Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളനോട്ടടിക്കാരെ വെള്ളം കുടിപ്പിച്ചുകൊണ്ട് 20 പൗണ്ടിന്റെ പുതിയ നോട്ട് ഇന്ന് പുറത്തിറങ്ങും; ബ്രിട്ടൻ ഇതുവരെ പുറത്തിറക്കിയ നോട്ടുകളിൽ ഏറ്റവും സുരക്ഷിതമായത് നിർമ്മിച്ചിരിക്കുന്നത് പോളിമർ ഉപയോഗിച്ച്

കള്ളനോട്ടടിക്കാരെ വെള്ളം കുടിപ്പിച്ചുകൊണ്ട് 20 പൗണ്ടിന്റെ പുതിയ നോട്ട് ഇന്ന് പുറത്തിറങ്ങും; ബ്രിട്ടൻ ഇതുവരെ പുറത്തിറക്കിയ നോട്ടുകളിൽ ഏറ്റവും സുരക്ഷിതമായത് നിർമ്മിച്ചിരിക്കുന്നത് പോളിമർ ഉപയോഗിച്ച്

സ്വന്തം ലേഖകൻ

ള്ളനോട്ടടിക്കാർക്ക് ഒരു പഴുതും അനുവദിക്കാതെ അത്യന്താധുനിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പുതിയ 20 പൗണ്ടിന്റെ നോട്ട് ഇന്ന് ബ്രിട്ടനിൽ പ്രാബല്യത്തിൽവരും. പോളിമറിൽ നിർമ്മിച്ചിട്ടുള്ള നോട്ടിൽ വിഖ്യാത കലാകാരൻ ജെഎംഡബ്ല്യു ടേണറുടെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഇന്നേവരെ പുറത്തിറക്കിയിട്ടുള്ളതിൽ ഏറ്റവും സുരക്ഷിതമായ കറൻസി നോട്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതർ ഈ നോട്ടിനെ വിശേഷിപ്പിക്കുന്നത്.

സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ആദം സ്മിത്തിന്റെ ചിത്രമുള്ള 20 പൗണ്ട് നോട്ട് പിൻവലിച്ചുകൊണ്ടാണ് പുതിയ നോട്ട് രംഗപ്രവേശം ചെയ്യുന്നത്. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കള്ളനോട്ടുണ്ടായത് ഈ 20 പൗണ്ട് നോട്ടിന്റെ മാതൃകയിലായിരുന്നു. ചെറിയ തുകയ്ക്കുള്ള നോട്ടായതിനാൽ, പ്രചാരത്തിൽ കൂടുതലുണ്ടെന്നതും ഇതിന്റെ കള്ളനോട്ടുകൾ വ്യാപകമാകാൻ കാരണമായി.

20 പൗണ്ടിന്റെ 200 കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. പുതിയ നോട്ട് പ്രചാരത്തിൽ വരുന്നുണ്ടെങ്കിലും പഴയ നോട്ടുകൾ തൽക്കാലം ഉപയോഗിക്കാനാകും. നോട്ട് അസാധുവായെങ്കിലും പ്രചാരത്തിലുള്ള പഴയ നോട്ടുകൾ തിരിച്ചെത്തുന്നതിനായി ആറുമാസംകൂടി അനുവദിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റയടിക്ക് പിൻവലിക്കുന്നത് വലിയ പ്രതിസന്ധി തീർക്കുമെന്നതിനാലാണിത്.

പുതിയ നോട്ടുകളുടെ നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന ആശങ്കയിൽ മൃഗസ്‌നേഹികളുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാൽ, ഈ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ എ.ടി.എമ്മുകളിൽ പാതിയിലും പുതിയ 20 പൗണ്ട് പോളിമർ നോട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിലെത്തുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
പ്രമുഖരുടെ ചിത്രങ്ങളുള്ള കറൻസി നോട്ടുകളുടെ പരമ്പരയിലേക്കാണ് പുതിയ 20 പൗണ്ട് നോട്ടും വരുന്നത്. വിൻസ്റ്റൺ ചർച്ചിലിന്റെ ചിത്രമുള്ള അഞ്ച് പൗണ്ട് നോട്ട്, ജയിൻ ഓസ്റ്റിന്റെ ചിത്രമുള്ള പത്ത് പൗണ്ട് നോട്ട് എന്നിവയും ബ്രിട്ടനിൽ ഏറ്റവും പ്രചാരത്തിലുള്ള നോട്ടുകളാണ്. അലൻ ട്യൂറിങ്ങിന്റെ ചിത്രത്തോടുകൂടിയ പുതിയ 50 പൗണ്ട് നോട്ട് അടുത്തവർഷവും വിപണിയിലെത്തും.

ഇരുപുറവും കാണാവുന്ന രണ്ട് വിൻഡോകളും മെറ്റാലിക് ഹോളോഗ്രാമും അൾട്ര വയലറ്റ് ലൈറ്റിൽ ചുവപ്പും പച്ചയും നിറത്തിൽ തെളിയുന്ന അക്കങ്ങളുമാണ് പുതിയ നോട്ടിലുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ നോട്ടുകളിൽ ഏറ്റവും പ്രചാരത്തിലുള്ളതാണ് 20 പൗണ്ട് നോട്ടുകൾ. അതുകൊണ്ടുതന്നെ കള്ളനോട്ടുകളും വ്യാപകമാണ്. ഇക്കൊല്ലം ആദ്യപകുതിയിൽ കണ്ടെത്തിയ കള്ളനോട്ടുകളിൽ 88 ശതമാനവും 20 പൗണ്ട് നോട്ടുകളുടേതായിരുന്നു. കള്ളനോട്ടടിക്കാർക്ക് അത്രപെട്ടെന്ന് പകർത്താൻ കഴിയാത്ത സുരക്ഷാ മുൻകരുതലുകൾ പുതിയ നോട്ടിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP