Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപസ്മാര രോഗിക്ക് താക്കോൽ നൽകിയ ഡ്രൈവർ; വണ്ടി കണ്ടക്ടർ ബെല്ലടിച്ച് വിട്ടത് ആശുപത്രിയിലേക്ക്; അഡ്‌മിറ്റ് ചെയ്യാൻ കാശ് എടുത്തു കൊടുത്തതും ടിക്കറ്റ് റാക്കിൽ നിന്ന്; കൂട്ടിരിപ്പുകാരനായി കണ്ടക്ടർ മാറിയപ്പോൾ ആശ്വാസം കിട്ടിയത് യാത്രക്കാരിക്ക്; തച്ചങ്കരിയുടെ അഭിനന്ദന കത്ത് നൽകിയത് ആനവണ്ടിയിലെ ഹീറോ പരിവേഷം; പ്രളയകാലത്ത് രക്ഷാ ദൗത്യവും; ബെർത്ത് ഡേ ദിനത്തിൽ കെഎസ്ആർടിസിയെ വിട്ടകന്നത് കവിതാ വാര്യർക്ക് നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും ബൈജുവേട്ടനും; പൊട്ടിക്കരഞ്ഞ് സോഷ്യൽ മീഡിയ

അപസ്മാര രോഗിക്ക് താക്കോൽ നൽകിയ ഡ്രൈവർ; വണ്ടി കണ്ടക്ടർ ബെല്ലടിച്ച് വിട്ടത് ആശുപത്രിയിലേക്ക്; അഡ്‌മിറ്റ് ചെയ്യാൻ കാശ് എടുത്തു കൊടുത്തതും ടിക്കറ്റ് റാക്കിൽ നിന്ന്; കൂട്ടിരിപ്പുകാരനായി കണ്ടക്ടർ മാറിയപ്പോൾ ആശ്വാസം കിട്ടിയത് യാത്രക്കാരിക്ക്; തച്ചങ്കരിയുടെ അഭിനന്ദന കത്ത് നൽകിയത് ആനവണ്ടിയിലെ ഹീറോ പരിവേഷം; പ്രളയകാലത്ത് രക്ഷാ ദൗത്യവും; ബെർത്ത് ഡേ ദിനത്തിൽ കെഎസ്ആർടിസിയെ വിട്ടകന്നത് കവിതാ വാര്യർക്ക് നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും ബൈജുവേട്ടനും; പൊട്ടിക്കരഞ്ഞ് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആനവണ്ടിയിലെ അപൂർവ്വ സൗഹൃദമാണ് അവിനാശിയിൽ ഒരുമിച്ച് അവസാനിച്ചത്. കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരായ ഡ്രൈവർ ടി.ഡി. ഗിരീഷ്, കണ്ടക്ടർ ബൈജുവും സ്‌നേഹത്തിന്റെ സ്പർശവുമായി ബസ് യാത്രികരെ കൊണ്ടു പോയവരാണ്. ഇരുവരും മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവർ. എറണാകുളം -ബാംഗ്ലൂർ സ്ഥിരയാത്രക്കാർക്ക് പരിചിതരാണ് ഇരുവരും. കെ.എസ്.ആർ.ടി.സിയുടെ നന്മമരങ്ങൾ ഇനിയില്ല എന്നു സോഷ്യൽ മീഡിയ പറയുമ്പോൾ മലയാളിയുടെ കണ്ണ് നനയുകയാണ്.

കെ എസ് ആർ ടിസിക്ക് ഇന്ന് പിറന്നാൾ ദിനമാണ്. കടം കൊണ്ട് നട്ടം തിരിയുമ്പോഴും ഇത്തരം ജീവനക്കാരായിരുന്നു കെ എസ് ആർ ടി സിയുടെ കരുത്ത്. ഇവരെ വിശ്വസിച്ചാണ് യാത്രക്കാർ ഇതിലേക്ക് കയറുന്നത്. കേരളത്തിന്റെ ഔദ്യോഗിക യാത്രമാർഗ്ഗമായ കെ എസ് ആർടി സി 82 വർക്ക് മുമ്പാണ് തുടങ്ങുന്നത്. 1938 ഫെബ്രുവരി 20-ന് തിരുവനന്തപുരത്ത് നടന്ന ആ വാഹനഘോഷയാത്ര. അതോടെ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റ് എന്ന ജനകീയ വണ്ടിപ്രസ്ഥാനം ഉരുണ്ടുതുടങ്ങി. ഈ ഓർമ്മ ദിനത്തിലാണ് കെ എസ് ആർ ടി സിയിലെ രണ്ട് നന്മ മരങ്ങൾ നമ്മെ വിട്ട് അകലുന്നത്. സോഷ്യൽ മീഡിയയുടെ പ്രിയങ്കരരായ ഈ കണ്ടക്ടറും ഡ്രൈവറും വേദനയാണ് ഓരോ മലയാളിക്കും നൽകുന്നത്.

2018-ൽ എറണാകുളം-ബാംഗ്ളൂർ യാത്രക്കിടയിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ബന്ധുക്കൾ വരുന്നതുവരെ അവർക്കൊപ്പം നിൽക്കുകയും ചെയ്ത മനുഷ്യ സ്‌നേഹികൾ. അന്ന് കെ.എസ്.ആർ.ടി.സി ചെയർമാനും എംഡിയുമായിരുന്ന ടോമിൻ തച്ചങ്കരിയുടെ കൈയിൽ നിന്ന് അഭിനന്ദന കത്ത് ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ. രണ്ടും പേർക്കും ഒരേ മനസ്സായിരുന്നു. അടുത്ത സുഹൃത്തുക്കൾ.

2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ഒരു യാത്രക്കാരൻ മുന്നിലേക്ക് വന്ന് സാർ താക്കോൽ ഉണ്ടൊ എന്ന് ബസ് ജീവനക്കാരോട് ചോദിച്ചു എന്താണ് കാര്യമെന്ന അന്വേഷിച്ചപ്പോഴാണ് തൃശ്ശൂരിൽ നിന്ന് കയറിയ കവിത വാര്യർ എന്ന യാത്രക്കാരിക്ക് അപസ്മാരം വന്നതായി അയാൾ അറിയിക്കുന്നത്. താക്കോൽ നൽകിയെങ്കിലും കുറവൊന്നും കാണാതായതോടെ ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുമെന്ന് യാത്രക്കാർ ബസ് ജീവനക്കാരെ അറിയിച്ചു. ഹൊസൂരെത്തിയ ബസ് പിന്നെ ഓടിയത് ജനനി ഹോസ്പിറ്റലിലേക്കാണ്. കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഡ്‌മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുൻകൂറായി കെട്ടിവെക്കണമായിരുന്നു. ജീവനാണ് വലുതെന്ന് മനസ്സിലാക്കിയ ഇരുവരും മേൽഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങി പണം കെട്ടിവെച്ചു. രോഗിയുടെ അവസ്ഥ ഗുരുതരമായതിനാൽ കൂടെ ഒരാൾ നിൽക്കണമെന്ന ആശുപത്രി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ കവിതക്ക് കൂട്ടുനിന്നത്. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കവിതയുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തുന്നതും ഡിസ്ചാർജ് വാങ്ങുന്നതും. അങ്ങനെ കണ്ടക്ടറില്ലാതെ മനുഷ്യ സ്‌നേഹത്തിന്റെ പര്യായമായി ആ ബസ് ലക്ഷ്യത്തിലെത്തി.

കാരുണ്യത്തിന്റെ മുഖങ്ങളായ ബൈജുവിനെയും ഗിരീഷിനെയും കുറിച്ച് ആശുപത്രി വിട്ട രോഗി പിന്നീടു ഫേസ്‌ബുക്കിൽ കുറിച്ചു: 'നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും ബൈജുവേട്ടനും ഒരായിരം അഭിനന്ദനങ്ങൾ.' യാത്രക്കാരിയുടെ ജീവന് കരുതലേകിയ കെഎസ്ആർടിസി ജീവനക്കാരുടെ കഥ വാർത്തയായി. സോഷ്യൽ മീഡിയയുടെ താരങ്ങളാണ് അവർ. തുടർന്ന് ഇവരെ തേടി അന്നത്തെ കെ.എസ്.ആർ.ടി.സി ചെയർമാനായിരുന്ന ടോമിൻ തച്ചങ്കരിയുടെ അഭിനന്ദനക്കത്തും എത്തി. പ്രളയകാലത്ത് ബെഗംളുരിവിലെ മലയാളികൾക്ക് സഹായമെത്തിക്കാനും പൊതു സമൂഹത്തിനൊപ്പം ചേർന്ന് കൈയടി നേടി. ഇന്ന് ഈ നന്മ മരങ്ങൾ എന്നേയ്ക്കുമായി യാത്രപറഞ്ഞകന്നു.

തമിഴ്‌നാട്ടിൽ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം കണ്ടൈനർ ലോറിയുടെ പിഴവാണ്. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണ്. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്. ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിൽ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് സൂചന.

കണ്ടെയ്നർ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാർ മരിച്ചുവെന്നാണ് കരുതുന്നത്. ഇവരിൽ ചിലരുടെ ശരീരഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്നർ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങൾ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് മാറ്റി. അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP