Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിബിസിഐ ലെയ്റ്റി കൗൺസിലിന് ദേശീയതലത്തിൽ വിപുലമായ കർമ്മപദ്ധതികൾ

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: ദേശീയതലത്തിൽ സിബിസിഐ ലെയ്റ്റി കൗൺസിലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള കർമ്മപരിപാടികളും പ്രവർത്തനപദ്ധതികളും ബാംഗ്ലൂരിൽ ചേർന്ന സിബിസിഐ 34-ാം പ്ലീനറി സമ്മേളനത്തിൽ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ അവതരിപ്പിച്ചു. സംവാദം-സത്യത്തിലേയ്ക്കും ഉപവിയിലേയ്ക്കുമുള്ള പാത എന്ന മുഖ്യവിഷയത്തെ കേന്ദ്രീകരിച്ച് ദേശീയതലത്തിൽ വിശ്വാസിസമൂഹത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്ന് കർമ്മപരിപാടികളിൽ ചൂണ്ടിക്കാട്ടുന്നു.

ദേശീയ റീജണൽ തലങ്ങളിൽ സഭയിലെ അല്മായ നേതാക്കൾക്കുവേണ്ടിയുള്ള നേതൃത്വ പഠനശിബിരങ്ങൾ സംഘടിപ്പിക്കും. സഭാപരവും ദേശീയ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും നേരിടുന്ന വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾക്കും തുടർനിലപാടുകൾക്കും ലെയ്റ്റി കൗൺസിൽ നേതൃത്വം നൽകും. ദേശീയതലം മുതൽ ഫാമിലി യൂണിറ്റുകൾ അഥവാ ബേസിക് ക്രിസ്ത്യൻ കമ്യൂണിറ്റി വരെ ബന്ധപ്പെടുന്ന നെറ്റ്‌വർക്കിന് രൂപം നൽകും. വിവിധ റീജിയണുകൾ, രൂപതകൾ, ഫൊറോനകൾ, ഇടവകകൾ എന്നിവ ഈ നെറ്റ്‌വർക്കിന്റെ കണ്ണിയായിരിക്കും.

ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ മൂന്നു വിഭാഗങ്ങളിലെയും അല്മായ പ്രസ്ഥാനങ്ങളുടെ ദേശീയതലത്തിൽ ഏകീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകും. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളും ലെയ്റ്റി കൗൺസിൽ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിൽ കൂടുതൽ ഐക്യവുംസ്വരുമയും ഊട്ടിയുറപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത് അടിയന്തരമാണെന്ന് ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
ഭാരതത്തിലെ ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര സഭകളിലെ അല്മായ കമ്മീഷനുകൾ, കത്തോലിക്കാ കോൺഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷൻ, ലാറ്റിൻ സഭയിലെ വിവിധ സംഘടനകൾ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ എന്നിവ നടത്തുന്ന സഭാസേവനങ്ങളെ റിപ്പോർട്ടിൽ പ്രശംസിച്ചു.

ഇതിനോടകം വിവിധ കത്തോലിക്കാ സഭാസമൂഹങ്ങളിൽ തുടക്കമിട്ടിരിക്കുന്ന ലോയേഴ്സ് ഫോറം, മെഡിക്കൽ ഫോറം, ഹിസ്റ്ററി ആൻഡ് റിസർച്ച് ഫോറം, സോഷ്യൽ ആൻഡ് ചാരിറ്റി ഫോറം, എഡ്യുക്കേഷണലിസ്റ്റസ്് ഫോറം, സയൻസ് ആൻഡ് ടെക്നോളജി ഫോറം, പ്രെഫഷണൽസ് ഫോറം, ഫാർമേഴ്സ് ഫോറം, മീഡിയ ഫോറം, എന്റർപ്രണേഴ്സ് ഫോറം എന്നീ അല്മായ ഫോറങ്ങളുടെ പ്രവർത്തനം ദേശീയതലത്തിൽ വ്യാപിപ്പിക്കും. രാജ്യത്ത് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന അതിപ്രഗത്ഭരായ അല്മായരെ ഉൾപ്പെടുത്തി നാഷണൽ തിങ്ക്-താങ്ക് ടീമിനും ലെയ്റ്റി കൗൺസിൽ രൂപം നൽകും.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനവും റിപ്പോർട്ടിൽ വിശദീകരിച്ചു. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിലെ ബഹുഭൂരിപക്ഷവും മലയോരങ്ങളിലും ഗ്രാമീണമേഖലകളിലുമുള്ള കർഷകരും, തീരദേശങ്ങളിൽ മത്സ്യബന്ധനം ഉപജീവനമാക്കിയിരിക്കുന്നവരുമാണ്. കാർഷികമേഖല അതിരൂക്ഷമായ പ്രതിസന്ധിയെ നേരിടുമ്പോൾ സംഘടിതമായ നീക്കങ്ങൾ അനിവാര്യമാണ്. കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും കത്തോലിക്കാസഭ നേതൃത്വം കൊടുക്കുന്നതുമായ ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റി (ഇൻഫാം)ന്റെ പ്രവർത്തനങ്ങൾ രാജ്യവ്യാപകമാക്കണമെന്നും പ്രവർത്തനപദ്ധതികളിൽ നിർദ്ദേശിച്ചു. ഔദ്യോഗിക ജോലികളിൽ നിന്ന് റിട്ടയർ ചെയ്തിരിക്കുന്നവരുടെ വൈദഗ്ദ്ധ്യവും പ്രവർത്തിപരിചയവും സഭയുടെ വിവിധ തലങ്ങളിൽ ഉപയോഗപ്രദമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും സമർപ്പിച്ചു.

ഇന്ത്യയിലെ 174 കത്തോലിക്കാരൂപതകളെ പ്രതിനിധാനം ചെയ്യുന്ന 14 റീജിയണൽ കൗൺസിലുകളിലെ ലെയ്റ്റി കൗൺസിൽ സെക്രട്ടറിമാരുടെ സമ്മേളനം വിളിച്ചുചേർത്ത് പ്രവർത്തനപരിപാടികൾ നടപ്പിലാക്കുമെന്ന് വി സി.സെബാസ്റ്റ്യൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP