തിരുന്നത്.

അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ. യാത്രക്കാരിൽ പലരുടെയും ശരീരഭാഗങ്ങൾ ഛിന്നഭിന്നമായി പോയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ സമീപത്തേക്കു പോലും തെറിച്ചു. ബസിലും കണ്ടെയ്‌നർ ലോറിയിലുമായി ചിതറിക്കിടന്ന ശരീരഭാഗങ്ങൾ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് മാറ്റുകയായിരുന്നു. അപകടത്തിൽ തകർന്ന ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടം നടന്നത് നഗരത്തിൽനിന്ന് വളരെ ദൂരെ ആയിരുന്നതിനാലും പുലർച്ചെ ആയിരുന്നതിനാലും രക്ഷാപ്രവർത്തനത്തിൽ കാലതാമസമുണ്ടായി. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നീട് പൊലീസും ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി.

പുലർച്ചെ എത്തിയ ദുരന്തവാർത്ത നൽകിയ ആഘാതത്തിൽ നിന്ന് ഇതുവരെ മോചിതമായിട്ടില്ല തൃശ്ശൂർ നഗരത്തിനടുത്തുള്ള ഒല്ലൂർ എന്ന ചെറുപട്ടണം. ഇഗ്‌നി റാഫേൽ എന്ന പേര് കേട്ടപ്പോൾ ആദ്യം സംശയം തോന്നി എന്നാണ് സ്ഥലത്തെ പൊതുപ്രവർത്തകർ പറയുന്നത്. വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ ഇഗ്‌നിയും ബിൻസിയും ബെംഗളുരുവിലേക്ക് പോയി എന്നാണ് പറഞ്ഞത്. പിന്നീട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ മരിച്ചത് സ്വന്തം നാട്ടുകാരൻ തന്നെയെന്ന് വ്യക്തമായി - എന്ന് സ്ഥലത്തെ പൊതുപ്രവർത്തകൻ സുനോജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP